18 ജൂൺ 2021

പ്രഭാത വാർത്തകൾ
(VISION NEWS 18 ജൂൺ 2021)🔳കുട്ടികളില്‍ ഉയര്‍ന്ന സീറോ പോസിറ്റിവിറ്റി കണ്ടെത്തിയതായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെയും ലോകാരോഗ്യസംഘടനയുടെയും പഠനം. കോവിഡിന്റെ മൂന്നാംതരംഗം മറ്റ് വിഭാഗങ്ങളെക്കാള്‍ കുട്ടികളെ ബാധിച്ചേക്കുമെന്ന ആശങ്കയെ ലഘൂകരിക്കുന്നതാണ് പഠനത്തിലെ പ്രാഥമിക കണ്ടെത്തലുകള്‍. വൈറസുകളോട് സ്വാഭാവിക പ്രതിരോധം സൃഷ്ടിക്കാനുള്ള ശരീരത്തിന്റെ ശേഷിയെ ആണ് സീറോ പോസിറ്റിവിറ്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

🔳മധ്യപ്രദേശില്‍ പരിശോധിച്ച സാമ്പിളുകളില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഭോപ്പാലില്‍ രോഗം സ്ഥിരീകരിച്ച ഒരാളില്‍ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ റിപ്പോര്‍ട്ടില്‍ പറയുന്നുവെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. അന്വേഷണം ആരംഭിച്ചതായും അണുബാധ വ്യാപനം കുറയ്ക്കുന്നതിനായി കോണ്‍ടാക്റ്റ് ട്രേസിങ് നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

🔳രാജ്യത്ത് കോവിഡ് വാക്‌സിന്റെ ആദ്യഡോസ് വിതരണം ചെയ്തിന്റെ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ഗോവ. വടക്കുകിഴക്കന്‍ സംസ്ഥാനമായ സിക്കിമാണ് രണ്ടാം സ്ഥാനത്ത്. കേരളം അഞ്ചാം സ്ഥാനത്താണ്. ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണത്തില്‍ ഏറ്റവും പിന്നില്‍ ഉത്തര്‍ പ്രദേശാണ്.

🔳കുട്ടികളില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍- നൊവാവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിക്കാനൊരുങ്ങി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ജൂലൈ മാസത്തോടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചേക്കുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ കുട്ടികളില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്ന നാലാമത്തെ വാക്‌സിനാണ് നൊവാവാക്‌സ്.

🔳ട്വിറ്ററിന് ഇന്ത്യയില്‍ നിയമപരിരക്ഷ നഷ്ടമായതില്‍ പ്രതികരണവുമായി കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. ഏത് കമ്പനിയാണെങ്കിലും ഇന്ത്യയില്‍ ബിസിനസ്സ് നടത്തണമെങ്കില്‍ അവര്‍ രാജ്യത്തിന്റെ ഭരണഘടനയും നിയമങ്ങളും അനുസരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാപിറ്റോള്‍ ഹില്ലില്‍ ഗുണ്ടാസംഘങ്ങള്‍ കൈയേറ്റം നടത്തിയപ്പോള്‍ യുഎസ് പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തുവെന്നും ഇന്ത്യയിലെ കര്‍ഷക സമരത്തിനിടെ തീവ്രവാദ അനുകൂലികള്‍ ചെങ്കോട്ട ആക്രമിച്ചപ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യമെന്നാണ് ട്വിറ്റര്‍ അതിനെ വിശേഷിപ്പിച്ചതെന്നും രവിശങ്കര്‍പ്രസാദ് പറഞ്ഞു.

🔳ഗാസിയാബാദില്‍ വയോധികന് മര്‍ദ്ദനമേറ്റ സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചതിന്റെ പേരില്‍ നടി സ്വര ഭാസ്‌കറിനും ട്വിറ്റര്‍ ഇന്ത്യ മേധാവിക്കുമെതിരെ കേസ്. രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷവും ശത്രുതയും വളര്‍ത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് നടിക്കെതിരെ കേസെടുത്തിട്ടുള്ളത്. ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലാണ് വയോധികനെ മര്‍ദ്ദിച്ചതെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട ട്വീറ്റാണ് കേസിനാധാരം.

🔳ടിവി ചാനലുകളെ നിരീക്ഷിക്കാന്‍ നടപടി ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ചാനലുകളെ നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതിക്ക് നിയമപരിക്ഷ നല്‍കി ഉത്തരവിട്ടു. ടിവി പരിപാടികള്‍ ചട്ടം ലംഘിച്ചാല്‍ സംപ്രേക്ഷണം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഇടപെടും. ചാനലുകളുടെ സ്വയംനിയന്ത്രണ സംവിധാനങ്ങള്‍ക്കും നിയമപരമായ രജിസ്‌ട്രേഷന്‍ നല്‍കും. ടിവി ചാനലുകളുടെ നിയന്ത്രണത്തിനും നിരീക്ഷണത്തിനും ഇപ്പോള്‍ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള സംവിധാനമില്ല.

