16 മേയ് 2021

സായാഹ്‌ന വാർത്തകൾ
(VISION NEWS 16 മേയ് 2021)

🔳കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്തതില്‍ കേന്ദ്രസര്‍ക്കാരിനുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയതിന് നിരവധി പേരെ അറസ്റ്റ് ചെയ്ത നടപടിയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'മോദിജീ, എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിദേശികള്‍ക്ക് നല്‍കുന്നത്' എന്ന് ചോദിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. 'എന്നെയും

അറസ്റ്റ് ചെയ്യൂ' എന്നും ട്വീറ്റില്‍ പറയുന്നു.

🔳പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പോസ്റ്റര്‍ പ്രചരിപ്പിച്ചതിന് ഡല്‍ഹിയില്‍ 15 പേരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധമറിയിച്ച് നടന്‍ പ്രകാശ് രാജും. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ട വാക്‌സിന്‍ എന്തിനാണ് വിദേശരാജ്യങ്ങള്‍ക്ക് നല്‍കിയത്? എന്നതായിരുന്നു പോസ്റ്ററിലെ ഉള്ളടക്കം. പോസ്റ്ററിലെ ഇതേ ചോദ്യം ട്വീറ്റ് ചെയ്ത് കൊണ്ടാണ് പ്രകാശ് രാജ് പ്രതിഷേധം അറിയിച്ചത്. താനും ചോദിക്കുന്നു, എന്നെയും അറസ്റ്റ് ചെയ്യു എന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

🔳കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ജി.എസ്.ടി നല്‍കാന്‍ താല്‍പര്യമില്ലെന്ന് നടി മീര ചോപ്ര. മീരയുടെ അടുത്ത ബന്ധുക്കള്‍ കോവിഡിനെ തുടര്‍ന്ന് മരിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഭരണകൂടത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി മീര രംഗത്ത് വന്നത്.

🔳കേരളത്തില്‍ ഏഴ് പേര്‍ക്ക് ബ്ലാക്ക് ഫംഗസ് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന് തമിഴ്‌നാട് സ്വദേശികളടക്കം ഏഴ് പേരിലാണ് ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

🔳കേന്ദ്രസര്‍ക്കാര്‍ അയച്ച മെഡിക്കല്‍ ഓക്‌സിജന്‍ കൊച്ചിയില്‍ എത്തി. 118 മെട്രിക് ടണ്‍ ഓക്‌സിജനാണ് കൊച്ചിയിലെത്തിയത്. കേരളത്തിന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് കേന്ദ്രം ഓക്‌സിജന്‍ അയച്ചത്.  ആറ് ഓക്‌സിജന്‍ ടാങ്കറുകളടങ്ങിയ ട്രെയിന്‍ പുലര്‍ച്ചെ 3.35ഓടെയാണ് വല്ലാര്‍പാടം ടെര്‍മിനലിലെത്തിയത്. ബംഗാളില്‍ നിന്നാണ് ഓക്‌സിജന്‍ കൊണ്ടുവന്നത്.  കേന്ദ്രസര്‍ക്കാരിന്റെ ഓക്‌സിജന്‍ ലഭിച്ചതോടെ സംസ്ഥാനത്തെ ഓക്‌സിജന്‍ ക്ഷാമത്തിന് വലിയൊരളവില്‍ പരിഹാരമാവും.

🔳സംസ്ഥാനത്ത് 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സീന്‍ നല്‍കാന്‍ മാര്‍ഗ്ഗരേഖയായി. സംസ്ഥാനം വിലകൊടുത്ത് വാങ്ങിയ വാക്സീനും വിതരണം ചെയ്യും. ലഭ്യത കുറവായതിനാല്‍ മുന്‍ഗണനാ ഗ്രൂപ്പുകള്‍ക്കായിരിക്കും ആദ്യം വാക്സീന്‍ നല്‍കുക. കൊവിഡ് ബാധിച്ചാല്‍ ഗുരുതരമാകുന്ന രോഗങ്ങളുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ മുന്‍ഗണന. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഈ വിഭാഗക്കാര്‍ക്ക് പ്രത്യേക ക്യൂവും കൗണ്ടറും ഏര്‍പ്പാടാക്കും.

