08 ജൂൺ 2021

പ്രഭാത വാർത്തകൾ
(VISION NEWS 08 ജൂൺ 2021)


🔳മഹാരാഷ്ട്രയിലെ പുണെയില്‍ സാനിറ്റൈസര്‍ നിര്‍മാണകേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 14 പേര്‍ മരിച്ചു. 37 തൊഴിലാളികളാണ് പ്ലാന്റിനുളളില്‍ ജോലി ചെയ്തിരുന്നത്. 20 പേരെ രക്ഷപ്പെടുത്തി. 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

🔳രാജ്യത്തിന്റെ വാക്സിന്‍ നയം പരിഷ്‌കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂണ്‍ 21 മുതല്‍ പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിദേശത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വാക്സിന്‍ സ്വീകരിച്ച് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. 25 ശതമാനം വാക്‌സിന്‍ സ്വകാര്യ ആശുപത്രികളിലൂടെ വിതരണം ചെയ്യും. ഇതിന് സംസ്ഥാന സര്‍ക്കാരുകള്‍ മേല്‍നോട്ടം വഹിക്കണം. വാക്സിന്‍ തുകയ്ക്ക് പുറമേ സ്വകാര്യ ആശുപത്രികള്‍ക്ക് പരമാവധി 150 രൂപ വരെ സര്‍വീസ് ചാര്‍ജ് ആയി ഈടാക്കാം. 75 ശതമാനം വാക്‌സിന്‍ സൗജന്യമായി കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ വിതരണം ചെയ്യും.

🔳വാക്സിന്‍ കേന്ദ്രസര്‍ക്കാര്‍തന്നെ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നില്‍ സുപ്രീംകോടതിയുടെ ഇടപെടലുമുണ്ടെന്ന് വിലയിരുത്തല്‍. പതിനെട്ടിനും 44-നുമിടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കാതിരിക്കുന്നത് ഏകപക്ഷീയവും യുക്തിരഹിതവുമാണെന്ന് ജൂണ്‍ രണ്ടിന് സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍നയങ്ങള്‍ പൗരരുടെ അവകാശത്തില്‍ കടന്നുകയറിയാല്‍ മൂകസാക്ഷിയായിരിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. വാക്സിന്‍ നയത്തെ ഇഴകീറി പരിശോധിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ തീരുമാനത്തില്‍ പ്രതിഫലിച്ചിട്ടുണ്ടാകാമെന്ന് കരുതുന്നു.

🔳പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. ബ്രസീല്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നെത്തിയവരിലാണ് ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ജിനോം സീക്വന്‍സിങ് വഴിയാണ് പുതിയവകഭേദമായ ബി.1.1.28.2 കണ്ടെത്തിയത്. വൈറസിന്റെ ഈ പുതിയ വകഭേദം നേരത്തേ കണ്ടെത്തിയ ഡെല്‍റ്റയ്ക്ക് സമാനമാണെങ്കിലും ആല്‍ഫാ വകഭേദത്തെക്കാള്‍ അപകടകരമാകാമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

🔳സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്നത് കേരളം ഏറെ നാളായി ഉന്നയിച്ചുവരുന്ന ആവശ്യമാണ്. ഉചിതമായ തീരുമാനം കൈക്കൊണ്ടതില്‍ പ്രധാനമന്ത്രിയോട് ഹൃദയപൂര്‍വം നന്ദി പറയുന്നുവെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

🔳സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ വിതരണവും സംഭരണവും കാര്യക്ഷമമായി നടപ്പാക്കാന്‍ സാധിച്ചില്ലെന്നും അതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാരിന് നയം മാറ്റേണ്ടി വന്നതെന്നും കേന്ദ്ര മന്ത്രി വി.മുരളീധരന്‍. സംസ്ഥാന സര്‍ക്കാരുകള്‍ തന്നെയാണ് വികേന്ദ്രീകൃത വാക്‌സീന്‍ നയം ആവശ്യപ്പെട്ടത് എന്ന് മറക്കരുതെന്നും കേരളത്തില്‍ ജനുവരി - മാര്‍ച്ച് മാസങ്ങളില്‍ നല്‍കിയ 63 ലക്ഷം ഡോസില്‍ 34 ലക്ഷം മാത്രമാണ് വിതരണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.


