06 ജൂൺ 2021

ട്വിറ്ററിലെ ബ്ലൂടിക്ക്​ വെരിഫിക്കേഷന്‍ അപ്രത്യക്ഷമായത്​ എങ്ങനെ..? കാരണം ഇതാണ്
(VISION NEWS 06 ജൂൺ 2021)
ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡുവിന്റെയും ആര്‍.എസ്​.എസ്​ അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെയും ട്വിറ്റര്‍ ഹാന്‍ഡിലുകളിലെ ബ്ലൂടിക്ക് വെരിഫിക്കേഷന്‍ ഒഴിവാക്കിയത്​ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോൾ എന്തിനാണ്​ പ്രമുഖരുടെയടക്കം ട്വിറ്റര്‍ ഹാന്‍ഡിലിലെ വെരിഫിക്കേഷന്‍ ബാഡ്​ജുകള്‍ നീക്കം ചെയ്​തതെന്ന്​​ വിശദീകരിച്ച്‌​ രംഗത്തെത്തിയിരിക്കുകയാണ്​ മൈക്രോബ്ലോഗിങ്​ പ്ലാറ്റ്​ഫോം. ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ അക്കൗണ്ട് ആധികാരികമാണെന്ന് സൂചിപ്പിക്കുന്നതിനാണ്​ ട്വിറ്റര്‍ നീല വെരിഫിക്കേഷന്‍ ബാഡ്​ജ് നല്‍കുന്നത്​​​. ഈ വര്‍ഷം ജനുവരി 22 ന്​ നിലവില്‍ വന്ന ട്വിറ്ററിന്‍റെ പുതിയ വെരിഫിക്കേഷന്‍ പോളിസി മൂലമാണ്​ പലര്‍ക്കും അവരുടെ അക്കൗണ്ടുകളില്‍ നിന്ന്​ ബ്ലൂടിക്ക്​ നഷ്​ടമായത്. പുതിയ പോളിസി അനുസരിച്ച്‌ ആറ് മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കാതിരുന്നാലോ, അക്കൗണ്ടില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അപൂര്‍ണമാണെങ്കിലോ ആ അക്കൗണ്ടിന്റെ വേരിഫിക്കേഷന്‍ നഷ്ടമാവുകയും ബ്ലൂടിക്ക്​ അപ്രത്യക്ഷമാവുകയും ചെയ്യും.

എന്നാല്‍, ആറ് മാസമായി ഒരു ട്വീറ്റുപോലും ഇടാത്ത പല അക്കൗണ്ടുകള്‍ക്കും വെരിഫിക്കേഷന്‍ ഇപ്പോഴും നഷ്ടമായിട്ടില്ലെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനും ട്വിറ്റര്‍ മറുപടി നല്‍കി. ഒരു അക്കൗണ്ട് നിര്‍ജീവമാണോ എന്ന് തീരുമാനിക്കുന്നത് അതില്‍ നിന്നുണ്ടായ ട്വീറ്റുകള്‍ കണക്കിലെടുത്തല്ലെന്നും ലോഗ് ഇന്‍ ചെയ്യുന്നത് അടിസ്ഥാനമാക്കിയാണെന്നും ട്വിറ്റര്‍ വൃത്തങ്ങള്‍ പറഞ്ഞു. ട്വിറ്റര്‍ ഇന്‍ ആക്ടീവ് അക്കൗണ്ട് പോളിസിയില്‍ ഇത് വ്യക്തമാക്കുന്നു. വെരിഫിക്കേഷന്‍ നിലനിര്‍ത്താന്‍ ആറ് മാസത്തില്‍ ഒരു തവണയെങ്കിലും ലോഗ് ഇന്‍ ചെയ്യണമെന്നും കൂടാതെ അക്കൗണ്ടില്‍ ഒരു വെരിഫൈഡ് ഇ-മെയിലും ഒരു മൊബൈല്‍ നമ്പറും ചേര്‍ക്കണമെന്നും ട്വിറ്റര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ വെരിഫിക്കേഷന്‍ നഷ്ടമാക്കും മുൻപ് ഉപഭോക്താക്കള്‍ക്ക് ഒരു ഇ-മെയിലും ആപ്പ് നോട്ടിഫിക്കേഷനും ലഭിക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചു. അതേസമയം മരിച്ചു പോയവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് ഇത്തരത്തില്‍ വെരിഫിക്കേഷന്‍ നഷ്ടമാകില്ലെന്നും ട്വിറ്റര്‍ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only