06 ജൂൺ 2021

വരുമാനനഷ്ടം 38,705 കോടി; കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളി
(VISION NEWS 06 ജൂൺ 2021)

തിരുവനന്തപുരം: കോവിഡ് കവർന്ന കഴിഞ്ഞ സാമ്പത്തികവർഷത്തിൽ സംസ്ഥാനത്തിനുണ്ടായ വരുമാനനഷ്ടം 38,705 കോടിരൂപ. ബജറ്റിനൊപ്പം ധനമന്ത്രി കെ.എൻ. ബാലഗോപാൽ സമർപ്പിച്ച ഇടക്കാല സാമ്പത്തിക നയരേഖയിലാണ് ഈ നഷ്ടക്കണക്ക്.

35,000 കോടിരൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്ന് കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽത്തന്നെ ആസൂത്രണ ബോർഡ് കണക്കാക്കിയിരുന്നു. നടപ്പുസാമ്പത്തികവർഷം സാമ്പത്തിക സൂചകങ്ങൾ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും കോവിഡിന്റെ രണ്ടാംതരംഗവും പ്രതീക്ഷിക്കുന്ന മൂന്നാംതരംഗവും ഉയർത്തുന്ന ഭീഷണിയിൽ ലക്ഷ്യം കൈവരിക്കുക സർക്കാരിന് കടുത്ത വെല്ലുവിളിയാണ്.

ജി.എസ്.ടി. ഉൾപ്പടെയുളള നികുതിവരുമാനത്തിൽ 22148 കോടിരൂപയും നികുതിയേതര വരുമാനത്തിൽ 5466 കോടിയും കുറഞ്ഞു. കേന്ദ്ര നികുതിവിഹിതത്തിലെ കുറവ് 11,091 കോടി രൂപയാണ്. റവന്യൂക്കമ്മി നികത്താൻ കേന്ദ്ര ധനകാര്യകമ്മിഷന്റെ ശുപാർശപ്രകാരം കേന്ദ്രത്തിൽനിന്ന് ലഭിച്ച 19,891 കോടി രൂപയാണ് ഈ കാലത്ത് സർക്കാരിനെപിടിച്ചുനിൽക്കാൻ സഹായിച്ചത്. 2023-24 വരെ ഈ സഹായധനം കിട്ടുമെന്നത് ആശ്വാസകരമാണ്.

ഈ പ്രതിസന്ധിയിൽ സംസ്ഥാനത്തിന്റെ റവന്യൂക്കമ്മി 23,256 കോടി രൂപയായെന്ന് സി.എ.ജി.യുടെ ഓഡിറ്റ് ചെയ്യാത്ത താത്കാലിക കണക്കുകൾ വ്യക്തമാക്കുന്നു. ബജറ്റിൽ പ്രതീക്ഷിച്ചിരുന്ന റവന്യൂക്കമ്മി 1.55 ശതമാനമായിരുന്നു. ഇത് 2.94 ശതമാനമായി ഉയർന്നു.

ധനക്കമ്മി മൂന്നുശതമാനം പ്രതീക്ഷിച്ച സ്ഥാനത്ത് 4.25 ശതമാനമായി.

സാമ്പത്തികപ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം കൂടുതലായി അനുവദിച്ച വായ്പ എടുത്തതാണ് ധനക്കമ്മി കൂടാൻ കാരണം. 38,189 കോടിരൂപയാണ് കടമെടുത്തത്. മുൻവർഷം 23,479.48 കോടിയാണ് വായ്പ എടുത്തിരുന്നത്.

2020-21ൽ ജി.എസ്.ടി.യിൽ പ്രതീക്ഷിച്ചതിന്റെ 57.89 ശതമാനം മാത്രമാണ് പിരിഞ്ഞുകിട്ടിയത്. എന്നാൽ, ഈ പ്രതിസന്ധിയില്ലാതിരുന്ന മുൻവർഷവും 64.63 ശതമാനമേ പിരിച്ചെടുക്കാനായിട്ടുള്ളൂ. ജി.എസ്.ടി. പിരിവ് സംസ്ഥാനം ഊർജിതമാക്കേണ്ടതുണ്ടെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

നടപ്പുസാമ്പത്തിക വർഷം നികുതി വരുമാനം 14 ശതമാനവും നികുതിയേതര വരുമാനം 15 ശതമാനവും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നഷ്ടക്കണക്ക് ഒറ്റനോട്ടത്തിൽ

ഇനം-പ്രതീക്ഷിച്ചത്-കിട്ടിയത് (തുക കോടിയിൽ)

ജി.എസ്.ടി.-38,547.45-22315.23

സ്റ്റാമ്പ്ഡ്യൂട്ടി, രജിസ്‌ട്രേഷൻ-4306.24-3489.59

ഭൂനികുതി-376.23-493.36

പെട്രോൾ, ഡീസൽ, മദ്യം-23,263.16-18,727.88

എക്സൈസ് ഡ്യൂട്ടി-2800.67-2339.22

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only