🔳കോവിഡ് വ്യാപനതോത് പ്രതീക്ഷിച്ച തോതില്‍ കുറയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 16 വരെ നീട്ടും. 12, 13 തിയതികളില്‍, ശനിയും ഞായറും കര്‍ശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂര്‍ണ ലോക് ഡൗണ്‍ ആയിരിക്കുമെന്ന് കോവിഡ് അവലോകനയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍, നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ജൂണ്‍ 16 വരെ പ്രവര്‍ത്തനാനുമതി നല്‍കും. ബാങ്കുകള്‍ നിലവിലുള്ളതുപോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. സ്റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകള്‍, ഒപ്റ്റിക്കല്‍സ് തുടങ്ങിയ കടകള്‍ക്ക് ജൂണ്‍ 11ന് ഒരു ദിവസം മാത്രം രാവിലെ 7 മണിമുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തനാനുമതി നല്‍കും.

🔳വിഴിഞ്ഞം  ഹാര്‍ബര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി ഖനനം ചെയ്യുന്ന മണല്‍ പൂന്തുറ മുതല്‍ വേളി വരെയുള്ള തീരദേശത്ത് നിക്ഷേപിക്കണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു. തീരദേശത്തിന്റെ പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്താന്‍ ഡോ.എം.എസ് . സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും തീരശോഷണത്തിന് പരിഹാരം , പദ്ധതി ബാധിത പ്രദേശത്ത് മണല്‍ നിക്ഷപം മാത്രമാണെന്നും ആന്റണി രാജു പറഞ്ഞു . വിഴിഞ്ഞം ഹാര്‍ബര്‍ നിര്‍മ്മാണ കമ്പനി , തീരശോഷണം നേരിടുന്ന മേഖലയില്‍ മണല്‍ നിക്ഷേപത്തിന് തയ്യാറാകുന്നില്ലെന്നും , ഇക്കാര്യത്തില്‍ അടിയന്തിര നിര്‍ദ്ദേശം നല്‍കണമെന്നും ഫിഷറീസ് മന്ത്രിക്കുള്ള കത്തില്‍ ആവശ്യപ്പെട്ടു .

🔳സംസ്ഥാനത്തെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഒരു പൈസയുടെ സഹായം പോലുമില്ലെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി ജി.ആര്‍. അനില്‍.  പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോടു കാണിച്ച അനുകമ്പയുടെയും സ്‌നേഹത്തിന്റെയും ഉദാഹരണമാണ് ഭക്ഷ്യകിറ്റ് വിതരണമെന്നും അദ്ദേഹം പറഞ്ഞു.

🔳കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരനുതന്നെ പ്രഥമ പരിഗണന നല്‍കി ഹൈക്കമാന്‍ഡ്. തലമുറമാറ്റമെന്ന ആവശ്യത്തില്‍ അന്തിമതീരുമാനമാവാത്തതിനാലാണ് പ്രഖ്യാപനം വൈകുന്നത്. സുധാകരനെ അധ്യക്ഷനാക്കുന്നതില്‍ അഭിപ്രായം പറയാതെ കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ മാറിനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് തലമുറ മാറ്റമെന്ന ആവശ്യം ഹൈക്കമാന്‍ഡ് പരിഗണിച്ചത്. പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണറിയുന്നത്.

