06 ജൂൺ 2021

പ്രഭാത വാർത്തകൾ
(VISION NEWS 06 ജൂൺ 2021)

🔳വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം കടുപ്പിച്ച് കര്‍ഷകര്‍. സമരത്തിനിടെ മരിച്ച കര്‍ഷകര്‍ക്ക് ഇന്ന് സമരഭൂമികളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കും. ഭാവി സമരപരിപാടികള്‍ തീരുമാനിക്കാന്‍ വെള്ളിയാഴ്ച്ച യോഗം ചേരാനും സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചിട്ടുണ്ട്.

🔳കോവിഡിനെ ചെറുക്കാന്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ലോകത്താകമാനം 200 കോടി ഡോസ് വാക്സിന്‍ ജനങ്ങള്‍ക്ക് നല്‍കിയെന്ന് കണക്കുകള്‍. ഇതില്‍ 60 ശതമാനത്തിലേറെ വാക്സിനും ഇന്ത്യ, ചൈന, യുഎസ് എന്നീ മൂന്ന് രാജ്യങ്ങളിലുള്ളവര്‍ക്കാണ് നല്‍കിയതെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

🔳കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് 646 ഡോക്ടര്‍മാര്‍ മരിച്ചതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. 109 ഡോക്ടര്‍മാര്‍ മരിച്ച ഡല്‍ഹിയിലാണ് മരണനിരക്ക് കൂടുതലെന്നും ഐഎംഎയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ബിഹാറില്‍ 97 ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഉത്തര്‍പ്രദേശില്‍ 79 ഡോക്ടര്‍മാരുടെയും രാജസ്ഥാനില്‍ 43 ഡോക്ടര്‍മാരുടെയും ജീവന്‍ കോവിഡ് കവര്‍ന്നു. മഹാരാഷ്ട്രയില്‍ 23 ഡോക്ടര്‍മാരും കര്‍ണാടകയില്‍ ഒമ്പത് ഡോക്ടര്‍മാരും കോവിഡ് ബാധിച്ച് മരിച്ചു.

🔳ഉത്തരാഖണ്ഡ് ര്‍ക്കാറിന്റെ കോവിഡ് കിറ്റില്‍ പ്രതിരോധ മരുന്ന് എന്ന പേരില്‍ പതഞ്ജലി തയ്യാറാക്കിയ കൊറോണില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശത്തെ എതിര്‍ത്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അലോപ്പതി മരുന്നുകളുമായി കൊറോണില്‍ ചേര്‍ക്കുന്നത് 'മിക്‌സോപതി' ആകുമെന്ന് ഐഎംഎയുടെ ഉത്തരാഖണ്ഡ് ഘടകം പറഞ്ഞു. ഇത് കോടതി അലക്ഷ്യമാകുമെന്നും ഐഎംഎ ചൂണ്ടിക്കാണിച്ചു.

🔳കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ഇന്ത്യയില്‍ കുടുങ്ങിയ വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി വിദേശകാര്യ മന്ത്രാലയം. വിദേശത്തേക്ക് മടങ്ങാനാകാതെ ഇന്ത്യയില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ OIA-II ഡിവിഷനുമായി ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു.🔲h🔳40 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്സിന്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. 45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് വാക്സിന്‍ സ്വീകരിക്കാനുള്ളത്. ഈ മാസം സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് വാക്സിന്‍ ലഭിക്കും.

🔳കോവിഡ് മൂന്നാംതരംഗം പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എല്ലാവകുപ്പുകളും കൈകോര്‍ത്ത് പൊതുജനപിന്തുണയോടെ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി വാക്‌സിന്‍ സ്വീകരിച്ചവരിലും കുട്ടികളിലും രോഗകാരണമാവുന്ന വൈറസിന്റെ ജനിതക ശ്രേണീകരണം നടത്തും. ആഴ്ചതോറും ഇത് വിശകലനം ചെയ്യും.കോവിഡ് വൈറസിന്റെ വ്യത്യസ്ത ജനിതക വ്യതിയാനങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്ന സാഹചര്യത്തില്‍ വകഭേദം വന്ന പുതിയതരം വൈറസുകള്‍ ഉണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.

