01 മേയ് 2021

തോട്ടുമുക്കത്ത് കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം
(VISION NEWS 01 മേയ് 2021)തോട്ടുമുക്കത്ത് വയോധികൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഉറങ്ങാട്ടിരി കൂന്താനിക്കാട് വടക്കെതളത്തിൽ സെബാസ്റ്റ്യൻ(54) ആണ് കാട്ടാനയുടെ ആക്രമണതിനിരയായി കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരത്തോടുകൂടി കൃഷിയിടത്തിലേക്ക് പോയ സെബാസ്റ്റ്യനെ ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് കുത്തേറ്റ് മരിച്ച നിലയിൽ പ്രദേശവാസി കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം 12 മണിയോടുകൂടി മൃതദേഹം പോസ്റ്റുമോർട്ടം നടത്തുന്നതിനായി കൊണ്ടുപോവുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട്‌ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ദിവസങ്ങൾക്ക് മുൻപ് സമീപ പ്രദേശത്തും കാട്ടാനയുടെ ചവിട്ടേറ്റ് മറ്റൊരു വ്യക്തി കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് ഏഴോളം കാട്ടാനകളുടെ സാന്നിധ്യം ഉണ്ടെന്നും ഇവയിൽ ഒന്ന് അക്രമ സ്വഭാവം കാട്ടുന്ന ആനയാണെന്നും ഈ ആനയാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നുമാണ് നാട്ടുകാരുടെ നിഗമനം. പ്രദേശത്ത് ഫെൻസിങ് മുതലായവ ഉണ്ടെങ്കിലും ഇവയൊന്നും പര്യാപ്തമായ രീതിയിലല്ല ഉള്ളതെന്ന് നാട്ടുകാർ ആക്ഷേപിക്കുന്നു.

ഇത്തരത്തിലുള്ള ആക്രമണം തുടർകഥയാവുന്ന സാഹചര്യത്തിൽ അക്രമകാരിയായ ആനയെ പ്രദേശത്ത് നിന്നും പിടിച്ച് കൊണ്ടുപോകാണമെന്നും ഫെൻസിങ് ഉൾപ്പെടെ വന്യമൃഗങ്ങളെ തടയുന്ന പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കണമെന്നും മരണപ്പെട്ട സെബാസ്റ്റ്യന്റെ കുടുംബത്തിന് ധൃതഗതിയിൽ നഷ്ടപരിഹാരം നല്കുവാനുള്ള നടപടികൾ പൂർത്തിയാക്കണമെന്നും പ്രതിഷേധത്തെ തുടർന്ന് സ്ഥലത്തെത്തിയ ഡി എഫ് ഒയോട് നാട്ടുകാർ ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് പഞ്ചായത്ത് അധികൃതർ, കർഷക പ്രതിനിധികൾ, വില്ലേജ് അധികൃതർ എന്നിവരുമായി കൂടിയാലോചന നടത്തി വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഡി എഫ് ഒ രേഖാമൂലം ഉറപ്പ് നല്കിയതിനെത്തുടർന്ന് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു.

അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ജോസ് മാത്യു, റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഇൻറോസ് ഏലിയാസ് നവാസ്, എസ് ഐ വിമൽ, കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മാജുഷ് മാത്യു, ഉറങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ജിഷ സി, വൈസ് പ്രസിഡന്റ് ജ്യോതിഷ് കുമാർ, വാർഡ് മെമ്പർ ടെസ്സി സണ്ണി, താമരശ്ശേരി രൂപത വികാരി ജനറാൾ മോൺ. ജോൺ ഓറവുങ്കര, എ കെ സി സി രൂപത ഡയറക്ടർ ഫാ.ജോർജ്ജ് വെള്ളക്കാകുടിയിൽ, ഫാ.ചാക്കോ കോതാനിക്കൽ, എ കെ സി സി ഗ്ലോബൽ സെക്രട്ടറി ബേബി പെരുമാലിൽ, അനീഷ് വടക്കേൽ, സാബു വടക്കെപ്പടവിൽ, സെബാസ്റ്റ്യൻ കൂവത്തുംപൊടി, ഷാജു പനയ്ക്കൽ, പ്രിൻസ് തിനംപറമ്പിൽ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only