🔳കോണ്‍ഗ്രസ് നേതാക്കള്‍ കോവിഡ് വാക്‌സിന്‍ എടുത്തോ എന്ന ബിജെപിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി പാര്‍ട്ടി രംഗത്തെത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയും വാക്‌സിന്‍ എടുത്തുവെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുള്ളത്. അടുത്തിടെ കോവിഡ് മുക്തനായ രാഹുല്‍ ഗാന്ധി ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം വാക്‌സിന്‍ എടുക്കുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല വ്യക്തമാക്കി.

🔳വിദഗ്ധരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ച ശേഷം തീരദേശ നിയന്ത്രണ അന്തിമ വിജ്ഞാപനത്തിന് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

🔳കോവിഡ് മാന ദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രിതമായി, ഇന്ന് മുതല്‍ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഒറ്റ -ഇരട്ട അക്ക നമ്പറിന്റെ അടിസ്ഥാനത്തില്‍ മാറി മാറി ഓരോ ദിവസം ഇടവിട്ടാണ് സ്വകാര്യ ബസുകള്‍ ഓടേണ്ടതെന്നും ഇതനുസരിച്ച് ഇന്ന് ഒറ്റ അക്ക നമ്പര്‍ ബസുകളാണ് ഓടേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
ശനിയും ഞായറും സര്‍വീസ് അനുവദനീയമല്ല.

🔳സംസ്ഥാനത്തെ 27 ആശുപത്രികളുടെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് 2.10 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തിയാണ് ആശുപത്രികളുടെ സമഗ്ര വികസനം സാക്ഷാത്ക്കരിക്കുന്നത്. ആധുനിക രീതിയില്‍ ആശുപത്രി നിര്‍മ്മിച്ച് രോഗീ സൗഹൃദമാക്കുന്ന തരത്തിലാണ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നത്. എല്ലാ സ്‌പെഷ്യാലിറ്റികളും ഒരുക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. താലൂക്ക്, ജില്ലാ ആശുപത്രികളെ സമ്പൂര്‍ണ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

🔳സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍ അടിസ്ഥാനമാക്കി കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന് പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒരാഴ്ചത്തെ ടി.പി.ആര്‍ 30 ശതമാനത്തിന് മുകളിലായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ എണ്ണത്തിന്റെ പത്തിരട്ടിയും 20നും 30 ശതമാനത്തിനും ഇടയ്ക്കായാല്‍ ആറിരട്ടിയും 2നും 20 ശതമാനത്തിനും ഇടയ്ക്കായാല്‍ മൂന്നിരട്ടിയും 2 ശതമാനത്തിന് താഴെയായാല്‍ അഞ്ചിരട്ടി പരിശോധനയും നടത്തണമെന്നും മന്ത്രി വ്യക്തമാക്കി.

🔳കൊച്ചി നഗരത്തിന്റെ വികസനം കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് അനിവാര്യമാണെന്ന് പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കൊച്ചി നഗരത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്നും ശ്രദ്ധിച്ചു ഇടപെടേണ്ട പ്രദേശമായാണ് കൊച്ചി കോര്‍പ്പറേഷനെ സര്‍ക്കാര്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

🔳കോവിഡിന്റെ മറവില്‍ പിണറായി സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കിയ കൊള്ളകളില്‍ ഒന്നാണ് മരംകൊള്ളയെന്ന് രമേശ് ചെന്നിത്തല. ആഴക്കടല്‍ കൊള്ള, സ്പ്രിംഗ്‌ളര്‍, പമ്പാമണല്‍ കടത്ത് തുടങ്ങി കോവിഡ് കാലത്തെ പല കൊള്ളകളും പ്രതിപക്ഷം കയ്യോടെ പിടികൂടിയതു കൊണ്ടു മാത്രമാണ് നടക്കാതെ പോയത്. മരം കൊള്ള പോലെ ഇനിയും വേറെ എത്ര കൊള്ളകള്‍ കോവിഡിന്റെ മറവില്‍ നടത്തിയിട്ടുണ്ടെന്ന് പിന്നീടേ അറിയാനാവൂവെന്നും ചെന്നിത്തല പറഞ്ഞു. ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള മരം കൊള്ളയ്ക്ക്് പിന്നില്‍ ശക്തമായ ഗൂഢാലോചനയും കൃത്യമായ ആസൂത്രണവും നടന്നിട്ടുണ്ടെന്നത് പ്രഥമ ദൃഷ്ട്യാ തന്നെ വ്യക്തമാണെന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള വന്‍മരങ്ങള്‍ കൊള്ളയടിക്കപ്പെട്ടിട്ടും അതിനെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ന്യായീകരിച്ചത് പൊതു സമൂഹത്തെ അമ്പരപ്പിക്കുന്നുവെന്നും ചെന്നിത്തല വിമര്‍ശിച്ചു.

