08 ജൂൺ 2021

സായാഹ്‌ന വാർത്തകൾ
(VISION NEWS 08 ജൂൺ 2021)

🔳കോവിഡ് മഹാമാരിയെ തുടര്‍ന്ന് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് സുപ്രീം കോടതി. അനാഥരായ കുട്ടികളെ നിയമവിരുദ്ധമായി ദത്തെടുക്കാന്‍ ആരെയും അനുവദിക്കരുത്. അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട കുട്ടികളുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തി സന്നദ്ധ സംഘടനകള്‍ പണം പിരിക്കുന്നത് തടയണമെന്നും സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചു.

🔳പുതിയ ഐടി മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ ട്വിറ്റര്‍ കേന്ദ്രസര്‍ക്കാരിനോട് സാവകാശം തേടിയതായി റിപ്പോര്‍ട്ട്. പുതിയ ചട്ടങ്ങള്‍ അനുസരിക്കാന്‍ ഒരുക്കമാണെന്നും ഇന്ത്യയിലെ നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് തങ്ങള്‍ക്ക് കുറച്ചു കൂടി സമയം അനുവദിക്കണമെന്നുമാണ് ട്വിറ്റര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് സൂചിപ്പിച്ച് ഐടി മന്ത്രാലയത്തിന് കമ്പനി കത്തയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

🔳കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയത്തില്‍ സന്തോഷമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. നല്ലകാര്യമാണ്, പക്ഷേ നേരത്തെ എടുക്കേണ്ടതായിരുന്നു. ഇങ്ങനെ ഒരു തീരുമാനം എടുക്കുമ്പോഴും വ്യക്തത വരുത്തേണ്ട ചില കാര്യങ്ങളുണ്ടെന്നും വാക്‌സിന്‍ സമയബന്ധിതമായി കൊടുത്തു തീര്‍ക്കുക എന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

🔳കെ.ഡി. പ്രസേനന്‍ എംഎല്‍എയുടെ ചോദ്യത്തില്‍ പിഴവെന്ന് സ്പീക്കര്‍ എം.ബി. രാജേഷ്. നിയമസഭാ സെക്രട്ടേറിയറ്റിന് മന:പൂര്‍വ്വമല്ലാത്ത വീഴ്ചയുണ്ടായി. ജാഗ്രത വേണമെന്നും ഇല്ലെങ്കില്‍ കര്‍ശന നടപടിയെന്നും സ്പീക്കര്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം തടസ്സപ്പെടുത്തിയെന്നായിരുന്നു പ്രസേനന്‍ എംഎല്‍എയുടെ പരാമര്‍ശം.

🔳കോവിഡ് മഹാമാരിയില്‍ കേരളം ഞെളിപിരി കൊള്ളുമ്പോള്‍, സംസ്ഥാനമാകെ പോലീസ് കാവല്‍നില്‍ക്കുമ്പോള്‍ ഈട്ടിത്തടി എങ്ങനെ വയനാട്ടില്‍നിന്ന് എറണാകുളത്തെത്തിയെന്ന് മരംമുറി വിഷയത്തില്‍ പി.ടി. തോമസ് എംഎല്‍എ. എത്ര ചെക്ക് പോസ്റ്റുകള്‍ വനംകൊള്ളക്കാര്‍ക്കായി കണ്ണടച്ചുകൊടുത്തുവെന്ന് ചോദിച്ച പി.ടി. തോമസ് ഇത് സര്‍ക്കാര്‍ അറിയാതെയാണോ എന്നും ചോദിച്ചു. ഇത് വിദേശത്തേക്ക് കടത്തിയെന്ന് മാധ്യമവാര്‍ത്തകളുണ്ടെന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് പി.ടി. തോമസ് നിയമസഭയില്‍ പറഞ്ഞു.

