18 മേയ് 2021

കോവിഡ്‌:ഓമശ്ശേരിയിൽ ഹോമിയോ പ്രതിരോധ ഗുളികകൾ വിതരണം ചെയ്തു.
(VISION NEWS 18 മേയ് 2021)


ഓമശ്ശേരി:കോവിഡ്‌ മഹാ മാരിയുടെ രണ്ടാം തരംഗത്തിൽ രോഗ വ്യാപനം രൂക്ഷമായതോടെ ഓമശ്ശേരി പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തങ്ങൾ കൂടുതൽ ശക്തമാക്കുന്നു.പഞ്ചായത്ത്‌ ഭരണ സമിതിയുടെ നേതൃത്വത്തിൽ ഓമശ്ശേരിയിലെ ഗവ:ഹോമിയോ ഡിസ്‌ പെൻസറിയുടെ സഹകരണത്തോടെ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ഹോമിയോ പ്രതിരോധ ഗുളികകൾ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.പകുതിയോളം വീടുകളിൽ ഗുളികകൾ എത്തിച്ചു കഴിഞ്ഞു.മൂന്ന് ദിവസത്തിനുള്ളിൽ ബാക്കിയുള്ള വീടുകളിലും ഗുളികകൾ വിതരണം ചെയ്യും.

കേന്ദ്ര ആയുഷ്‌ മന്ത്രാലയം നിർദേശിച്ച ഇമ്മ്യൂൺ ബൂസ്റ്റർ ഔഷധമായ ആഴ്സനിക്കം ആൽബം 30 എന്ന മരുന്നാണ്‌‌ വിതരണം ചെയ്യുന്നത്‌.നാലു വയസ്സിനു മുകളിലുള്ളവർ നാലു ഗുളികകൾ വീതം വെറും വയറ്റിൽ മൂന്ന് ദിവസമാണ്‌ കഴിക്കേണ്ടത്‌.ഈ പ്രതിരോധ മരുന്ന് എല്ലാവർക്കും ഉപയോഗിക്കാമെന്നും മെച്ചപ്പെട്ട ഫലപ്രാപ്തിയുണ്ടാവുമെന്നും ഹോമിയോ മെഡിക്കൽ ഓഫീസർ പറഞ്ഞു.വാർഡ്‌ മെമ്പർമാരുടെ നേതൃത്വത്തിൽ ആർ.ആർ.ടിമാർ വഴിയാണ്‌ പ്രതിരോധ ഗുളികകൾ വീടുകളിലെത്തിക്കുന്നത്‌.

ഹോമിയോ പ്രതിരോധ ഗുളികയുടെ പഞ്ചായത്ത്‌ തല വിതരണോൽഘാടനം ഗ്രാമപ്പഞ്ചായത്ത്‌ വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ്‌ അമ്പലക്കണ്ടി  രണ്ടാം വാർഡ്‌ മെമ്പർ കെ.കരുണാകരൻ മാസ്റ്റർക്ക്‌ വാർഡിലേക്കുള്ള ഗുളികകൾ നൽകി നിർവ്വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സൈനുദ്ദീൻ കൊളത്തക്കര അദ്ധ്യക്ഷത വഹിച്ചു.ഓമശ്ശേരി ഗവ:ഹോമിയോ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ:ടി.റോനിഷ ഹോമിയോ പ്രതിരോധ രീതികളെക്കുറിച്ച്‌ ജന പ്രതിനിധികൾക്ക്‌ ക്ലാസ്സെടുത്തു.യു.കെ.ഹുസൈൻ(എച്ച്‌.എം.സി.അംഗം),പഞ്ചായത്ത്‌ മെമ്പർമാരായ എം.ഷീജ,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,മൂസ നെടിയടത്ത്‌,പി.ഇബ്രാഹീം ഹാജി,സീനത്ത്‌ തട്ടാഞ്ചേരി,എം.ഷീല,ഡി.ഉഷാ ദേവി,കെ.പി.മുഹസീന(ജി.എച്ച്‌.ഡി.ഓമശ്ശേരി)എന്നിവർ സംസാരിച്ചു.ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഒ.പി.സുഹറ സ്വാഗതവും പഞ്ചായത്ത്‌ മെമ്പർ കെ.ആനന്ദ കൃഷ്ണൻ നന്ദിയും പറഞ്ഞു.

ഓമശ്ശേരി പഞ്ചായത്തിൽ നിലവിൽ 244 പോസിറ്റീവ്‌ കേസുകളാണുള്ളത്‌.ഇതിൽ 229 പേർ വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നു‌.മണാശ്ശേരി കെ.എം.സി.ടിയിലെ എഫ്‌.എൽ.സി.ടിയിൽ 14 പേരും കോഴിക്കോട്‌ മെഡിക്കൽ കോളജിൽ ഒരാളും ചികിൽസയിലുണ്ട്‌.ഇതു വരെ 5579 പേർ വാക്സിനെടുത്തു.അഞ്ച്‌ വാർഡുകളൊഴികെ പതിനാല്‌ വാർഡുകളും കണ്ടൈൻമന്റ്‌ സോണായി തുടരുകയാണ്‌.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only