🔳സി.കെ ജാനുവിനെ സ്ഥാനാര്‍ഥിയാകാന്‍ അവര്‍ക്ക് പണം നല്‍കിയെന്ന പരാതിയില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെ സുല്‍ത്താന്‍ ബത്തേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയ എന്‍.ഡി.എ. സ്ഥാനാര്‍ഥി സി.കെ. ജാനുവും കേസില്‍ പ്രതിയാണ്. കല്‍പ്പറ്റ കോടതിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് നടപടി.

🔳നിയമസഭാ തിരഞ്ഞെടുപ്പു തോല്‍വിസംബന്ധിച്ച് ബി.ജെ.പി. ദേശീയനേതൃത്വത്തിന് കേരളത്തില്‍നിന്ന് ലഭിച്ചത് നൂറോളം റിപ്പോര്‍ട്ടുകള്‍. അറിയപ്പെടുന്ന നേതാക്കള്‍മുതല്‍ ആദ്യകാല ആര്‍.എസ്.എസ്. പ്രചാരകന്മാരും പ്രവര്‍ത്തകരുംവരെ വിശദമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. സംഘടനാപ്രശ്നങ്ങള്‍, കൊടകര പണമിടപാട്, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെതായി പുറത്തുവന്ന ഫോണ്‍ സംഭാഷണം എന്നിവയെല്ലാം റിപ്പോര്‍ട്ടുകളില്‍ പ്രതിപാദിച്ചിട്ടുണ്ടെന്നാണ് വിവരം.

🔳പെരിന്തല്‍മണ്ണ ഏലംകുളത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനെതിരേ വനിതാ കമ്മിഷന്‍. നേരത്തേ പരാതി ലഭിച്ചിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രതക്കുറവിനെ ഗൗരവത്തോടെ കാണുന്നുവെന്നും പ്രതികള്‍ ലഹരിവസ്തുക്കള്‍ക്ക് അടിമയും ക്രിമിനില്‍ പശ്ചാത്തലമുള്ളവരുമാകുമ്പോള്‍, പ്രതികളെ കേവലം താക്കീത് ചെയ്ത് വിടുന്നത് നിയമവിരുദ്ധമായ നടപടിയാണെന്നും എം.സി.ജോസഫൈന്‍ പറഞ്ഞു.

🔳ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ച സാഹചര്യത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി കുറവുള്ള സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് തുറന്നു കൊടുക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് തലശ്ശേരി അതിരൂപതാ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.

🔳മേയ് 17-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേക്ക് മുറിച്ച് വിതരണം ചെയ്തതും യോഗം ചേര്‍ന്നതും കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചാണെന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ കേസെടുക്കാത്തത് അദ്ദേഹത്തിനും കെ.പി.സി.സി. പ്രസിഡന്റിനും രണ്ട് നിയമമായതിനാലാണോയെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി.തോമസ്.

🔳നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് ആശുപത്രിയില്‍. കുറഞ്ഞ രക്തസമ്മര്‍ദ്ദത്തെയും ഹൃദയമിടിപ്പിനെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സാന്ദ്രയ്ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു.

🔳കേരളത്തില്‍ ഇന്നലെ 1,14,894 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 88 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,743 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,700 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,614 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,08,560 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആര്‍. 30ന് മുകളിലുള്ള 18 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍: തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂര്‍ 535, കോട്ടയം 464, ഇടുക്കി 417, കാസര്‍ഗോഡ് 416, വയനാട് 259.

🔳ലക്ഷദ്വീപ് ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തിയ ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താനയ്ക്ക് ഹൈക്കോടതിയില്‍ നിന്ന് താത്കാലിക ആശ്വാസം. ഞായറാഴ്ച കവരത്തി പോലീസ് സ്റ്റേഷനില്‍ ആയിഷ സുല്‍ത്താന ഹാജരാകണമെന്ന് നിര്‍ദേശിച്ച കോടതി അറസ്റ്റ് ചെയ്യുകയാണെങ്കില്‍ 50,000 രൂപയുടെ ബോണ്ടില്‍ കീഴ്ക്കോടതി ജാമ്യം നല്‍കണമെന്നും നിര്‍ദേശിച്ചു.

🔳ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് മുംബൈയില്‍ മൂന്നുകുട്ടികളുടെ ഓരോ കണ്ണുകള്‍ വീതം നീക്കം ചെയ്തു. 4,6,14 പ്രായമുള്ള കുട്ടികള്‍ക്കാണ് കണ്ണുകള്‍ നഷ്ടമായത്. മുംബൈയിലെ രണ്ട് ആശുപത്രികളിലായാണ് മൂന്നുപേരുടെയും ശസ്ത്രക്രിയ നടത്തിയത്.