🔳വനസംരക്ഷണമാണ് സര്‍ക്കാരിന്റെ ലക്ഷ്യം എന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാകേണ്ട കാര്യമില്ലെന്ന് വനംവകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍. വനനശീകരണ പ്രവര്‍ത്തനത്തില്‍ ഒരാളെയും സംരക്ഷിക്കാനോ അവര്‍ക്ക് എന്തെങ്കിലും സഹായം ചെയ്തുകൊടുക്കാനോ ഈ സര്‍ക്കാര്‍ ശ്രമിക്കില്ല. മരംമുറി വിഷയത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തൃപ്തികരമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

🔳അപര സ്ഥാനാര്‍ഥിക്ക് മത്സരരംഗത്ത് നിന്ന് പിന്മാറാന്‍ കോഴകൊടുത്തെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രതിയായ കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന്. കാസര്‍കോട് ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.

🔳കൊടകര കുഴല്‍പ്പണ കേസ് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തയ്യാറാക്കുന്ന തിരക്കഥയ്ക്ക് അനുസരിച്ചാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. കെ.സുരേന്ദ്രനെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങിയതിന്റെ പക പോക്കലാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.

🔳കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യത. ഉദ്യോഗസ്ഥര്‍ റെയ്ഡിന്റെ വിവരം ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം. അന്വേഷണ സംഘത്തിലുള്ള രണ്ട് ഉദ്യോഗസ്ഥരാണ് റെയ്ഡിന്റെ വിവരം പ്രതികള്‍ക്ക് ചോര്‍ത്തി നല്‍കിയത്.

🔳പുതിയ കെ.പി.സി.സി. പ്രസിഡന്റിനെ ഇന്നോ നാളെയോ പ്രഖ്യാപിക്കും. അവസാനനിമിഷം അട്ടിമറികള്‍ ഉണ്ടായില്ലെങ്കില്‍ കെ. സുധാകരന്‍ പ്രസിഡന്റാകാനാണ് എല്ലാ സാധ്യതയുമെന്ന് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ നേതാക്കളില്‍നിന്ന് അഭിപ്രായം ആരാഞ്ഞ താരിഖ് അന്‍വര്‍ സംസ്ഥാന നേതാക്കളുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തില്‍ ഭൂരിപക്ഷ പിന്തുണ സുധാകരനാണ് എന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മൗനം പാലിച്ചതല്ലാതെ ആരുടെയും പേര് നിര്‍ദേശിച്ചില്ലെന്നും റിപ്പോര്‍ട്ടിലുള്ളതായാണ് വിവരം.

🔳സംസ്ഥാനത്ത് ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘ ദൂര ബസ് സര്‍വ്വീസ് ബുധനാഴ്ച മുതല്‍ പുനഃരാരംഭിക്കും. യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകള്‍ കണ്ടെത്തിയായിരിക്കും സര്‍വ്വീസ് നടത്തുക. ശനിയും ഞായറും സര്‍വീസ് ഉണ്ടായിരിക്കില്ല.

🔳പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി സാമ്പത്തിക സഹായം സ്വീകരിച്ച രണ്ടായിരത്തിലേറെ പേരുടെ വ്യക്തിവിവരങ്ങള്‍ ഓണ്‍ലൈനില്‍ പരസ്യമായി. പേര്, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി. കോഡ് ഉള്‍പ്പടെയുള്ളവയാണ് എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാനാവും വിധം ഓണ്‍ലൈനില്‍ ലഭ്യമായിട്ടുള്ളത്. പെരിന്തല്‍മണ്ണ താലൂക്കില്‍ 2019-ലെ പ്രളയ ദുരിതാശ്വാസ ധനസഹായം സ്വീകരിച്ച ആളുകളുടെ പട്ടികയാണ് ഓണ്‍ലൈനിലുള്ളത്.

🔳പൃഥ്വിരാജിന്റെ പേരില്‍ വ്യാജ ക്ലബ് ഹൗസ് അക്കൗണ്ടുണ്ടാക്കിയ മിമിക്രി കലാകാരന്‍ മാപ്പു പറഞ്ഞ് രംഗത്ത്. തന്റെ പേരും ശബ്ദവും അനുകരിച്ച് ക്ലബ് ഹൗസില്‍ സജീവമായിരുന്ന അക്കൗണ്ടിനെതിരേ പൃഥ്വിരാജ് കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്. തുടര്‍ന്നാണ് മാപ്പപേക്ഷയുമായി അയാള്‍ നേരിട്ട് വന്നത്.

