30 മേയ് 2021

കോവിഡ് കാലത്ത് താമരശ്ശേരി വഴി യാത്ര ചെയ്യുന്നവർ പട്ടിണിയാവില്ല, മാനവ സ്നേഹത്തിൻ്റെ ഉത്തമ മാതൃകയായി താമരശ്ശേരിയിലെ യുവത്വം
(VISION NEWS 30 മേയ് 2021)


താമരശ്ശേരി: കോവിഡ് കാലത്ത് താമരശ്ശേരി വഴി യാത്ര ചെയ്യുന്നവരാരും പട്ടിണിയാവില്ല.
യാത്രക്കാർക്ക് രുചികരമായ സൗജന്യ ഭക്ഷണമൊരുക്കി മാടി വിളിക്കുകയാണ് ഒരു കൂട്ടം യുവാക്കൾ.

താമരശ്ശേരി ചുങ്കത്തെ മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിൻ്റെ കീഴിൽ ഓരോ ദിവസവും ചിക്കൻ കറി, പച്ചക്കറി, രസം, അച്ചാർ, ഉപ്പേരി, അടക്കമുള്ള നിരവധി വിഭവങ്ങളുള്ള ഭക്ഷണപ്പൊതിയാണ് വിതരണം ചെയ്യുന്നത് കുടിവെള്ള കുപ്പിയും കൂടെ ലഭിക്കും. ഇടവിട്ട ദിവസങ്ങളിൽ നെയ് ചോറും നല്ല ചിക്കൻ കറിയും..
യാത്രക്കാർക്കും, ഡ്രൈവർമാർക്കും പുറമെ തെരുവിൽ കഴിയുന്നവർക്കും, വീടുകളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും ,തെരുവ് നായ്ക്കൾക്കുംവരെ ഭക്ഷണം എത്തിച്ചു നൽകുന്നുണ്ട്. ഭക്ഷണം വിതരണം ചെയ്യാൻ നിരവധി യുവാക്കൾ രംഗത്തുണ്ട്. ചുങ്കം കേന്ദ്രമാക്കിയാണ് വിതരണം.

താമരശ്ശേരി ചെക്ക് പോസ്റ്റ് പരിസരം കേന്ദ്രീകരിച്ച് യൂത്ത് കോൺഗ്രസ്സിൻ്റെ കീഴിൽ യൂത്ത് കെയർ വളണ്ടിയർമാർ നൂറോളം പേർക്കാണ് ദിവസേന ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നത്.

പുതുപ്പാടി എലോക്കര കേന്ദ്രീകരിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ദീർഘദൂര യാത്രക്കർക്ക് ഭക്ഷണ പൊതി നൽകുന്നുണ്ട്.

രാത്രിയിൽ താമരശ്ശേരി പട്ടണം കേന്ദ്രീകരിച്ച്, ഡി .വൈ.എഫ്.ഐ പ്രവർത്തകൾ രാത്രി കാല ദീർഘദൂര യാത്രക്കാർക്ക് ഭക്ഷണ പൊതി വിതരണം നടത്തി വരുന്നുണ്ട്. ചപ്പാത്തിയും കറിയുമാണ് നൽകുന്നത്.ഡി വൈ എഫ് ഐ താമരശ്ശേരി സൗത്ത്, പരപ്പൻ പൊയിൽ മേഖലാ കമ്മിറ്റികളാണ് വിതരണത്തിന് നേതൃത്വം നൽകുന്നത്.

ഇതിനു പുറമെ നന്മ വെഴുപ്പൂരിൻ്റെ കീഴിൽ കുടുക്കിൽ ഉമ്മരം കേന്ദ്രീകരിച്ച് ആവശ്യമുള്ളവർക്ക് ഭക്ഷണം സൗജന്യമായി വീടുകളിൽ എത്തിച്ചു കൊടുക്കുന്നുണ്ട്.

കോവിഡ് മഹാമാരി കാലത്ത് മാനവ സ്നേഹത്തിത്തിൻ്റെ ഉത്തമ മാതൃകയാവുകയാണ് താമരശ്ശേരിയിലെ യുവജനങ്ങൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only