🔳കൊടകരയില്‍ മൂന്നരക്കോടിയുടെ കുഴല്‍പ്പണം തട്ടിക്കൊണ്ടുപോയ ഉടന്‍ പണം കടത്തിയിരുന്ന വാഹനത്തിലുണ്ടായിരുന്ന ധര്‍മരാജന്‍ ഫോണില്‍ ബന്ധപ്പെട്ടവരില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനും ബി.ജെ.പി സംസ്ഥാന, ജില്ലാ നേതാക്കളായ ആറുപേരുമുള്ളതായി അന്വേഷണസംഘം കണ്ടെത്തി. പണം പോയി അരമണിക്കൂറിനുള്ളില്‍ ധര്‍മരാജന്‍ ഇവരെയെല്ലാം വിളിച്ചതായാണ് ഫോണ്‍വിളി രേഖകളില്‍നിന്നു കണ്ടെത്തിയത്. ഇതില്‍ ഇവരെക്കൂടാതെ സുരേന്ദ്രന്റെ മകനുമുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.

🔳നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്ന കെ. സുന്ദരയുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി അനുമതി നല്‍കി. മഞ്ചേശ്വരത്ത് ഇടത് സ്ഥാനാര്‍ഥിയായിരുന്ന വി.വി. രമേശന്‍ നല്‍കിയ ഹര്‍ജിയിലാണ് കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടെ ഉത്തരവ്.

🔳എന്‍.ഡി.എ. സഖ്യം വിപുലീകരിക്കുന്നതില്‍ കടുംപിടിത്തം ഉപേക്ഷിക്കണമെന്നും ക്രിസ്ത്യന്‍ സമുദായവുമായി അടുപ്പം സ്ഥാപിക്കണമെന്നും കേരളത്തിലെ ബി.ജെ.പി ഘടകത്തിന് പ്രധാനമന്ത്രിയുടെ നിര്‍ദേശം. ഞായറാഴ്ച വൈകീട്ട് ദേശീയ ജനറല്‍ സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നരേന്ദ്രമോദി ഈ നിര്‍ദേശം നല്‍കിയത്.

🔳കേരളത്തില്‍ ഇന്നലെ 70,569 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 9,313 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 221 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,157 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8570 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 645 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 46 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,921 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,47,830 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍ 439, ഇടുക്കി 234, കാസര്‍ഗോഡ് 215, പത്തനംതിട്ട 199, വയനാട് 128.

🔳സംസ്ഥാനത്ത് ഇന്നലെ പുതിയ ഹോട്ട് സ്‌പോട്ടില്ല. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 889 ഹോട്ട് സ്‌പോട്ടുകള്‍.

🔳പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിര്‍ണയത്തിനായി പ്രായോഗിക പരീക്ഷയുടേയും അസൈന്‍മെന്റുകളുടേയും മാര്‍ക്ക് സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടി സി.ബി.എസ്.ഇ. ജൂണ്‍ 28 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. ജൂണ്‍ 28-ന് ശേഷം തീയതി നീട്ടില്ലെന്നും എല്ലാ സ്‌കൂളുകളും പ്രസ്തുത സമയത്തിനകം മൂല്യനിര്‍ണയം പൂര്‍ത്തിയാക്കണമെന്നും സി.ബി.എസ്.ഇ. ഔദ്യോഗിക വിജ്ഞാപനത്തില്‍ അറിയിച്ചു.

🔳പുതുച്ചേരിയിലെ തമിഴ്‌നാടിനോടുചേര്‍ന്ന പുതുച്ചേരി, കാരയ്ക്കല്‍ മേഖലകളില്‍ പ്ലസ്ടു പരീക്ഷ റദ്ദാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ പ്ലസ്ടു പരീക്ഷ ഉപേക്ഷിച്ചതിനെത്തുടര്‍ന്നാണ് ഇവിടെയും പരീക്ഷ റദ്ദാക്കിയത്. പുതുച്ചേരിയിലും കാരയ്ക്കലിലും തമിഴ്‌നാട് സംസ്ഥാന സിലബസാണ് പിന്തുടരുന്നത്.

🔳കേരളത്തിലെ വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള കീം  പ്രവേശനപരീക്ഷയ്ക്ക് ഒരുങ്ങുന്ന മറുനാടന്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി കോവിഡ് വ്യാപനം. യാത്രാനിയന്ത്രണംമൂലം ഇവര്‍ക്ക് കേരളത്തിലെത്തി പരീക്ഷയെഴുതുന്നത് ബുദ്ധിമുട്ടിയിലായിരിക്കുകയാണ്. ഇതുകൊണ്ടുതന്നെ ചെന്നൈ അടക്കം സംസ്ഥാനത്തിന് പുറത്തുള്ള പ്രധാന നഗരങ്ങളില്‍ പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.