🔳കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്ത സംഭവത്തിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇരുപത്തിരണ്ട് ദിവസം കൊച്ചിയിലെ ഫ്‌ളാറ്റില്‍വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും നഗ്നവീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ കേസ് നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുന്നത്.

🔳ഓക്‌സിജന്‍ മോക് ഡ്രില്ലിനെ തുടര്‍ന്ന് ആഗ്രയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്ന കോവിഡ് ബാധിതരുള്‍പ്പെടെ 22 രോഗികള്‍ മരിച്ചതായി ആശുപത്രി ഉടമയുടെ ഓഡിയോ പുറത്ത്. സംഭാഷണത്തിന്റെ ഓഡിയോ പുറത്തായതോടെ ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

🔳കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ വ്യാജമായി നിര്‍മിച്ച് വില്‍പ്പന നടത്തിയ മൂന്നു പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. മാക്‌സ് റിലീഫ് ഹെല്‍ത്ത് കെയര്‍ ഉടമ സുധീപ് മുഖര്‍ജി, ഉത്തര്‍പ്രദേശിലെ സ്വകാര്യ ഫാര്‍മ ലാബ് ജീവനക്കാരനായ സന്ദീപ് മിശ്ര എന്നിവരെയും ഇവരുടെ സഹായിയായ മറ്റൊരാളെയുമാണ് മുംബൈ സാംത നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഫാവിപിരാവിര്‍ മരുന്നിന്റെ വ്യാജപതിപ്പാണ് ഇവര്‍ വന്‍തോതില്‍ നിര്‍മിച്ച് വിപണയിലെത്തിച്ചിരുന്നത്. മുംബൈയിലെ രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏകദേശം ഒന്നരക്കോടി രൂപയുടെ ഫാവിപിരാവിര്‍ മരുന്നുകള്‍ എഫ്.ഡി.എ. പിടിച്ചെടുത്തിരുന്നു.

🔳സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന കൊറോണ കര്‍ഫ്യൂ പിന്‍വലിച്ച് ഉത്തര്‍പ്രദേശ്. എല്ലാ ജില്ലകളിലെയും സജീവ കോവിഡ് കേസുകളുടെ എണ്ണം അറുന്നൂറില്‍ താഴെ എത്തിയതിനു പിന്നാലെയാണ് നടപടി. അതേസമയം രാത്രികാലങ്ങളിലും വാരന്ത്യങ്ങളിലുമുള്ള നിയന്ത്രണങ്ങള്‍ തുടരും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധ്യക്ഷത വഹിച്ച ഓണ്‍ലൈന്‍ ഉന്നതതലയോഗത്തിലാണ് തീരുമാനം എടുത്തത്.

🔳മഹാത്മാ ഗാന്ധിയുടെ പൗത്രി ഇളാ ഗാന്ധിയുടെ മകള്‍ ആഷിഷ് ലത റാംഗോബിന് തട്ടിപ്പ് കേസില്‍ ദക്ഷിണാഫ്രിക്കയില്‍ തടവ് ശിക്ഷ. 3.22കോടി രൂപ യുടെ തട്ടിപ്പ് നടത്തുകയും വ്യാജരേഖ ചമയ്ക്കുകയും ചെയ്തുവെന്ന കേസില്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ കോടതിയാണ് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഇറക്കുമതി തീരുവ നല്‍കാനും മറ്റ് ചെലവുകള്‍ക്കുമായി വ്യാജ രേഖ നല്‍കി പണം തട്ടിയെന്നാണ് ഇവര്‍ക്കെതിരായ പരാതി.

🔳ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യുഎഇ നീട്ടി . ജൂലായ് ആറു വരെ ഇന്ത്യക്കാര്‍ക്ക് നേരിട്ട് യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഗള്‍ഫിലേക്ക് മടങ്ങാനിരിക്കുന്ന പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് തിരിച്ചടിയാണ് തീരുമാനം.

