12 മേയ് 2021

ഇന്ന് ഭൂമിയിലെ മാലാഖമാരുടെ ദിനം!
(VISION NEWS 12 മേയ് 2021)ഇന്ന് ലോക നഴ്സസ് ദിനം. അതെ ഭൂമിയിലെ മാലാഖമാരെ ഓർക്കാൻ ഒരു ദിനം. എന്നാൽ ഈ ദിനം ആഘോഷിക്കാൻ അവർക്ക് സമയം ഉണ്ടാകില്ല. കാരണം അവർ യുദ്ധത്തിലാണ്. ലോകത്തെ ആകെ വിറപ്പിക്കുന്ന കൊറോണ എന്ന ഭീകരനോടുള്ള യുദ്ധം. രാവും പകലും ഇല്ലാതെ അവർ പോരാടുകയാണ് മഹാമാരിയിൽ നിന്ന് നമ്മെ രക്ഷിക്കാൻ. മാലാഖമാരെന്ന പതിവ് വിശേഷണങ്ങള്‍ക്കപ്പുറം ആരോഗ്യ രംഗത്തെ യോദ്ധാക്കളാണ് ഇപ്പോൾ നഴ്സുമാർ.

കൊവിഡിനെതിരായ യുദ്ധം ദിവസങ്ങളും മാസങ്ങളും പിന്നിട്ട് മുന്നോട്ട് പോകുമ്പോഴും പതറാതെ നിർഭയം പിടിച്ചു നിൽക്കുന്നവർ. പരാതികളൊന്നുമില്ലാതെ കൊവിഡ് കിടക്കയിൽ തനിച്ചായിപ്പോയവർക്ക് സ്വാന്തനമാവുന്നവർ, സ്വയം രോഗിയായേക്കാവുന്ന സാഹചര്യത്തിലും മരണത്തിൽ നിന്ന് രോഗികളെ കൈപിടിച്ചുയർത്തുന്നവർ, മഹാമാരിക്കാലത്ത് ഒരു നഴ്സസ് ദിനം കൂടിയെത്തുമ്പോൾ ഹൃദയപൂര്‍വ്വമായ ആശംസകള്‍ കൊണ്ടു നമുക്കവരെ ചേര്‍ത്തുവെക്കാം. ഏതൊരു പകർച്ചവ്യാധിക്കാലത്തും ആരോഗ്യ രംഗത്തിന്‍റെ നട്ടെല്ലായ നഴ്സുമാര്‍ക്ക് ഈ മേഖലയില്‍ വേണ്ട പരിഗണന കൂടി ഉറപ്പ് വരുത്തുന്നതാവട്ടെ ഈ നഴ്സസ് ദിനം എന്ന ആശംസയും നൽകാം.

 ഈ ദിനത്തിൽ നമുക്ക് അവർക്ക് നൽകാൻ കഴിയുന്ന സമ്മാനം അവരെ അനുസരിക്കുക എന്നുള്ളതാണ്. അതെ അവരെ അനുസരിക്കാം. മാസ്ക്ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് വീടുകളിലിരുന്ന് നമുക്ക് അവരോടൊപ്പം പങ്ക് ചേരാം. അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടു എന്ന ശുഭ വാർത്ത കേൾക്കാനാണ് ഇന്ന് നാം ഓരോരുത്തരും കാത്തിരിക്കുന്നത്. ആ ദിനത്തിനായി കാത്തിരിക്കാം മാലാഖമാർക്കൊപ്പം.ആധുനിക നഴ്സിങ്ങിന്‍റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിൻഗേളിന്‍റെ ജന്മദിനം ആയതുകൊണ്ടാണ് മെയ് 12 നഴ്സസ് ദിനമായി ആചരിക്കുന്നത്. നേഴ്‌സുമാർ സമൂഹത്തിന് നൽകുന്ന വിലയേറിയ സേവനങ്ങളെ ഓർമിപ്പിക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. 

അതേസമയം ലോക്ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ലോക നഴ്സസ് ദിനം സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിൽ കോവിഡ് മഹാമാരിക്കെതിരായ പ്രതിജ്ഞാ ദിനമായി ആചരിക്കാൻ കേരള ഗവ. നഴ്സസ് യൂണിയൻ തീരുമാനിച്ചു.ഫ്ലോറൻസ് നൈറ്റിങ്ഗേലിന്റെ ഛായാചിത്രത്തിനു മുൻപിൽ ദീപം തെളിയിച്ചാണ് പ്രതിജ്ഞാ ദിനം ആചരിക്കുക. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഫോർട് താലൂക്ക് ആശുപത്രിയിൽ ബുധനാഴ്ച രാവിലെ പത്തിനു നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only