09 ജൂൺ 2021

പ്രഭാത വാർത്തകൾ
(VISION NEWS 09 ജൂൺ 2021)🔳18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കാനുള്ള പദ്ധതിക്ക് 50,000 കോടിയോളം രൂപ ചെലവ് വരുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിനാവശ്യമായ പണം കൈവശമുണ്ടെന്നും കേന്ദ്ര ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. വാക്സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ വിദേശ വാക്സിനുകളെ ആശ്രയിക്കേണ്ടി വരില്ല. ഭാരത് ബയോടെക്, സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ബയോ-ഇ എന്നിവയുടെ വാക്സിനുകളിലൂടെ ജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ സാധിക്കുമെന്നും ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

🔳18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 44 കോടി ഡോസ് വാക്സിന് ഓര്‍ഡര്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 25 കോടി ഡോസ് കോവിഷീല്‍ഡിനും ഭാരത് ബയോടെകില്‍ നിന്ന് 19 കോടി ഡോസ് കോവാക്സിനും ഓര്‍ഡര്‍ നല്‍കിയെന്ന് നീതി ആയോഗ് അംഗം ഡോ വികെ പോള്‍ വ്യക്തമാക്കി. ഘട്ടംഘട്ടമായി 2021 ഡിസംബറിനുള്ളില്‍ 44 കോടി ഡോസും ലഭ്യമാകുമെന്നും പുതിയ ഓര്‍ഡറിനായി സിറം ഇന്‍സറ്റിറ്റിയൂട്ടിനും ഭാരത് ബയോടെകിനും 30 ശതമാനം തുക അഡ്വാന്‍സ് നല്‍കിയിട്ടുണ്ടെന്നും വികെ പോള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

🔳സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറങ്ങി. സ്വകാര്യ ആശുപത്രികള്‍ വാക്‌സിന് വില കൂട്ടി വില്‍പ്പന നടത്തി ലാഭമുണ്ടാക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. കേന്ദ്ര ഉത്തരവ് പ്രകാരം കോവിഷീല്‍ഡ് വാക്‌സിന് പരമാവധി 780 രൂപയും കോവാക്‌സിന് പരമാവധി 1410 രൂപയും റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്പുട്‌നിക്-വി വാക്സിന് 1145 രൂപയും ഈടാക്കാം. ടാക്‌സ്, 150 രൂപ സര്‍വീസ് ചാര്‍ജ് എന്നിവ ഉള്‍പ്പെടെയാണ് ഈ നിരക്ക്.

🔳ജൂണ്‍ 21-നാരംഭിക്കുന്ന ദേശീയ കോവിഡ് വാക്‌സിനേഷന്‍ പരിപാടി നടപ്പാക്കുന്നതിനുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കി. ജനസംഖ്യ, രോഗവ്യാപനം, വാക്‌സിനേഷന്റെ പരിപാടിയുടെ പുരോഗതി, നേരത്തെ നല്‍കിയ വാക്‌സിന്റെ പാഴാക്കല്‍ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമുള്ള വാക്‌സിന്‍ വിതരണം കേന്ദ്രം നടപ്പിലാക്കുന്നത്.

🔳കോവിഡ് മൂന്നാം തരംഗം മറ്റുള്ളവരെ അപേക്ഷിച്ച് കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ. ഇന്ത്യയിലും ആഗോള തലത്തിലുമുള്ള മുഴുവന്‍ വിവരങ്ങള്‍ പരിശോധിച്ചാലും പുതിയ കോവിഡ് വകഭേദമോ പഴയ വകഭേദമോ കുട്ടികള്‍ക്കിടയില്‍ കൂടുതല്‍ അണുബാധയ്ക്ക് കാരണമായെന്ന് കാണിക്കുന്നില്ലെന്നും ഗുലേറിയ വ്യക്തമാക്കി.

🔳കേരളത്തിലെ കോണ്‍ഗ്രസിനെ ഇനി കെ. സുധാകരന്‍ നയിക്കും. സുധാകരനെ കെപിസിസി പ്രസിഡന്റായി ഹൈക്കമാന്‍ഡ് പ്രഖ്യപിച്ചു. രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് കെ. സുധാകരനെ ഹൈക്കമാന്‍ഡിന്റെ തീരുമാനം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലും ഡല്‍ഹിയിലും കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് കെ. സുധാകരന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചത്.

