31 മേയ് 2021

ഗുരുതരാവസ്ഥയിലായ യുവതിയുടെ ചികിത്സയ്ക്ക് വഴിയൊരുക്കി ബാബു ആന്റണി
(VISION NEWS 31 മേയ് 2021)


കൊച്ചി: ‘‘എനിക്കൊട്ടും വയ്യ, കൊറോണയാണ്... എനിക്കു വേണ്ടി പ്രാർഥിക്കണേ...’’ തന്റെ ഫോണിലേക്കു വന്ന സന്ദേശം വായിക്കുമ്പോൾ നടൻ ബാബു ആന്റണിയുടെ ഹൃദയം പൊള്ളിയിരുന്നു. പിറ്റേന്ന് വീണ്ടും സന്ദേശമെത്തി. ‘‘ദൈവം എനിക്കൊന്നും വരുത്തല്ലേയെന്നു പ്രാർഥിക്കുകയാണ് ഞാൻ. സംസാരിക്കാനും ശ്വാസമെടുക്കാനും പറ്റുന്നില്ല. എപ്പോഴും ചൂടുവെള്ളം കുടിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ മോൾക്കു ഞാൻ മാത്രമേയുള്ളൂ. അവൾക്കു മൂന്നു വയസ്സുള്ളപ്പോൾ ഞങ്ങളെ ഉപേക്ഷിച്ചു പോയതാണ് അവളുടെ അച്ഛൻ. എനിക്കെന്തെങ്കിലും പറ്റിയാൽ മോൾക്കു ആരുമില്ലാതായിപ്പോകും...”

ഇത്രയും ഫ്ളാഷ് ബാക്ക്... ഇപ്പോൾ ആ ആരാധികയും മകളും സുരക്ഷിതരാണ്. അവരുടെ സന്ദേശം ബാബു ആന്റണി അമേരിക്കയിൽനിന്നു മുഖ്യമന്ത്രി പിണറായി വിജയന്‌ അയച്ചുകൊടുത്തു. അരമണിക്കൂറിനകം അവരെ തേടി കളക്ടറുടെയും സംഘത്തിന്റെയും അന്വേഷണമെത്തി. കാര്യങ്ങളെല്ലാം സത്യമാണെന്നറിഞ്ഞതോട അവരെ ഉടനെ ആശുപത്രിയിലേക്കു മാറ്റി. കോവിഡ് ബാധിച്ചു ഗുരുതരനിലയിലായിരുന്ന അവർ ഇപ്പോൾ സുഖം പ്രാപിക്കുകയാണ്.

വിലപ്പെട്ട ഒരു ജീവൻ രക്ഷിക്കാനായത് ഒരിക്കലും മറക്കാനാകാത്ത അനുഭവമായെന്നാണ് ബാബു ആന്റണി പറഞ്ഞത്. ‘‘ഭാര്യയുമായി സംസാരിച്ചപ്പോഴാണ് കേരളത്തിലേക്കു വിളിച്ച്‌ അന്വേഷിച്ചാലോയെന്ന് അഭിപ്രായപ്പെട്ടത്. സുഹൃത്തായ സംവിധായകൻ ടി.എസ്. സുരേഷ് ബാബുവിനെ വിളിച്ചപ്പോൾ അദ്ദേഹമാണ് മുഖ്യമന്ത്രിയുടെ നമ്പർ തന്നത്. ഒരു പരിചയവുമില്ലാത്ത മുഖ്യമന്ത്രിക്കു സന്ദേശം അയക്കുമ്പോഴും പ്രതീക്ഷയുണ്ടായിരുന്നില്ല. പക്ഷേ, നിമിഷങ്ങൾക്കകം അദ്‌ഭുതകരമായ രീതിയിലാണ് അവിടെ ഇടപെടലുകളുണ്ടായതും ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതും.” -ബാബു ആന്റണി പറഞ്ഞു.

കൊല്ലം സ്വദേശിനിയായ യുവതിയെ എറണാകുളത്തെ ആശുപത്രിയിൽ കൊണ്ടുവന്നാണ് ചികിത്സിച്ചത്. രോഗത്തിനു ശമനമുണ്ടായി ആശുപത്രിയിൽ നിന്നു വീട്ടിൽ തിരിച്ചെത്തിയശേഷം ആരാധിക താരത്തിനു വീണ്ടും ഒരു സന്ദേശം അയച്ചു. “സുഖമായിരിക്കുന്നു, ഇപ്പോൾ കുഴപ്പമൊന്നുമില്ല. ചേട്ടൻ ചെയ്തുതന്ന സഹായം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. ഒരാഗ്രഹം കൂടിയുണ്ട്, ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ ചേട്ടനെ നേരിട്ടുകാണണം.”

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only