🔳കൊടകര കുഴല്‍പ്പണക്കേസിലെ പരാതിക്കാരന്‍ ധര്‍മരാജനെ തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് പല തവണ ഫോണില്‍ വിളിച്ചിരുന്നുവെന്ന് സമ്മതിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും. എന്നാല്‍ തിരഞ്ഞെടുപ്പ് ആവശ്യത്തിനാണ് വിളിച്ചതെന്നാണ് ഇരുവരും മൊഴി നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ക്കായി പലതവണ വിളിച്ചിരുന്നുവെന്നും എന്നാല്‍ കുഴല്‍പ്പണ ഇടപാടുമായി ബന്ധമില്ലെന്നും ദിപിനും ലിബീഷും മൊഴി നല്‍കി.

🔳കൊടകര കുഴല്‍പ്പണവിവാദം കത്തിനില്‍ക്കെ ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്നു ചേരും. വൈകിട്ട് 3ന് കൊച്ചിയിലാണ് യോഗം വിളിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയ്ക്ക് ശേഷം ഇതാദ്യമായാണ് കോര്‍ കമ്മിറ്റി അംഗങ്ങള്‍ നേരിട്ട് പങ്കെടുക്കുന്ന യോഗം ചേരുന്നത്.

🔳ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് നിര്‍ദ്ദേശിക്കുന്ന ദില്ലി ജിബി പന്ത് ആശുപത്രി പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദത്തില്‍. ആശുപത്രിയില്‍ ഹിന്ദി അല്ലെങ്കില്‍ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാന്‍ പാടുള്ളു എന്നും മലയാളം സംസാരിക്കുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും തീരുമാനം തെറ്റിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് സര്‍ക്കുലറിലുള്ളത്. സര്‍ക്കുലര്‍ പുറത്ത് വന്നതോടെ പ്രതിഷേധവുമായി ദില്ലിയിലെ മലയാളി നഴ്സുമാര്‍ രംഗത്തെത്തി. സര്‍ക്കുലര്‍ അത്ഭുതപ്പെടുത്തുന്നതാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും മനുഷ്യാവകാശ ലംഘനത്തിനെതിരെ നടപടിയുണ്ടാകണമെന്ന് ശശി തരൂരും പ്രതികരിച്ചു.

🔳കേരളത്തില്‍ ഇന്നലെ 1,16,354 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 209 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9719 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,140 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1007 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 24,003 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,67,638 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍: തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂര്‍ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം 822, കണ്ണൂര്‍ 684, കാസര്‍ഗോഡ് 520, പത്തനംതിട്ട 472, ഇടുക്കി 395, വയനാട് 241.

🔳സംസ്ഥാനത്ത് ഇന്നലെ പുതിയ ഹോട്ട് സ്‌പോട്ടില്ല. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 870 ഹോട്ട് സ്‌പോട്ടുകള്‍.

🔳കേരളത്തില്‍ ഒരു ബ്ലാക്ക് ഫംഗസ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വടകര ചോറോട് സ്വദേശി നാസര്‍ (56) ആണ് മരിച്ചത്.

🔳കോവിഡ് വ്യാപനം കണക്കിലെടുത്ത് തമിഴ്നാട്ടിലും പ്ലസ് ടു പരീക്ഷ റദ്ദാക്കി. മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

🔳കോവിഡ് വാക്സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ഉയര്‍ന്ന വിലയ്ക്ക് വിറ്റ് പഞ്ചാബ് സര്‍ക്കാര്‍ ലാഭമുണ്ടാക്കിയെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കേണ്ട വാക്സിന്‍ പഞ്ചാബ് സര്‍ക്കാര്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുകയാണെന്നും 309 രൂപയ്ക്ക് വാങ്ങുന്ന കോവിഷീല്‍ഡ് വാക്സിന്‍ പഞ്ചാബ് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് 1560 രൂപയ്ക്കാണ് വിറ്റതെന്നും ഹര്‍ദീപ് സിങ് പുരി വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.

