17 മേയ് 2021

വെടിനിര്‍ത്തില്ലെന്ന്‌ ഇസ്രയേലും ഹമാസും, ഗാസ കത്തുന്നു: തീരുമാനമില്ലാതെ രക്ഷാസമിതി യോഗവും
(VISION NEWS 17 മേയ് 2021)


ഗാസ: പലസ്തീനില്‍ മുഴുവന്‍ സൈന്യത്തേയും ഉപയോഗിച്ച് ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ആക്രമണം അവസാനിപ്പിക്കണമെന്ന യുഎന്‍ ആവശ്യത്തെ നിരസിച്ചുകൊണ്ടാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം.

സംഘര്‍ഷമവസാനിക്കാന്‍ സമയമെടുക്കുമെന്ന് പറഞ്ഞ നെതന്യാഹു സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് വ്യക്തമാക്കി. അദ്ദേഹം സംസാരിച്ച് മണിക്കൂറുകള്‍ പിന്നിട്ടതും ഇസ്രയേലി യുദ്ധവിമാനങ്ങള്‍ വീണ്ടും ഗാസ മുനമ്പില്‍ വ്യോമാക്രമണം ശക്തമാക്കി. ഇസ്രയേലിന്റെ വ്യോമാക്രമണത്തെ നെതന്യാഹു ന്യായീകരിക്കുകയും ചെയ്തു. 

ഗാസ നഗരത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ പത്തുകുട്ടികളും 16 സ്ത്രീകളുമുള്‍പ്പടെ 42 പേര്‍ മരിച്ചു. തിങ്ങിനിറഞ്ഞ ജനവാസമേഖലയാണ് ഗാസ. മൂന്ന് കെട്ടിടസമുച്ചയങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നു. ഒരാഴ്ചയായി തുടരുന്ന സംഘര്‍ഷത്തില്‍ ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 197 ആയി. ഇതില്‍ 58 കുട്ടികളുള്‍പ്പെടുന്നു.

എണ്‍പത് തവണ യുദ്ധവിമാനങ്ങള്‍ ഗാസയെ ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ ഗാസയിലെ വൈദ്യുത വിതരണ ശൃംഖല തകര്‍ന്നു.ഹമാസ് ചീഫ് യഹിയ അല്‍ സിന്‍ഹറിന്റെ വീടും വ്യോമാക്രമണത്തില്‍ തകര്‍ത്തതായി സൈന്യം പറഞ്ഞു. 

ആക്രമണം നിര്‍ത്തണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ഇസ്രയേലും ഹമാസും അറിയിച്ചതോടെ യുഎന്‍ രക്ഷാസമിതിയോഗം തീരുമാനമാകാതെ പിരിഞ്ഞു. ഗാസയിലെ ആക്രമണങ്ങളെ അപലപിക്കുന്ന പൊതുപ്രസ്താവനയും വെര്‍ച്വല്‍ യോഗത്തില്‍ ഉണ്ടായില്ല. യുഎന്‍ യോഗ സമയത്തും ഇസ്രയേല്‍ ഗാസയില്‍ ആക്രമണം തുടര്‍ന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only