🔳കെപിസിസി അധ്യക്ഷസ്ഥാനം സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്ന് കെ സുധാകരന്‍. കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തമായി തിരികെ കൊണ്ടുവരണമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു. ആത്മവിശ്വാസത്തോടെയാണ് സ്ഥാനം ഏറ്റെടുക്കുന്നത്. പാര്‍ട്ടിക്ക് വേണ്ടി അക്ഷീണം പ്രയത്‌നിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷനായി തിരഞ്ഞെടുത്ത പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

🔳കെപിസിസി പ്രസിഡന്റായി കെ. സുധാകരനെ നിയമിച്ച നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കള്‍. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ കെ. സുധാകരന്റെ നേതൃത്വത്തിന് കഴിയുമെന്ന് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി. ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നതായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ. സുധാകരന്റെ നേൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തിപ്പെടുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ആവേശം പകരുന്ന തീരുമാനമാണ് ഹൈക്കമാന്റില്‍നിന്ന് ഉണ്ടായിരിക്കുന്നതെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയും പറഞ്ഞു.

🔳കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് ചാരിതാര്‍ഥ്യത്തോടെയാണ് പടിയിറങ്ങുന്നതെന്ന് നിലവിലെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിയുടെ ആദര്‍ശങ്ങളും തത്വങ്ങളും മുറുകെ പിടിച്ച, കോണ്‍ഗ്രസിനെ പ്രാണവായുവായി കാണുന്ന പ്രവര്‍ത്തകരോട് നിസീമമായ നന്ദിയുണ്ട്. കേരളത്തിലെ പൊതുസമൂഹം രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്ക് അതീതമായി തനിക്കൊപ്പം നിന്നു. അവരോട് അകമഴിഞ്ഞ നന്ദിയുണ്ടെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. കെപിസിസി അധ്യക്ഷനായി തിരഞ്ഞെടുത്ത കെ സുധാകരനെ എല്ലാ ആശംസകളും അറിയിക്കുന്നുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

🔳കെ. സുധാകരനെ കെപിസിസി അധ്യക്ഷനായി നിയമിച്ചതിനു പിന്നാലെ മൂന്ന് പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്. കൊടിക്കുന്നില്‍ സുരേഷ്, പിടി തോമസ്, ടി. സിദ്ധിഖ് എന്നിവരെയാണ് വര്‍ക്കിങ് പ്രസഡന്റുമാരായി നിയമിച്ചിരിക്കുന്നത്. നേരത്തെ വര്‍ക്കിങ് പ്രസിഡന്റായിരുന്ന കെ.വി. തോമസിനെ ഒഴിവാക്കിയിട്ടുണ്ട്. അദ്ദേഹത്തെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്നാണ് സൂചന.

🔳കെ സുധാകരനെ കെപിസിസി പ്രസിഡന്റായി നിയമിച്ചതില്‍ വിമര്‍ശനവുമായി സിപിഎം നേതാവ് എംഎ ബേബി. ആര്‍എസ്എസുമായി നിരന്തരം രഹസ്യധാരണകള്‍ ഉണ്ടാക്കുന്ന നേതാവായാണ് സുധാകരന്‍ അറിയപ്പെടുന്നതെന്നും ആര്‍എസ്എസിനോടും അതിന്റെ രാഷ്ട്രീയത്തോടും ഒത്തുതീര്‍പ്പ് നടത്തുന്ന സുധാകരന്‍ പാര്‍ട്ടിയുടെ തലപ്പത്ത് വരുന്നത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്നും എംഎ ബേബി വിമര്‍ശിച്ചു.