🔳എറണാകുളം, തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വരാനിരിക്കെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനുള്ള നടപടികള്‍ തുടങ്ങി. ഈ ജില്ലകളില്‍ ബാങ്കുകളുടെ പ്രവൃത്തി സമയത്തില്‍ നേരത്തെ തീരുമാനിച്ചതില്‍ നിന്ന് ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ  ജില്ലകളിലും ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. ട്രിപ്പിള്‍ ലോക്ഡൗണില്‍ ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും പ്രവര്‍ത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിംഗ് ഇടപാടുകള്‍ സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും ബാങ്കുകള്‍ ഒരു പോലെ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനാലാണ് പുതിയ തീരുമാനം.

🔳ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള ജില്ലകളിലും പാല്‍, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും.  മത്സ്യവിതരണംകൂടി ഈ സമയത്തിനുള്ളില്‍ അനുവദിക്കും. നേരത്തെ ആറുമണിക്ക് മുമ്പായി പത്രം, പാല്‍ വിതരണം അവസാനിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം.

🔳രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ സെന്‍ട്രല്‍ സറ്റേഡിയത്തില്‍ തന്നെ നടക്കും. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുമെന്നാണ് സൂചനകള്‍. മെയ് 20നാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. 750 പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് എണ്ണം കുറയ്ക്കാനുള്ള തീരുമാനം. സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ ഒന്നാണ് തിരുവനന്തപുരം. സത്യപ്രതിജ്ഞ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടത്തി സര്‍ക്കാര്‍ പുതിയ മാതൃകകാട്ടണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എ നേരത്തെ രംഗത്തെത്തിയിരുന്നു.

🔳ടൗട്ടേ കേരളതീരം വിട്ടു. ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളതീരത്ത് നിലനില്‍ക്കുന്നതിനാല്‍ തിങ്കളാഴ്ചവരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. അതിതീവ്രമഴയും ശക്തമായ കാറ്റും കാരണം കേരളത്തില്‍ കനത്ത നാശ നഷ്ടങ്ങളുണ്ടായി.

🔳കേരളതീരം വിട്ട ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി. മേയ് 17 വൈകുന്നേരം ഗുജറാത്ത് തീരത്ത് എത്തി 18 ന് അതി രാവിലെ മണിക്കൂറില്‍ പരമാവധി 175 കിമീ വേഗതയില്‍ ഗുജറാത്തിലെ പോര്‍ബന്തറിനും മഹുവാവിനും ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

🔳സൗമ്യ സന്തോഷ് ഇസ്രായേലിന് മാലാഖയാണെന്ന് കോണ്‍സുല്‍ ജനറല്‍.  ഇസ്രായേലില്‍ വെച്ച് ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൃതദേഹത്തില്‍ പുഷ്പ ചക്രം അര്‍പ്പിച്ച ശേഷം അദ്ദേഹം സൗമ്യയുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചു.

🔳കനറാ ബാങ്കിന്റെ പത്തനംതിട്ട രണ്ടാം ശാഖയിലെ ജീവനക്കാരന്‍ വിജീഷ് വര്‍ഗീസ്, ബാങ്കിലെ വ്യക്തിഗത അക്കൗണ്ടുകളില്‍ നിന്നുള്ളതിനുപുറമേ ഇന്‍ഷുറന്‍സ് കമ്പനികളുടെ പണവും തട്ടിയെടുത്തതായി ഓഡിറ്റില്‍ കണ്ടെത്തി. മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ വിധി പ്രകാരം നിക്ഷേപിച്ച തുകയില്‍നിന്ന് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳മെയ് ഏഴിനും പതിമൂന്നിനും ഇടയില്‍ കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 3,500 പേര്‍. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം മരണസംഖ്യ ഇത്രയധികം ഉയരുന്നത് ആദ്യമായാണ്.

🔳ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. മെയ് 24 രാവിലെ അഞ്ചുമണി വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ കോവിഡ് കേസുകളില്‍ കുറവുണ്ടെങ്കിലും മുന്‍കരുതലെന്നോണം നിയന്ത്രണങ്ങള്‍ തുടരാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഏപ്രില്‍ 20-ന് 28,395 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന ഡല്‍ഹിയില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 6430 കേസുകള്‍ മാത്രമാണ്.

