03 ജൂൺ 2021

കോവിഡ് കാലത്ത് ആശ്വാസമായി ഡോക്ടർമാരെ വീട്ടിലെത്തിച്ച് പറമ്പത്ത്കാവ് ഡിവിഷൻ
(VISION NEWS 03 ജൂൺ 2021)


കൊടുവള്ളി :കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പറമ്പത്ത് കാവ് ഡിവിഷൻ കൗൺസിലർ എളങ്ങോട്ടിൽ ഹസീനയുടെ നേതൃത്വത്തിൽ മാതൃകാപരമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്.കോവിഡ് വ്യാപിച്ച ഘട്ടത്തിൽ ഡിവിഷനിലെ കോവിഡ് ബാധിച്ച കുടുംബങ്ങളുമായി ബന്ധപ്പെടുകയും ആവശ്യസാധനങ്ങൾ എത്തിച്ച് കൊടുക്കുകയും ചെയ്ത് കൊണ്ടിരുന്നു. ഓക്സി മീറ്ററുകൾ ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്നതിനും സംവിധാനമൊരുക്കി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി സ്വന്തം വീട്ടിലെ വാഹനം വിട്ട് നൽകിയ കൗൺസിലർ, വീടുകളെ അണുമുക്തമാക്കുന്നതിന് വൈറ്റ്ഗാർഡ്, ടിം വെൽഫെയർ സംഘളുടെ സഹായത്തോടെ മുന്നിട്ടിറങ്ങി. കോവിഡ് പ്രതിരോധ ഗുളികകൾ വീടുകളിൽ എത്തിച്ച് നൽകുകയും, വാക്‌സിനേഷനുള്ള രജിസ്ട്രേഷന് ഒൺലൈൻ അപേക്ഷ ഫിൽ ചെയ്യുന്നതിൽ ആവശ്യക്കാരെ സഹായിക്കുകയും ചെയ്ത് പ്രതിരോധം ശക്തിപ്പെടുത്തി. 

മഹാമാരിയുടെ കാലത്ത് പുതിയ പദ്ധതിക്ക് കൂടി പറമ്പത്ത് കാവ് ഡിവിഷനിൽ ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. കിടപ്പ് രോഗികളും, നിത്യരോഗികളും, കുട്ടികൾകളും സ്ത്രീകളുമടക്കം പുറത്തിറങ്ങാൻ പ്രയാസപ്പെടുന്നവരും ചികിത്സ നീട്ടിവെക്കുന്നവർക്കുമായി വീട്ടിലെത്തി സൗജന്യ ചികിത്സ നൽകുവാൻ സംവിധാനമുണ്ടാക്കിയിരിക്കുകയാണ് കൗൺസിലർ. അലോപതി, ഹോമിയോ ഡോക്റ്റർമാർ  സേവന സന്നദ്ധരായുണ്ട്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളോട് പൊതുജനങ്ങളും പൂർണമായി സഹകരിക്കുന്നുണ്ട്. ഡിവിഷനിൽ നിലവിൽ മുഴുവൻ രോഗികളും കോവിഡ് മുക്തരായിരിക്കുന്നു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
'ഡോക്ടർ വീട്ടിലെത്തും' പദ്ധതിയുടെ ഒന്നാം ദിവസം സ്റ്റാർ കെയർ ഹോസ്പിറ്റൽ ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടറും, എമർജൻസി ഫിസിഷ്യനുമായ ഡോ. ഫവാസ് രോഗികളെ കൺസൽടിംങ്ങ് നടത്തി. ഡോ. ഹംദ, കൗൺസിലർ എളങ്ങോട്ടിൽ ഹസീന, വി പി നജീബ്, ഷബീർ സി കെ, പി സി മുനീർ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only