🔳കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് പുനഃരാരംഭിക്കുന്നതിനെതിരേ ആരോഗ്യവകുപ്പ്. സര്‍വീസ് ഉടന്‍ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി ഗതാഗത വകുപ്പ് മന്ത്രിയ്ക്കും കെഎസ്ആര്‍ടിസി സിഎംഡിക്കും കത്തയച്ചു. രോഗവ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതീക്ഷിച്ച തോതില്‍ കുറയാത്ത സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങുന്നതിനെതിരേ ആരോഗ്യവകുപ്പ് രംഗത്തെത്തിയത്. സര്‍വീസ് പുനഃരാരംഭിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറി കെഎസ്ആര്‍ടിസിയോട് ആവശ്യപ്പെട്ടത്.

🔳കൊടകര കുഴല്‍പ്പണ കേസില്‍ പ്രതികളില്‍നിന്ന് കണ്ടെടുത്ത പണം തിരികെ കിട്ടാന്‍ പരാതിക്കാരനായ ധര്‍മരാജന്‍ കോടതിയെ സമീപിച്ചു. കവര്‍ച്ചക്കാരില്‍നിന്ന് കണ്ടെടുത്ത പണം തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. പണം ഡല്‍ഹിയിലെ ഒരു മാര്‍വാടി തന്നതാണെന്നും അദ്ദേഹം ഹര്‍ജിയില്‍ പറയുന്നു.

🔳കൊടകര കുഴല്‍പ്പണ വിവാദത്തില്‍ പാര്‍ട്ടി പ്രതിസന്ധിയില്‍ നില്‍ക്കെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഡല്‍ഹിയിലെത്തി. ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പടെയുള്ള കേന്ദ്ര നേതാക്കളെ സുരേന്ദ്രന്‍ ഇന്ന് സന്ദര്‍ശിക്കും. കേന്ദ്ര മന്ത്രി വി.മുരളീധരനും ഒപ്പമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳കേരളത്തില്‍ ഇന്നലെ 1,09,979 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,281 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,695 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 712 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 75 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,019 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,43,254 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂര്‍ 1213, ആലപ്പുഴ 1197, കണ്ണൂര്‍ 692, കോട്ടയം 644, പത്തനംതിട്ട 560, ഇടുക്കി 550, കാസര്‍ഗോഡ് 454, വയനാട് 272.

🔳സംസ്ഥാനത്ത് ഇന്നലെ ഒരു പുതിയ ഹോട്ട് സ്‌പോട്ട് മാത്രം. ഇന്നലെ ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 889 ഹോട്ട് സ്‌പോട്ടുകള്‍.

🔳സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം. 52 ദിവസത്തേക്കാണ് യന്ത്രവല്‍കൃത മല്‍സ്യബന്ധന യാനങ്ങളെ ആഴക്കടല്‍ മല്‍സ്യബന്ധനത്തില്‍ നിന്ന് വിലക്കിയിട്ടുള്ളത്. മല്‍സ്യങ്ങളുടെ പ്രജനനകാലം എന്നത് കണക്കിലെടുത്താണ് ആഴക്കടല്‍ മല്‍സ്യബന്ധനത്തിനുള്ള നിരോധനം.

🔳വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട സ്വദേശി ബെക്സ് കൃഷ്ണന്‍ ജയില്‍ മോചിതനായി നാട്ടില്‍ തിരിച്ചെത്തി. ജീവിതത്തിനും മരണത്തിനുമിടയിലുള്ള അനിശ്ചിതത്വത്തിനു പൂര്‍ണ്ണ വിരാമമിട്ടത് വ്യവസായി എം.എ.യൂസഫലിയുടെ നിര്‍ണ്ണായക ഇടപെടല്‍ മൂലമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബി മുസഫയില്‍ വെച്ച് താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ബെക്സ് കൃഷ്ണന്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടത്.

