09 ജൂൺ 2021

പുലി പേടിയിൽ ഒരു ​ഗ്രാമം; ഒടുവിൽ ആ അഞ്ച് വയസുകാരിയേയും കൊന്നു; ഇതുവരെ പുലി പിടിച്ചത് 229 പേരെ
(VISION NEWS 09 ജൂൺ 2021)

പുലിയുടെ ആക്രമണത്തെ പേടിച്ച് കഴിയുകയാണ് ഒരു ​ഗ്രാമം മുഴുവൻ. കഴിഞ്ഞ ദിവസം തന്റെ ജന്മദിനത്തിൽ വീടിന്റെ മുറ്റത്തുനിന്ന അദായെ പുള്ളിപ്പുലി കടിച്ചു കൊന്നു. പുള്ളിപ്പുലി അവളെ കടിച്ചു കീറിയിരുന്നു. അവളുടെ ശരീരഭാഗങ്ങൾ പൊലീസ് കാടിന്റെ അതിർത്തിയിൽ നിന്നാണ് കണ്ടെടുത്തത്. ആ നരഭോജിയെ പിടികൂടാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

അവളുടെ മരണം ഒരു ഒറ്റപ്പെട്ട സംഭവമല്ല. കശ്മീരിലെ ഒരു ജില്ലയാണ് ബുഡ്ഗാം. 750,000 ആളുകളാണ് അവിടെ താമസിക്കുന്നത്. കഴിഞ്ഞ 15 വർഷത്തിനിടെ അവിടെ പുള്ളിപ്പുലികൾ 229 പേരെ കൊന്നിട്ടുണ്ട്. ഇരകളായ പലരും കുട്ടികളാണെന്ന് സർക്കാർ പറയുന്നു. ബുഡ്ഗാം ജില്ലയിൽ പുള്ളിപ്പുലി ആക്രമണത്തിന് സാധ്യതയുള്ള 44 ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നാണ് പെൺകുട്ടി താമസിച്ചിരുന്ന ഓംപുര ഗ്രാമമെന്ന് വന്യജീവി ഉദ്യോഗസ്ഥൻ പറഞ്ഞു. അവളെ പിടിച്ച പുള്ളിപ്പുലി നാലുവർഷമായി ഈ പ്രദേശത്ത് വിലസുകയാണ്. 

 മിക്ക ആക്രമണങ്ങളും പകൽസമയത്താണ് സംഭവിച്ചതെന്നും സംസ്ഥാന വന്യജീവി സംരക്ഷണ വകുപ്പിന്റെ ഒരു റിപ്പോർട്ടിൽ പറയുന്നു. ആകെ നടന്ന 200 പുള്ളിപ്പുലി ആക്രമണങ്ങളിൽ പകുതിയും ആൾത്താമസമുള്ള മേഖലയിലാണ് ഉണ്ടായതെന്നും റിപ്പോർട്ടിൽ കണ്ടെത്തി. നൂറുകണക്കിന് ആളുകളാണ് അദായുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. അവളുടെ മുത്തച്ഛൻ പുള്ളിപ്പുലിയെക്കുറിച്ച് അധികാരികൾക്ക് മുൻപേ പരാതി നൽകിയിരുന്നു. “എന്റെ ചെറുമകൾ ഒരു രാജകുമാരിയായിരുന്നു. അവൾ ഞങ്ങളുടെ അദാ റാണിയായിരുന്നു. ഞങ്ങൾക്ക് നഷ്ടപ്പെട്ടത് എന്താണ് എന്ന് നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല" അദ്ദേഹം ഒരു വീഡിയോ പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ കുട്ടികളെ സംരക്ഷിക്കണമെന്ന് അദ്ദേഹം അധികാരികളോട് കരഞ്ഞപേക്ഷിച്ചു. 

“ഞങ്ങൾ വീടുതോറും പോയി കുട്ടികളെ കൂടുതൽ ശ്രദ്ധിക്കണമെന്ന് ആളുകളോട് പറഞ്ഞു, പ്രത്യേകിച്ച് രാവിലെയും വൈകീട്ടും. പുള്ളിപ്പുലികൾ ഒരവസരത്തിനായി കാത്തിരിക്കയാണ്” വന്യജീവി ഉദ്യോഗസ്ഥർ പറഞ്ഞു. തന്റെ ടീമിന് എല്ലായ്പ്പോഴും എല്ലായിടത്തും ഉണ്ടാകാൻ കഴിയില്ലെന്നും വന്യജീവി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. “പുള്ളിപ്പുലി മിന്നൽ വേഗത്തിലാണ് ആക്രമിക്കുന്നത്. പെൺകുട്ടി താമസിച്ചിരുന്നിടത്ത് നിന്ന് 100 മീറ്റർ അകലെ ഞങ്ങൾക്ക് ഒരു ക്യാമ്പ് ഉണ്ടെങ്കിൽ പോലും, അവളെ രക്ഷിക്കാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ല” വന്യജീവി ഉദ്യോഗസ്ഥർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only