27 ജൂൺ 2021

പ്രഭാത വാർത്തകൾ
(VISION NEWS 27 ജൂൺ 2021)🔳വാക്സീന്‍ വിതരണത്തില്‍ സംതൃപ്തി അറിയിച്ച് പ്രധാമന്ത്രി നരേന്ദ്ര മോദി. ഈയാഴ്ചയിലുണ്ടായ പുരോഗതിയില്‍ സംതൃപ്തി പ്രകടിപ്പിച്ച പ്രധാനമന്ത്രി വരുംദിനങ്ങളിലും ഇത് നിലനിര്‍ത്തണമെന്ന് പറഞ്ഞു. ആറുദിവസത്തിനിടെ 3.77 കോടി ഡോസ് വാക്സീനാണ് നല്‍കിയത് . കൊവിഡ് പരിശോധനയില്‍ കുറവ് വരുത്തരുതെന്നും പ്രധാമന്ത്രി പറഞ്ഞു. കൊവിഡ് വൈറസ് രോഗബാധയുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിലാണ് പ്രധാനമന്ത്രി നിര്‍ദ്ദേശങ്ങള്‍ തന്നത്.

🔳ഇന്ത്യന്‍ പാരമ്പര്യത്തിന്റെ മഹത്വവും വികസനപരിവര്‍ത്തനങ്ങളുടെ മികവുമായിരിക്കണം അയോധ്യയില്‍ പ്രതിഫലിപ്പിക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യ ക്ഷേത്രനഗരിയിലെ വികസന പദ്ധതികളുടെ അവലോകനവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായി നടത്തിയ വെര്‍ച്വല്‍ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യ ഇന്ത്യക്കാരുടെ സാംസ്‌കാരിക ബോധത്തില്‍ കൊത്തിവെയ്ക്കപ്പെട്ട നഗരമാണെന്നും അയോധ്യ ഓരോ ഇന്ത്യക്കാരന്റെയും നഗരമായിരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.🔳കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകസംഘടനകളുടെ രാജ്ഭവന്‍ മാര്‍ച്ചില്‍ പലയിടത്തും സംഘര്‍ഷം. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ രാജ്ഭവനുകളിലേക്ക് കര്‍ഷകര്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കര്‍ണാടകത്തിലും, ദില്ലിയിലും നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ഷകസമരം ഏഴ് മാസം പിന്നിട്ട സാഹചര്യത്തിലായിരുന്നു കിസാന്‍മോര്‍ച്ചയുടെ രാജ്ഭവന്‍ മാര്‍ച്ച്.

🔳സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഡ് വാക്‌സിനായ കോവോവാക്സിന്റെ കുട്ടികളിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നു. കോവോവാക്സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ രണ്ട് മുതല്‍ 17 വരെ പ്രായപരിധിയുള്ള 920 കുട്ടികളില്‍ ജൂലൈ മാസത്തില്‍ ആരംഭിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദര്‍ പുനാവാല പറഞ്ഞു.

🔳അഭിഭാഷകര്‍ ഉള്‍പ്പെടെ കോടതികളുമായി ബന്ധപ്പെട്ട എല്ലാവരെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിര പോരാളികളായി പ്രഖ്യാപിക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന് അയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുമായി നടത്തിയ ആശയവിനിമയത്തിന് ശേഷമാണ് കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യമുള്ള വിഷയങ്ങളില്‍ ചീഫ് ജസ്റ്റിസ് രമണ കത്ത് നല്‍കിയത്.


🔳സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടെന്ന് തീരുമാനം. നിലവിലെ നിയന്ത്രണങ്ങള്‍ അതേപടി തുടരും. ക്രൈസ്തവ ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളില്‍ ഞായറാഴ്ച പ്രാര്‍ഥന നടത്താന്‍ അനുമതിയുണ്ട്. ഒരേസമയം 15 പേര്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശിക്കാം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനാലാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാത്തത്.

🔳കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇനിമുതല്‍ പാസ്‌പോര്‍ട്ടുമായി ബന്ധിപ്പിക്കാം. കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് വാക്‌സിനേഷന്‍ പോര്‍ട്ടലായ കോവിന്‍ വഴിയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയത്. ഇതോടെ വിദേശത്തേക്ക് യാത്ര തിരിക്കുന്നവര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പറും ചേര്‍ക്കാന്‍ സാധിക്കും.

