09 ജൂൺ 2021

ബി.എഡ് വിദ്യാര്‍ത്ഥികളെ വച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ സര്‍ക്കാര്‍ നീക്കം
(VISION NEWS 09 ജൂൺ 2021)

തിരുവനന്തപുരം: നിയമന ഉത്തരവ് ലഭിച്ച ആയിരക്കണക്കിന് അധ്യാപകര്‍ പുറത്തു നില്‍ക്കെ ബിഎഡ് വിദ്യാര്‍ത്ഥികളെ വച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ സര്‍ക്കാര്‍ നീക്കം. കാസര്‍കോട്, പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരാണ് ഇതിനായി നിര്‍ദേശം നല്‍കിയത്.

കൈറ്റ് വിക്ടേഴ്സ് വഴിയുള്ള സംപ്രേഷണത്തിന് പുറമെ കുട്ടികളുമായി നേരിട്ട് സംവദിക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ സ്‌കൂള്‍ തലത്തില്‍ തുടങ്ങുമെന്നത് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ ഇതിനാവശ്യമായ അധ്യാപകരെ കണ്ടെത്താനാകാതെ വിദ്യാഭ്യാസ വകുപ്പ് നട്ടം തിരിയുകയാണ്. അതത് ഡി.ഡി.ഇമാര്‍ യോഗം ചേര്‍ന്ന് പരിഹാര മാര്‍ഗം കണ്ടെത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

ഇതനുസരിച്ച് അധ്യാപക പരിശീലന കോഴ്സായ ബിഎഡ് ബിരുദം പൂര്‍ത്തിയാക്കിയവരേയും അവസാന വര്‍ഷക്കാരേയും കൊണ്ട് ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. കാസര്‍കോട്, പാലക്കാട് ഡി.ഡി.ഇമാര്‍ ഇതിനായി നടപടികള്‍ തുടങ്ങി.

പി.എസ്.സി. വഴി നിയമന ഉത്തരവ് ലഭിച്ച ആയിരങ്ങള്‍ കാത്തു നില്‍ക്കുമ്പോഴാണ് യോഗ്യത ഇല്ലാത്തവരെ അധ്യാപകരാക്കാനുള്ള നീക്കം. യോഗ്യത ഇല്ലാത്തവര്‍ ക്ലാസുകള്‍ എടുത്താല്‍ അത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന ആശങ്ക അധ്യാപകര്‍ തന്നെ പങ്കുവയ്ക്കുന്നു. അധ്യാപകരുടെ കടുത്ത ക്ഷാമമുണ്ടെന്ന് സമ്മതിക്കുമ്പോഴും സ്‌കൂള്‍ തുറന്നിട്ട് മതി നിയമനം എന്ന നിലപാടാണ് സര്‍ക്കാറിന്.

നിയമന ശുപാര്‍ശയും നിയമന ഉത്തരവും ലഭിച്ച 6000 ത്തില്‍ പരം ഉദ്യോഗാര്‍ഥികളാണ് നിയമനം കാത്തിരിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാത്രം 8000 ലധികം അധ്യാപക തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. എയ്ഡഡ് മേഖലയിലുമുണ്ട് ഇതിനോടടുത്ത ഒഴിവുകള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only