01 ജൂൺ 2021

പ്രഭാത വാർത്തകൾ
(VISION NEWS 01 ജൂൺ 2021)


🔳സെന്‍ട്രല്‍ വിസ്ത പദ്ധതിയില്‍ പ്രതിപക്ഷത്തിനെതിരേ ആഞ്ഞടിച്ച് ഭവന-നഗരകാര്യ സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി. സെന്‍ട്രല്‍ വിസ്ത പദ്ധതിയെക്കുറിച്ച് പ്രതിപക്ഷം തെറ്റായ വിവരങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് പറഞ്ഞ ഹര്‍ദീപ് സിങ് പുരി അഭിപ്രായപ്രകടന സമയത്ത് മാന്യത പാലിക്കണെമെന്നും ഉപദേശിച്ചു. ആരോഗ്യമേഖലയ്ക്കുള്ള ചെലവും സെന്‍ട്രല്‍ വിസ്ത പദ്ധതിക്കായി ചെലവഴിക്കുന്ന പണവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

🔳കോവിഡ് പോലെയുള്ള മഹാമാരികള്‍ ഭാവിയിലും ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് കോവിഡ് - 19 ന്റെ ഉത്ഭവം കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് അമേരിക്കയിലെ പ്രമുഖ ആരോഗ്യ വിദഗ്ധര്‍. കോവിഡ് 19 ന്റെ ഉത്ഭവം കണ്ടെത്താന്‍ ലോകത്തിന് ചൈനീസ് ഭരണകൂടത്തിന്റെ സഹകരണം അത്യാവശ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. കോവിഡ് 19 ന്റെ ഉത്ഭവത്തെപ്പറ്റി വ്യക്തമായ ധാരണ ലഭിക്കാത്തപക്ഷം കോവിഡ് 26 നും കോവിഡ് 32 നുമുള്ള സാധ്യത നിലനില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

➖➖➖➖➖➖➖➖

🔳വാക്‌സിന്‍ കയറ്റുമതി നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിനെ ആശ്രയിക്കുന്ന 91 രാജ്യങ്ങളെ കാര്യമായി ബാധിച്ചുവെന്ന് ലോകാരോഗ്യ സംഘടന. ആഫ്രിക്കന്‍ രാജ്യങ്ങളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ ബി.1.617.2 വകഭേദമടക്കം ഇവരെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന.

🔳വാക്‌സിന്‍ പ്രശ്‌നം പരിഹരിക്കാന്‍ യോജിച്ച നീക്കത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ബി.ജെ.പി. ഇതര മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വാക്‌സിന്‍ പൂര്‍ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണമെന്ന ആവശ്യം സംസ്ഥാനങ്ങള്‍ സംയുക്തമായി മുന്നോട്ടുവെക്കണം എന്ന് അഭ്യര്‍ഥനയാണ് കത്തില്‍ മുന്നോട്ടു വെക്കുന്നത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് കത്തയച്ചത്.

🔳പൊതുസ്ഥലങ്ങളില്‍ രാവിലെ അഞ്ചു മുതല്‍ ഏഴുവരെ പ്രഭാത നടത്തവും വൈകുന്നേരം ഏഴു മുതല്‍ ഒമ്പതു വരെ വൈകുന്നേരത്തെ നടത്തവും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു അനുവദിക്കുമന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റേഷനറി ഇനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവാദമില്ല. തുണിത്തരങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍ എന്നിവയുടെ കടകളില്‍ വിവാഹക്ഷണക്കത്തുകള്‍ കാണിച്ചാല്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് പ്രവേശനാനുവാദമുള്ളൂ. മറ്റെല്ലാ വ്യക്തികള്‍ക്കും ഉല്‍പ്പന്നങ്ങളുടെ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നവരെ കര്‍ശനമായി തടയണമെന്ന് മുഖ്യമന്ത്രി കോവിഡ് അവലോകനയോഗത്തില്‍ നിര്‍ദ്ദേശിച്ചു.

➖➖➖➖➖➖➖➖

🔳കേരളത്തില്‍ ഇന്നലെ 89,345 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 174 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8815 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,422 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 753 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,867 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,06,982 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് മൂലം അനിശ്ചിത്വത്തിലായ പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബര്‍ ആറ് മുതല്‍ 16 വരെ നടത്താന്‍ തീരുമാനം. രാവിലെ 9.40-നാകും പരീക്ഷ ആരംഭിക്കുക. പ്ലസ് വണ്‍ പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നത്.

