11 ജൂൺ 2021

കൊവിഡ് മൂന്നാം തരംഗം; കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കാൻ കേന്ദ്രം
(VISION NEWS 11 ജൂൺ 2021)

കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ രാജ്യത്തുടനീളം കൂടുതൽ ആരോഗ്യ പ്രവർത്തകരെ സജ്ജമാക്കാനൊരുങ്ങി കേന്ദ്രം. ഇതിനായി കേന്ദ്ര നൈപുണ്യ വികസ സംരംഭക മന്ത്രാലയം പ്രത്യേക പരിശീലന പരിപാടി ആരംഭിക്കും. ഇതുവഴി ഏകദേശം ഒരു ലക്ഷത്തോളം ആരോഗ്യ പ്രവർത്തകരെ സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

യോഗ്യരായവർക്ക് പരിശീലനം നൽകാൻ 28 സംസ്ഥാനങ്ങളിലെ 194 ജില്ലകളിലായി 300 നൈപുണ്യ കേന്ദ്രങ്ങൾ മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ആശുപത്രികളിൽ ജോലി ചെയ്യുന്ന പരിചയസമ്പന്നരായ ആരോഗ്യ പ്രവർത്തകർക്ക് കൂടുതൽ പരിശീലനം നൽകാനും മന്ത്രാലയം ആലോചിക്കുന്നുണ്ട്.

മൂന്ന് മാസത്തെ തൊഴിൽ പരിശീലനത്തോടുകൂടിയ ഹ്രസ്വകാല കോഴ്സാണ് മന്ത്രാലയം നൽകുക. എമർജൻസി കെയർ സപ്പോർട്ട്, ബേസിക് കെയർ സപ്പോർട്ട്, സാംപിൾ ശേഖരണം, ഹോം കെയർ സപ്പോർട്ട്, അഡ്വൻസ് കെയർ സപ്പോർട്ട്, മെഡിക്കൽ എക്യുപ്മെന്റ് സപ്പോർട്ട് എന്നീ ആറ് മേഖലകൾ തിരിച്ച് പരിശീലനം നൽകും. കോവിഡ് മൂന്നാം തരംഗത്തിന് മുമ്പ് പരിശീലനം പൂർത്തിയാക്കി കൂടുതൽ ആരോഗ്യ പ്രവർത്തകരെ സജ്ജമാക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only