07 ജൂൺ 2021

പ്രഭാത വാർത്തകൾ
(VISION NEWS 07 ജൂൺ 2021)


🔳ജനം വാക്സിനായി നെട്ടോട്ടമോടുമ്പോള്‍ സര്‍ക്കാര്‍ 'ബ്ലൂ ടിക്കി'നായി ട്വിറ്ററുമായി പോരാട്ടം നടത്തുകയാണെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായി ഉപരാഷ്ട്രപതി അടക്കമുള്ളവരുടെ അക്കൗണ്ടുകളിലെ ബ്ലൂ ടിക്ക് നീക്കംചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാഹുലിന്റെ ട്വിറ്ററിലൂടെയുള്ള വിമര്‍ശനം. വാക്‌സിന്‍ ലഭിക്കണമെങ്കില്‍ ഓരോരുത്തരും ആത്മനിര്‍ഭര്‍ അഥവാ സ്വയംപര്യാപ്തര്‍ ആകേണ്ട അവസ്ഥയാണുള്ളതെന്നും രാഹുല്‍ പരിഹസിച്ചു.

🔳പ്രവര്‍ത്തകര്‍ക്ക് അത്യാവശ്യ മെഡിക്കല്‍ സേവനങ്ങളില്‍ പരിശീലനം നല്‍കാന്‍ ഒരുങ്ങി ബിജെപി. ഒരുലക്ഷത്തോളം വരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ ചെയ്യുന്നതിനുമുളള പരിശീലനം നല്‍കുന്നത്.കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ പ്രവര്‍ത്തകര്‍ ചെയ്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഇന്നലെ നടന്ന അവലോകനത്തിന് ശേഷമാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്.🔳വാക്‌സിന്‍ വിതരണത്തിലെ അസമത്വത്തെക്കുറിച്ചുളള മാധ്യമവാര്‍ത്തകളെ തള്ളി കേന്ദ്രം. ഇത്തരം വാര്‍ത്തകള്‍ കൃത്യതയില്ലാത്തതും അടിസ്ഥാനരഹിതവുമാണെന്ന് കേന്ദ്രം പറഞ്ഞു. സ്വകാര്യമേഖലയ്ക്കും കേന്ദ്രത്തിനും വലിയ പങ്ക് നല്‍കുന്നതാണ് വാക്‌സിന്‍ നയമെന്ന് പ്രസ്താവനയില്‍ പറയുന്നു.

🔳സംസ്ഥാനത്ത് കോവിഡ് 19 പരിശോധന വര്‍ധിപ്പിക്കാന്‍ സജ്ജമാക്കിയ കോവിഡ് 19 മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് ലാബുകള്‍ അടുത്ത മൂന്ന് മാസം കൂടി തുടരാന്‍ ഉത്തരവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തിലും മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുമാണ് ഈ മൊബൈല്‍ ടെസ്റ്റ് ലാബുകള്‍ 3 മാസം കൂടി നീട്ടിയതെന്നും മന്ത്രി വ്യക്തമാക്കി.

🔳പട്ടയഭൂമിയിലെ റിസര്‍വ്ചെയ്ത മരങ്ങള്‍ മുറിക്കുന്നതുമായി ബന്ധപ്പെട്ട് 2020 ഒക്ടോബര്‍ 24-ന് റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് നടന്നത് വന്‍ മരംകൊള്ളയെന്ന് റിപ്പോര്‍ട്ടുകള്‍. റവന്യൂവകുപ്പിന്റെ ഉടമസ്ഥതയിലുള്ള റിസര്‍വ് മരങ്ങളായ ഈട്ടി, തേക്ക് തുടങ്ങിയവയാണ് സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും മുറിച്ചു കടത്തിയത്. മൂന്നുമാസത്തിനുശേഷം റവന്യൂവകുപ്പ് ഈ ഉത്തരവ് പിന്‍വലിച്ചെങ്കിലും അപ്പോഴേക്കും നൂറുകോടിയിലേറെ രൂപയുടെ മരങ്ങളെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വനം, റവന്യൂ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