🔳ഒരിക്കല്‍ ആത്മാവായിരുന്ന ട്വിറ്റര്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് ഭാരമായി മാറിയിരിക്കുകയാണെന്ന് ശിവസേന മുഖപത്രം സാമ്‌ന. ട്വിറ്ററും കേന്ദ്രവും തമ്മിലുളള പോര് മുറുകുന്നതിനിടയിലാണ് ട്വിറ്ററിനോടുളള കേന്ദ്രത്തിന്റെ സമീപനത്തില്‍ വന്ന മാറ്റത്തെ കുറിച്ച്  സാമ്‌ന മുഖപ്രസംഗം എഴുതിയിരിക്കുന്നത്.

🔳റേഷന്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അനാവശ്യമായി തടസപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയിലെ 70 ലക്ഷം ജനങ്ങളെയോര്‍ത്ത് പദ്ധതി നടപ്പാക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചു. കോവിഡ് ഭീതിമൂലം ജനം പുറത്തിറങ്ങാന്‍ മടിക്കുന്ന സാഹചര്യത്തില്‍ പദ്ധതി നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന എന്ത് ഉപാധിയും അംഗീകരിക്കാന്‍ തയ്യാറാണെന്നും കെജ്രിവാള്‍ പറഞ്ഞു. പദ്ധതിയുടെ പേരിലുള്ള ഒരു പ്രശംസയും ആവശ്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിജിയാണ് പദ്ധതി നടപ്പാക്കിയതെന്ന് ജനങ്ങളോട് പറയാന്‍ തയ്യാറാണെന്നും കെജ്രിവാള്‍.

🔳കോവിഡ് വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കുന്നതിന് പുതിയ പദ്ധതി ആവിഷ്‌കരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വാക്‌സിന്‍ സ്വീകരിക്കാന്‍ ബാക്കിയുള്ള 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അവരുടെ പോളിങ് ബൂത്തുകളില്‍ വാക്‌സിന്‍ എത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. എവിടെയാണോ വോട്ട്, അവിടെ വാക്‌സിനേഷന്‍ എന്ന പേരിലാണ് കാമ്പയിന്‍ ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി.

🔳ബിജെപിയുടെ കുടുംബവാഴ്ച ആരോപണങ്ങളോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് തൃണമൂല്‍ എംപിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചും തിരഞ്ഞെടുപ്പ് കമ്മിഷനെ രാഷ്ട്രീയവത്കരിച്ചും തൃണമൂലിനെ അടിച്ചമര്‍ത്താന്‍ ബിജെപി ശ്രമം നടത്തിയെന്നാരോപിച്ച അഭിഷേക് അതിനുളള മറുപടി ജനങ്ങള്‍ നല്‍കിയെന്നും  അവകാശപ്പെട്ടു. ബിജെപിയെ പരാജയപ്പെടുത്തിയ ബംഗാളിലെ ജനത ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയെന്നും  അഭിഷേക് ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

🔳രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിലും മരണത്തിലും ആശ്വാസത്തിന്റെ കണക്കുകള്‍. ഇന്നലെ 87,295 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1,85,747 പേര്‍ രോഗമുക്തി നേടി. മരണം 2,115. ഇതോടെ ആകെ മരണം 3,51,344 ആയി. ഇതുവരെ 2,89,96,949 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 12.97 ലക്ഷം കോവിഡ് രോഗികള്‍.