🔳ബിസിനസ് ദിനപത്രമായ ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് മാനേജിങ് എഡിറ്റര്‍ സുനില്‍ ജെയിന്‍(58)  അന്തരിച്ചു. കോവിഡ് ബാധിച്ച് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിയൊണ് ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്.

🔳കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സാതവ് അന്തരിച്ചു. ഏപ്രില്‍ 20-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

🔳ലീല ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുടെ ഭാര്യ ലീല കൃഷ്ണന്‍ നായര്‍(90)അന്തരിച്ചു. ഒന്നര മാസമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.

🔳ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമിന്റെ പരിശീലകനായിരുന്ന എസ്.ബാലചന്ദ്രന്‍ നായര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. ഏറെക്കാലം ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ച ബാലചന്ദ്രന്‍ നായര്‍ നിരവധി ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റുകളില്‍ ടീമിനെ അനുഗമിച്ചിട്ടുണ്ട്.

🔳വെംബ്ലിയില്‍ ഇരുപതിനായിരത്തിലധികം വരുന്ന കാണികളെ സാക്ഷിയാക്കി ലെസ്റ്റര്‍ സിറ്റി എഫ്എ കപ്പില്‍ മുത്തമിട്ടു. എതിരില്ലാത്ത ഒരൊറ്റ ഗോളിന് ചെല്‍സിയെ അട്ടിമറിച്ചാണ് ലെസ്റ്റര്‍ സിറ്റിയുടെ വിജയം. ചരിത്രത്തില്‍ ആദ്യമായാണ് ലെസ്റ്റര്‍ സിറ്റി എഫ്എ കപ്പ് കിരീടം നേടുന്നത്.

🔳ഇന്ത്യയിലെ ഐഫോണ്‍ ഉത്പാദനം കുത്തനെ കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. റോയിട്ടേഴ്സാണ് ആപ്പിളിന് വേണ്ടി ഐഫോണുകള്‍ നിര്‍മിച്ചു നല്‍കുന്ന ഫോക്സ്‌കോണ്‍ കമ്പനിയുടെ വൃത്തങ്ങളെ ഉദ്ധരിച്ച്  വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫോക്സ്‌കോണ്‍ കമ്പനിയുടെ ചെന്നൈയിലെ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ കൊവിഡിനാല്‍ താറുമാറായി എന്നാണ് റിപ്പോര്‍ട്ട്. ഇത് 50 ശതമാനം ഐഫോണ്‍ നിര്‍മ്മാണം കുറയുന്നതിലേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതുവരെ നൂറിലേറെ ജോലിക്കാര്‍ പോസിറ്റീവായി. ദക്ഷിണ തമിഴ്നാട്ടിലുള്ള ഫാക്ടറിയിലേക്ക് ഇപ്പോള്‍ പ്രവേശനം നല്‍കുന്നില്ല. മെയ് അവസാനം വരെ ഇങ്ങനെ തന്നെ തുടരാനാണ് കമ്പനിയുടെ തീരുമാനം. ഫാക്ടറിക്കുള്ളിലുള്ള ജോലിക്കാര്‍ക്ക് വീടുകളിലേക്ക് പോകണമെങ്കില്‍ പോകാം. പക്ഷേ തിരിച്ചു കയറ്റില്ലെന്ന നിലപാടിലാണ് ഫോക്സ്‌കോണ്‍ എന്നാണ് വിവരം.

🔳കോവിഡ് സമയത്ത് സഹായഹസ്തവുമായി ജിയോയും. രണ്ട് പ്രത്യേക സംരംഭങ്ങളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം, നിലവിലുള്ള പാന്‍ഡെമിക് കാരണം ജിയോ പ്ലാനുകള്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയാത്ത ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് പ്രതിമാസം 300 സൗജന്യ ഔട്ട്‌ഗോയിംഗ് കോളുകള്‍ നല്‍കുമെന്ന് ജിയോ വാഗ്ദാനം ചെയ്യുന്നു. പകര്‍ച്ചവ്യാധിയുടെ മുഴുവന്‍ കാലയളവിലും പ്രതിദിനം 10 മിനിറ്റ് സംസാരസമയം പ്ലാന്‍ ചാര്‍ജ് ചെയ്തില്ലെങ്കിലും തികച്ചും സൗജന്യമായി നല്‍കും. കൂടാതെ, ഒരു ഉപയോക്താവ് റീചാര്‍ജ് ചെയ്യുന്ന ഓരോ ജിയോ ഫോണ്‍ പ്ലാനിനും സൗജന്യ റീചാര്‍ജ് പ്ലാന്‍ ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. അധിക റീചാര്‍ജ് പ്ലാന്‍ ജിയോ ഫോണ്‍ ഉപയോക്താവ് പണമടച്ച പ്ലാനിന് തുല്യമായിരിക്കും. ഉദാഹരണത്തിന്, 75 രൂപ പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുന്ന ഒരു ജിയോ ഫോണ്‍ ഉപയോക്താവിന് 75 രൂപ അധിക പ്ലാന്‍ തികച്ചും സൗജന്യമായി ലഭിക്കും.