🔳ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് അദ്ദേഹത്തെ ജനമധ്യത്തില്‍ പരിഹാസ പാത്രമാക്കി മാറ്റാന്‍ നടക്കുന്ന സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റേയും ശ്രമം വിലപ്പോകില്ലെന്ന് ബി.ജെ.പി. പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കുകയാണെന്നും ഒറ്റതിരിഞ്ഞ് നേതാക്കന്മാരെ ആക്രമിച്ച് അപകീര്‍ത്തിപ്പെടുത്തി പാര്‍ട്ടിയെ ഛിന്നഭിന്നമാക്കാമെന്ന് വിചാരിക്കേണ്ടന്നും കുമ്മനം രാജശേഖരന്‍. കൊടകര കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെ കോള്‍ ലിസ്റ്റ് പോലീസ് എന്തുകൊണ്ട് പരിശോധിക്കുന്നില്ലെന്നും പണം കവര്‍ച്ച ചെയ്ത കേസിലെ പ്രതികള്‍ സിപിഎമ്മുകാരും സിപിഐക്കാരുമാണെന്നും അവരെക്കുറിച്ചുള്ള വിവരങ്ങള്‍ എന്തുകൊണ്ട് പുറത്തുവിടുന്നില്ലെന്നും കുമ്മനം രാജശേഖരന്‍ ചോദിച്ചു.

🔳നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന വെളിപ്പെടുത്തലില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് കെ.സുന്ദരയുടെ മൊഴി. സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള സുനില്‍ നായിക് എത്തിയാണ് പണം നല്‍കിയതെന്ന് സുന്ദര അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

🔳നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറാന്‍ കെ. സുന്ദരയ്ക്ക് രണ്ടരലക്ഷം നല്‍കിയ സംഭവത്തില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പേരില്‍ പോലീസ് കേസെടുക്കും. ഇടതു മുന്നണി സ്ഥാനാര്‍ഥിയായിരുന്ന വി.വി. രമേശന്‍ നല്‍കിയ പരാതിയില്‍ ബദിയടുക്ക പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ പരാതി കഴമ്പുള്ളതാണെന്ന് കണ്ടെത്തി. കേസെടുക്കാന്‍ കോടതിയുടെ അനുമതി വേണ്ടതിനാല്‍ ഇന്ന് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കും.

🔳നിരവധി വെല്ലുവിളികളെ സധൈര്യം നേരിട്ടാണ് രണ്ട് സീറ്റില്‍ നിന്ന് 303 സീറ്റിലേക്ക് ബിജെപി ഇന്ത്യന്‍ പാര്‍ലമെന്റില്‍ എത്തിയതെന്നും ഓലപ്പാമ്പ് കണ്ടാല്‍ പേടിച്ചോടുന്നവരല്ല തങ്ങളെന്നും കേന്ദ്ര മന്ത്രി വി. മുരളീധരന്‍. മോദി വിരുദ്ധ രാഷ്ട്രീയത്തില്‍ മമത ബാനര്‍ജിയെക്കാള്‍ കേമനെന്ന് തെളിയിക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പോലീസിനെ ഉപയോഗിച്ചുള്ള തരംതാണ രാഷ്ട്രീയമാണ് പിണറായി വിജയന്‍ നടത്തുന്നതെന്നും കൊടകരക്കേസില്‍ വാദിയെ പ്രതിയാക്കാന്‍ നോക്കുന്ന പോലീസ് ഇതുതന്നെയാണ് തെളിയിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

🔳ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനും എതിരേ രൂക്ഷ വിമര്‍ശനമെന്ന് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് തോല്‍വി, കൊടകര കുഴല്‍പ്പണ കേസ് എന്നീ വിഷയങ്ങളിലാണ് വിമര്‍ശനം ഉയര്‍ന്നത്. സംഘടനാ സെക്രട്ടറിയും അധ്യക്ഷനും കേന്ദ്ര മന്ത്രിയും ചേര്‍ന്ന് എടുക്കുന്ന തീരുമാനങ്ങളാണ് പാര്‍ട്ടിയില്‍ നടക്കുന്നതെന്ന് കൃഷ്ണദാസ് പക്ഷം വിമര്‍ശിച്ചു. പാര്‍ട്ടിയില്‍ സമഗ്രമായ അഴിച്ചുപണി വേണമെന്നും കോര്‍ കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു.  