🔳യുവതിയെ ഫ്ളാറ്റില്‍ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടാത്തതിന് ന്യായീകരണവുമായി പോലീസ്. സംഭവത്തില്‍ യുവതി പരാതി നല്‍കാന്‍ താമസിച്ചെന്നും ഇത് പ്രതിക്ക് രക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കിയെന്നുമാണ് സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജുവിന്റെ വാദം. പ്രതി ഒളിവില്‍ പോയതോടെ ഇയാളെ കണ്ടുപിടിക്കല്‍ ദുഷ്‌കരമായെന്നും അതേസമയം, അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

🔳വാതില്‍പ്പടി റേഷന്‍ വിതരണ പദ്ധതി നടപ്പാക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മേദിക്ക് കത്തയച്ചു. പദ്ധതിയില്‍ കേന്ദ്രം നിര്‍ദേശിക്കുന്ന മാറ്റങ്ങള്‍ വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നും കെജ്രിവാള്‍ കത്തില്‍ പ്രധാനമന്ത്രിയെ അറിയിച്ചു.

🔳മെഹുല്‍ ചോക്സിയെ തട്ടിക്കൊണ്ടുപോയതില്‍ തനിക്ക് പങ്കില്ലെന്ന് ബാര്‍ബറ ജബറിക്ക. മെഹുല്‍ ചോക്സിയുടെ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കാമുകിയെന്ന് പറയുന്ന ബാര്‍ബറ ഇതാദ്യമായാണ് പ്രതികരിക്കുന്നത്. ചോക്സിയുടെ കുടുംബാംഗങ്ങളും അഭിഭാഷകരുമാണ് ഈ വിഷയത്തിലേക്ക് തന്റെ പേര് വലിച്ചിഴച്ചതെന്നും ബാര്‍ബറ ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

🔳രാജ്യത്ത് ഇന്നലെ 92,719 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1,62,280 പേര്‍ രോഗമുക്തി നേടി. മരണം 2,222 ഇതോടെ ആകെ മരണം 3,53,557 ആയി. ഇതുവരെ 2,90,88,176 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 12.26 ലക്ഷം കോവിഡ് രോഗികള്‍.

🔳തമിഴ്നാട്ടില്‍ ഇന്നലെ 18,023 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 10,891 പേര്‍ക്കും കര്‍ണാടകയില്‍ 9,808 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 7,796 പേര്‍ക്കും പശ്ചിമബംഗാളില്‍ 5,427 പേര്‍ക്കും ഒഡീഷയില്‍ 5,896 പേര്‍ക്കും ആസാമില്‍ 3,948 പേര്‍ക്കും തെലുങ്കാനയില്‍ 1,897 പേര്‍ക്കും ചത്തീസ്ഗഡില്‍ 1,102 പേര്‍ക്കും പഞ്ചാബില്‍ 1,252 പേര്‍ക്കും ജമ്മുകാശ്മീരില്‍ 1,184 പേര്‍ക്കും ഡല്‍ഹിയില്‍ 316 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെ മാത്രമാണ്.

🔳ആഗോളതലത്തില്‍ ഇന്നലെ 3,41,783 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 10,818 പേര്‍ക്കും ബ്രസീലില്‍ 51,317 പേര്‍ക്കും അര്‍ജന്റീനയില്‍ 31,137 പേര്‍ക്കും കൊളംബിയയില്‍ 18,586 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 17.47 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.26 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 8,947 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 353 പേരും ബ്രസീലില്‍ 2,178 പേരും കൊളംബിയയില്‍ 427 പേരും അര്‍ജന്റീനയില്‍ 721 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ മൊത്തം 37.61 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳2021 ലെ ആദ്യ അഞ്ച് മാസത്തിനിടെ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 70 ശതമാനം വര്‍ധിച്ചുവെന്ന് കണക്കുകള്‍. ചൈനയിലെ കസ്റ്റംസ് പുറത്തുവിട്ട രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍നിന്നുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതി അടക്കമുള്ളവയാണ് വ്യാപാരം വന്‍തോതില്‍ വര്‍ധിക്കാന്‍ ഇടയാക്കിയത്.

🔳കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് വ്യോമസേനയുടെ വ്യോമാഭ്യാസ പ്രകടനം. ചൈനീസ് യുദ്ധ വിമാനങ്ങള്‍ നടത്തിയ വ്യോമാഭ്യാസം സംബന്ധിച്ച കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യ വ്യക്തമാക്കി. ലഡാക്കിലെ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന വ്യോമമേഖലയിലായിരുന്നു സംഭവം.