🔳തൃണമൂല്‍ കോണ്‍ഗ്രസ് യുവജന വിഭാഗം പ്രസിഡന്റ് സ്ഥാനം രാജിവെച്ച മമത ബാനര്‍ജിയുടെ മരുമകനും എംപിയുമായ അഭിഷേക് ബാനര്‍ജിയെ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി ആയി നിയമിച്ചു. 'ഒരു നേതാവ്, ഒരു സ്ഥാനം' എന്ന നയം നടപ്പാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതിനെത്തുടര്‍ന്നാണ് അഭിഷേക് ബാനര്‍ജി ടി.എം.സിയുടെ യുവജന സംഘടന പ്രസിഡന്റ് സ്ഥാനം രാജിവച്ചത്.

🔳കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. ഒന്നിടവിട്ട ദിവസങ്ങളില്‍ മാര്‍ക്കറ്റുകളും ഷോപ്പിങ് മാളുകളും തുറക്കാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. പകുതി കടകള്‍ ഒരുദിവസവും അടുത്ത പകുതി തൊട്ടടുത്ത ദിവസവും തുറക്കാം. ഒറ്റപ്പെട്ട കടകള്‍ എല്ലാദിവസവും രാവിലെ 10 മുതല്‍ രാത്രി എട്ട് മണി വരെ തുറക്കാനും അനുമതി നല്‍കി. 50 ശതമാനം യാത്രക്കാരുമായി ഡല്‍ഹി മെട്രോയും സര്‍വീസ് നടത്തും. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയുള്ള ഹോം ഡെലിവറിയും അനുവദിച്ചു.  

🔳ഡല്‍ഹി സര്‍ക്കാറിന്റെ അഭിമാന പദ്ധതികളിലൊന്നായ വാതില്‍പ്പടി റേഷന്‍ വിതരണത്തിന് തടയിട്ട് കേന്ദ്ര സര്‍ക്കാര്‍. അടുത്ത ആഴ്ച ആരംഭിക്കാനിരുന്ന പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയില്ലെന്ന് ആംആദ്മി സര്‍ക്കാര്‍ അറിയിച്ചു. 72 ലക്ഷം പേര്‍ക്ക് ഗുണകരമാകുമായിരുന്ന പദ്ധതിയായിരുന്നു ഇത്.

🔳രാജ്യത്ത് ഇന്നലെ 1,14,415 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1,89,089 പേര്‍ രോഗമുക്തി നേടി. മരണം 2681. ഇതോടെ ആകെ മരണം 3,46,784 ആയി. ഇതുവരെ 2,88,08,372 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 14.73 ലക്ഷം കോവിഡ് രോഗികള്‍.

🔳തമിഴ്നാട്ടില്‍ ഇന്നലെ 21,410 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 13,659 പേര്‍ക്കും കര്‍ണാടകയില്‍ 13,800 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 10,373 പേര്‍ക്കും പശ്ചിമബംഗാളില്‍ 7,682 പേര്‍ക്കും ഒഡീഷയില്‍ 7,395 പേര്‍ക്കും ആസാമില്‍ 3,781 പേര്‍ക്കും തെലുങ്കാനയില്‍ 2,070 പേര്‍ക്കും ഡല്‍ഹിയില്‍ 414 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തില്‍ താഴെ മാത്രമാണ്.

🔳ആഗോളതലത്തില്‍ ഇന്നലെ 3,84,991 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 10,179 പേര്‍ക്കും ബ്രസീലില്‍ 65,471 പേര്‍ക്കും അര്‍ജന്റീനയില്‍ 23,627 പേര്‍ക്കും കൊളംബിയയില്‍ 28,971 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 17.36 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.31 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 8,676 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 379 പേരും ബ്രസീലില്‍ 1,563 പേരും കൊളംബിയയില്‍ 532 പേരും അര്‍ജന്റീനയില്‍ 456 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 37.35 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ ബ്രസീലില്‍ അനുമതി. ബ്രസീലിന്റെ ആരോഗ്യ നിരീക്ഷണ വിഭാഗമായ നാഷണല്‍ ഹെല്‍ത്ത് സര്‍വൈലന്‍സ് ഏജന്‍സിയാണ് അനുമതി നല്‍കിയത്. വാക്‌സിന്റെ ഉത്പാദന ഗുണനിലവാരം പാലിക്കുന്നില്ലെന്ന പേരില്‍ നേരത്തെ കോവാക്‌സിന് ഏജന്‍സി അനുമതി നിഷേധിച്ചിരുന്നു. ഇറക്കുമതിക്ക് അംഗീകാരം ലഭിച്ചതോടെ ആദ്യഘട്ടത്തില്‍ 40 ലക്ഷം ഡോസ് കോവാക്‌സിനാണ് ഇറക്കുമതി ചെയ്യുന്നത്. 