🔳നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ തിരിച്ചടി നിരാശപ്പെടുത്തിയെന്ന് ബിജെപി ദേശീയ നേതൃത്വം. പരാജയം വിലയിരുത്താന്‍ പോലും ശ്രമിക്കാത്ത കേരള നേതാക്കളുടെ സമീപനത്തിലും നേതൃത്വത്തിന് അതൃപ്തി. ദില്ലിയില്‍ തുടരുന്ന ബിജെപി നേതൃയോഗത്തിന് ശേഷം പാര്‍ട്ടിയിലും കേന്ദ്ര മന്ത്രിസഭയിലും അഴിച്ചുപണിയുണ്ടാവുമെന്നാണ് സൂചന.

🔳ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ ഇനിയൊരു വിദഗ്ധസമിതിയുടെ ആവശ്യമില്ലെന്ന് മുസ്ലിം ലീഗ് നേതാക്കള്‍. ഇത് തീരുമാനം നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും നേതാക്കള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

🔳കേരളത്തില്‍ ഇന്നലെ 1,02,792 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.27. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 227 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9946 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 153 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,638 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 814 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,429 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,60,653 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍ 640, കോട്ടയം 499, ഇടുക്കി 489, കാസര്‍ഗോഡ് 423, പത്തനംതിട്ട 359, വയനാട് 198.

🔳സംസ്ഥാനത്ത് ഇന്നലെ 27 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 5 പ്രദേശങ്ങളെ ഇന്നലെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 891 ഹോട്ട് സ്‌പോട്ടുകള്‍.

🔳ലക്ഷദ്വീപില്‍നിന്ന് ദ്വീപുകാരല്ലാത്തവര്‍ മടങ്ങണമെന്ന ഉത്തരവിനെത്തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ കൂട്ടത്തോടെ മടങ്ങുന്നു. തൊഴില്‍ ആവശ്യങ്ങള്‍ക്ക് എത്തിയവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായതോടെയാണ് ആളുകള്‍ മടങ്ങിത്തുടങ്ങിയത്. അതേസമയം പ്രതിഷേധത്തെത്തുടര്‍ന്ന് കൂടുതല്‍ നടപടികളിലേക്ക് ഭരണകൂടം കടക്കില്ലെന്നതിന്റെ സൂചനയായി മത്സ്യഷെഡുകള്‍ ഉള്‍പ്പെടെയുള്ളവ പൊളിക്കുന്നത് നിര്‍ത്തിവെക്കാന്‍ പുതിയ നിര്‍ദേശമുണ്ട്. പ്രതിഷേധങ്ങളുടെ ഭാഗമായി ദ്വീപ് നിവാസികള്‍ ഒന്നടങ്കം ഇന്്‌നിരാഹാര സമരം നടത്തും. സേവ് ലക്ഷദ്വീപ് ഫോറമാണ് രാവിലെ ആറുമുതല്‍ 12 മണിക്കൂര്‍ നിരാഹാര സമരത്തിന് ആഹ്വാനം ചെയ്തത്.

🔳നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പശ്ചിമബംഗാളില്‍ അരങ്ങേറുന്ന അക്രമസംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍. സംസ്ഥാനത്തെ ക്രമസമാധാനനില അങ്ങേയറ്റം ഭയപ്പെടുത്തുന്നതാണെന്നും മനുഷ്യരാശിയെ ലജ്ജിപ്പിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറി എച്ച്.കെ.ദ്വിവേദിയെ ഗവര്‍ണര്‍ വിളിപ്പിച്ചു. സംസ്ഥാനത്തെ ക്രമസമാധാനനിലയെ കുറിച്ച് വിശദീകരണം നല്‍കാനും ക്രമസമാധാന നില പുനഃസ്ഥാപിക്കുന്നതിന് വേണ്ടി സ്വീകരിച്ച നടപടികളെ കുറിച്ച് വിശദീകരിക്കാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

