25 ജൂൺ 2021

'കൊറോണ വൈറസിനൊരു കത്ത്‌' കത്തെഴുത്ത്‌ മൽസരം ശ്രദ്ദേയമാവുന്നു.
(VISION NEWS 25 ജൂൺ 2021)ഓമശ്ശേരി:പഞ്ചായത്ത്‌ ഭരണ സമിതി വായനാ ദിനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച കത്തെഴുത്ത്‌ മൽസരം ശ്രദ്ദേയമാവുന്നു.'കൊറോണ വൈറസിനൊരു കത്ത്‌'എന്നതാണ്‌ വിഷയം.അഞ്ച്‌ വിഭാഗങ്ങളിലായി ജൂൺ 19 ന്‌ ആരംഭിച്ച മൽസരത്തിന്‌ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്ന് മികച്ച പ്രതികരണമാണ്‌ ലഭിക്കുന്നത്‌.പൊതു ജനാഭ്യർത്ഥന മാനിച്ച്‌ കത്തുകൾ ലഭിക്കേണ്ട അവസാന തിയ്യതി ജൂൺ 30ലേക്ക്‌ നീട്ടിയതായി ഭരണ സമിതി ഭാരവാഹികൾ അറിയിച്ചു.

എൽ.പി,യു.പി വിദ്യാർത്ഥികൾക്ക്‌ പഞ്ചായത്തിലെ സ്കൂളുകൾ കേന്ദ്രീകരിച്ചാണ്‌ മൽസരം.ഹൈസ്കൂൾ,സെക്കണ്ടറി,18 വയസ്സിനു മുകളിലുള്ളവർ എന്നീ മൂന്ന് വിഭാഗങ്ങളിൽ പെടുന്നവർ എ ഫോറിൽ രണ്ട്‌ പുറത്തിൽ കവിയാത്ത എഴുത്തുകൾ വിഭാഗവും ഫോൺ നമ്പറും ഉൾപ്പടെ പൂർണ്ണ വിലാസമെഴുതി അതത്‌ വാർഡ്‌ മെമ്പർമാർക്ക്‌ കൈമാറണം.പ്രവാസികൾക്ക്‌ omasserygp1@gmail.com എന്ന ഈ മെയിൽ വിലാസത്തിൽ കത്തുകളയക്കാം.ഓമശ്ശേരി പഞ്ചായത്ത്‌ നിവാസികൾക്ക്‌ മാത്രമാണ്‌ പങ്കെടുക്കാൻ അവസരം.

അഞ്ച്‌ വിഭാഗങ്ങളിൽ നിന്നും ഒന്നാം സ്ഥാനം നേടുന്നവർക്ക്‌ ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡണ്ടുമാരായ പി.പി.സൈദ്‌ ഹാജി,പി.പി.മൊയ്തീൻ കുട്ടി മാസ്റ്റർ,വി.സി.അഗസ്റ്റിൻ(കുഞ്ഞേട്ടൻ),പി.പി.ആമിന ടീച്ചർ,മുൻ പഞ്ചായത്ത്‌ മെമ്പറും ഓമശ്ശേരിയുടെ പുരോഗതിയിൽ വലിയ പങ്ക്‌ വഹിക്കുകയും ചെയ്ത ഇ.കെ.ഉണ്ണി മോയി എന്നീ പ്രമുഖരുടെ നാമധേയത്തിലുള്ള അവാർഡുകളാണ്‌ നൽകുന്നത്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only