🔳ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ ജനമധ്യത്തില്‍വെച്ച് മുഖത്തടിയേറ്റു. രാജ്യവ്യാപകമായി നടത്തുന്ന യാത്രയ്ക്കിടെ ജനങ്ങളുമായി
സംവദിക്കുന്നതിനിടെയാണ് ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് ഒരാള്‍ മാക്രോണിന്റെ മുഖത്തടിച്ചത്. തെക്കന്‍ ഫ്രാന്‍സിലെ ഡ്രോമില്‍ ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്.

🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി ഫിഫയുടെ ട്രാന്‍സ്ഫര്‍ വിലക്ക്. ഫിഫയുടെ സാമ്പത്തിക ചട്ടങ്ങള്‍ ലംഘിച്ചതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഐഎസ്എല്ലിലെ മറ്റൊരു ക്ലബ്ബായ ഈസ്റ്റ് ബംഗാളിനും ട്രാന്‍സ്ഫര്‍ വിലക്കുണ്ട്. വിലക്ക് തീരുന്നതുവരെ പുതിയ താരങ്ങളുമായി കരാറിലേര്‍പ്പെടാന്‍ ബ്ലാസ്റ്റേഴ്സിനും ഈസ്റ്റ് ബംഗാളിനും കഴിയില്ല. അതേസമയം ഫിഫ'യുടെ ട്രാന്‍സ്ഫര്‍ വിലക്കില്‍ ആശങ്കപ്പെടേണ്ടെന്ന് ഐഎസ്എല്‍ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ്. വിലക്ക് നീക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും ക്ലബ്ബ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

🔳ഇന്ത്യന്‍ യുവനിരയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ മത്സര തിയ്യതികള്‍ പ്രഖ്യാപിച്ചു. മൂന്നു വീതം ഏകദിനങ്ങളും ട്വന്റി-20യുമുള്ള പരമ്പര ജൂലായ് 13 മുതല്‍ 25 വരെയാണ് നടക്കുക. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ ഇന്ത്യയുടെ യുവടീമാകും ശ്രീലങ്കയെ നേരിടുക. ജൂലായ് 13,16,18 തിയ്യതികളില്‍ ഏകദിന മത്സരങ്ങളും 21, 23, 25 തിയ്യതികളില്‍ ട്വന്റി മത്സരങ്ങളും നടക്കും. വേദികള്‍ പിന്നീട് പ്രഖ്യാപിക്കും. ഒരേസമയം രണ്ട് ഇന്ത്യന്‍ ടീമുകള്‍ രണ്ട് വ്യത്യസ്ത രാജ്യങ്ങളില്‍ പര്യടനം നടത്തുന്നു എന്നത് അപൂര്‍വ്വമായ കാര്യമാണ്.

🔳അദാനി ഗ്രൂപ്പ് കമ്പനികളില്‍ നിന്നുള്ള അദാനി പവര്‍ ഓഹരി വിപണിയില്‍ മുന്നേറ്റം തുടരുന്നു. ഇന്ന് കഴിഞ്ഞ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 151.50 രൂപയാണ് അദാനി പവര്‍ ബിഎസ്ഇയില്‍ കുറിച്ചത്. ജൂണ്‍ ഒന്നിന് ഈ ഓഹരിയുടെ വില 95. 4 രൂപയായിരുന്നു. ഒരാഴ്ചക്കിടെ അദാനി പവര്‍ സമ്മാനിച്ചിരിക്കുന്ന നേട്ടം 58.8 ശതമാനം. കമ്പനിയുടെ വിപണി മൂല്യം 57,352.68 കോടി രൂപയായി. കഴിഞ്ഞ 12 മാസത്തിനിടെ അദാനി പവര്‍ ഓഹരി വില 285.6 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. ഈ വര്‍ഷം ജനുവരി മുതലുള്ള നേട്ടം 198.5 ശതമാനവും. ഒരു വര്‍ഷം മുമ്പ് അദാനി പവറില്‍ അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചിരുന്നാല്‍ ഇന്നതിന്റെ മൂല്യം 19.64 ലക്ഷം ആയിരിക്കും. രാജ്യത്തെ പ്രമുഖ തെര്‍മല്‍ പവര്‍ ഉല്‍പ്പാദകരാണ് അദാനി പവര്‍.