🔳കഴിഞ്ഞ ദിവസങ്ങളിലെ ആള്‍ക്കൂട്ടങ്ങളെ സൂചകങ്ങളായി പരിഗണിച്ചാല്‍, അടുത്ത രണ്ടുമുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ കോവിഡ് മൂന്നാംതരംഗം മഹാരാഷ്ട്രയെയോ മുംബൈയെയോ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. സംസ്ഥാന കോവിഡ് 19 ടാസ്‌ക് ഫോഴ്‌സാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. എന്നിരുന്നാലും മൂന്നാംതരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ടാസ്‌ക് ഫോഴ്‌സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

🔳മറാഠ അഭിമാനത്തിന്റേയും ഹിന്ദുത്വത്തിന്റേയും കാര്യം പറയുമ്പോള്‍ ഞങ്ങള്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഗുണ്ടകള്‍ തന്നെയന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അയോധ്യയിലെ രാമക്ഷേത്ര ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ശിവസേന മുഖപത്രമായ സാമ്‌നയില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതിന്റെ പേരില്‍ മുംബൈ ദാദറിലുള്ള സേനാഭവന് പുറത്ത് ഇരുപാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലുണ്ടായതിനെ തുടര്‍ന്ന് സേന പ്രവര്‍ത്തകരെ ഗുണ്ടകളെന്ന് വിശേഷിപ്പിച്ച ബിജെപി നേതാക്കള്‍ക്ക് മറുപടിയുമായാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇങ്ങനെ പറഞ്ഞത്.

🔳മുകേഷ് അംബാനിയുടെ വസതിയായ 'ആന്റില'യ്ക്ക് മുന്നില്‍ സ്ഫോടകവസ്തുക്കള്‍ ഉപേക്ഷിച്ച കേസുമായി ബന്ധപ്പെട്ട മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മുംബൈ പോലീസിലെ ഏറ്റമുട്ടല്‍ വിദഗ്ധനായിരുന്ന പ്രദീപ് ശര്‍മയെയാണ് എന്‍.ഐ.എ. വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.

🔳എല്‍ജെപിയില്‍ പൊട്ടിത്തെറികള്‍ക്ക് പിന്നാലെ ചിരാഗ് പാസ്വാന്റെ കസിനും വിമത എംപിയുമായ പ്രിന്‍സ് രാജ് പാസ്വാനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി. ചിരാഗ് പാസ്വാന്റെ അച്ഛനും എല്‍ജെപി സ്ഥാപകനുമായ രാം വിലാസ് പാസ്വന്റെ സഹോദരന്റെ മകനാണ് പ്രിന്‍സ് രാജ്. ചിരാഗ് പാസ്വാനെതിരായ പാര്‍ട്ടിക്കുള്ളിലെ പടയൊരുക്കത്തില്‍ അദ്ദേഹവും ഉള്‍പ്പെട്ടിരുന്നു.

🔳എട്ടോളം ബിജെപി എംഎല്‍എമാരും മൂന്ന് എംപിമാരും തൃണമൂല്‍ കോണ്‍ഗ്രസുമായി നിരന്തരം ബന്ധപ്പെടുന്നതായി പാര്‍ട്ടി നേതാവ് കുണാല്‍ ഘോഷ്. തൃണമൂലില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന നേതാക്കള്‍ക്ക് ആ പാര്‍ട്ടിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്നും വിഷയത്തില്‍ മമത ബാനര്‍ജി അന്തിമ തീരുമാനമെടുക്കുമെന്നും ഘോഷ് പറഞ്ഞു.

🔳പശ്ചിമ ബംഗാളിലെ ബിജെപിയില്‍ പിളര്‍പ്പുണ്ടാക്കിയതിന് പിന്നാലെ ത്രിപുര ബിജെപിയിലും പ്രതിസന്ധിയുണ്ടാക്കി മമതാ ബാനര്‍ജി. ത്രിപുരയിലെ വിമത നേതാക്കളെ ലക്ഷ്യമിട്ടാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. കഴിഞ്ഞ ആഴ്ച ബിജെപിയില്‍ നിന്ന് തിരിച്ചെത്തിയ മുകുള്‍ റോയിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. അപകടം തിരിച്ചറിഞ്ഞ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ത്രിപുരയിലെത്തി.

🔳ബിജെപി സ്ഥാനാര്‍ഥി സുവേന്ദു അധികാരിയുടെ നന്ദിഗ്രാമിലെ വിജയം ചോദ്യംചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കല്‍ക്കട്ട ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. നന്ദിഗ്രാമില്‍ സുവേന്ദുവിനെതിരെ മത്സരിച്ച മമത 1700 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

🔳രാജ്യത്ത് ഇന്നലെ 62,375 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 88,421 പേര്‍ രോഗമുക്തി നേടി. മരണം 1,590. ഇതോടെ ആകെ മരണം 3,83,521 ആയി. ഇതുവരെ 2,97,61,964 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 7.93 ലക്ഷം കോവിഡ് രോഗികള്‍.