🔳പാര്‍വ്വതിയും ബിജു മേനോനും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ആര്‍ക്കറിയാ'മിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' റിലീസോടെ ശ്രദ്ധ നേടിയ ഒടിടി പ്ലാറ്റ്ഫോം നീസ്ട്രീമിലൂടെയാണ് ചിത്രം എത്തുന്നത്. 17, തിങ്കളാഴ്ചയാണ് റിലീസ്. ലോക്ക് ഡൗണിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് ഏപ്രില്‍ ഒന്നിന് എത്തിയ ചിത്രത്തിന് അക്കാരണത്താല്‍ തന്നെ അധികം കാണികളെ നേടാനായിരുന്നില്ല. അതേസമയം ചിത്രം കണ്ടവരില്‍ പലരും സോഷ്യല്‍ മീഡിയയിലൂടെ പോസിറ്റീവ് അഭിപ്രായങ്ങളും പങ്കുവച്ചിരുന്നു.  ചിത്രം കാണണമെന്നാഗ്രഹിച്ചിട്ട് കാണാനാവാതെ പോയ സിനിമാപ്രേമികള്‍ക്ക് ചിത്രം കാണാനുള്ള അവസരമാണ് ഒടിടി റിലീസ്.

🔳ദിലീഷ് പോത്തനും ചേതന്‍ ജയലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രദ്ധേയ ഹ്രസ്വചിത്രം 'മിഡ്നൈറ്റ് റണ്‍' ഒടിടി റിലീസായി.  സൈന മൂവീസിന്റെ ഒടിടി പ്ലാറ്റ്ഫോം ആയ സൈന പ്ലേയിലൂടെയായിരുന്നു റിലീസ്. പൂര്‍ണ്ണമായും ഒരു രാത്രിയില്‍ നടക്കുന്ന സംഭവങ്ങളെ ആധാരമാക്കി, റിയലിസ്റ്റിക് ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് രമ്യ രാജ് ആണ്. ദിലീഷിനെയും ചേതനെയും കൂടാതെ ഒരു ലോറിയും ഹ്രസ്വചിത്രത്തില്‍ കഥാപാത്രമായി എത്തുന്നുണ്ട്. ലോറിഡ്രൈവര്‍ ആണ് ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്ന കഥാപാത്രം.

🔳കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച പ്രകടനവുമായി ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. കമ്പനി 5,72,438 മോട്ടോര്‍ സൈക്കിളുകള്‍ വിറ്റു. 2019-20ല്‍ വിറ്റ 6,09,932 യൂണിറ്റിനെ അപേക്ഷിച്ച് 6.15 ശതമാനത്തോളം കുറവാണിത്. എന്നാല്‍ കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച വെല്ലുവിളികളെയും വിപണിയിലെ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചാണ് കമ്പനിയുടെ പ്രകടനം എന്നതാണ് ശ്രദ്ധേയം. ക്ലാസിക് 350 ആണ് റോയല്‍ എന്‍ഫീല്‍ഡ് ശ്രേണിയില്‍ വില്‍പ്പന കണക്കുകളില്‍ മുന്നില്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3,61, 140 'ക്ലാസിക് 350' ആണു കമ്പനി വിറ്റത്. 2019  20ല്‍ വിറ്റ 3,98,144 എണ്ണത്തെ അപേക്ഷിച്ച് 9.29% കുറവാണിത്. മൊത്തം 98,008 യൂണിറ്റ് വില്‍പ്പനയുമായി 'ബുള്ളറ്റ് 350' ആണു പട്ടികയില്‍ രണ്ടാം സ്ഥാനത്ത്; 50,579 യൂണിറ്റ് വില്‍പ്പന നേടി ഇലക്ട്ര 350 മൂന്നാമതെത്തി.