🔳കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖല ബാങ്കുകള്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്നു. ഒരു ഡോസെങ്കിലും പ്രതിരോധ കുത്തിവെപ്പെടുത്തവര്‍ക്ക് സ്ഥിര നിക്ഷേപത്തിന് 0.30 ശതമാനം അധിക പലിശയാണ് യൂക്കോ ബാങ്ക് വാഗ്ദാനം ചെയ്തിട്ടുള്ളത്. 999 ദിസവക്കാലയളവിലെ നിക്ഷേപത്തിനാണിത് ബാധകം. സെന്‍ട്രല്‍ ബാങ്കിന്റെ പദ്ധതി പ്രകാരം വാക്സിനെടുത്ത നിക്ഷേപകര്‍ക്ക് കാല്‍ശതമാനം പലിശയാണ് അധികം നല്‍കുക. ഇമ്യൂണ്‍ ഇന്ത്യ ഡെപ്പോസിറ്റ് സ്‌കീം-എന്നപേരിലാണ് പദ്ധതി അറിയപ്പെടുന്നത്. 1,111 ദിവസമാണ് നിക്ഷേപത്തിന്റെ കാലാവധി.

🔳കന്നഡ താരം രക്ഷിത് ഷെട്ടിയുടെ പുതിയ ചിത്രം '777 ചാര്‍ലി'യുടെ ടീസറിന് പുറത്തിറങ്ങിയ അഞ്ച് ഭാഷകളിലും മികച്ച വരവേല്‍പ്പ്. കന്നഡയ്ക്കൊപ്പം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഞായറാഴ്ച പുറത്തിറങ്ങിയ ടീസറും ഈ അഞ്ച് ഭാഷകളിലും ഉണ്ടായിരുന്നു. അഞ്ച് ഭാഷാപതിപ്പുകളുടെ ടീസറുകളും റെക്കോര്‍ഡ് കാണികളെയാണ് നേടിയിരിക്കുന്നത്. 777 ചാര്‍ലിയുടെ കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ ടീസറുകള്‍ എല്ലാം തന്നെ 4 മില്യണിന് (40 ലക്ഷം) മുകളില്‍ കാഴ്ചകള്‍ നേടിയിരിക്കുകയാണ്. കന്നഡ പതിപ്പിന്റെ ടീസറിന് 48 ലക്ഷത്തിലധികം കാഴ്ചകള്‍ ലഭിച്ചപ്പോള്‍ പൃഥ്വിരാജ് അവതരിപ്പിച്ച മലയാളം ടീസറിന് 41 ലക്ഷത്തിലധികം കാഴ്ചകള്‍ ലഭിച്ചു.

🔳തപ്സി നായികയാകുന്ന പുതിയ സിനിമയാണ് ഹസീന്‍ ദില്‍റുബ. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. താരങ്ങള്‍ തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. വിക്രാന്ത് മാസ്, ഹര്‍ഷവര്‍ധന്‍ റാണെ എന്നിവരാണ് നായകന്‍മാര്‍. മലയാളിയായ വിനില്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തപ്സിയുടെ മികച്ച കഥാപാത്രമായിരിക്കും സിനിമയിലേത് എന്നാണ് ടീസര്‍ തരുന്ന സൂചന. തപ്സിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റി തന്നെയാണ് സിനിമയും. നെറ്റ്ഫ്ലിക്സില്‍ ആണ് ചിത്രം റിലീസ് ചെയ്യുക.

🔳ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ഡ്യുക്കാറ്റി 2021 മോഡല്‍ പാനിഗാലെ വി4 സ്‌പോര്‍ട്‌സ് ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 23.50 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. ഉയര്‍ന്ന-സ്പെക്ക് 'ട' ട്രിമിന് 28.40 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. . 2020 -ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച പാനിഗാലെ വി2 വിനെക്കാള്‍ ഉയര്‍ന്നതാണ് പാനിഗാലെ വി4.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only