🔳കേരള എന്‍ജിനീയറിങ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് മെഡിക്കല്‍,മെഡിക്കല്‍ അനുബന്ധ കോഴ്‌സിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ജൂണ്‍ 21 വൈകുന്നേരം 5.00 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

🔳ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളെ ചികിത്സിക്കാന്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ ചികിത്സാ കേന്ദ്രം അങ്കമാലി അഡ്‌ലക്‌സില്‍ ഒരുങ്ങി. 500 ബെഡുകളുള്ള ഈ സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. 2.20 കോടിരൂപ ചെലവിട്ടാണ് പദ്ധതിയ്ക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതും അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിച്ചതും. പത്ത് കമ്പനികളുടെ സാമ്പത്തിക പിന്തുണയോടെയാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂര്‍ 558, കാസര്‍ഗോഡ് 341, പത്തനംതിട്ട 277, ഇടുക്കി 263, വയനാട് 170.

🔳സംസ്ഥാനത്ത് ഇന്നലെ പുതിയ ഹോട്ട് സ്‌പോട്ടുകളില്ല. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 885 ഹോട്ട് സ്‌പോട്ടുകള്‍.

🔳ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. അഡ്മിനിസ്‌ട്രേറ്റര്‍ ഇറക്കിയ ഉത്തരവ് അതേപടി നടപ്പാക്കില്ല. ജനങ്ങളുടെ അഭിപ്രായങ്ങള്‍ അനുസരിച്ച് തീരുമാനങ്ങള്‍ നടപ്പിലാക്കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി അബ്ദുള്ളക്കുട്ടി പറഞ്ഞു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

🔳ആന്ധ്രപ്രദേശ് പോലീസ് രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്ത രണ്ട് തെലുങ്ക് ചാനലുകള്‍ക്കെതിരായ നടപടി സുപ്രീം കോടതി തടഞ്ഞു. ടിവി 5 ന്യൂസ്, എ.ബി.എന്‍ ആന്ധ്ര ജ്യോതി എന്ന ചാനലുകള്‍ക്കെതിരായ നടപടിയാണ് സുപ്രീം കോടതി തടഞ്ഞത്. ആന്ധ്ര പോലീസ് എഫ്.ഐ.ആറിലൂടെ പ്രഥമദൃഷ്ട്യാ മാധ്യമ സ്വാതന്ത്ര്യം കവര്‍ന്നെടുക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിലയിരുത്തി. രാജ്യദ്രോഹത്തിന്റെ പരിധി തങ്ങള്‍ നിര്‍വചിക്കേണ്ട സമയമാണിതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ആന്ധ്രപ്രദേശിലെ ഭരണകക്ഷിയായ വൈ.എസ്.ആര്‍. കോണ്‍ഗ്രസിന്റെ വിമത എം.പിയായ കനുമുരി രഘുരാമ കൃഷ്ണാം രാജു കോവിഡ് വിഷയത്തില്‍ സര്‍ക്കാരിന് വിമര്‍ശിച്ച് നടത്തിയ പ്രസ്താവന സംപ്രേഷണം ചെയ്തതിനാണ് രണ്ടു ചാനലുകള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത്.

🔳ദേശീയ വാക്‌സിന്‍ നയവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതിയുടെ നിശിത വിമര്‍ശനവും പരിഹാസവും. ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം പുഴയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പുറത്തെത്തിച്ച ചാനലിനെതിരെ ആയിരിക്കുമോ അടുത്ത രാജ്യദ്രോഹ കുറ്റം ചുമത്തുകയെന്ന് ജസ്റ്റിസ് ഡിവൈ.ചന്ദ്രചൂഡും ജസ്റ്റിസ് എല്‍ നാഗേശ്വര റാവുവും ഉള്‍പ്പെട്ട ബെഞ്ച് പരിഹാസരൂപേണ ചോദിച്ചു. അടുത്തിടെ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്ന രാജ്യദ്രോഹ കുറ്റം ചുമത്തിയുള്ള കേസുകളിലുള്ള അതൃപ്തിയാണ് സുപ്രീംകോടതി പരിഹാസത്തിലൂടെ പ്രകടിപ്പിച്ചത്.

