24 ജൂൺ 2021

മാലിന്യ മുക്ത നാടിന്‌ ബൃഹത്തായ പദ്ധതിയുമായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌
(VISION NEWS 24 ജൂൺ 2021)


ഓമശ്ശേരി:അജൈവ മാലിന്യ സംസ്കരണത്തിന്‌ ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നു.കോഴിക്കോട്‌ ആസ്ഥാനമായുള്ള ഗ്രീൻ വേംസ്‌ വേസ്റ്റ്‌ മാനേജ്‌മന്റ്‌ കമ്പനിയുമായി സഹകരിച്ചാണ്‌ ഓമശ്ശേരിയിൽ ശാസ്ത്രീയമായ മാലിന്യ നിർമാർജ്ജന പദ്ധതി നടപ്പിലാക്കുന്നത്‌.ഏഴു വർഷത്തോളമായി പരിസ്ഥിതി സൗഹൃദമായ മാലിന്യ സംസ്കരണ മേഖലയിൽ കേരളത്തിലും പുറത്തും ശ്രദ്ദേയമായ പ്രവർത്തനങ്ങൾ നടത്തുന്ന പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയാണ്‌ ഗ്രീൻ വേംസ്‌.തുടക്കത്തിൽ രണ്ടു വർഷത്തേക്കാണ്‌ കമ്പനിയുമായി കരാർ.

യൂസേഴ്സ്‌ ഫീസ്‌ ഈടാക്കി എല്ലാ വീടുകളിൽ നിന്നും മാസത്തിലൊരിക്കലും ആവശ്യാനുസരണം കടകളിൽ നിന്നും ഹരിത കർമ്മ സേനാംഗങ്ങൾ പ്ലാസ്റ്റിക്‌ ഉൾപ്പടെ അജൈവ മാലിന്യങ്ങൾ ശേഖരിക്കും.വീടുകൾക്ക്‌ മാസം 50 രൂപയും കടകൾക്ക്‌ മാലിന്യത്തിന്റെ തോതനുസരിച്ചും യൂസേഴ്സ്‌ ഫീസ്‌ ഈടാക്കും.ബയോ മെഡിക്കൽ,സാനിറ്ററി നാപ്കിൻ,ഡയപർ ഒഴികെ മുഴുവൻ അജൈവ മാലിന്യങ്ങളും ശേഖരിച്ച്‌ സംസ്കരിക്കാനാണ്‌ പദ്ധതി തയ്യാറാക്കിയത്‌.ഒഴിവാക്കപ്പെട്ടവ കൂടി അടുത്ത ഘട്ടത്തിൽ പരിഗണിക്കാവുന്ന രീതിയിലാണ്‌ പ്രോജക്റ്റ്‌.

കുപ്പിച്ചില്ല്,ബാഗ്‌,ചെരുപ്പുകൾ ഉൾപ്പടെ ശേഖരിക്കാനാണ്‌ തീരുമാനം.വിവാഹങ്ങളിലും മറ്റു ഇവന്റുകളിലുമുണ്ടാവുന്ന മാലിന്യങ്ങളും നിശ്ചിത ഫീസ്‌ ഈടാക്കി ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്‌.വിവിധ വാർഡുകൾ ഉൾപ്പെടുന്ന ക്ലസ്റ്ററുകൾ രൂപീകരിച്ചാണ്‌ മാലിന്യം കളക്റ്റ്‌ ചെയ്യുന്നത്‌.ശേഖരിക്കുന്ന മാലിന്യം അതത്‌ ദിവസം തന്നെ കമ്പനിയുടെ സംസ്കരണ കേന്ദ്രത്തിലേക്ക്‌ മാറ്റും.ഇതു മൂലം വീടുകളിൽ നിന്നും കടകളിൽ നിന്നും സ്വരൂപിച്ച മാലിന്യങ്ങൾ വാർഡ്‌ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്ന പ്രവണത ഉണ്ടാവില്ല.ഗുണഭോക്താക്കളുമായുള്ള ആശയ വിനിമയം കൃത്യമാക്കാൻ മൊബൈൽ ആപ്ലിക്കേഷൻ ഉൾപ്പടെ ആധുനിക സൗകര്യങ്ങളോടെയാണ്‌ മാലിന്യ മുക്ത പദ്ധതി നടപ്പിലാക്കുന്നത്‌.വീടുകളിലും കടകളിലും ക്യു ആർ കോഡ്‌ ഉൾപ്പെടുന്ന സ്റ്റിക്കറുകൾ പതിക്കും.

കാലങ്ങളായി വലിയ വെല്ലു വിളി നേരിടുന്ന മാലിന്യ സംസ്കരണത്തിന്‌ നൂതനമായ സംവിധാനങ്ങളിലൂടെ ശാസ്ത്രീയ പരിഹാരം കാണാൻ തയ്യാറായ പഞ്ചായത്ത്‌ ഭരണ സമിതിക്ക്‌ ഓമശ്ശേരി പഞ്ചായത്ത്‌ ഹാളിൽ ചേർന്ന സർവ്വകക്ഷി യോഗം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.പദ്ധതിയെ കുറിച്ച്‌ വിശദീകരിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി പഞ്ചായത്ത്‌ ഭരണ സമിതി വിളിച്ചു ചേർത്തതായിരുന്നു രാഷ്ട്രീയ-സാമൂഹിക-വ്യാപാര മേഖലയിലെ പ്രതിനിധികളുടെ യോഗം.പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ,വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,കെ.ആനന്ദ കൃഷ്‌ണൻ പ്രസംഗിച്ചു.ഗ്രീൻ വേംസ്‌ വേസ്റ്റ്‌ മാനേജ്‌മെന്റ്‌ സി.ഇ.ഒ.ജാബിർ കാരാട്ട്‌ പദ്ധതി വിശദീകരിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര സ്വാഗതവും വാർഡ്‌ മെമ്പർ ഫാത്വിമ അബു നന്ദിയും പറഞ്ഞു.വിവിധ കക്ഷി പ്രതിനിധികളായ യു.കെ.അബു ഹാജി,കെ.പി.അഹമ്മദ്‌ കുട്ടി മാസ്റ്റർ,ഒ.കെ.സദാനന്ദൻ,യു.കെ.ഹുസൈൻ,ടി.ടി.മനോജ്‌ കുമാർ,എ.കെ.അബ്‌ദുല്ല,ഒ.കെ.നാരായണൻ,പി.സി.മോയിൻ കുട്ടി,പി.വി.അബൂബക്കർ,ഒ.പി.അബ്ദുൽ റഹ്മാൻ,എം.കെ.ശമീർ,നൗഷാദ്‌ ചെമ്പറ,ടി.കെ.ശിഹാബുദ്ദീൻ,പഞ്ചായത്ത്‌ മെമ്പർ മാരായ എം.ഷീജ,സി.എ.ആയിഷ ടീച്ചർ,സീനത്ത്‌ തട്ടാഞ്ചേരി,എം.ഷീല എന്നിവർ സംസാരിച്ചു.

നാളെ(വെള്ളി)മുതൽ എല്ലാ വാർഡ്‌ കേന്ദ്രങ്ങളിലും പദ്ധതി വിശദീകരിക്കുന്നതിന്‌ സർവ്വ കക്ഷി യോഗം ചേരുന്നുണ്ട്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only