18 ജൂൺ 2021

ചൊവ്വാഴ്ച വരെ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
(VISION NEWS 18 ജൂൺ 2021)






സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് സംസ്ഥാനത്ത് പത്തു ജില്ലകളില്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം, തൃശ്ശൂര്‍, കൊല്ലം, പാലക്കാട് ജില്ലകള്‍ ഒഴികെയുള്ളയിടങ്ങളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ വടക്കന്‍ കേരളത്തിന് പുറമേ കോട്ടയം ഇടുക്കി ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 115 mm വരെയുള്ള മഴയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍ - മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

മഴയുടെ സ്വാധീനഫലമായി കേരളത്തീരത്ത് ശക്തമായ കാറ്റിനുള്ള സാധ്യതയുണ്ട്. 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. ഇന്നും നാളെയും മത്സ്യബന്ധനത്തിനായി കടലില്‍ പോകരുതെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ശനിയാഴ്ച രാത്രി 11.30 വരെ പൊഴിയൂര്‍ മുതല്‍ കാസർഗോഡ് വരെയുള്ള തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only