🔳തമിഴ്നാട്ടില്‍ ഇന്നലെ 9,118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 9,8330 പേര്‍ക്കും കര്‍ണാടകയില്‍ 5,983 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 6,151 പേര്‍ക്കും പശ്ചിമബംഗാളില്‍ 3,018 പേര്‍ക്കും ഒഡീഷയില്‍ 3,631 പേര്‍ക്കും ആസാമില്‍ 3,477 പേര്‍ക്കും തെലുങ്കാനയില്‍ 1,492 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 3,65,821 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 9,356 പേര്‍ക്കും ബ്രസീലില്‍ 72,916 പേര്‍ക്കും അര്‍ജന്റീനയില്‍ 23,780 പേര്‍ക്കും കൊളംബിയയില്‍ 29,945 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 17.81 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.16 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,931 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 276 പേരും ബ്രസീലില്‍ 2,167 പേരും കൊളംബിയയില്‍ 596 പേരും അര്‍ജന്റീനയില്‍ 528 പേരും റഷ്യയില്‍ 416 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ മൊത്തം 38.56 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳കോവിഡ് സാഹചര്യത്തേ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് കുവൈത്ത് നീക്കുന്നു. വാക്‌സിന്‍ സ്വീകരിച്ച കുവൈത്ത് താമസ വിസയുള്ള വിദേശികള്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ രാജ്യത്തേക്ക് പ്രവേശനാനുമതിയുണ്ട്. ഫൈസര്‍, ആസ്ട്രസെനക, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് കുവൈത്ത് അംഗീകരിച്ച വാക്‌സിനുകള്‍. ഈ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന ആസ്ട്രാസെനകയുടെ കോവിഷീല്‍ഡ് വാക്‌സിന് കുവൈത്ത് അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നല്‍കുന്ന കൊവാക്‌സിന് കുവൈത്ത് അംഗീകാരം നല്‍കിയിട്ടില്ല.

🔳കോവിഡിന്റെ കൂടുതല്‍ അപകടകാരിയായ ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാന്‍ പ്രത്യേകമായി തയ്യാറാക്കിയ സ്പുട്‌നിക് വിയുടെ ബൂസ്റ്റര്‍ ഷോട്ട് ഉടന്‍ ലഭ്യമാകും. മറ്റ് വാക്‌സിന്‍ നിര്‍മാതാക്കള്‍ക്കും ഈ ബൂസ്റ്റര്‍ ഷോട്ട് ലഭ്യമാക്കുമെന്ന് സ്പുട്‌നിക് വിയുടെ നിര്‍മാതാക്കളായ റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു.

🔳രാജ്യം ഭക്ഷ്യക്ഷാമം നേരിടുന്നുവെന്ന് ഔദ്യോഗികമായി അംഗീകരിച്ച് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ജനങ്ങള്‍ക്കുള്ള ഭക്ഷണ ലഭ്യതയേക്കുറിച്ച് നിലവില്‍ ആശങ്കയുണ്ടെന്ന് മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ സംസാരിച്ച കിം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഉണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് കാര്‍ഷിക മേഖലയിലെ ഉല്‍പാദന ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ രാജ്യം പരാജയപ്പെട്ടുവെന്നും കിം പറഞ്ഞു.

🔳മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീനെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കി. അസോസിയേഷന്റെ ഭരണസമിതിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. അസറിനെ അസോസിയേഷന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കുകയും കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.

🔳ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം. ഇംഗ്ലണ്ടിലെ ഏജീസ് ബൗള്‍ സ്റ്റേഡിയത്തില്‍ തുല്യശക്തികളായ ഇന്ത്യയും ന്യൂസിലാന്‍ഡും ഇന്ന് ഏറ്റുമുട്ടാനിറങ്ങും. മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും അടങ്ങുന്നതാണ് ഇന്ത്യന്‍ ടീം. സ്പിന്നര്‍മാരായി രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും അന്തിമ ഇലവനില്‍ ഇടം നേടി. പേസര്‍മാരായി ഇഷാന്ത് ശര്‍മയും ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയുമാണ് അന്തിമ ഇലവനിലെത്തിയത്. ശുഭ്മാന്‍ ഗില്ലാണ് രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളി. ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിവര്‍ക്കു പിന്നാലെ വിക്കറ്റ് കീപ്പറായി ഋഷഭ് പന്തുമെത്തും.