🔳വാളയാറില്‍ അതിദാരുണമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല ചെയ്യപ്പെട്ട രണ്ട് പെണ്‍കുരുന്നുകള്‍ക്ക് നീതി ലഭിക്കാനായി നടത്തിയ സമരയാത്രയുടെ നാള്‍വഴികള്‍. അവര്‍ക്കൊപ്പം നില്‍ക്കുന്ന എഴുത്തുകാരിയുടെ സമരാനുഭവക്കുറിപ്പുകള്‍. 'വാളയാര്‍ നീതിയാത്ര'. ബിന്ദു കമലന്‍. ഗ്രീന്‍ ബുക്സ്. വില 105 രൂപ.

🔳രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും ലഘുവായ ലക്ഷണങ്ങളുള്ളവരുമായ കോവിഡ് രോഗികളുടെ വീട്ടിലെ ഐസൊലേഷന്‍ സംബന്ധിച്ച പുതുക്കിയ മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഇതുപ്രകാരം ഇത്തരം രോഗികള്‍ക്ക് ലക്ഷണങ്ങള്‍ കാണിച്ച് കുറഞ്ഞത് പത്ത് ദിവസം കഴിഞ്ഞ്, തുടര്‍ച്ചയായ മൂന്നു ദിവസം പനിയൊന്നും ഇല്ലാത്തപക്ഷം ഹോം ഐസൊലേഷന്‍ അവസാനിപ്പിക്കാം. ഇവര്‍ക്ക് പിന്നീട് കോവിഡ് പരിശോധനയുടെ ആവശ്യമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. ഒരു കോവിഡ് രോഗി രോഗലക്ഷണങ്ങളില്ലാത്തയാളോ, ലഘുവായ ലക്ഷണങ്ങളുള്ളയാളോ എന്നത് ചികിത്സിക്കുന്ന മെഡിക്കല്‍  ഓഫീസര്‍ തീരുമാനിക്കണമെന്നും മാര്‍ഗരേഖ ചൂണ്ടിക്കാണിക്കുന്നു. പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് തെളിഞ്ഞ, ലക്ഷണങ്ങളൊന്നും ഇല്ലാത്തതും, ഓക്സിജന്‍ തോത് 94 ശതമാനത്തിനു മുകളില്‍ ഉള്ളതുമായ രോഗിയെ രോഗലക്ഷണമില്ലാത്ത കോവിഡ് രോഗിയായി കണക്കാക്കാം. ശ്വാസകോശ നാളിയില്‍ പ്രശ്നങ്ങളുള്ളവരോ, പനിയുള്ളവരോ, ശ്വാസംമുട്ടല്‍ ഇല്ലാത്തവരോ, ഓക്സിജന്‍ തോത് 94 ശതമാനത്തിനു മുകളിലായതോ ആയ രോഗിയെ ലഘുവായ ലക്ഷണങ്ങളോടുകൂടിയ കോവിഡ് രോഗിയായി കണക്കാക്കാം. ഈ രോഗികള്‍ക്ക് 24 മണിക്കൂറും ഒരു പരിചാരകന്റെ സേവനം ആവശ്യമാണെന്നും പരിചാരകനും ആശുപത്രിയും തമ്മിലുള്ള ആശയവിനിമയം ഹോം ഐസൊലേഷന്‍ കാലയളവില്‍ നിര്‍ബന്ധമാണെന്നും പുതുക്കിയ മാര്‍ഗരേഖ പറയുന്നു. 60 വയസ്സിന് മുകളിലുള്ളവരും രക്താതിസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശ, കരള്‍, വൃക്ക രോഗം തുടങ്ങിയ സഹ രോഗാവസ്ഥകള്‍ ഉള്ളവരുമായ കോവിഡ് രോഗികളെ മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ചശേഷം മാത്രമേ ഹോം ഐസൊലേഷന്‍ അനുവദിക്കാവൂ എന്നും മാര്‍ഗരേഖ കൂട്ടിച്ചേര്‍ക്കുന്നു.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only