🔳തമിഴ്നാട്ടില്‍ ഇന്നലെ 19,448 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 10,219 പേര്‍ക്കും കര്‍ണാടകയില്‍ 11,958 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 4,872 പേര്‍ക്കും പശ്ചിമബംഗാളില്‍ 5,887 പേര്‍ക്കും ഒഡീഷയില്‍ 6,118 പേര്‍ക്കും ആസാമില്‍ 3,804 പേര്‍ക്കും തെലുങ്കാനയില്‍ 3,841 പേര്‍ക്കും ചത്തീസ്ഗഡില്‍ 1,279 പേര്‍ക്കും പഞ്ചാബില്‍ 1,269 പേര്‍ക്കും ഡല്‍ഹിയില്‍ 231 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെ മാത്രമാണ്.

🔳ആഗോളതലത്തില്‍ ഇന്നലെ 2,96,631 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 9,332 പേര്‍ക്കും ബ്രസീലില്‍ 37,156 പേര്‍ക്കും അര്‍ജന്റീനയില്‍ 22,195 പേര്‍ക്കും കൊളംബിയയില്‍ 21,949 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 17.43 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.27 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,079 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 220 പേരും ബ്രസീലില്‍ 919 പേരും  കൊളംബിയയില്‍ 535 പേരും അര്‍ജന്റീനയില്‍ 732 പേരും  ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ മൊത്തം 37.50 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳പാകിസ്താനില്‍ ട്രെയിന്‍ അപകടത്തില്‍ 50 പേര്‍ മരിച്ചു. 70 പേര്‍ക്ക് പരിക്കേറ്റു. പാളംതെറ്റി അടുത്ത ട്രാക്കിലേക്ക് മറിഞ്ഞ ട്രെയിനില്‍ മറ്റൊരു ട്രെയിന്‍ ഇടിച്ചുകയറിയാണ് അപകടം. സിന്ധ് പ്രവശ്യയില്‍ ഇന്നലെ പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

🔳കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 19 മുതല്‍ യു.എ.ഇയില്‍ ആരംഭിക്കും. ഒക്ടോബര്‍ 15-ന് ഫൈനല്‍ പോരാട്ടം നടക്കുമെന്നും വാര്‍ത്താ ഏജന്‍സി ആയ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

🔳2022 ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് ആദ്യ വിജയം. ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇരട്ട ഗോളുമായി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി മത്സരത്തില്‍ തിളങ്ങി. ആദ്യ പകുതിയില്‍ ബംഗ്ലാദേശ് പ്രതിരോധത്തെ ഭേദിക്കാന്‍ കഴിയാതിരുന്ന ഇന്ത്യയെ രണ്ടാം പകുതിയില്‍ സുനില്‍ ഛേത്രി രക്ഷിക്കുകയായിരുന്നു.

🔳സെര്‍ബിയന്‍ താരം നൊവാക് ജോകോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഒന്നാം സീഡായ ജോകോവിച്ചിനെതിരെ പിന്നിട്ടുനില്‍ക്കെ എതിരാളി ലോറെന്‍സോ മുസേറ്റി പിന്മാറുകയായിരുന്നു. ആദ്യ രണ്ട് സെറ്റിലും ജോക്കോവിച്ചിനെ തോല്‍പ്പിച്ച മുസേറ്റി മികച്ച പോരാട്ടമാണ് കാഴ്ച്ചവെച്ചത്. വനിതാ സിംഗിള്‍സില്‍ ബാര്‍ബൊറ ക്രെജിക്കോവയും കോക്കോ ഗൗഫും മരിയ സക്കാരിയും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. അമേരിക്കയുടെ സൊളാനി സ്റ്റീഫനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയായിരുന്നു ബാര്‍ബോറയുടെ മുന്നേറ്റം.