🔳സംസ്ഥാനങ്ങള്‍ തയ്യാറാക്കുന്ന പാഠ്യപദ്ധതിയില്‍ വെട്ടാനും തിരുത്താനും കൂട്ടിച്ചേര്‍ക്കാനും അവസരമൊരുക്കുന്ന നടപടിയുമായ് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങളോട് പാഠ്യപദ്ധതിയെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ എന്‍.സി.ഇ.ആര്‍.ടി. ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ആവശ്യപ്പെടുന്നത് ആദ്യമായിട്ടാണ്. സാധാരണ കേന്ദ്രം തയ്യാറാക്കി നല്‍കുന്ന പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പാഠ്യപദ്ധതി തയ്യാറാക്കുകയാണ് ചെയ്തിരുന്നത്. ഇനിമുതല്‍ അതിലെ ഭാഗങ്ങള്‍ ഒഴിവാക്കാനും പുതിയത് ഉള്‍പ്പെടുത്താനും കേന്ദ്രത്തിന് അധികാരമുണ്ടാവും. അതിനുശേഷം കേന്ദ്രംനല്‍കുന്ന ചട്ടക്കൂടില്‍നിന്ന് കാര്യമായ മാറ്റം ഇനി സംസ്ഥാനങ്ങള്‍ക്ക് വരുത്താനാവില്ല എന്നാണ് വിലയിരുത്തുന്നത്.


🔳സംസ്ഥാനത്തിന് 2,65,160 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ആകെ 1,34,79,057 പേരാണ് വാക്സിന്‍ സ്വീകരിച്ചത്.

🔳സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ പോലീസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. കുറ്റവാളികള്‍ക്കെതിരേ ശിക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

🔳കണ്ണൂര്‍ ചെമ്പിലോട് നോര്‍ത്ത് മേഖലാ സെക്രട്ടറി സി സജേഷിനെ ഡിവൈഎഫ്‌ഐയില്‍ നിന്ന് പുറത്താക്കി. സംഘടനയ്ക്ക് നിരക്കാത്ത പ്രവര്‍ത്തനത്തിന്റെ പേരിലാണ് നടപടി. ക്വട്ടേഷന്‍ സംഘാംഗവും സ്വര്‍ണ്ണക്കള്ളക്കടത്ത് സൂത്രധാരനുമായ അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമ സജേഷാണെന്ന് നേരത്തെ കണ്ടെത്തിരുന്നു. അധികം വൈകാതെ സജേഷിനെതിരേ സിപിഎമ്മും നടപടി സ്വീകരിച്ചേക്കും.

🔳കാലവര്‍ഷത്തില്‍ ഇതുവരെ പെയ്തത് ശരാശരി കിട്ടേണ്ട മഴയേക്കാള്‍ 29 ശതമാനം കുറവ്. തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കനുസരിച്ച് കേരളത്തില്‍ ജൂണ്‍ ഒന്നുമുതല്‍ 26 വരെ പെയ്തത് 388.5 മില്ലി മീറ്റര്‍ മഴ. ഇക്കാലയളവില്‍ സാധാരണ കിട്ടേണ്ടിയിരുന്നത് 549.9 മില്ലി മീറ്റര്‍ മഴയാണ്. എന്നാല്‍ നാളെ മുതല്‍ കൂടുതല്‍ മഴ ലഭിച്ചേക്കുമെന്നും പ്രവചനം.

🔳കേരളത്തില്‍ ഇന്നലെ 1,13,629 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,817 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,394 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 599 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,124 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,01,102 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311, കൊല്ലം 1132, കോഴിക്കോട് 1054, പാലക്കാട് 921, ആലപ്പുഴ 770, കാസര്‍ഗോഡ് 577, കോട്ടയം 550, കണ്ണൂര്‍ 535, ഇടുക്കി 418, പത്തനംതിട്ട 345, വയനാട് 230.

🔳കല്ലറ പാങ്ങോട് മദ്യലഹരിയിലായ മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞ രണ്ടാനച്ഛന്‍ മരിച്ചു. ചന്തക്കുന്ന് നാല് സെന്റ് കോളനി സ്വദേശി ലിജുവാണ് മരിച്ചത്. തലയ്ക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതി ഷൈജുവിനെ പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തു.