🔳പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനെതിരേ ബന്ധുനിയമന ആരോപണം ഉന്നയിച്ച് തൃണമൂല്‍ എം.പി.മഹുവ മൊയ്ത്ര. ഗവര്‍ണറുടെ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലുളള ഉദ്യോഗസ്ഥരെല്ലാം ഏതെങ്കിലും തരത്തില്‍ അദ്ദേഹവുമായി ബന്ധമുളളവരോ, അദ്ദേഹത്തിന് അടുത്തറിയാവുന്നവരോ ആണെന്നാണ് മഹുവയുടെ ആരോപണം. ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പടെയുളള രേഖകളും മഹുവ ട്വീറ്റ് ചെയ്തിട്ടുണ്ട്.

🔳യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ തള്ളി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് രാധാ മോഹന്‍ സിങ് . ഉത്തര്‍പ്രദേശിന്റെ ചുമതല രാധാമോഹനാണ്. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാധാമോഹന്റെ പ്രസ്താവന.

🔳ആഭ്യന്തര വിമാനയാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയതായി സൂചന. ആഭ്യന്തര വിമാനയാത്ര നടത്തുന്നതിന് ആര്‍ടി പിസിആര്‍ പരിശോധനാ ഫലം വേണമെന്ന വ്യവസ്ഥയില്‍നിന്ന് രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവരെ ഒഴിവാക്കിയേക്കുമെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

🔳മലയാളിയായ ജയദേവന്‍ നായര്‍ക്ക് ഹോളിവുഡ് നോര്‍ത്ത് ഫിലിം പുരസ്‌കാരം. ഏറ്റവും മികച്ച സംഗീത സംവിധായകനു നല്കുന്ന 'ബെസ്റ്റ് ഒറിജിനല്‍ സ്‌കോര്‍' വിഭാഗത്തിലെ പുരസ്‌കാരമാണ് ജയദേവനു ലഭിച്ചത്. കനേഡിയന്‍ ചലച്ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അംഗീകൃത അക്കാദമിയാണ് ഹോളിവുഡ് നോര്‍ത്ത് ഫിലിം പുരസ്‌കാരം നല്കുന്നത്.

🔳അമേരിക്കയില്‍ ചികിത്സയ്ക്ക് പോകുന്നതിനാണ് ഇന്ത്യ വിട്ടതെന്നും താന്‍ നിയമം അനുസരിക്കുന്ന പൗരനാണെന്നും പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസിലെ പ്രതിയായ രത്‌നവ്യാപാരി മെഹുല്‍ ചോക്‌സി. ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറുന്ന വിഷയത്തില്‍ ഡൊമിനിക്ക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ചോക്‌സി ഈ അവകാശവാദം ഉന്നയിച്ചത്.

🔳രാജ്യത്ത് ഇന്നലെ 1,01,159 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1,73,831 പേര്‍ രോഗമുക്തി നേടി. മരണം 2,444. ഇതോടെ ആകെ മരണം 3,49,229 ആയി. ഇതുവരെ 2,89,09,604 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 13.98 ലക്ഷം കോവിഡ് രോഗികള്‍.

🔳തമിഴ്നാട്ടില്‍ ഇന്നലെ 20,421 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 12,557 പേര്‍ക്കും കര്‍ണാടകയില്‍ 12,209 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 8,976 പേര്‍ക്കും പശ്ചിമബംഗാളില്‍ 7,002 പേര്‍ക്കും ഒഡീഷയില്‍ 7,002 പേര്‍ക്കും ആസാമില്‍ 2,228 പേര്‍ക്കും ഡല്‍ഹിയില്‍ 381 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തില്‍ താഴെ മാത്രമാണ്.