🔳സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 80 രൂപകൂടി 36,720 രൂപയായി. ഗ്രാമിന് 10 രൂപകൂടി 4590 രൂപയുമായി. 36,640 രൂപയായിരുന്നു കഴിഞ്ഞ പവന്റെ വില. ആഗോള വിപണിയില്‍ വിലയില്‍ കാര്യമായ വ്യതിയാനമില്ല. സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1900 ഡോളര്‍ നിലവാരത്തിലാണ്.

🔳കോവിഡ് മഹാമാരി ഏറെ ബാധിച്ച ഇന്ത്യയുടെ എംഎസ്എംഇ മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി ലോകബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ ബോര്‍ഡ് 500 മില്യണ്‍ യുഎസ് ഡോളര്‍ പദ്ധതിക്ക് അംഗീകാരം നല്‍കി. 5,55,000 എംഎസ്എംഇകളുടെ പ്രകടനം മെച്ചപ്പെടുത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എംഎസ്എംഇ മേഖലയുടെ പുനരുജ്ജീവനത്തിനായുള്ള ലോക ബാങ്കിന്റെ രണ്ടാമത്തെ ഇടപെടലാണിത്.

🔳മെയ് 19 ന് പ്രദര്‍ശനത്തിനെത്തിയ ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് ഒന്‍പതാം വിജയകരമായി പ്രദര്‍ശനം തുടരുന്നു. കോവിഡ് സാഹചര്യത്തില്‍ ഇന്ത്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടില്ല. എന്നിട്ടും 1819 കോടിയുടെ വരുമാനമാണ് ഇതുവരെ നേടിയത്. ചൈനയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വരുമാനം. ജസ്റ്റിന്‍ ലിന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. വിന്‍ ഡീസല്‍, മിഷേല്‍ റോഡ്രിഗസ്സ്, ഗിബ്സണ്‍ എന്നിവര്‍ക്ക് പുറമേ ഡബ്ല്യു ഡബ്ല്യൂ ഇ സൂപ്പര്‍ താരം ജോണ്‍ സീനയും ചിത്രത്തില്‍ വേഷമിടുന്നു.

🔳പുതിയൊരു ചിത്രത്തില്‍ സീതയായി വേഷമിടാന്‍ കരീന കപൂര്‍ 12 കോടി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്രയും പ്രതിഫലം നല്‍കുക ബുദ്ധിമുട്ടായതിനാല്‍ അണിയറ പ്രവര്‍ത്തകര്‍ മറ്റൊരു യുവനടിയെ സമീപിച്ചതായാണ് വിവരം. അതേസമയം ഈ വാര്‍ത്ത പുറത്തുവന്നതിന് സോഷ്യല്‍ മീഡിയയില്‍ കരീനയ്ക്കെതിരെ സൈബര്‍ ആക്രമണം ഉയരുകയാണ്. മാതാ സീതയുടെ റോളില്‍ കരീന അഭിനയിക്കുന്നത് ശരിയാകില്ലെന്നാണ് പലരും പറയുന്നത്. കരീനയ്ക്ക് ഇപ്പോള്‍ കുറച്ച് പ്രായം കൂടിയ ലുക്കാണെന്നും ഹിന്ദുവായ ഒരാള്‍ തന്നെ സീതയുടെ റോള്‍ അവതരിപ്പിക്കണമെന്നുമാണ് ആവശ്യം.

🔳ഇറ്റാലിയന്‍ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയിയൂടെ പെര്‍ഫോമെന്‍സ് മോഡലായ ഹുറാകാന്‍ ഇവോ സ്‌പൈഡറിന്റെ ഓപ്പണ്‍ ടോപ്പ് റിയര്‍ വീല്‍ ഡ്രൈവ് മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ആഗോള വിപണിയില്‍ കഴിഞ്ഞ വര്‍ഷമെത്തിയ ഈ വാഹനം ഒരു വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയില്‍ എത്തുന്നത്. 3.54 കോടി രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറും വില.