🔳ഏതാനും ആഴ്ചകളായി ഡല്‍ഹിയില്‍ വാക്‌സിനുകളുടെ കുറവുണ്ടെന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ഡല്‍ഹിയില്‍ വളരെ വേഗത്തില്‍ വാക്‌സിനേഷന്‍ നടത്തുന്നുവെന്നും ആരോപിച്ച് ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍. എന്നാല്‍ തന്റെ ലക്ഷ്യം ജീവന്‍ രക്ഷിക്കുകയാണെന്നും വാക്‌സിന്‍ സംരക്ഷിക്കുകയല്ലെന്നും കെജ്രിവാള്‍ ഇതിന് മറപടി നല്‍കി.

🔳സഖ്യമില്ലാതെ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നായ പഞ്ചാബില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിസന്ധി രൂക്ഷമായി. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാര്‍ട്ടിക്കുള്ളിലെ വിമത നീക്കം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ക്യാപ്റ്റന്‍ എന്നു വിളിക്കുന്ന അമരീന്ദര്‍ സിങിന്റെ നേതൃത്വത്തില്‍ നേരിട്ടാല്‍ ജയിക്കാനാകില്ലെന്നാണ് വിമത പക്ഷം പറയുന്നത്.

🔳കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുവിളിച്ച പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ തല്‍സ്ഥാനത്തുനിന്ന് വിരമിച്ചു. അദ്ദേഹം ഇനി മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് ആയി പ്രവര്‍ത്തിക്കും. മമതാ ബാനര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്. ബംഗാള്‍ ചീഫ് സെക്രട്ടറിയെ ഡല്‍ഹിക്ക് അയക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിന് പിന്നാലെയാണ് മമതയുടെ പ്രഖ്യാപനം.

🔳രാജ്യത്ത് 5ജി ടെലികോം സേവനങ്ങള്‍ നടപ്പാക്കുന്നതിനെതിരെ ബോളിവുഡ് താരം ജൂഹി ചൗള കോടതിയെ സമീപിച്ചു. റേഡിയോ ഫ്രീക്വന്‍സി റേഡിയേഷനെതിരേ അവബോധം സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ജൂഹി, 5 ജി നടപ്പാക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്. സാങ്കേതികവിദ്യയ്ക്ക് എതിരല്ലെന്നും എന്നാല്‍ പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് പ്രധാനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. 5 ജി സാങ്കേതിക വിദ്യ അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും വിശ്വസിക്കാന്‍ മതിയായ കാരണമുണ്ടെന്നും ഹര്‍ജി ചൂണ്ടിക്കാണിക്കുന്നുണ്ട്.

🔳ഡൊമിനിക്കയില്‍ പിടിയിലായ മെഹുല്‍ ചോക്സിക്കൊപ്പം കണ്ടെത്തിയ യുവതി അദ്ദേഹത്തിന്റെ കാമുകിയല്ലെന്ന് റിപ്പോര്‍ട്ട്. മെഹുല്‍ ചോക്സിയുമായി അടുപ്പമുള്ളവരാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചോക്സിയെ ആന്റിഗ്വയില്‍നിന്ന് തട്ടിക്കൊണ്ടുപോയതാണെന്നും ഈ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് യുവതിയെന്നും ഇവര്‍ പറയുന്നു. നേരത്തെ അഭിഭാഷകര്‍ മുഖേന മെഹുല്‍ ചോക്സിയും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.

🔳കോവിഡ് മൂന്നാം തരംഗത്തിന് യുകെയില്‍ തുടക്കമായിട്ടുണ്ടാകാമെന്ന് സര്‍ക്കാരിന് ശാസ്ത്ര ഉപദേഷ്ടാവിന്റെ മുന്നറിയിപ്പ്. ജൂണ്‍ 21-ന് ബ്രിട്ടണിലെ എല്ലാ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും അവസാനിക്കാനിരിക്കെയാണ് മുന്നറിയിപ്പ്. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ ബി.1.617.2 വകഭേദം രാജ്യത്ത് 'ക്രമാതീതമായ വ്യാപനത്തിന്' കാരണമായതായി ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

🔳രാജ്യത്ത് ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണത്തിലും മരണത്തിലും ആശ്വാസമേകുന്ന കണക്കുകള്‍. രാജ്യത്ത് ഇന്നലെ 1,26,649 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 2,54,879 പേര്‍ രോഗമുക്തി നേടി. മരണം 2,781. ഇതോടെ ആകെ മരണം 3,31,909 ആയി. ഇതുവരെ 2,81,73,655 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 18.90 ലക്ഷം കോവിഡ് രോഗികള്‍.