🔳തനിക്കെതിരായ നിയമ നടപടികള്‍ അജണ്ടയുടെ ഭാഗമെന്ന് ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താന. ലക്ഷദ്വീപില്‍ നിന്ന് തിരിച്ചെത്തിയ ശേഷം വിമാനത്താവളത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആയിഷ. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടും ഫോണ്‍ പിടിച്ചെടുത്തതെന്തിനെന്ന് അറിയില്ല. താന്‍ ദ്വീപില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നത് നുണക്കഥയാണെന്നും അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും അവര്‍ അറിയിച്ചു.

🔳മനേക ഗാന്ധി എം.പി.തന്റെ പാര്‍ട്ടിയില്‍ നിന്നുളള വ്യക്തിയാണെന്നതില്‍ താന്‍ ലജ്ജിക്കുന്നുവെന്ന് ബി.ജെ.പി. എം.എല്‍.എ. അജയ് വിഷ്‌ണോയി. മൃഗഡോക്ടറെ ഭീഷണിപ്പെടുത്തുകയും ശാസിക്കുകയും ചെയ്യുന്ന മനേകാ ഗാന്ധിയുടെ ഫോണ്‍കോളിന്റെ ശബ്ദരേഖ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് എം.എല്‍.എയുടെ അഭിപ്രായപ്രകടനം.

🔳കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് ഡല്‍ഹി സര്‍ക്കാര്‍ ഓക്‌സിജന്‍ ആവശ്യം പെരുപ്പിച്ചുകാട്ടിയെന്ന കേന്ദ്ര വാദത്തോട് പ്രതികരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഓക്‌സിജന്റെ പേരിലുളള പോര് കഴിഞ്ഞെങ്കില്‍ മൂന്നാംതരംഗത്തില്‍ ആര്‍ക്കും ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ പ്രവര്‍ത്തിക്കാമെന്നാണ് കെജ്‌രിവാള്‍ നല്‍കുന്ന മുന്നറിയിപ്പ്. ട്വിറ്ററിലൂടെയാണ് കെജ്രിവാളിന്റെ പ്രതികരണം.

🔳രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗതാഗതനിയന്ത്രണത്തില്‍ കുരുങ്ങി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന സ്ത്രീ മരിച്ച സംഭവത്തില്‍ മാപ്പുപറഞ്ഞ് ഉത്തര്‍പ്രദേശ് പോലീസ്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് കഴിഞ്ഞ ദിവസം രാത്രി കാണ്‍പൂരിലെത്തിയിരുന്നു.

🔳വ്യാജ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ മിമി ചക്രബര്‍ത്തിക്ക് ശാരീരികാസ്വാസ്ഥ്യം. പെട്ടെന്ന് രക്തസമ്മര്‍ദം കുറഞ്ഞ മിമി ചക്രബര്‍ത്തിക്ക് വയറുവേദന, നിര്‍ജലീകരണം തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടുവെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ മിമി ചക്രബര്‍ത്തിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അടുത്ത കുടുംബാംഗങ്ങള്‍ പറഞ്ഞു.

🔳ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം നല്‍കിയ ആത്മവിശ്വാസത്തില്‍ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം. 100 സീറ്റുകളിലാണ് എ.ഐ.എം.ഐ.എം.മത്സരിക്കുന്നത്. ഒവൈസി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. 'ഉത്തര്‍പ്രദേശ് ഞങ്ങള്‍ വരികയാണ്' എന്നാണ് ഒവൈസി ട്വിറ്ററില്‍ കുറിച്ചത്.

🔳ഉത്തര്‍പ്രദേശില്‍ മൂന്നാം വിവാഹത്തിനൊരുങ്ങിയ പുരോഹിതന്റെ ജനനേന്ദ്രിയം രണ്ടാം ഭാര്യ വെട്ടിമാറ്റി. ആക്രണത്തില്‍ മാരകമായി പരിക്കേറ്റ പുരോഹിതന്‍ രക്തം വാര്‍ന്ന് മരിച്ചു. സംഭവത്തില്‍ രണ്ടാം ഭാര്യയ്ക്കെതിരേ പോലീസ് കേസെടുത്തു. മുസാഫര്‍ നഗറിലെ ശിഖര്‍പുര്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. പുരോഹിതനായ മൗലവി വഖില്‍ അഹമ്മദാണ്(57) രണ്ടാം ഭാര്യയായ ഹസ്രയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