🔳ജയിലില്‍വെച്ച് ഓസ്‌കാര്‍ വൈല്‍ഡ് എഴുതിയ ആത്മകഥാപരമായ കുറിപ്പുകളുടെയും കത്തുകളുടെയും സമാഹാരം. 'തടവറയില്‍ നിന്ന്'. പരിഭാഷ: ശരത്കുമാര്‍ ജി.എല്‍. മാതൃഭൂമി. വില 160 രൂപ.

🔳കോവിഡ് മൂന്നാം തരംഗം, ഏതാനും മാസങ്ങള്‍ക്കകം ഉണ്ടാവാനിടയുണ്ടെന്ന് പ്രവചിക്കപ്പെടുന്നു. അതിവ്യാപന സാധ്യതയുള്ള ഡെല്‍റ്റ വൈറസ് വകഭേദം (ബി.1.617.2) ആവിര്‍ഭവിച്ചിട്ടുള്ള സാഹചര്യത്തില്‍ കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. കോവിഡ് നിയന്ത്രണത്തിനായി നമ്മുടെ കൈയിലുള്ള ശക്തവും ഫലപ്രദവുമായ മാര്‍ഗം മാസ്‌ക് ധാരണം തന്നെയാണ്. വാക്സീന്‍ ലഭ്യമായതിനു ശേഷവും മാസ്‌കിന്റെ സാമൂഹ്യ വാക്സിന്‍ എന്ന പ്രസക്തി കുറഞ്ഞിട്ടില്ല. പ്രത്യേകിച്ചും ഡെല്‍റ്റാവൈറസ് വകഭേദം ആവിര്‍ഭവിച്ച സാഹചര്യത്തില്‍. പ്രധാനമായും ശ്രദ്ധിക്കേണ്ടത് മാസ്‌ക് മാറ്റേണ്ട അവസരങ്ങളിലെല്ലാം (ആഹാരം, പാനീയങ്ങള്‍ കഴിക്കുക) മറ്റുള്ളവരുമായി ശരീരദൂരം പാലിക്കാന്‍ ജാഗ്രത കാട്ടുക എന്നതാണ്. പ്രത്യേകിച്ചും വീട്ടിനുള്ളില്‍. വീടിന് പുറത്തുപോയി തിരികെ വരുന്നവര്‍ മാസ്‌ക് തുടര്‍ന്നും വീട്ടിനുള്ളിലും മറ്റുള്ളവരുമായി ഇടപെടുന്ന അവസരങ്ങളിലെല്ലാം ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഡെല്‍റ്റ വൈറസ് വകഭേദങ്ങള്‍ രോഗമുള്ള ഒരാളില്‍ നിന്നു 5-10 പേരിലേക്ക് വരെ പകരാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയിരിക്കണം. ജനിതകമാറ്റത്തിന് മുന്‍പ് കേവലം 2-3 പേരിലേക്കാണ് സംക്രമിച്ചിരുന്നത്. അതുപോലെ രോഗികളില്‍ നിന്നു പുറത്തു വരുന്ന സ്രവകണികളില്‍ ഭാരം കുറഞ്ഞവ വായുവില്‍ കുറേ നേരെ തങ്ങി നില്‍ക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് മൂന്നോ നാലോ പേരുള്ള ചെറു കൂടിചേരുകളില്‍ പോലും ശരീരദൂരം പാലിക്കാന്‍ കര്‍ശനമായി ശ്രദ്ധിക്കണം. ഇതെല്ലാം കണക്കിലെടുത്ത് ഇരട്ട മാസ്‌ക്കാണ് (സര്‍ജ്ജിക്കല്‍ മാസ്‌ക് + തുണിമാസ്‌ക്) ധരിക്കേണ്ടത്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 72.87, പൗണ്ട് - 102.97, യൂറോ - 88.67, സ്വിസ് ഫ്രാങ്ക് - 81.12, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.42, ബഹറിന്‍ ദിനാര്‍ - 193.41, കുവൈത്ത് ദിനാര്‍ -242.30, ഒമാനി റിയാല്‍ - 189.56, സൗദി റിയാല്‍ - 19.43, യു.എ.ഇ ദിര്‍ഹം - 19.84, ഖത്തര്‍ റിയാല്‍ - 20.02, കനേഡിയന്‍ ഡോളര്‍ - 60.26.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only