🔳തമിഴ്നാട്ടില്‍ ഇന്നലെ 27,936 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 15,077 പേര്‍ക്കും കര്‍ണാടകയില്‍ 16,604 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 7,943 പേര്‍ക്കും പശ്ചിമബംഗാളില്‍ 10,137 പേര്‍ക്കും ഒഡീഷയില്‍ 8,313 പേര്‍ക്കും ആസാമില്‍ 4.348 പേര്‍ക്കും ഡല്‍ഹിയില്‍ 648 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം മൂവായിരത്തില്‍ താഴെ മാത്രമാണ്.

🔳ആഗോളതലത്തില്‍ ഇന്നലെ 3,47,094 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 4,927 പേര്‍ക്കും ബ്രസീലില്‍ 30,434 പേര്‍ക്കും അര്‍ജന്റീനയില്‍ 28,175 പേര്‍ക്കും കൊളംബിയയില്‍ 23,177 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 17.13 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.39 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,499 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 141 പേരും ബ്രസീലില്‍ 699 പേരും കൊളംബിയയില്‍ 492 പേരും അര്‍ജന്റീനയില്‍ 637 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 35.64 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳മാഞ്ചെസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീന താരം സെര്‍ജിയോ അഗ്യൂറോയെ ടീമിലെത്തിച്ച് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ. താരവുമായി കരാറിലെത്തിയതായി ക്ലബ്ബ് തിങ്കളാഴ്ച സ്ഥിരീകരിച്ചു. 2022-23 സീസണ്‍ വരെയാണ് അഗ്യൂറോയുമായുള്ള കരാറെന്ന് ബാഴ്‌സലോണ വ്യക്തമാക്കി.

🔳ഗ്രാന്‍ഡ്സ്ലാം വേദിയിലേക്കുള്ള മടങ്ങിവരവില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം റേജര്‍ ഫെഡറര്‍ക്ക് ജയത്തോടെ തുടക്കം. ഫ്രഞ്ച് ഓപ്പണില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ഡെന്നിസ് ഇസ്റ്റോമിനെ തകര്‍ത്ത് ഫെഡറര്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 2020-ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ് ശേഷം 39-കാരനായ സ്വിസ് താരം പിന്നീട് മറ്റ് ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളിലൊന്നും പങ്കെടുത്തിട്ടില്ല.

🔳ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ഫുട്ബോളിന് ബ്രസീല്‍ വേദിയാകും. കോവിഡ് വ്യാപനം രൂക്ഷമായതോടെ അര്‍ജന്റീനയെ ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുന്നതില്‍ നിന്ന് ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ഒഴിവാക്കുകയായിരുന്നു. ടൂര്‍ണമെന്റ് ജൂണ്‍ 13 മുതല്‍ ജൂലായ് 10 വരെ ബ്രസീലില്‍ നടക്കുമെന്ന് ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അറിയിച്ചു.

🔳ചൈനയിലെ സുഷോവില്‍ ഈ ആഴ്ച നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങള്‍ യു.എ.ഇയിലേക്ക് മാറ്റിയേക്കും. കോവിഡുമായി ബന്ധപ്പെട്ട് ചൈനയില്‍ യാത്രാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാലാണിത്.

🔳രാജ്യത്ത് പുതിയ കമ്പനികളുടെ രജിസ്‌ട്രേഷനില്‍ റെക്കോര്‍ഡ് വര്‍ധന. കൊവിഡ് മഹാമാരിക്കിടയിലും ഇന്ത്യയിലെ കോര്‍പറേറ്റ രംഗം മുന്നോട്ട് വളരുന്നതിന്റെ സൂചനയാണിത്. കൊവിഡിന്റെ രണ്ടാം തരംഗം ഏറ്റവും കൂടുതലുണ്ടായ ഏപ്രില്‍ മാസത്തില്‍ രാജ്യത്തെമ്പാടും 12554 പുതിയ കമ്പനികളാണ് രജിസ്റ്റര്‍ ചെയ്തത്. പുതുതായി രജിസ്റ്റര്‍ ചെയ്തവയില്‍ 839 എണ്ണം ഏകാംഗ കമ്പനികളാണ്. പുതിയ കമ്പനികളുടെ ആകെ മൂലധനം 1483.41 കോടി രൂപയാണ്. കോര്‍പറേറ്റ് കാര്യ മന്ത്രാലയമാണ് കമ്പനികളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടുണ്ടായ പുതിയ റെക്കോര്‍ഡിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. കൊവിഡില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ട മഹാരാഷ്ട്രയാണ് പുതിയ കമ്പനികളുടെ രജിസ്‌ട്രേഷനിലും മുന്നിലുള്ളത്. ഏപ്രില്‍ മാസത്തില്‍ 2292 കമ്പനികളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