🔳രാജ്യത്ത് ഇന്നലെ 49,701 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 57,481 പേര്‍ രോഗമുക്തി നേടി. മരണം 1,255. ഇതോടെ ആകെ മരണം 3,95,780 ആയി. ഇതുവരെ 3,02,32,320 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 5.81 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 9,812 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 5,415 പേര്‍ക്കും കര്‍ണാടകയില്‍ 4,272 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 4,147 പേര്‍ക്കും പശ്ചിമബംഗാളില്‍ 1,894 പേര്‍ക്കും ഒഡീഷയില്‍ 3,554 പേര്‍ക്കും ആസാമില്‍ 2,640 പേര്‍ക്കും തെലുങ്കാനയില്‍ 1,028 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 3,55,561 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 4,936 പേര്‍ക്കും ബ്രസീലില്‍ 64,134 പേര്‍ക്കും കൊളംബിയയില്‍ 33,594 പേര്‍ക്കും അര്‍ജന്റീനയില്‍ 18,555 പേര്‍ക്കും റഷ്യയില്‍ 21,665 പേര്‍ക്കും സൗത്ത ആഫ്രിക്കയില്‍ 17,956 പേര്‍ക്കും ഇംഗ്ലണ്ടില്‍ 18,270 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 21,095 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 18.15 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.15 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,054 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 143 പേരും ബ്രസീലില്‍ 1,463 പേരും അര്‍ജന്റീനയില്‍ 338 പേരും കൊളംബിയയില്‍ 693 പേരും റഷ്യയില്‍ 619 പേരും ഇന്‍ഡോനേഷ്യയില്‍ 358 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ മൊത്തം 39.32 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳ഇന്ത്യയുടെ ഹോക്കി ടീം ഗോള്‍കീപ്പറും മലയാളി താരവുമായ പി.ആര്‍. ശ്രീജേഷിനെ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്ത് ഹോക്കി ഇന്ത്യ. ശ്രീജേഷിനൊപ്പം മുന്‍ ഇന്ത്യ വനിതാതാരം ദീപികയുടെ പേരും ഹോക്കി ഇന്ത്യ നിര്‍ദേശിച്ചിട്ടുണ്ട്. 2015-ല്‍ അര്‍ജുന പുരസ്‌കാരം നേടിയ ശ്രീജേഷിന് 2017-ല്‍ രാജ്യം പദ്മശ്രീ പുരസ്‌കാരവും സമ്മാനിച്ചു.

🔳ഇന്ത്യയുടെ മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് ചരിത്രനേട്ടം. ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരം എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ ഇനത്തിലാണ് സജന്‍ മത്സരിക്കുക. 27 കാരനായ സജന്‍ റോമില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെത്തിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്.

🔳60-ാമത് ദേശീയ ഇന്റര്‍ സ്റ്റേറ്റ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ അണ്ടര്‍ 20 വിഭാഗം ലോങ് ജമ്പില്‍ രണ്ട് ദേശീയ റെക്കോഡുകള്‍ തിരുത്തി ഉത്തര്‍ പ്രദേശിന്റെ ഷൈലി സിങ്. ആദ്യ ശ്രമത്തില്‍ 6.19 മീറ്റര്‍ ചാടിയ ഷൈലി 20 വര്‍ഷം പഴക്കമുള്ള യൂത്ത് ദേശീയ റെക്കോഡ് തിരുത്തി. 6.10 മീറ്ററായിരുന്നു റെക്കോഡ്. തുടര്‍ന്ന് മൂന്നാമത്തെ ശ്രമത്തില്‍ 6.48 മീറ്റര്‍ ചാടിയ ഷൈലി അണ്ടര്‍ 20 ദേശീയ റെക്കോഡും മറികടന്നു. 6.30 ആയിരുന്നു നേരത്തെയുണ്ടായിരുന്ന റെക്കോഡ്.

🔳യൂറോകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ ടീം എന്ന നേട്ടം സ്വന്തമാക്കി ഡെന്മാര്‍ക്ക്. പ്രീ ക്വാര്‍ട്ടറില്‍ കരുത്തരായ വെയ്ല്‍സിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഡെന്മാര്‍ക്ക് അവസാന എട്ടില്‍ എത്തിയത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയാണ് ഡെന്മാര്‍ക്ക് കഴിഞ്ഞ യൂറോകപ്പിലെ സെമി ഫൈനലിസ്റ്റുകളായ വെയ്ല്‍സിനെ മടക്കിയയച്ചത്.

