04 ജൂൺ 2021

രാഷ്ട്രീയക്കാര്‍ക്കുള്ള പ്രത്യേക പരിഗണന ഫെയ്സ്ബുക്ക് നിര്‍ത്തുന്നു
(VISION NEWS 04 ജൂൺ 2021)


രാഷ്ട്രിയ പ്രമുഖരായ ഉപയോക്താക്കളുടെ പോസ്റ്റുകള്‍ക്ക് നല്‍കിയിരുന്ന പ്രത്യേക പരിഗണന ഒഴിവാക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എല്ലാ ഉപയോക്താക്കള്‍ക്കും ഒരേ പരിഗണന ഉറപ്പാക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് രാഷ്ട്രിയകാര്‍ക്കുള്ള പരിഗണന വേണ്ടെന്നു വെക്കുന്നതെന്നാണ് വിലയിരുത്തല്‍.

ഫെയ്‌സ്ബുക്കിന്റെ മോഡറേഷന്‍ നയം പരിശോധിക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്ന ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രത്യേക പരിഗണന നീക്കം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ബോര്‍ഡ് മുന്നോട്ട് വെച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ സംബന്ധിച്ച ഫെയ്സ്ബുക്കിന്റെ അഭിപ്രായങ്ങള്‍ ജൂണ്‍ അഞ്ചിന് മുമ്പ് അറിയിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

രാഷ്ട്രിയക്കാരുടെ പോസ്റ്റുകളും മറ്റും വാര്‍ത്താപ്രാധാന്യം അര്‍ഹിക്കുന്നവയാണെന്നും അവയ്ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നുമായിരുന്നു ഫെയ്‌സ്ബുക്കിന്റെ ഇതുവരെയുള്ള നയം. എന്നാല്‍, അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഫെയ്‌സ്ബുക്ക് വിലക്കേര്‍പ്പെടുത്തിയത് ഈ നയത്തിന്റെ ലംഘനമാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതും പരിഗണിച്ചാണ് പുതിയ നീക്കം. 

അപവാദ പ്രചാരണങ്ങള്‍, വ്യക്തിഹത്യ നടത്തുന്ന പോസ്റ്റുകള്‍ തുടങ്ങിയവ തടയുന്നതിനായി ഫെയ്‌സ്ബുക്ക് ഏതാനും മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. നിലവില്‍ ഇത് രാഷ്ട്രിയകാര്‍ക്ക് ബാധകമല്ലെന്നതാണ് വസ്തുത. പുതിയ നയം പ്രാബല്യത്തില്‍ വരുത്തിയാല്‍ രാഷ്ട്രിയ പ്രവര്‍ത്തകരും ഈ പൊതുവായ നിര്‍ദേശത്തിന് കീഴില്‍ വരുമെന്നാണ് വിലയിരുത്തല്‍. 

സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള വേദിയായി ഫെയ്‌സ്ബുക്ക് നിലകൊള്ളുമെന്നും പോസ്റ്റുകളും പ്രഭാഷണങ്ങളും സെന്‍സര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു ഫെയ്‌സ്ബുക്ക് സി.ഇ.ഒ. മാര്‍ക്ക് സുക്കര്‍ബെര്‍ഗ് 2019-ല്‍ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍ നടത്തിയ പ്രഖ്യാപനം. എന്നാല്‍, പുതിയ നിര്‍ദേശം ഇത് ലംഘിക്കുന്നതാണെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only