🔳സൂപ്പര്‍ താരം നെയ്മറില്ലാതെ ടോക്യോ ഒളിമ്പിക്‌സിനുള്ള ബ്രസീല്‍ ടീം. നെയ്മറിന്റെ അഭാവത്തില്‍ ടോക്യോ ഒളിമ്പിക്‌സിനുള്ള ബ്രസീല്‍ ടീമിനെ ഡാനി ആല്‍വ്‌സ് നയിക്കും. ടോക്യോയില്‍ കളിക്കണമെന്ന് നെയ്മര്‍ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പി.എസ്.ജിയുടെ മുന്നേറ്റതാരം ഇല്ലാതെയാണ് പരിശീലകന്‍ അന്ത്രെസ് യര്‍ദയിന്‍ 16 അംഗ സംഘത്തെ പ്രഖ്യാപിച്ചത്.

🔳യൂറോ കപ്പില്‍ ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ വടക്കന്‍ മാസിഡോണിയയെ തകര്‍ത്ത് യുക്രൈന്‍. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു യുക്രൈന്റെ ജയം.പെനാല്‍റ്റിയടക്കം രക്ഷപ്പെടുത്തി വടക്കന്‍ മാസിഡോണിയക്കായി മത്സരത്തിലുടനീളം ഗോള്‍കീപ്പര്‍ ദിമിത്രിയെവ്‌സ്‌കി മികച്ച പ്രകടനം പുറത്തെടുത്തിട്ടും സമനില ഗോള്‍ കണ്ടെത്താന്‍ ടീമിന് സാധിച്ചില്ല.

🔳യൂറോ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ പരാജയപ്പെടുത്തി ബെല്‍ജിയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് ബെല്‍ജിയം വിജയം പിടിച്ചത്.ജയത്തോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് ബെല്‍ജിയം അവസാന 16-ല്‍ ഇടംപിടിച്ചു.

🔳യൂറോ കപ്പില്‍ ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ ഓസ്ട്രിയയെ തകര്‍ത്ത് നെതര്‍ലന്‍ഡ്സ് പ്രീക്വാര്‍ട്ടറില്‍ കടക്കുന്ന മൂന്നാമത്തെ ടീമായി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ഡച്ച് ടീമിന്റെ ജയം.

🔳കോപ്പ അമേരിക്കയില്‍ കരുത്തരായ കൊളംബിയയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് വെനസ്വേല. ഗ്രൂപ്പ് എ യില്‍ നടന്ന മത്സരത്തില്‍ വെനസ്വേലയുടെ ഗോള്‍കീപ്പര്‍ വുളിക്കര്‍ ഫാരിനെസിന്റെ ഉജ്ജ്വല സേവുകളാണ് കൊളംബിയയുടെ വിജയം നിഷേധിച്ചത്. ടീമിലെ 12 താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതുമൂലം രണ്ടാം നിര ടീമുമായി കളിക്കാനിറങ്ങിയ വെനസ്വേല മികച്ച പ്രകടനമാണ് കൊളംബിയയ്‌ക്കെതിരേ പുറത്തെടുത്തത്.

🔳ഇന്ത്യയിലെ നിയമപരിരക്ഷ നഷ്ടമായത് ട്വിറ്ററിന് തിരിച്ചടിയായി. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരിയുടെ വില ബുധനാഴ്ച 0.50 ശതമാനം താഴ്ന്ന് 59.93 ഡോളര്‍ നിലവാരത്തിലേക്കെത്തി. ഫെബ്രുവരി 26ന് 80.75 ഡോളര്‍ എന്ന 52 ആഴ്ചയിലെ ഉയരത്തിലായിരുന്ന ഓഹരി ഘട്ടംഘട്ടമായി താഴ്ന്നാണ് 59 ഡോളറിലെത്തിയത്. ഓഹരി വിലയിലെ ഇതുവരെയുള്ള നഷ്ടം 25.78 ശതമാനം. ഒറ്റദിവസം കൊണ്ട് വിപണിമൂല്യം 43 ലക്ഷം ഡോളര്‍ ഇടിഞ്ഞ് 47.64 ബില്യണ്‍ ഡോളറായി. രാജ്യത്തെ പുതിയ ഐടി നിയമം പാലിക്കാന്‍ സര്‍ക്കാര്‍ നിരവധി തവണ അവസരം നല്‍കിയിട്ടും ട്വിറ്റര്‍ തയ്യാറായിരുന്നില്ല. മെയ് 26ന് നിലവില്‍വന്ന ഐടി ചട്ടം പാലിക്കാന്‍ ട്വിറ്ററിന് സര്‍ക്കാര്‍ ഈ മാസമാദ്യം ഒരവസരം കൂടി നല്‍കിയിരുന്നു. ആ കാലാവധിയും അവസാനിച്ചതോടെ 'സേഫ് ഹാര്‍ബര്‍' പരിരക്ഷ ഇല്ലാതായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

