02 മേയ് 2021

യുഡിഎഫിന്‌ സമ്പൂർണ പരാജയം; കോഴിക്കോട്ടെ സമ​ഗ്രചിത്രം ഇങ്ങനെ
(VISION NEWS 02 മേയ് 2021)


കോഴിക്കോട് 13ൽ 11 മണ്ഡലവും കൈയടക്കി എൽഡിഎഫിന്റെ കോട്ടയെന്ന്‌ ആവർത്തിച്ച്‌ കോഴിക്കോടൻ വിജയം. കോൺഗ്രസിനെ വീണ്ടും സമ്പൂർണമായി പരാജയപ്പെടുത്തിയാണ്‌ ഇടതുപക്ഷ വീരഗാഥ. വടകരയും കൊടുവള്ളിയും മാത്രമാണ്‌ യുഡിഎഫിനു വിജയം. 2016-ൽ നഷ്ട‌മായ കുറ്റ്യാടിയും കോഴിക്കോട്‌ സൗത്തും തിരിച്ചുപിടിച്ച്‌ മുസ്ലിം ലീഗിനെയും വിറപ്പിച്ചാണ്‌ എൽഡിഎഫ്‌ ജയഭേരി. മന്ത്രിമാരായ ടി പി രാമകൃഷ്‌ണനും (പേരാമ്പ്ര)എ കെ ശശീന്ദ്രനും(എലത്തൂർ)വൻ ഭൂരിപക്ഷത്തിൽ വിജയം ആവർത്തിച്ചു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ്‌ റിയാസ്‌ (ബേപ്പൂർ), എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ്‌ (ബാലുശേരി), എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗമായ കൂടരഞ്ഞി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിന്റോ ജോസഫ്‌ (തിരുവമ്പാടി) എന്നീ യുവനേതാക്കൾ അഭിമാനതാരങ്ങളായി കൊടി പാറിച്ചു . സിറ്റിങ്‌ എംഎൽഎമാരായ ഇ കെ വിജയൻ (നാദാപുരം), പി ടി എ റഹീം ( കുന്നമംഗലം)എന്നിവർ ഹാട്രിക്‌ വിജയത്തിനുടമകളായി. മുൻ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി കുഞ്ഞമ്മദ്‌കുട്ടി ലീഗിൽനിന്ന്‌ കുറ്റ്യാടി പിടിച്ചെടുത്ത്‌ വിജയ പതാക നാട്ടി. ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ കാനത്തിൽ ജമീല (കൊയിലാണ്ടി), മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ (കോഴിക്കോട്‌ നോർത്ത്‌), ഐഎൻഎൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഹമ്മദ്‌ ദേവർകോവിൽ (കോഴിക്കോട്‌‌ സൗത്ത്‌)എന്നീ പുതുമുഖങ്ങളും വിജയക്കൊടി പാറിച്ചു.

കെ കെ രമയും (വടകര)എം കെ മുനീറുമാണ്‌ (കൊടുവള്ളി) ജയിച്ച യുഡിഎഫ്‌ സ്ഥാനാർഥികൾ. ലീഗ്‌ കോട്ടയിൽ മുനീർ കഷ്ടിച്ച്‌ രക്ഷപ്പെടുകയായിരുന്നു. സകലമാന ഇടതുപക്ഷ വിരുദ്ധരുടെയും പിന്തുണയിലാണ്‌ വടകരയിൽ ആർഎംപിയിലെ കെ കെ രമയുടെ ജയം. സിനിമാനടൻ ധർമജൻ ബോൾഗാട്ടി (ബാലുശേരി), കെപിസിസി ജനറൽ സെക്രട്ടറിമാരായ പി എം നിയാസ്‌(ബേപ്പൂർ),എൻ സുബ്രഹ്മണ്യൻ (കൊയിലാണ്ടി), കെ പ്രവീൺകുമാർ (നാദാപുരം), കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌ കെ എം അഭിജിത്‌ (കോഴിക്കോട്‌ നോർത്ത്‌) എന്നിവരാണ്‌ യുഡിഎഫിലെ തോറ്റ പ്രമുഖർ. 2001നുശേഷം ജില്ലയിൽനിന്ന്‌ എംഎൽഎ ഇല്ലെന്ന ക്ഷീണം തീർക്കാൻ കോൺഗ്രസിന്‌ ഇത്തവണയും സാധിച്ചില്ല. ലീഗിനാകട്ടെ ഒരു സീറ്റ്‌ നഷ്ടമായി വലിയ തിരിച്ചടിയുമേറ്റു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only