05 ജൂൺ 2021

വിദേശത്തെ ജോലി വീട്ടിലിരുന്ന് ചെയ്യാം; ലക്ഷ്യമിടുന്നത് തൊഴിൽ വിപ്ലവം
(VISION NEWS 05 ജൂൺ 2021)

കൊച്ചി: വീട്ടിലിരുന്ന് വിദേശരാജ്യങ്ങൾക്കുവേണ്ടി ജോലി ചെയ്യുന്നവർ ഭാവിയിൽ കേരളത്തിന്റെ തൊഴിൽമേഖലയിൽ അടയാളപ്പെടുത്താവുന്ന വലിയ മാറ്റങ്ങളിലൊന്നാണ്‌. കോവിഡ് സാഹചര്യം മുന്നോട്ടുവെച്ച വർക്ക്‌ ഫ്രം ഹോമിന്റെ ചുവടുപിടിച്ച് തൊഴിൽമേഖലയിൽ വിപ്ലവകരമായ മാറ്റമാണ് സംസ്ഥാനസർക്കാർ ലക്ഷ്യമിടുന്നത്.

അഭ്യസ്തവിദ്യർക്ക് തൊഴിൽ ലഭ്യമാക്കാൻ സർക്കാർ നടപ്പാക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം ശക്തമായ രീതിയിൽ മുന്നേറുകയാണെന്നാണ് ബജറ്റ് വ്യക്തമാക്കുന്നത്.

പുതുക്കിയ ബജറ്റിൽ ഈ പദ്ധതിക്ക്‌ വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. 20 ലക്ഷം പേർക്കെങ്കിലും അഞ്ചുവർഷം കൊണ്ട് തൊഴിൽ ലഭ്യമാക്കുകയാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഡിജിറ്റൽ വർക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം രൂപവത്കരിച്ചിരുന്നു. മേയ് വരെ ഇതിൽ ഇരുപത്തിയേഴായിരത്തിലേറെ പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

തൊഴിൽസ്ഥലത്തുനിന്ന് അകന്നിരുന്ന് ചെയ്യാവുന്നതായ ഒട്ടേറെ തൊഴിൽമേഖലകളുണ്ട്. ഇത്തരത്തിലുള്ള മേഖലകൾക്ക് ഊന്നൽനൽകിയാണ് പരിശീലനം ഉൾപ്പെടെയുള്ളവ ആസൂത്രണം ചെയ്തിരിക്കുന്നത്. ഐ.ടി., എച്ച്.ആർ., ബാങ്കിങ്, ഇൻഷുറൻസ്, അനിമേഷൻ, മെഡിക്കൽ കോഡിങ് എന്നിവയ്ക്കെല്ലാം പ്രത്യേകം പരിഗണന നൽകും.

ദേശീയതലത്തിൽ നടത്തിയ ഒരു സർവേപ്രകാരം ഇന്ത്യയിലെ പ്രൊഫഷണലുകളിൽ 27 ശതമാനം സ്ത്രീകളാണ്. ഇതിൽ 48 ശതമാനം പേർ അഞ്ചുവർഷംകൊണ്ട് ജോലിയുപേക്ഷിക്കുന്നതായും കണ്ടെത്തി. ഇത്തരത്തിൽ ജോലിയുപേക്ഷിക്കേണ്ടിവരുന്നവരെ പരിശീലനം നൽകി തൊഴിൽസജ്ജരാക്കാനാകും. ജോലി നഷ്ടപ്പെട്ടതുകൊണ്ടോ മറ്റു കാരണങ്ങൾകൊണ്ടോ കേരളത്തിൽ തിരിച്ചെത്തിയ പ്രൊഫഷണലുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

പദ്ധതിയിലൂടെ ജോലിക്ക്‌ അപേക്ഷിക്കുന്നവർക്ക് കരിയർ കൗൺസലിങ്ങും ആവശ്യമെങ്കിൽ തൊഴിൽ പരിശീലനവും നൽകും. അപേക്ഷിക്കുന്നവരുടെ പ്രൊഫൈലുകൾ വിലയിരുത്തുന്നതുൾപ്പെടെയുള്ള ചുമതലകൾ ഐ.സി.ടി. അക്കാദമിക്കാണ്. പ്രൊഫഷണൽ എച്ച്.ആർ. എജൻസികളെയും പ്ലെയ്‌സ്‌മെന്റ് ഓഫീസർമാരെയും തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങളും സർക്കാർ തുടങ്ങിയിട്ടുണ്ട്. കെ-ഡിസ്‌ക്കിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ് ഫോം വികസിപ്പിക്കുന്നതിൽ സംരംഭകരുടെ സഹായവും സർക്കാർ തേടിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only