🔳യുഎന്‍ സമാധാന സേനാംഗങ്ങള്‍ക്ക് ഇന്ത്യ നല്‍കിയ രണ്ട് ലക്ഷം ഡോസ് കോവിഡ് വാക്സിന്‍ ഉപയോഗിച്ചുവരുകയാണെന്ന് യുഎന്‍. ഇതിനോടകം നിരവധി യുഎന്‍ സമാധാന സേനാംഗങ്ങള്‍ക്ക് ഇന്ത്യന്‍ നിര്‍മിത വാക്സിന്‍ നല്‍കിയിട്ടുണ്ടെന്നും യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക് പറഞ്ഞു.

🔳ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ നിര്‍മിത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ കൂ. നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരിയുടെ ട്വീറ്റ്, നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി നീക്കം ചെയ്തതിന് പിന്നാലെ നൈജീരിയ ട്വിറ്ററിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് കളംപിടിക്കാനുള്ള ശ്രമം കൂ ആരംഭിച്ചത്.

🔳ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയില്‍ നടക്കാനുള്ള സാധ്യത മങ്ങുന്നു. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ ലോകകപ്പ് യു.എ.ഇയിലും ഒമാനിലുമായി നടന്നേക്കും. ഇക്കാര്യത്തില്‍ ഐസിസിയോട് ബിസിസിഐ സമ്മതം മൂളിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായാണ് ലോകകപ്പ് നടക്കേണ്ടത്.

🔳ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോകോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ നാലാം റൗണ്ടില്‍. 93-ാം റാങ്കുകാരന്‍ ലിത്വാനിയയുടെ റിക്കാര്‍ഡസ് ബെരാങ്കിസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ജോകോവിച്ചിന്റെ മുന്നേറ്റം.

🔳വിയുടെ ഗിഗാനെറ്റ് സംസ്ഥാനത്ത് ഏറ്റവും വേഗമേറിയ ടെലികോം ശൃംഖല. തുടര്‍ച്ചയായി മൂന്നാം തവണയാണ് വി ഈ നേട്ടം സ്വന്തമാക്കുന്നത്. 2020 ജൂലൈ മുതല്‍ 2021 മാര്‍ച്ച് വരെയുളള തുടര്‍ച്ചയായ മൂന്നു ത്രൈമാസപാദങ്ങളില്‍ അഖിലേന്ത്യാടിസ്ഥാനത്തിലും വി ഏറ്റവും വേഗമേറിയ 4ജി കാഴ്ചവെച്ചു. കേരളത്തിലെ മുഖ്യ പട്ടണങ്ങളായ കൊച്ചി, എറണാകുളം, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളില്‍ ശരാശരി ഡൗണ്‍ലോഡ് വേഗത്തിന്റെ കാര്യത്തില്‍ വിയുടെ ഗിഗാനെറ്റ് ഏറ്റവും മുന്നിലാണ്. വര്‍ക്ക് ഫ്രം ഹോം രീതി വ്യാപകമായതോടെ ഇന്ത്യയിലെ ടെലികോം ശൃംഖലകള്‍ വന്‍ ഡാറ്റാ ഉപയോഗത്തെ അഭിമുഖീകരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഗിഗാനെറ്റാണ് ഏറ്റവും വേഗമേറിയ 4ജി ശൃംഖല എന്ന കണ്ടെത്തല്‍ വിയ്ക്ക് ആശ്വാസം പകരും.

