06 മേയ് 2021

ശ്മശാനങ്ങൾ നിറയുന്നു; ശവസംസ്കാരത്തിന് ക്യൂ
(VISION NEWS 06 മേയ് 2021)






തിരുവനന്തപുരം: കോവിഡ് ബാധിതരുടേതുൾപ്പെടെ മരണങ്ങൾ കൂടിയതോടെ ജില്ലയിലെ ശ്മശാനങ്ങളിൽ ശവസംസ്കാരത്തിനുള്ള സംവിധാനം അപര്യാപ്തം. ശവസംസ്‌കാരത്തിന് സമയം ബുക്കുചെയ്ത് ദിവസങ്ങൾ കാത്തിരിക്കേണ്ട ഗതികേടിലേക്ക്‌ തലസ്ഥാനം നീങ്ങുകയാണ്.

തിരുവനന്തപുരം നഗരത്തിലെ തൈക്കാട് ശ്മശാനത്തിൽ ഇതോടെ വിറക് ശ്മശാനത്തിൽ കൂടി കോവിഡ് മൃതദേഹങ്ങൾ സംസ്‌കരിക്കാൻ അധികൃതർ നിർദ്ദേശം നൽകി. മാറനല്ലൂർ പഞ്ചായത്തിന്റെ ശ്മശാനത്തിൽ എത്തുന്നതിൽ പകുതി മൃതദേഹങ്ങൾ മാത്രമാണ് ഒരു ദിവസം സംസ്‌കരിക്കാനാവുന്നത്. ആറ്റിങ്ങൽ, നെടുമങ്ങാട് നഗരസഭകളിലെയും പഴയകുന്നുമ്മേൽ പഞ്ചായത്തിലെയും ശ്മശാനങ്ങളിൽ സംസ്കരിക്കുന്ന മൃതദേഹങ്ങളുടെ എണ്ണത്തിൽ വർദ്ധനയുണ്ടെങ്കിലും പ്രവർത്തനത്തെ ബാധിച്ചിട്ടില്ല.

തൈക്കാട്ട് രണ്ട് ഇലക്ട്രിക് ഫർണസുകളും പുതുതായി നിർമിച്ച രണ്ട് ഗ്യാസ് ഫർണസുകളുമാണുള്ളത്. കോവിഡ് ബാധിച്ചു മരിച്ചവരുടെ ശവസംസ്‌കാരത്തിനു മാത്രമാണ് കഴിഞ്ഞ കുറേ ആഴ്ചകളായി ഇവ ഉപയോഗിക്കുന്നത്. നാല് വിറകുചിതകളിലാണ് മറ്റുള്ള മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത്. ബുധനാഴ്ച 23 മൃതദേഹങ്ങൾ സംസ്‌കരിച്ചു. വ്യാഴാഴ്ചത്തേക്കുള്ള ബുക്കിങ്ങും നേരത്തേ കഴിഞ്ഞു. ഇതോടെ വ്യാഴാഴ്ച മുതൽ വിറക് ചിതകൾ കൂടി കോവിഡ് മൃതദേഹങ്ങളുടെ സംസ്‌കാരത്തിന് ഉപയോഗിക്കും. മറ്റ് മൃതദേഹങ്ങളുടെ സംസ്‌കാരത്തെ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. നഗരത്തിൽ കോർപ്പറേഷന് മറ്റു ശ്മശാനങ്ങളില്ല. മറ്റുള്ളവ സമുദായസംഘടനകളുടെ ശ്മശാനങ്ങളാണ്.

ഒരാഴ്ചയോളമായി പ്രതിദിനം ഇരുപതിലേറെ കോവിഡ് മൃതദേഹങ്ങളാണ് തൈക്കാട്ട്‌ സംസ്‌കരിക്കുന്നത്. ഇപ്പോൾ ഇതിന്റെ ഇരട്ടിയോളം മൃതദേഹങ്ങൾ സംസ്‌കാരത്തിനെത്തിക്കുന്നു. ബാക്കിയുള്ളവയ്ക്ക് അടുത്ത ദിവസത്തേക്കോ അതിന്റെ അടുത്ത ദിവസത്തേക്കോ സമയം നൽകുകയാണ്. പ്രതിദിനം 24 മൃതദേഹങ്ങളാണ് നാല് ഫർണസുകളിലായി സംസ്‌കരിക്കാവുന്നത്.

തുടർച്ചയായ ഉപയോഗം കാരണം പുതിയ ഒരു ഗ്യാസ് ഫർണസ് അടക്കം രണ്ടെണ്ണത്തിന്റെ പ്രവർത്തനം മന്ദഗതിയിലായിത്തുടങ്ങി. ഈ സ്ഥിതി തുടരുകയാണെങ്കിൽ ഇവ കേടാകാനും സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. ഇലക്ട്രിക് ഫർണസുകൾ പത്തു വർഷത്തിലേറെ പഴക്കമുള്ളതാണ്‌.

നഗരത്തിലെ എല്ലാ ആശുപത്രികളിലും കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങൾ തൈക്കാട്ടാണ് എത്തിക്കുന്നത്. കൊല്ലം, നാഗർകോവിൽ മേഖലകളിൽനിന്നുള്ളവരുടെ മൃതദേഹങ്ങളും ഇക്കൂട്ടത്തിലുണ്ട്. കഴക്കൂട്ടത്തെ പുതിയ ഗ്യാസ് ശ്മശാനത്തിന്റെ നിർമാണം നടക്കുകയാണ്. ശ്മശാനത്തിന്റെ ശേഷിയേക്കാൾ കൂടുതൽ മൃതദേഹങ്ങൾ എത്തുകയാണെങ്കിൽ വിറകുചിതകൾക്കുപയോഗിക്കുന്ന താത്‍കാലിക സംവിധാനങ്ങൾ കൂടുതൽ ഏർപ്പെടുത്തുന്നതിനെക്കുറിച്ചും അധികൃതർ ആലോചിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only