🔳ഡിജിറ്റല്‍ പേമെന്റ്സ് രംഗത്തെ സ്റ്റാര്‍ട്ടപ്പായ കാഷ്ഫ്രീ കമ്പനിയില്‍ നിക്ഷേപം നടത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എന്നാല്‍ തുക എത്രയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം നവംബറില്‍ 35.3 ദശലക്ഷം ഡോളര്‍ സീരീസ് ബി ഫണ്ടിങിലൂടെ യുകെയിലെ അപിസ് ഗ്രോത് ഫണ്ട് രണ്ടില്‍ നിന്ന് കാഷ്ഫ്രീ സമാഹരിച്ചിരുന്നു. കാഷ്ഫ്രീ വളര്‍ന്നുകൊണ്ടിരിക്കുന്ന ബിസിനസ് സ്ഥാപനങ്ങള്‍ക്ക് സേവനം നല്‍കുന്നുണ്ട്. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള സ്ഥാപനങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. നൈകാ, സൊമാറ്റോ, ബിഗ് ബാസ്‌കറ്റ്, ഡെലിവെറി തുടങ്ങിയ കമ്പനികളെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇ-കൊമേഴ്സ് പേമെന്റ് കളക്ഷന്‍, വെന്റര്‍ പേമെന്റ്, മാര്‍ക്കറ്റ്പ്ലേസ് പേമെന്റ് സെറ്റില്‍മെന്റ് എല്ലാം ഇതിലൂടെ നല്‍കുന്നുണ്ട്. നിലവില്‍ 20 ലക്ഷത്തോളം ഇടപാടുകളാണ് കാഷ്ഫ്രീ പ്ലാറ്റ്ഫോമില്‍ നടക്കുന്നത്.

🔳ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡ് എന്ന പദവി ടാറ്റ ഗ്രൂപ്പ് നിലനിര്‍ത്തി. ബ്രാന്‍ഡ് ഫിനാന്‍സ് ഇന്ത്യ 100, 2021 റിപ്പോര്‍ട്ട് പ്രകാരം 21.3 ബില്യണ്‍ ഡോളറാണ് ടാറ്റ ഗ്രൂപ്പിന്റെ മൂല്യം. രണ്ടാംസ്ഥാനത്തുള്ളത് എല്‍ ഐ സിയാണ്. മൂല്യം 8.6 ബില്യണ്‍ ഡോളര്‍. 8.4 ബില്യണ്‍ ഡോളര്‍ മൂല്യത്തോടെ മൂന്നാം സ്ഥാനത്ത് ഇന്‍ഫോസിസും 8.13 ബില്യണ്‍ ഡോളര്‍ മൂല്യത്തോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് നാലാം സ്ഥാനത്തും നില്‍ക്കുന്നു. 6.5 ബില്യണ്‍ ഡോളര്‍ മൂല്യത്തോടെ എച്ച് ഡി എഫ് സി ബാങ്കാണ് പട്ടികയില്‍ അഞ്ചാമതുള്ളത്. 2020 ലെ റാങ്കിംഗ് ടാറ്റ ഗ്രൂപ്പ് തന്നെയായിരുന്നു ഒന്നാമത്.

🔳ഷിബു ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്ണന്‍ കേന്ദ്ര കഥാപാത്രമാവുന്ന 'ബനേര്‍ഘട്ട' റിലീസിന് ഒരുങ്ങുന്നു. നവാഗതനായ വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ഒരുങ്ങുന്നത്. ചിത്രം ആമസോണ്‍ പ്രൈമില്‍ ജൂണ്‍ അവസാനത്തോടെ റിലീസ് ചെയ്യും. ദൃശ്യം 2, ജോജി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആമസോണില്‍ നേരിട്ട് റിലീസാവുന്ന മൂന്നാമത്തെ മലയാളം ചിത്രമാണ് ബനേര്‍ഘട്ട. ഒരു ഡ്രൈവര്‍ അയാള്‍ക്ക് പല സമയങ്ങളില്‍ പലയോളുകളോടായി പറയേണ്ടി വരുന്ന കള്ളങ്ങള്‍, അയാള്‍ പോലുമറിയാതെ ചെന്നുപെടുന്ന സംഭവങ്ങള്‍ ഒക്കെയാണ് സിനിമ പറയുന്നത്. വിനോദ്, അനൂപ്, സുനില്‍, അനൂപ് എ.എസ്, ആശ മേനോന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

