03 മേയ് 2021

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് പറഞ്ഞ്‍ വിവാഹച്ചടങ്ങുകള്‍ തടസ്സപ്പെടുത്തി; ജില്ലാ മജിസ്ട്രേറ്റിന് സസ്പെന്‍ഷന്‍
(VISION NEWS 03 മേയ് 2021)
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച്‌ വിവാഹച്ചടങ്ങുകള്‍ പാതിയില്‍ നിര്‍ത്തി വെക്കാന്‍ ആവശ്യപ്പെട്ട ജില്ലാ മജിസ്ട്രേറ്റിന് സസ്പെന്‍ഷന്‍. ത്രിപുര വെസ്റ്റ് ജില്ലാ മജിസ്ട്രേറ്റ് ശൈലേഷ് കുമാര്‍ ജാദവിനെതിരെയാണ് സംസ്ഥാന സര്‍കാര്‍ നടപടിയെടുത്തത്. അര്‍ധരാത്രി വരെ നീണ്ട വിവാഹച്ചടങ്ങുകള്‍ ബഹളമുണ്ടാക്കിയും ആക്രോശിച്ചും നിര്‍ത്തിക്കുന്ന ശൈലേഷ് കുമാര്‍ ജാദവിന്റെ വിഡിയോ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് സര്‍കാറിന്റെ ഈ നടപടി. നേരത്തെ ഇത് സംബന്ധിച്ച വിശദീകരണവുമായി പ്രത്യേക സമിതിക്ക് മുമ്പാകെ ഇദ്ദേഹം ഹാജരായിരുന്നു. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ മുതിര്‍ന്ന രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരടങ്ങുന്ന കമ്മിറ്റിയാണ് സംഭവം പരിശോധിച്ചത്.

അന്ന് രാത്രി നടന്ന സംഭവങ്ങളില്‍ തെറ്റായൊന്നും നടന്നിട്ടില്ലെന്നും നിയമം പ്രാവര്‍ത്തികമാക്കുകയെന്നത് തന്റെ ചുമതലയാണെന്നും കൊവിഡ് പടരാതിരിക്കാനുള്ള ഉദ്ദേശത്തോടെയായിരുന്നു നടപടിയെന്നുമാണ് ശൈലേഷ് കമ്മിറ്റിയുടെ മുമ്പില്‍ വ്യക്തമാക്കിയത്. വിഡിയോ വൈറലായതിന് പിന്നാലെ ത്രിപുരയിലെ അഞ്ച് എംഎല്‍എമാരാണ് ശൈലേഷ് കുമാര്‍ ജാദവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്. ത്രിപുരയിലെ പ്രാദേശിക പാര്‍ടിയായ ടിഐപിആര്‍എയുടെ ഉടമസ്ഥതയിലുള്ള അഗര്‍ത്തലയിലെ വേദിയില്‍ വച്ചായിരുന്നു വിവാഹം നടന്നത്.ചടങ്ങുകള്‍ നടത്താനുള്ള അനുമതി ഉണ്ടെന്ന് വീട്ടുകാര്‍ ശൈലേഷ് കുമാര്‍ ജാദവിനെ അറിയിച്ചിരുന്നു. എന്നാല്‍ ഈ അനുമതിപത്രം ജില്ലാ മജിസ്ട്രേറ്റ് കീറി എറിയുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ഇദ്ദേഹം ക്ഷമാപണം നടത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only