🔳രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായ ബാങ്ക് ഓഫ് ബറോഡ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. 2020-2021 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലെ കണക്കുകളാണ് പുറത്ത് വന്നിട്ടുള്ളത്. നാലാം പാദത്തില്‍ ബാങ്കിന്റെ ഒറ്റയ്ക്കുള്ള മൊത്ത നഷ്ടം 1,046.5 കോടി രൂപയാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്തായാലും ഇത് ബാങ്കിന്റെ ഓഹരി മൂല്യത്തെ ബാധിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇതേ സമയം ബാങ്ക് ലാഭത്തിലായിരുന്നു എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. 2019-2020 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 506 കോടിയായിരുന്നു ലാഭം. തൊട്ടുമുമ്പത്തെ പാദത്തില്‍ 1,061 കോടി രൂപയുടെ ലാഭവും ബാങ്ക് ഓഫ് ബറോഡ നേടിയിരുന്നു.

🔳കോവിഡ് പ്രതിസന്ധിയിലായവര്‍ക്ക് സഹായവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. 50,000 രൂപയുടെ കിറ്റുകളാണ് താരം വിതരണം ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ സഹായം തേടിയുള്ള കമന്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണിത്. കോഴിക്കോട്, രാമനാട്ടുകരയിലെ തന്റെ ഫാന്‍സ് വഴിയാണ് കിറ്റുകള്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയത്. അഞ്ച് കിലോ അരി, രണ്ട് കിലോ പച്ചരി, ചായപ്പൊടി, ഒരു കിലോ റവ, ആട്ട, കിഴങ്ങ്, സവാള, പഞ്ചസാര, വാഷിംഗ് സോപ്പ്, അരലിറ്റര്‍ വെളിച്ചെണ്ണ ഇത്രയും അടങ്ങുന്ന കിറ്റ് ആണ് ഉണ്ണി മുകുന്ദന്‍ നല്‍കിയത്.

🔳'സ്വപ്നസഞ്ചാരി' എന്ന കമല്‍ ചിത്രത്തിലൂടെ ബാലതാരമായെത്തി 'ആക്ഷന്‍ ഹീറോ ബിജു'വിലൂടെ നായികയായ നടിയാണ് അനു ഇമ്മാനുവല്‍. ഇപ്പോള്‍ തെലുങ്ക്, തമിഴ് ചിത്രങ്ങളില്‍ സജീവമാണ് അനു. അനുവിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം അല്ലു സിരീഷിനൊപ്പമാണ്. രാകേഷ് ശാസി സംവിധാനം ചെയ്യുന്ന ചിത്രം ഒരു റൊമാന്റിക് ഡ്രാമയാണ്. 'പ്രേമ കടന്ത' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തെത്തി. അല്ലു അരവിന്ദാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിരിഷിന്റെ കരിയറിലെ ആറാമത്തെ ചിത്രമാണിത്. ഫസ്റ്റ് ലുക്കിന് മുന്‍പെത്തിയ പ്രീ-ലുക്ക് നേരത്തെ തെലുങ്ക് സിനിമാപ്രേമികള്‍ക്കിടയില്‍ വൈറല്‍ ആയിരുന്നു.

🔳2020 ജൂലൈ മാസത്തിലായിരുന്നു ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട, ജനപ്രിയ സെഡാന്‍ കൊറോളയെ അടിസ്ഥാനമാക്കിയ എസ്യുവി കൊറോള ക്രോസിനെ തായ്‌ലാന്‍ഡ് വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഏറെ നാളുകളുടെ കാത്തിരിപ്പിനൊടുവില്‍ കൊറോള ക്രോസിനെ അമേരിക്കന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ടൊയോട്ട. 2021 ജൂണ്‍ 2-ന് മോഡലിനെ കമ്പനി യുഎസ് വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ടൊയോട്ടയുടെ കൊറോള ഓള്‍ട്ടിസ്, സിഎച്ച്ആര്‍ വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന ടിഎല്‍ജിഎസി പ്ലാറ്റ്‌ഫോമിലാണ് കൊറോള ക്രോസും ഒരുങ്ങുന്നത്.