🔳പ്രമുഖ ജോബ് സെര്‍ച്ച് വെബ്സൈറ്റായ ഗ്ലാസ്ഡോര്‍ഡ് തയാറാക്കിയ ലോകത്തിലെ മികച്ച 100 ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍മാരുടെ പട്ടികയില്‍ നിന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പുറത്ത്. 2013ന് ശേഷം ഇതാദ്യമായാണ് അദ്ദേഹം പട്ടികയില്‍ ഇടംപിടിക്കാതെ പോകുന്നത്. അതാത് സ്ഥാപനങ്ങളുടെ തൊഴിലാളികള്‍ നല്‍കുന്ന റേറ്റിംഗിന്റെ അടിസ്ഥാനത്തിലാണ് സിഇഒ പട്ടിക തയാറാക്കുന്നത്. ഗ്ലോസ്ഡോര്‍ ഫേസ്ബുക്ക് ജീവനക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേ പ്രകാരം മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ റേറ്റിംഗ് 2019 ലെ 94 ല്‍ നിന്ന് 2021 ആയപ്പോള്‍ 89 ശതമാനമായി കുറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം പട്ടിക തയാറാക്കിയിരുന്നില്ല.

🔳പൃഥ്വിരാജ് ചിത്രം 'കോള്‍ഡ് കേസ്' ആമസോണ്‍ പ്രൈമില്‍ റിലീസിന് എത്തുന്നു. ചിത്രത്തിന്റെ റിലീസ് തീയതിയാണ് ആമസോണ്‍ പ്രൈം ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ഈ മാസം 30ന് ചിത്രം റിലീസ് ചെയ്യും.പൃഥ്വിരാജിന്റെ ആദ്യ ഡയറക്ട് ഒ.ടി.ടി ചിത്രം കൂടിയാണിത്. ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. പൃഥ്വിരാജ് വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. എ.സി.പി സത്യജിത് എന്ന കഥാപാത്രമായാണ് താരം ചിത്രത്തില്‍ വേഷമിടുന്നത്. 'അരുവി' ഫെയിം അതിഥി ബാലന്‍ ആണ് ചിത്രത്തില്‍ നായിക.

🔳ഒമര്‍ ലുലു ചിത്രം അഡാര്‍ ലൗവ്വിന്റെ ഹിന്ദി പതിപ്പ് പുതിയ റെക്കോഡിലേക്ക്. സിനിമയുടെ ഹിന്ദി പതിപ്പ് ഇതിനോടകം അഞ്ച് കോടി കാഴ്ചക്കാരെയും 10 ലക്ഷം ലൈക്‌സും സ്വന്തമാക്കി കഴിഞ്ഞു. ഏപ്രില്‍ 29ന് യുട്യൂബില്‍ റിലീസ് ചെയ്ത ഹിന്ദി പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹിന്ദി പതിപ്പില്‍ നൂറിന്‍ ഷെരീഫാണ് താരം. നൂറിന് അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്. റോഷന്റെ കഥാപാത്രത്തെയും ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ പ്രിയ വാര്യരുടെ കഥാപാത്രം അനാവശ്യമായിരുന്നു എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. കൗമാര പ്രണയവും തുടര്‍ന്ന് ദുരന്തങ്ങളിലേക്ക് നയിക്കപ്പെടുന്ന കഥാപശ്ചാത്തലവും അവതരിപ്പിക്കുന്ന ചിത്രം ഹിന്ദിയില്‍ വലിയ സ്വീകാര്യത നേടിയാണ് മുന്നേറുന്നത്.

🔳ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ കോംപാക്ട് എസ്യുവി കുഷാഖിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യയിലെ വാഹനപ്രേമികള്‍. ജൂണ്‍ 28ന് വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തും. ഇന്ത്യ 2.0 പ്രോജക്ടിന്റെ ഭാഗമായി സ്‌കോഡ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ കാറായ കുഷാഖിനെ ഈ മാര്‍ച്ചിലാണ് കമ്പനി ആദ്യമായി അവതരിപ്പിക്കുന്നത്. ഫോക്‌സ്വാഗണ്‍ ഗ്രൂപ്പിന്റെ പൂനെയിലെ ചകാന്‍ പ്ലാന്റിലാണ് ഈ വാഹനം നിര്‍മിക്കുന്നത്. ഏകദേശം 10 ലക്ഷം മുതല്‍ 16 ലക്ഷം വരെയാവും സ്‌കോഡ കുഷാഖിന്റെ എക്‌സ്-ഷോറൂം വില എന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳മുസ്ലിങ്ങള്‍ക്കിടയിലെ ജാതീയതയ്ക്കും ബഹുഭാര്യത്വത്തിനും മതതീവ്രവാദത്തിനും എതിരെ, ഇസ്ലാമിക സംഹിതകള്‍ അടിസ്ഥാനമാക്കി പ്രതികരിക്കുന്ന മുസ്ലിം സ്ത്രീകളുടെ പുതിയ സാമൂഹികക്രമം. സമുദായത്തെയും സമൂഹത്തെയും ജനകീയ കോടതിയിലെത്തിക്കുന്ന കഥാലോകം. ഇസ്ലാമിക് ഫെമിനിസത്തിന്റെ സര്‍ഗാത്മകസാധ്യതകള്‍ തേടുന്ന, വര്‍ത്തമാനകാലജീവിതം മറ്റൊരാള്‍ കാണാത്ത കാഴ്ചയാക്കി മാറ്റുന്ന കഥകള്‍. രാകിയെടുക്കുന്ന രചനാപാടവത്താല്‍ തീവ്രാനുഭവമാക്കിമാറ്റുന്ന എന്‍.പി. ഹാഫിസ് മുഹമ്മദിന്റെ ഏറ്റവും പുതിയ ഒന്‍പതു കഥകള്‍. 'ഫ്രൂട്ട് സലാഡ്, ഫലൂദ, ഐസ്‌കണ്ടി തുടങ്ങിയവ'. മാതൃഭൂമി. വില 128 രൂപ.

