18 മേയ് 2021

മലപ്പുറത്ത്​ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചു
(VISION NEWS 18 മേയ് 2021)

​ നാട്ടിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. മലപ്പുറം തരിശ് വാലയില്‍ കുഞ്ഞാപ്പയുടെ മകന്‍ ഷാജി ആണ് മരിച്ചത്. കരുവാരകുണ്ട് തരിശ് കുണ്ടോടയിലാണ് ചൊവ്വാഴ്ച ഉച്ചയോടെ കാട്ടുപോത്തിറങ്ങിയത്. കുണ്ടോട എസ്റ്റേറ്റ് വഴി ഒലിപ്പുഴയിലിറങ്ങിയ പോത്ത് റോഡ് മറികടന്ന് നിരവധി വീടുകളുള്ള ഭാഗത്തേക്ക് നീങ്ങി. ഇതോടെ ഇതിനെ വിരട്ടിയോടിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചു. ഇതിനിടെയാണ് പോത്ത് ഷാജിയെ ആക്രമിച്ചത്.

കുത്തേറ്റ് ഗുരുതര പരിക്കേറ്റ ഷാജിയെ ഉടന്‍ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാര്‍ ബഹളം വെച്ചതോടെ പിന്നീട് പോത്ത് കാട്ടിലേക്ക് പിന്‍വാങ്ങുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ലോക്ഡൗണ്‍ കാരണം കൂടുതല്‍ ആളുകള്‍ റോഡിലും പുഴയോരത്തും ഉണ്ടായിരുന്നില്ല. ഭാര്യയും മൂന്ന് മക്കളുമുണ്ട്. ദുബൈയിലായിരുന്ന ഷാജി രണ്ടാഴ്ച മുൻപാണ് നാട്ടിലെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only