🔳തന്റെ പുതിയ ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി. സിനിഫൈല്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന ക്ലബ്ഹൗസ് ചര്‍ച്ചയിലാണ് അദ്ദേഹം പുതിയ സിനിമയുടെ വിശേഷം പങ്കുവെച്ചത്. എണ്‍പതുകളിലെ ക്യാമ്പസ് ചിത്രമായിരിക്കും താന്‍ ഒരുക്കുക എന്നദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയും ആശാ ശരത്തും ആയിരിക്കും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നും അദ്ദേഹം പറഞ്ഞു. അതേസമയം അഖില്‍ മാരാര്‍ സംവിധാനം ചെയ്യുന്ന ഒരു താത്വീക അവലോകനം എന്ന സിനിമയാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ചിത്രത്തില്‍ ഒരു രാഷ്ട്രീയ നേതാവായാണ് അദ്ദേഹം എത്തുന്നത്.

🔳ജനപ്രിയ ബൈക്ക് യൂണിക്കോണിന് ക്യാഷ് ബാക്ക് ഓഫറുമായി ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. 3,500 രൂപ വരെയുള്ള ക്യാഷ്ബാക്ക് ഓഫറാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇഎംഐ രീതിയില്‍ യൂണികോണ്‍ വാങ്ങുമ്പോഴാണ് ക്യാഷ്ബാക്ക് ലഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 3,500 രൂപ വരെയാണ് ക്യാഷ്ബാക്ക് ലഭിക്കുക. കൂടാതെ, ഹോണ്ടയുടെ മറ്റ് ഇരുചക്രവാഹന മോഡലുകളായ എക്‌സ്-ബ്ലേഡ്, ഷൈന്‍, ഹോര്‍നറ്റ് 2.0, ഗ്രാസിയാ 125, ആക്ടിവ 6ജി, ഡിയോ എന്നീ മോഡലുകള്‍ക്ക് ഈ മാസം അവസാനം വരെ ഇതേ ഓഫര്‍ ലഭ്യമാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

🔳പൊതുസമൂഹവും മാധ്യമലോകവും ചര്‍ച്ചയാക്കുന്ന നിരവധിയായ നിയമങ്ങളിലും വിധിന്യായങ്ങളിലും മിക്കവയും ഒരു സാധാരണപൗരന് അജ്ഞാതമാണ്. നിയമസംവിധാനത്തിന്റെ ഉള്ളറകളെക്കുറിച്ച് നാം അറിയേണ്ടതായ അടിസ്ഥാനവസ്തുതകളാണ് ഈ ഗ്രന്ഥത്തില്‍. നിയമസാക്ഷരതയുടെ ആവശ്യകതയിലേക്കുകൂടിയാണ് ഈ പുസ്തകം വിരല്‍ചൂണ്ടുന്നത്. 'നിയമം-സംശയങ്ങള്‍ മറുപടികള്‍'. അഡ്വ. രാജേഷ് നെടുമ്പ്രം. എച്ച് & സി ബുക്സ്.