🔳ആഗോളതലത്തില്‍ ഇന്നലെ 3,14,875 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 5,849 പേര്‍ക്കും ബ്രസീലില്‍ 39,637 പേര്‍ക്കും അര്‍ജന്റീനയില്‍ 16,415 പേര്‍ക്കും കൊളംബിയയില്‍ 24,050 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 17.40 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.29 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,881 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 161 പേരും ബ്രസീലില്‍ 775 പേരും കൊളംബിയയില്‍ 539 പേരും അര്‍ജന്റീനയില്‍ 347 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 37.42 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳മൂന്നിനും 17നുമിടെ പ്രായമുള്ള കുട്ടികളില്‍ കോവിഡ് 19 വാക്‌സിനായ കൊറോണവാകിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി ചൈന. ചൈനീസ് കമ്പനിയായ സിനോവാക് നിര്‍മിച്ച വാക്‌സിനാണ് കൊറോണവാക്. കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി വാക്‌സിന് ലഭിച്ചതായി സിനോവാക് ചെയര്‍മാനാണ് മാധ്യമങ്ങളെ അറിയിച്ചത്.

🔳തലച്ചോറിനെ ബാധിക്കുന്നതെന്ന് കരുതുന്ന അജ്ഞാത രോഗത്തിന്റെ ഭീതിയില്‍ കാനഡ. കാഴ്ച, കേള്‍വി പ്രശ്‌നങ്ങള്‍, സ്മൃതിനാശം, ശരീരത്തിന്റെ സംതുലനം നഷ്ടപ്പെടല്‍, നടക്കാന്‍ പ്രയാസം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. കാനഡയിലെ ന്യൂ ബ്രണ്‍സ്വിക് പ്രവിശ്യയിലാണ് ഈ അജ്ഞാത രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതുകൊണ്ടുതന്നെ ന്യൂ ബ്രണ്‍സ്വിക് സിന്‍ഡ്രോം എന്നാണ് രോഗത്തിന് പേരുനല്‍കിയിരിക്കുന്നത്. 48 പേര്‍ക്ക് ഇതിനകം രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആറ് പേര്‍ രോഗം ബാധിച്ച് മരിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

🔳ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയേക്കാള്‍ വിജയസാധ്യത ന്യൂസീലന്റിനാണെന്ന് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങ്. നിലവില്‍ ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് പരമ്പര കളിക്കുന്ന ന്യൂസീലന്റിന് ലോക ചാമ്പ്യന്‍ഷിപ്പ ഫൈനലില്‍ ആ പരിചയസമ്പത്ത് കരുത്തുപകരുമെന്നും അതിനാല്‍ നേരിയ സാധ്യത കെയ്ന്‍ വില്ല്യംസിനും സംഘത്തിനുമുണ്ടെന്നും യുവി പറയുന്നു.

🔳മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറി. നാലാം റൗണ്ടില്‍ ഒമ്പതാം സീഡ് മറ്റിയോ ബെരെറ്റിനിയുമായിട്ടുള്ള മത്സരത്തിന് മുമ്പാണ് ഫെഡറര്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുകയാണെന്ന് വ്യക്തമാക്കിയത്. കാല്‍മുട്ടിന് രണ്ട് ശസ്ത്രക്രിയ കഴിഞ്ഞതിനാലും ഒരു വര്‍ഷത്തെ വിശ്രമം ആവശ്യമായതിനാലുമാണ് പിന്‍വാങ്ങുന്നതെന്ന് ഫെഡറര്‍ ട്വീറ്റില്‍ പറയുന്നു.

🔳ജൂണ്‍ 30നകം എല്ലാ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളും പാന്‍ കാര്‍ഡുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്ന് നിര്‍ദേശം. പാന്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാതിരുന്നാല്‍ സേവനങ്ങള്‍ തടസപ്പെടുമെന്നാണ് മുന്നറിയിപ്പ്. എസ്ബിഐയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇത് സംബന്ധിച്ച നിര്‍ദേശം അറിയിച്ചിരിക്കുന്നത്. ആധാര്‍ നമ്പര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് എന്തുകൊണ്ടാണ് നിര്‍ബന്ധമാക്കിയതെന്ന് ഗ്രാഫിക്സിന്റെ സഹായത്തോടെ ട്വീറ്റില്‍ വിശദീകരിക്കുന്നുമുണ്ട്. ആധാറിനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ലിങ്കും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ചെയ്യാത്ത ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ നിര്‍ജീവമാക്കപ്പെടുമെന്നാണ് അറിയിച്ചിട്ടുള്ളത്.