🔳ഫൈസറിനു 95 ശതമാനം ഫലപ്രാപ്തി, കോവിഷീല്‍ഡിന് 62 മുതല്‍ 90 ശതമാനം വരെ, സ്പ്ടുനിക്കിന് 95 ശതമാനം എന്നൊക്കെ നേരത്തെ റിപ്പോര്‍ട്ടുകള്&്വംഷ; വന്നിട്ടുണ്ട്. അതെല്ലാം ശരിയുമാണ്. എന്നാല്‍ ഇത് പരീക്ഷണ ഘട്ടത്തില്‍ ലാബില്‍ ഉണ്ടായ ഫലപ്രാപ്തിയാണെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ലാബിനു പുറത്തെ യഥാര്‍ഥ ജീവിതത്തില്‍ വാക്സിന് എത്ര ഫലപ്രാപ്തി എ്ന്നതില്‍ ഇതിനും വിവരങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. ഓരോ വാക്സിനും എടുത്ത എത്ര പേര്‍ക്ക് പിന്നീട് രോഗം വരുന്നുണ്ട് എന്ന വിവരം ശേഖരിച്ചാണ് ഇതു കണക്കാക്കുക. യഥാര്‍ഥത്തില്‍ വാക്സിനുകളുട ഫലപ്രാപ്തി ഇങ്ങനെ കണക്കാക്കുന്നതില്‍ അത്രയ്ക്കു കാര്യമൊന്നുമില്ലെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. സാമൂഹിക സാഹചര്യം, കാലാവസ്ഥ, ഓരോ പ്രദേശങ്ങളിലും പ്രചരിക്കുന്ന കോവിഡ് വകഭേദങ്ങള്‍ ഇതൊക്കെ അനുസരിച്ച് ഫലപ്രാപ്തിയില്‍ വ്യത്യാസം വരാം. ഉദാഹരണമായി, ഫൈസര്‍ വാക്സിന്‍ സ്വീകരിച്ച 100ല്‍ രണ്ടു പേര്‍ക്ക് അമേരിക്കയില്‍ രോഗം വന്നു എന്നതുകൊണ്ട് ഇന്ത്യയലും അതേ നിരക്കില്‍ ആവണമെന്നില്ല ഫലപ്രാപ്തിയുടെ നിരക്ക്. അതുകൊണ്ട് ഈ ഘട്ടത്തില്‍ മികച്ച വാക്സിന്‍ ഏതെന്നു തിരക്കുന്നതില്‍ കാര്യമില്ല, ഏതാണോ ലഭ്യം അതു സ്വീകരിക്കുക എന്നതാണ് ശരിയായ രീതിയെന്ന് ഗവേഷകര്‍ പറയുന്നു. വ്യത്യസ്ത പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന വാക്സിനുകളുടെ ഫലപ്രാപ്തി താരതമ്യം ചെയ്യുന്നതില്‍ കാര്യമൊന്നുമില്ലെങ്കിലും ബ്രിട്ടന്‍ ഉള്‍പ്പെടെ പലയിടത്തും മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഭാഗമായി ഇതു നടക്കുന്നുണ്ട്. ആസ്ട്രാസെനക, വാല്‍നേവ വാക്സിനുകള്‍ സ്വീകരിച്ചവരില്‍ രോഗം വന്നവരുടെ എണ്ണമാണ് അവിടെ വിശകലനം ചെയ്യുന്നത്. എത്രപേര്‍ക്കു ലക്ഷണങ്ങള്‍ പ്രകടമായി, എത്രപേര്‍ക്കു ഗുരുതരമായി എന്നിങ്ങനെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇതിന്റെ വിവരങ്ങള്‍ ക്രോഡീകരിക്കാനാവുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only