🔳ഇന്ത്യയില്‍ 5ജി കണക്ടിവിറ്റി വൈകാതെ വരുമെന്ന സൂചനകള്‍ നിലനില്‍ക്കേ വില കുറഞ്ഞ 5ജി ഫോണുമായി റിയല്‍മീ വരുന്നു. അടുത്തിടെ നടന്ന ആഗോള 5ജി ഉച്ചകോടിയില്‍ റിയല്‍മീ ഇന്ത്യയും യൂറോപ്പ് മേധാവിയുമായ മാധവ് ഷെത്തും 5ജി ഫോണ്‍ 7,000 രൂപ അഥവാ 100 ഡോളര്‍ വിലയ്ക്ക് ഒരു മോഡല്‍ കൊണ്ടുവരുമെന്നു പറഞ്ഞു. റിയല്‍മീയുടെ 5ജി പോര്‍ട്ട്ഫോളിയോയിലെ ഫോണുകളുടെ നിലവിലെ മോഡലുകള്‍ ഉള്‍പ്പെടെയുള്ളവ ഈ വര്‍ഷം വികസിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നു. അതില്‍ നമ്പര്‍ സീരീസ് എന്‍ട്രി ലെവല്‍ മാര്‍ക്കറ്റില്‍ ഉള്‍പ്പെടും.

🔳കുവൈറ്റ് മലയാളി കൂട്ടായ്മ ഒരുക്കിയ ഷോര്‍ട്ട് ഫിലിം 'വിസിറ്റന്റ്' സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. ഒറ്റ ഷോട്ടില്‍ ഒരുക്കിയ ചിത്രത്തിന് നവ മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. സ്വപ്നത്തിനുള്ളിലെ സ്വപ്നത്തിന്റെ കഥയാണ് വിസിറ്റന്റ് പറയുന്നത്. സിറാജ് കിത്ത് നന്തി തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രം എസ്.കെ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ആദര്‍ശ് ഭുവനേശ്, ഡോ. ഗിരീഷ് കൃഷ്ണന്‍, ആദര്‍ശ് എസ് കുമാര്‍, ലിനോ ജി അലക്‌സ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

🔳സിനിമാ ചിത്രീകരണം സ്തംഭനാവസ്ഥയിലായ കൊവിഡ് കാലത്ത് അതിനെ സാധ്യതയാക്കിയ ചില ചിത്രങ്ങളും വന്നു. അക്കൂട്ടത്തിലേക്ക് എത്തുന്ന പുതിയ ചിത്രമാണ് 'മതിലുകള്‍- ലവ് ഇന്‍ ദി ടൈം ഓഫ് കൊറോണ'. ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ അന്‍വര്‍ അബ്ദുള്ളയാണ് ചിത്രത്തിന്റെ രചയിതാവും സംവിധാനവും. ചിത്രത്തിലെ ഒരേയൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും അന്‍വര്‍ തന്നെ. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. ഒടിടി പ്ലാറ്റ്ഫോം ആയ റൂട്ട്സിലൂടെ ഈ മാസം 11ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

🔳ഐക്കണിക്ക് ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫ് 2021 മോഡല്‍ സ്പീഡ് ട്വിന്‍ കഴിഞ്ഞ ദിവസമാണ് ആഗോളതലത്തില്‍ അനാവരണം ചെയ്തത്. ഇപ്പോഴിതാ കമ്പനിയുടെ ഇന്ത്യന്‍ വെബ്സൈറ്റില്‍ വാഹനത്തെ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ ട്രയംഫ് സ്പീഡ് ട്വിന്‍ അടുത്ത ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രയംഫ് ത്രക്സ്റ്റണ്‍ മോട്ടോര്‍സൈക്കിളിലെ 1,200 സിസി ഹൈ പവര്‍ എന്‍ജിനാണ് സ്പീഡ് ട്വിന്നിന്റെ ഹൃദയം. ഈ 1,200 സിസി, പാരലല്‍ ട്വിന്‍ എന്‍ജിന്‍ ഇപ്പോള്‍ കൂടുതലായി 500 ആര്‍പിഎമ്മില്‍ 3 ബിഎച്ച്പി അധികം കരുത്ത് ഉല്‍പ്പാദിപ്പിക്കും.
🔲🔲🔲H🔲🌍🔲H🔲🔲

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only