🔳ടെക് ലോകത്തെ അതികായന്മാരായ ആപ്പിളും, ഗൂഗിളും, മൈക്രോസോഫ്റ്റും തമ്മില്‍ സഹകരിക്കുന്നു. ഇന്റര്‍നെറ്റ് ബ്രൌസിംഗില്‍ കാതലായ ഒരു മാറ്റത്തിന് വേണ്ടിയാണ് ഇവര്‍ ഒന്നിക്കുന്നത് എന്നാണ് സിനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗൂഗിള്‍ ക്രോം, ആപ്പിള്‍ സഫാരി, മൈക്രോസോഫ്റ്റ് എഡ്ജ്, മൊസില്ല ഫയര്‍ഫോക്സ് എന്നിവയിലെ സാങ്കേതിക വിദഗ്ധര്‍ ഒന്നായി പ്രവര്‍ത്തിക്കുക ഇപ്പോഴുള്ള ബ്രൌസര്‍ എക്സ്റ്റന്‍ഷനുകളുടെ നിലവാരം മെച്ചപ്പെടുത്തനാണ്. ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താന്‍ ഈ കമ്പനികള്‍ വേള്‍ഡ് വൈഡ് വെബ് കണ്‍സോഷ്യത്തില്‍ ഒന്നിക്കുകയാണെന്ന് പ്രസ്താവനയില്‍ അറിയിച്ചു.

🔳കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തില്‍ കാളിദാസ് ജയറാം നായകന്‍. റൈസ് ഈസ്റ്റ് ക്രീയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിട്ടില്ല. കാളി, വണക്കം ചെന്നൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കാളിദാസ് ജയറാം സുപ്രധാന വേഷം കൈകാര്യം ചെയ്യുന്ന തമിഴ് പ്രൊജക്റ്റായിരിക്കും ഇത്. കറുപ്പന്‍, വൃന്ദാവനം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താന്യ രവിചന്ദ്രന്‍ ആണ് ചിത്രത്തില്‍ നായിക. അതേസമയം, മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സന്തോഷ് ശിവന്‍ ഒരുക്കുന്ന ജാക്ക് ആന്‍ഡ് ജില്‍, തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന രജിനി എന്നീ ചിത്രങ്ങളാണ് കാളിദാസിന്റെതായി അണിയറിയില്‍ ഒരുങ്ങുന്നത്.

🔳ഏറ്റവും പുതിയ ശ്രദ്ധേയ മലയാള ചിത്രങ്ങളുടെ ടെലിവിഷന്‍ പ്രീമിയറുകള്‍ ഏഷ്യാനെറ്റില്‍ തുടരുന്നു. ദൃശ്യം 2, ഖൊ ഖൊ, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയായി അടുത്തതായി ഏഷ്യാനെറ്റില്‍ പ്രദര്‍ശനത്തിന് എത്തുന്നത് ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസിന്റെ സംവിധാന അരങ്ങേറ്റമായ 'ആര്‍ക്കറിയാം' ആണ്. ഈ മാസം 11ന് (വെള്ളിയാഴ്ച) വൈകിട്ട് 7നാണ് പ്രദര്‍ശനം. പാര്‍വ്വതി, ബിജു മേനോന്‍, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

🔳പുത്തന്‍ അവതരണങ്ങളിലൂടെ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കാനുള്ള ശ്രമത്തിലാണ് ഐഷര്‍ ഗ്രൂപ്പില്‍പെട്ട ഇരുചക്രവാഹന നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. വൈകാതെ കമ്പനിയുടെ പുത്തന്‍ മോഡലായ 2021 ക്ലാസിക് 350 അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. കടും ചുവപ്പും കാപ്പി കളറും സംഗമിക്കുന്ന ബര്‍ഗണ്ടി നിറമുള്ളതും വിഭജിച്ചതുമായ സീറ്റ് സഹിതമാവും ബൈക്കിന്റെ വരവെന്നാണ് ആദ്യ ചിത്രങ്ങള്‍ നല്‍കുന്ന സൂചന. പുത്തന്‍ അവതരണമായ മീറ്റിയൊര്‍ 350 മോട്ടോര്‍ സൈക്കിളിലെ ജെ പ്ലാറ്റ്ഫോം തന്നെയാണ് ക്ലാസിക് 350 ബൈക്കിനും അടിത്തറയാവുന്നത്.