🔳മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ഗോപി പഴയന്നൂര്‍ സമൂഹത്തിലെ ശീലങ്ങള്‍ക്കും ശീലാക്കേടുകള്‍ക്കും എതിരെ വാക്കുകള്‍ കൊണ്ട് വരയ്ക്കുന്ന പ്രതികരണ ചിത്രങ്ങളാണ് ഫേസ്ബുക്ക് പോസ്റ്റുകള്‍. നര്‍മ്മവും കുസൃതിയും കലര്‍ന്ന ശൈലിയില്‍ കവിതപോലെ വായിച്ചു പോകാവുന്ന ചിന്താശകലങ്ങള്‍. 'ഫേസ്ബുക്ക് പോസ്റ്റുകള്‍'. ഗോപി പഴയന്നൂര്‍. മാരാര്‍ സാഹിത്യപ്രകാശം. വില 130 രൂപ.

🔳കുട്ടികളില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനായി ദിവസത്തില്‍ ഏതെങ്കിലുമൊരു പഴം അല്‍പമെങ്കിലും കുട്ടികള്‍ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. അതുപോലെ വീട്ടില്‍ തന്നെ തയ്യാറാക്കുന്ന അച്ചാര്‍, അല്ലെങ്കില്‍ ചട്ണി എന്നിവയും കുട്ടികളെ അല്‍പം കഴിപ്പിക്കുക. വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും പോഷകങ്ങള്‍ ലഭിക്കുന്നതിനുമെല്ലം ഇവ സഹായകമാണ്. വയറ്റിനകത്തെ ബാക്ടീരിയകളുടെ സന്തുലനാവസ്ഥ വലിയൊരു പരിധി വരെ നമ്മുടെ മാനസികാവസ്ഥയെയും സ്വാധീനിക്കുന്നുണ്ട്. ഇത് കുട്ടികളുടെ കാര്യത്തിലും സമാനം തന്നെ. വൈകീട്ട് നാല് മണി മുതല്‍ ആറ് മണി വരെയുള്ള സമയങ്ങള്‍ നിര്‍ബന്ധമായും കുട്ടികള്‍ എന്തെങ്കിലും ഭക്ഷണം ആവശ്യപ്പെടാറുണ്ട്. ഈ സമയങ്ങളില്‍ 'ഹോം മെയ്ഡ്' സ്‌നാക്‌സ് മാത്രം കൊടുത്ത് ശീലിപ്പിക്കുക. പ്രോട്ടീനിന്റെ സമ്പുഷ്ടമായ സ്രോതസാണ് ചോറ്. അതിനാല്‍ തന്നെ ദിവസത്തിലൊരിക്കലെങ്കിലും കുട്ടികള്‍ക്ക് ചോറ് നല്‍കേണ്ടതാണ്. പ്രതിരോധശേഷിയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് അണ്ടിപ്പരിപ്പ്. ഇതും മിതമായ അളവില്‍ കുട്ടികള്‍ക്ക് പതിവായി നല്‍കാം. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ജങ്ക് ഫുഡ്, പാക്കറ്റ് ഫുഡ് എന്നിവയുടെ ഉപയോഗമാണ്. പരമാവധി കുട്ടികളെ ഇത് ശീലിപ്പിക്കാതിരിക്കുക. പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിന് സുഖകരമായ, കൃത്യമായ ഉറക്കം അനിവാര്യമാണ്. അതിനാല്‍ കുട്ടികളുടെ ഉറക്കസമയത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതിരിക്കുക. മറ്റൊരു ഘടകം ശാരീരികമായ അധ്വാനമാണ്. കുട്ടികളെ അവരുടെ ആരോഗ്യസ്ഥിതി അനുസരിച്ച് വീട്ടിലെ ജോലികള്‍ ചെയ്ത് ശീലിപ്പിക്കുക. അധികസമയം ഗാഡ്‌ഗെറ്റുകളുമായി ചടഞ്ഞിരിക്കുന്നത് എപ്പോഴും കുട്ടികളെ മോശം മാനസിക-ശാരീരികാവസ്ഥയിലേ എത്തിക്കൂ. അതിന്റെ ദോഷവശങ്ങള്‍ കൃത്യമായി അവരെ പറഞ്ഞ് ധരിപ്പിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only