🔳എക്‌സ്ട്രാ ടൈം വരെ നീണ്ട ആവേശം നിറഞ്ഞ മത്സരത്തില്‍ ഓസ്ട്രിയയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഇറ്റലി യൂറോ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചതോടെയാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്.

🔳കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ നികുതി കഴിഞ്ഞ് 377 കോടി രൂപയുടെ ലാഭം നേടിയ അശോക് ലെയ്‌ലന്‍ഡിന്റെ ഓഹരികള്‍ക്ക് വിപണിയില്‍ വലിയ മുന്നേറ്റം. ഒന്‍പതര ശതമാനത്തോളമാണ് ഓഹരി വില ഉയര്‍ന്നത്. ബോംബെ സ്റ്റോക് എക്സ്ചേഞ്ചില്‍ 129.35 രൂപയ്ക്കും (9.43% വര്‍ധന), എന്‍എസ്ഇയില്‍ 129.50 രൂപയ്ക്കും ആയിരുന്നു (9.56 %) ക്ലോസിങ്. ഹിന്ദുജ ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള വാണിജ്യ വാഹന നിര്‍മാതാക്കളുടെ 2019-20 സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തിലെ ലാഭം 58 കോടി രൂപ മാത്രമായിരുന്നു.

🔳ടാറ്റ ഗ്രൂപ്പ് സ്ഥാപനമായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ടാജ് ബ്രാന്‍ഡ് ലോകത്തെ ഏറ്റവും ശക്തമായ ഹോട്ടല്‍ ബ്രാന്‍ഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ആഗോള ബ്രാന്‍ഡ് മൂല്യനിര്‍ണയ കണ്‍സല്‍റ്റന്‍സി സ്ഥാപനമായ ബ്രാന്‍ഡ് ഫിനാന്‍സിന്റെ 'ഹോട്ടല്‍സ് 50 - 2021' റിപ്പോര്‍ട്ടിലാണ് ടാജിന് അംഗീകാരം ലഭിച്ചത്. മറ്റു നേട്ടങ്ങള്‍ക്കു പുറമേ, കോവിഡ് മഹാമാരി മൂലമുള്ള പ്രതിസന്ധികളെ ശക്തമായി നേരിട്ടതു കൂടി പരിഗണിച്ചാണ് ബഹുമതി. 2016നു ശേഷം ആദ്യമായാണ് ഹോട്ടല്‍ ഗ്രൂപ്പുകളുടെ ലോക റാങ്കിങ്ങില്‍ ടാജിന് ഇടം ലഭിക്കുന്നത്.

🔳പിറന്നാള്‍ ദിനത്തില്‍ 'പാപ്പാന്‍' ചിത്രത്തിന്റെ സ്റ്റില്‍ പങ്കുവെച്ച് സുരേഷ് ഗോപി. 'പാപ്പാന്റെ ലോകത്തിലേക്ക് ഒരു നോട്ടം' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷുമാണ് ചിത്രത്തിലുള്ളത്. ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പാന്‍. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് കെയര്‍ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആര്‍ജെ ഷാനാണ്.

🔳തമിഴകത്ത് വേറിട്ട കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധേയനായ നടനാണ് ധനുഷ്. പുതിയ സിനിമയ്ക്ക് ധനുഷിന് ലഭിക്കുന്ന ചിത്രത്തിന്റെ പ്രതിഫലത്തെ കുറിച്ചാണ് ഇപോഴത്തെ ചര്‍ച്ച. ശേഖര്‍ കമ്മുലയുടെ സിനിമയിലാണ് ധനുഷ് നായകനാകുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം എത്തുന്നത്. ധനുഷിന്റെ മികച്ച കഥാപാത്രമായിരിക്കും ചിത്രത്തിലേത്. സിനിമയ്ക്ക് 50 കോടി രൂപയാണ് ധനുഷിന് പ്രതിഫലമായി ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