🔳ഇന്ത്യയില്‍ കൊറോണ വൈറസിന്റെ പുതിയ  വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബി.1.1.28.2 എന്ന ജനിതകവ്യതിയാനം സംഭവിച്ച  വൈറസിനെയാണ് കണ്ടെത്തിയത്.പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ ജീനോം സീക്വന്‍സിംഗിലൂടെയാണ്  പുതിയ വകഭേദം കണ്ടെത്തിയത്. ബ്രസീല്‍, ബ്രിട്ടന്‍ എന്നി രാജ്യങ്ങളില്‍ നിന്ന് വന്നവരിലാണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയത്.  മറ്റ് കൊവിഡ് ബാധയുടെ ലക്ഷണങ്ങളായ ഭാരം കുറയല്‍, കടുത്ത പനി തുടങ്ങിയവയും പുതിയ വകഭേദം ബാധിച്ചവരില്‍ പ്രകടമാകുന്നുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും രോഗം ബാധിച്ചവരില്‍ പ്രകടമായതായി ഗവേഷകര്‍ പറയുന്നു. പുതിയ വകഭേദം ഡെല്‍റ്റ വകഭേദത്തിന് സമാനമാണെന്നും ആല്‍ഫ വകഭേദത്തേക്കാള്‍ അപകടകരമാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
കുളക്കോഴി തീറ്റതേടി നടക്കുന്നതിനിടയില്‍ ഒരു ധാന്യപ്പുര കണ്ടെത്തി.  മറ്റെങ്ങും ഇനി തീറ്റതേടേണ്ടല്ലോ എന്ന് കരുതി അതവിടെ സ്ഥിരതാമസമാക്കി.  ഭക്ഷണം കുശാലായതുകൊണ്ട് അത് നന്നായി തടിച്ചുകൊഴുത്തു.  ഒരു ദിവസം തീറ്റ തേടുന്നതിനിടയില്‍ ആകാശത്തേക്ക് നോക്കിയപ്പോള്‍ തന്റെ കൂട്ടുകാര്‍ പറന്നു നടക്കുന്നതുകണ്ടു.  അവരോടൊപ്പം പറക്കാന്‍ ശ്രമിച്ചെങ്കിലും അതിനു ചിറകടിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.  ഒരടിപോലും ഉയരാനാകുന്നില്ല.  ചിറകടി ശബ്ദം കേട്ടുവന്ന വേട്ടനായ് ആ കുളക്കോഴിയെ ആഹാരമാക്കി. ആവശ്യത്തിലധികമുള്ളതെന്തും അനാരോഗ്യകരമായിരിക്കും.  ജീവിക്കാന്‍ വേണ്ടി സമ്പാദിക്കുന്നതും സമ്പാദിക്കാന്‍ വേണ്ടി ജീവിക്കുന്നതും തമ്മില്‍ ലക്ഷ്യത്തിലും കര്‍മ്മത്തിലും വ്യത്യാസമുണ്ട്.  ജീവിതം സന്തോഷകരമാക്കാന്‍ എല്ലാം സ്വന്തമാക്കണമെന്നുണ്ടോ? അതുപോലെ സമ്പാദ്യത്തിന്റെ സൂചിക ഉയരുന്നതിനനുസരിച്ച് സന്തോഷത്തിന്റെ സൂചികയും ഉയരുന്നുണ്ടോ?   ഉപയോഗയോഗ്യമോ ഉത്പാദനക്ഷമതയോ ഇല്ലാത്ത എന്തും പിന്നീട് ബാധ്യതയായി മാറുകതന്നെ ചെയ്യും.   ബാധ്യത കൂടുന്നതിനനുസരിച്ച് ബലഹീനതയും കൂടും.  ആവശ്യങ്ങളുടേയും അനാവശ്യങ്ങളുടേയും ഇടയ്ക്ക് വരയ്ക്കുന്ന നിയന്ത്രണരേഖയാണ് ജീവിതത്തിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നത്. ജീവിതത്തില്‍ പൊടുന്നനെ ഉണ്ടാകുന്ന അത്യാഹിതങ്ങളേക്കാള്‍ മാരകമാവുക സാവധാനം ഉടലെടുക്കുന്ന ആപത്തുകളാണ്.  ആകസ്മികമായി ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ഒരു ധാരണ രൂപപ്പെട്ടാല്‍ പിന്നെ അവയെ ചെറുക്കാനുള്ള മുന്നൊരുക്കങ്ങള്‍ നാം നടത്തുകയും ചെയ്യും.  എന്നാല്‍ സാവധാനത്തിലും പടിപടിയായി നടക്കുന്ന ഉന്മൂലനം തിരിച്ചറിയാനോ ചെറുക്കാനോ എളുപ്പമല്ല.  അത് അദൃശ്യവും നിശബ്ദവുമായിരിക്കും.   ഒരു നിര്‍ണ്ണായക നിമിഷത്തില്‍ പറന്നുയരാന്‍ ശ്രമിക്കുമ്പോഴായിരിക്കും ചിറകുകളുടെ ബലം നഷ്ടപ്പെട്ട വിവരം നാം തിരിച്ചറിയുക.  ജീവന്‍ മാത്രമല്ല, ജീവിതവും പ്രധാനമാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകട്ടെ - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only