🔳ഇതൊരു സുവിശേഷമാണ്. ഫുട്‌ബോളിന്റെ ദൈവപുത്രനായ മറഡോണയെക്കുറിച്ച് ബോബി ചെമ്മണ്ണൂര്‍ പറയുന്ന സുവിശേഷം. ഈ സുവിശേഷത്തിലൂടെ മറഡോണയുടെ ജീവിതകഥ ചുരുളഴിയുന്നു. നമ്മള്‍ കേട്ടതും കേള്‍ക്കാത്തതുമായ മറഡോണയുടെ ജീവിതത്തിലെ സന്തോഷഭരിതവും സംഘര്‍ഷഭരിതവുമായ മുഹൂര്‍ത്തങ്ങള്‍. 'ഡീഗോ അര്‍മാന്തോ മറഡോണ ബോബിയുടെ (ബോചെ) സുവിശേഷം അദ്ധ്യായം 1-11'. ഡിസി ബുക്സ്. വില 150 രൂപ.

🔳ശരീരത്തിന് തീര്‍ച്ചയായും ആവശ്യമായ ഒന്നാണ് കൊളസ്ട്രോള്‍. എന്നാല്‍ കൊളസ്ട്രോള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ക്ക് ഭയമാണ്. സത്യത്തില്‍ നമ്മുടെ ശരീരത്തിന്റെ ശത്രു ഒന്നുമല്ല ഇത്. ദഹനം, വൈറ്റമിന്‍ ഡി ഉല്‍പ്പാദനം തുടങ്ങി ശരീരത്തിനാവശ്യമായ പ്രധാന കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ഈ കൊളസ്ട്രോള്‍ ആവശ്യമാണ്. പക്ഷേ അളവില്‍ കൂടുതല്‍ എത്തിയാല്‍ അങ്ങേയറ്റം അപകടകാരിയാകുന്ന ഒന്നാണ് കൊളസ്ട്രോള്‍. ആഹാരശീലങ്ങളില്‍ ഒരല്‍പം മാറ്റം വരുത്തിയാല്‍ പിന്നെ കൊളസ്ട്രോള്‍ ഭയം തീരെ ആവശ്യമില്ല. ദിവസവും ഒന്നര കപ്പ് അഥവാ 50 ഗ്രാം ഓട്സ് ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ ചീത്ത കൊളസ്ട്രോളില്‍ 1224 ശതമാനം കുറവ് വരുമെന്ന് പഠനങ്ങള്‍ പറയുന്നു. ബീറ്റ ഗ്ലൂക്കന്‍ എന്ന ഫൈബര്‍ അടങ്ങിയതാണ് ഓട്സ്. ഇത് കൊളസ്ട്രോള്‍ കുറയ്ക്കും. എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബീന്‍സ്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെണ്ടയ്ക്കയും. കാലറി കുറവും. എന്നാല്‍ ഫൈബര്‍ ധാരാളം അടങ്ങിയതാണ് ഇത്. ആല്‍മണ്ട്, പീനട്ട്, വാള്‍നട്ട് അങ്ങനെ എല്ലാവിധത്തിലെ നട്സും കൊളസ്ട്രോള്‍ കുറയ്ക്കുന്നതാണ്. ഒപ്പം ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും. ഫൈബര്‍ , പ്രോട്ടീന്‍ എന്നിവ അടങ്ങിയതാണ് സോയബീന്‍. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറെ സഹായകം. സാല്‍മന്‍, മത്തി ,അയല പോലെയുള്ള മത്സ്യങ്ങള്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയതാണ്. ഇത് ഹൃദയത്തിനും ഏറെ ഗുണകരം. ചീരയും ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുന്ന ഭക്ഷണങ്ങളില്‍ മുന്നിലാണ്. കൊഴുപ്പ് കുറയ്ക്കാന്‍ ഇത്രയേറെ സഹായിക്കുന്ന മറ്റൊരു ഭക്ഷണം ഇല്ലെന്നു തന്നെ പറയാം. വൈറ്റമിന്‍ ബി, മഗ്നീഷ്യം, വൈറ്റമിന്‍ ഇ എന്നിവയുടെ കലവറയാണ് ചീര.

