18 ജൂൺ 2021

ദൃശ്യയെ ഒരുപാട് നേരം നോക്കി നിന്നു, പിന്നാലെ കുത്തിക്കൊന്നു: കൊലപാതകം വിവരിച്ച് വിനീഷ്
(VISION NEWS 18 ജൂൺ 2021)പ്രണയം നിരസിച്ചതിൻ്റെ പേരിൽ പെരിന്തൽമണ്ണയിൽ 21 വയസുകാരിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ വിനീഷിനെ സംഭവ സ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പ് തുടരുന്നു. വീട്ടിലെത്തിച്ചപ്പോൾ ദൃശ്യയുടെ വീടിന് സമീപം ആളുകൾ തടിച്ചു കൂടിയിരുന്നു. പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് ആളുകളെ ഒഴിപ്പിച്ച ശേഷമാണ് വിനീഷിനെ വീട്ടിലെത്തിച്ചത്.

കൊലപാതകം വിനീഷ് വിവരിച്ചു. ദൃശ്യയുടെ വീട്ടിലെ അടുക്കളയിൽ നിന്നും കത്തി കൈക്കലാക്കി മുകളിലത്തെ നിലയിൽ കയറി ദൃശ്യയെ കുറേ നേരം കാത്തിരുന്നു. എന്നാൽ ദൃശ്യ താഴത്തെ നിലയിലാണ് ഉണ്ടായിരുന്നത്. ഇതറിഞ്ഞ് ആളില്ലാത്ത സമയം നോക്കി താഴെയിറങ്ങി കുറേ നേരം ദൃശ്യയെ നോക്കി നിന്നുവെന്നും ആക്രമിക്കാൻ തയ്യാറെടുക്കുമ്പോഴാണ് അനിയത്തി ദേവശ്രീ മുറിയിലേക്ക് വന്നതെന്നും വിനീഷ് പൊലീസിനോട് വിശദീകരിച്ചു.

ദേവശ്രീയെ ആക്രമിച്ച ശേഷമാണ് ദൃശ്യയെ വിനീഷ് കുത്തിക്കൊന്ന് രക്ഷപ്പെട്ടത്. വീട്ടിൽ നിന്ന് പുറത്തിറങ്ങി രക്തക്കറ കഴുകി കളഞ്ഞു. പിന്നീട് പുറക് വശത്തുള്ള വയലിലൂടെ രക്ഷപ്പെടുകയായിരുന്നു. വിനീഷ് ഉപയോഗിച്ച മാസ്‌കും അച്ഛൻ ബാലചന്ദ്രൻ്റെ കട തീയിടാൻ ഉപയോഗിച്ച ലൈറ്ററും പൊലീസ് കണ്ടെത്തി. ദൃശ്യയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി ഇന്നലെ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only