🔳ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ ആദ്യത്തെ ഇലക്ട്രോണിക് വാഹനമാണ് ഇ ട്രോണ്‍. രണ്ട് വര്‍ഷം മുമ്പ് വിപണിയിലെത്തിയ ഈ വാഹനത്തിന്റെ ഇന്ത്യന്‍ ലോഞ്ച് ജൂലൈ 22ന് നടക്കും. ചില ഔഡി ഡീലര്‍ഷിപ്പുകള്‍ അനൗദ്യോഗികമായി ബുക്കിംഗ് ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അഞ്ച് പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന സീറ്റിംഗ് കപ്പാസിറ്റിയും 660 ലിറ്റര്‍ ലഗ്ഗേജ് കപ്പാസിറ്റിയും കമ്പനി നല്‍കിയിട്ടുണ്ട്.

🔳കാലത്തെ അതിജീവിക്കുന്ന വ്യക്തിത്വങ്ങള്‍ ഏതൊരു കാലഘട്ടത്തിന്റെയും നിയോഗമാണ്. ആ നിയോഗം ഒരിക്കലും മരിക്കാത്ത ജന്മപൈതൃകങ്ങളായി നിലകൊള്ളുന്നു. 'സാഹിതീരത്നങ്ങള്‍'. കെ.ജി അജിത്കുമാര്‍. സൈന്ധവ ബുക്സ്. വില 100 രൂപ.

🔳കൊവിഡ് രണ്ടാം തരംഗം പോലെ രൂക്ഷമാകുമോ മൂന്നാം തരംഗവും എന്നാണ് മിക്കവരുടെയും ആശങ്ക. എന്നാല്‍ ഇതിന് സാധ്യതകള്‍ കുറവാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിലയിരുത്തലുകള്‍. അതായത്, കൊവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തോളം രൂക്ഷമാകാനുള്ള സാധ്യതകളില്ലെന്നാണ് നിലവില്‍ ഉള്ള പ്രതീക്ഷ. മൂന്നാം തരംഗമാകുമ്പോഴേക്ക് രാജ്യത്ത് വാക്‌സിനേഷന്‍ ലഭിച്ചവരുടെ എണ്ണവും, ഇതുവരെ രോഗം ബാധിച്ച് അതിലൂടെ പ്രതിരോധശേഷി അല്‍പമെങ്കിലും ആര്‍ജ്ജിച്ചെടുത്തവരുടെ എണ്ണവുമെല്ലാം കൂടുതലായിരിക്കും. അപ്പോള്‍ അതിനനുസരിച്ച് വൈറസില്‍ മാറ്റങ്ങള്‍ വരികയും അത്രമാത്രം അപകടകരമായ രീതിയില്‍ രോഗവ്യാപനം വര്‍ധിപ്പിക്കുന്ന അളവിലേക്ക് അവ പെട്ടെന്ന് തന്നെ എത്തുകയും ചെയ്താല്‍ മാത്രമേ രണ്ടാം തരംഗത്തെക്കാള്‍ രൂക്ഷമാകാന്‍ മൂന്നാം തരംഗത്തിന് സാധിക്കൂ എന്നാണ് വിലയിരുത്തല്‍. നിലവില്‍ കൊവിഡ് കേസുകളില്‍ വ്യാപക വര്‍ധനവുണ്ടാവുകയോ, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുകയോ ചെയ്യുന്നില്ല. അതായത് ഇപ്പോള്‍ രാജ്യത്ത് കൊവിഡ് പടര്‍ത്തിക്കൊണ്ടിരിക്കുന്ന വൈറസ് വകഭേദം നിലവില്‍ വലിയ ഭീഷണി അല്ലാതായി മാറിവരുന്നു എന്ന് സാരം. രണ്ടാമതായി ഇതിനോടകം തന്നെ വലിയൊരു വിഭാഗത്തിനും കൊവിഡ് വന്നുപോയി. അതായത് അത്രയും പേരില്‍ ഒരു പരിധി വരെയുള്ള പ്രതിരോധശേഷിയുണ്ട്. ഇക്കൂട്ടത്തില്‍ വാക്‌സിനും ചെറുതല്ലാത്ത പങ്ക് വഹിക്കുന്നു. ഇക്കാര്യങ്ങളെല്ലാം മുന്‍നിര്‍ത്തി നോക്കുമ്പോള്‍ മൂന്നാം തരംഗം അത്രമാത്രം മോശമാകില്ലെന്നാണ് കണക്കുകൂട്ടല്‍.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only