*ശുഭദിനം*
*കവിത കണ്ണന്‍*
ഏറ്റവും നന്നായി പ്രാര്‍ത്ഥിക്കുന്ന ആളെ കണ്ടെത്താന്‍ ദൈവദൂതന്‍ ഭൂമിയിലെത്തി. ഒരാള്‍ സ്വന്തം കാര്യം നേടാന്‍ പ്രാര്‍ത്ഥിക്കുന്നു. അന്യന്റെ നാശത്തിനുവേണ്ടിയായിരുന്നു മറ്റൊരാള്‍ പ്രാര്‍ത്ഥിച്ചത്. ചിലര്‍ക്ക് ഒരു ചടങ്ങ് മാത്രമായിരുന്നു പ്രാര്‍ത്ഥന. അപ്പോഴാണ് ഒരു കൊച്ചുകുട്ടിയുടെ പ്രാര്‍ത്ഥന ദൂതന്‍ കേട്ടത്. അക്ഷരമാല ഒരു പാട്ടിന്റെ ഈണത്തില്‍ ചൊല്ലിയശേഷം അവന്‍ പറഞ്ഞു: ദൈവമേ എനിക്ക് എഴുതാനോ വായിക്കാനോ അറിയില്ല. ഞാന്‍ ഇത് കേട്ട് പഠിച്ചതാണ്. ഇതില്‍ നിന്നും ഇഷ്ടമുളള അക്ഷരങ്ങള്‍ തിരഞ്ഞെടുത്ത് എന്റെ പ്രാര്‍ത്ഥനായായി അങ്ങ് സ്വീകരിക്കണേ... ഏററവും മികച്ച പ്രാര്‍ത്ഥനയായി ആ കുട്ടിയുടെ പ്രാര്‍ത്ഥന അയാള്‍ തിരഞ്ഞെടുത്തു. വാചകമല്ല, വിശുദ്ധിയാണ് പ്രാര്‍ത്ഥന. അധരങ്ങള്‍ പറയുന്നതല്ല, മനസ്സുപറയുന്നതാണ് യാഥാര്‍ത്ഥ അര്‍ച്ചന. ഉച്ചത്തിലുള്ള പ്രാര്‍ത്ഥനയും മൗനമായ പ്രാര്‍ത്ഥനയും ഈശ്വരസമക്ഷം ഒരേ സ്വീകാര്യതായായിരിക്കില്ലേ ഉണ്ടാവുക. പ്രാര്‍ത്ഥനയെകുറിച്ചുള്ള അറിവല്ല, മനോഭാവമാണ് പ്രധാനം. ഏതെങ്കിലും ഒരു നിമിഷത്തെ മനസ്സ് നൊന്ത ജല്പനങ്ങള്‍ പോലും ഈശ്വന്റെ മുന്നില്‍ പ്രാര്‍ത്ഥനയായി മാറാറുണ്ട്. ഉദ്ദേശശുദ്ധിയാണ് പ്രാര്‍ത്ഥനയുടെ മനോഭാവം. എന്തിനുവേണ്ടിയാണ് പ്രാര്‍ത്ഥിച്ചത് എന്ന് വിശകലനം ചെയ്താല്‍ നമുക്ക് പ്രാര്‍ത്ഥനയുടെ ലക്ഷ്യവും ഭാവവും വ്യക്തമാകും. പ്രാര്‍ത്ഥനകള്‍ നിര്‍മ്മലമാകട്ടെ - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only