05 ജൂൺ 2021

സംസ്ഥാനത്തിന്റെ പൊതു കടം കൂടും; മൂന്നു വര്‍ഷത്തിനുള്ളില്‍ 3.9 ലക്ഷം കോടി കവിയും
(VISION NEWS 05 ജൂൺ 2021)

തിരുവനന്തപുരം: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ പൊതുകടം 3.9 ലക്ഷം കോടി കവിയും. നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് രേഖയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍ കടത്തിന്റെ വളര്‍ച്ച രണ്ട് ശതമാനം കുറഞ്ഞ് ആഭ്യന്തര ഉത്പാദനത്തിന്റെ 35 ശതമാനം ആകും. കോവിഡ് ഒന്നാം തരംഗം കാരണം സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തില്‍ 1.65ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

കോവിഡ് പ്രതിസന്ധി കാലത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ എന്ന ലക്ഷ്യം നിറവേറ്റിക്കഴിഞ്ഞാല്‍ എല്ലാ മേഖലയും സജീവമാകുമെന്ന് കണക്കുകൂട്ടിയാണ് സമ്പദ്‌ ഘടനയെ സര്‍ക്കാര്‍ ഇപ്പോള്‍ വിലയിരുത്തുന്നത്. 

നടപ്പുവര്‍ഷം 6.6 ശതമാനം ലക്ഷ്യമിടുന്ന ആഭ്യന്തര ഉത്പാദനം ദുരിതകാലം കഴിയുമ്പോള്‍ 12.5 ശതമാനം നേടാമെന്ന് ധനമന്ത്രി നിയമസഭയില്‍ സമര്‍പ്പിച്ച ബജറ്റ് രേഖ വ്യക്തമാക്കുന്നു. അതിന് നടപ്പ് സാമ്പത്തിക വര്‍ഷം 3,27,000 കോടിയാകുന്ന പൊതുകടം 22,23 വര്‍ഷത്തില്‍ 3,57,000 കോടിയും 23-24ല്‍ 3,90,000 കോടിയാകുമെന്നും കണക്കു കൂട്ടുകയാണ്.

ഇക്കൊല്ലം ആഭ്യന്തര ഉത്പാദനത്തിന്റെ 37 ശതമാനമുള്ള പൊതുകടം 35 ശതമാനമായി കുറയുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍. പക്ഷേ കടമെടുത്ത് വികസനവും ക്ഷേമവും തുടരാന്‍ തീരുമാനിച്ചിരിക്കുന്ന ധനവകുപ്പ് പ്രതീക്ഷിക്കും പോലെ കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയുകയും സമ്പദ്‌ ഘടന ഉണരുകയും വേണം. ഇല്ലെങ്കില്‍ പൊതുകടം മൂന്നാം വര്‍ഷം നാല് ലക്ഷം കോടി കവിയുമെന്നുറപ്പാണ്.

സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ച താഴോട്ടിറങ്ങുകയും ചെയ്യും. കാരണം കഴിഞ്ഞ വര്‍ഷം ആഭ്യന്തര ഉത്പാദനം 1,56,000 കോടി പിടിച്ചുനിര്‍ത്തിയത് ഇരുപതിനായിരം കോടി രൂപയുടെ ഉത്തേജക പാക്കേജ് ഉള്ളതുകൊണ്ടാണെന്ന് ബജറ്റ് രേഖ വ്യക്തമാക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only