10 ജൂൺ 2021

പ്രഭാത വാർത്തകൾ
(VISION NEWS 10 ജൂൺ 2021)


🔳വിവിധ ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില കൂട്ടാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. നെല്ലിന്റെ താങ്ങുവിലയില്‍ 72 രൂപ കൂട്ടി 1940 രൂപയാക്കി. 50 മുതല്‍ 85 ശതമാനം വരെയാണ് വിവിധ ധാന്യങ്ങളുടെ താങ്ങുവിലയില്‍ ഉണ്ടായ വര്‍ധനവ്. ധാന്യോത്പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് പ്രത്യേക നയം രൂപീകരിച്ച് നടപ്പാക്കുമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് ഥോമര്‍ വ്യക്തമാക്കി. താങ്ങുവില ഇല്ലാതാവുമെന്ന കര്‍ഷകരുടെ ആശങ്കകള്‍ക്കിടെയാണ് താങ്ങുവില വര്‍ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നിരിക്കുന്നത്.

🔳കോവിഡിനെതിരെ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലെയാവണമെന്ന് കേന്ദ്രത്തോട് ബോംബെ ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ജിഎസ് കുല്‍ക്കര്‍ണി എന്നിവിരടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം. വാക്‌സിന്‍ വിതരണത്തിലെ മെല്ലപ്പോക്ക് നയത്തെ വിമര്‍ശിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് ഇത്തരത്തിലുള്ള പ്രതികരണം നടത്തിയത്.


🔳കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഡിആര്‍ഡിഒ വികസിപ്പിച്ച 2-ഡിജി മരുന്നിന്റെ ഉത്പാദനത്തിനായി കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഇന്ത്യയിലെ മരുന്ന് നിര്‍മാണ കമ്പനികള്‍ ജൂണ്‍ 17ന് മുമ്പ് ഡിആര്‍ഡിഒയ്ക്ക് അപേക്ഷ സമര്‍പ്പിക്കണം. ചികിത്സയിലുള്ള കോവിഡ് രോഗികള്‍ക്ക് വേഗത്തില്‍ രോഗമുക്തി നല്‍കാനും അനുബന്ധ ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും 2-ഡിജി സഹായിക്കുമെന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ കണ്ടെത്തിയിരുന്നു.

🔳ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കര്‍ക്കശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കര്‍ശനമായി നിയന്ത്രിക്കും. ഹോട്ടലുകളില്‍ ശനി ഞായര്‍ ദിവസങ്ങളില്‍ ടേക്ക് എവെ സംവിധാനം
അനുവദിക്കില്ല. ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഐസൊലേഷന്‍ സൗകര്യം ഇല്ലാത്ത വീടുകളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ രോഗിയെ നിര്‍ബന്ധമായും കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

🔳തിരുവനന്തപുരത്തെ തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സിന്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡോ.എസ്. ചിത്ര ഐ.എ.എസിനെ വാക്സിന്‍ നിര്‍മ്മാണ പ്രോജക്ടിന്റെ പ്രോജക്ട് ഡയറക്ടറായി നിയമിക്കും.

🔳സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും പരമാവധി ആളുകളുടെ കൈയിലേക്ക് പണം എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 5000 കോടി രൂപ ഖജനാവിലുണ്ടെന്ന് മുന്‍ധനമന്ത്രി പറഞ്ഞപ്പോള്‍ അദ്ദേഹം ഉദ്ദേശിച്ചത് പണലഭ്യതയ്ക്ക് പ്രശ്നമില്ലെന്നാണ്. സാമ്പത്തിക സ്ഥിതി രൂക്ഷമാണെങ്കിലും കടം വാങ്ങിച്ച് സാമ്പത്തിക രംഗം തകരാതെ മുന്നോട്ടുകൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.


🔳കിടപ്പുരോഗികളടക്കം അവശതയനുഭവിക്കുന്നവര്‍ക്ക് പരിചരണം നല്‍കാനുള്ള ചുമതലയും ഇനി തദ്ദേശസ്ഥാപനങ്ങള്‍ക്ക്. സാമൂഹിക സന്നദ്ധസേന മുഖേനയാണ് ഈ സേവനം നടപ്പാക്കേണ്ടത്. സേന ഇപ്പോള്‍ തുടക്കംകുറിക്കുന്ന വാതില്‍പ്പടി സേവനത്തിന്റെ അടുത്തഘട്ടമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ഇതിനുള്ള മാര്‍ഗരേഖ തദ്ദേശസ്വയംഭരണവകുപ്പ് അംഗീകരിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പാക്കേണ്ടത്.

🔳കെ.എസ്.ആര്‍.ടി.സി.യില്‍ 100 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്ന സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്താനുള്ള ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു. ഫണ്ട് മാനേജ്മെന്റിലുണ്ടായ ഗുരുതരമായ ക്രമക്കേട് 2010 മുതല്‍ തുടങ്ങിയതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കെ.എസ്.ആര്‍.ടി.സി.യുടെ റിപ്പോര്‍ട്ടില്‍ ഇത് കണ്ടെത്തിയിട്ടുണ്ട് .ഇത് സംബന്ധിച്ച രേഖകള്‍ പരിശോധിച്ച ഗതാഗതമന്ത്രി ആന്റണി രാജു , വിജിലന്‍സ് അന്വേഷണം വേണമെന്ന് ശുപാര്‍ശ ചെയ്യുകയായിരുന്നു

🔳തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിസഭാ യോഗം അനുമതി നല്‍കി. സംസ്ഥാന വിഹിതമായി 2100 കോടി രൂപ കിഫ്ബിയില്‍ നിന്നും ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വായ്പ എടുക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

🔳വിവാദങ്ങള്‍ക്കിടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഡല്‍ഹിയിലെത്തി. രണ്ട് ദിവസം ഡല്‍ഹിയില്‍ തങ്ങുന്ന സുരേന്ദ്രന്‍ കേന്ദ്ര നേതാക്കള്‍, കേന്ദ്രമന്ത്രിമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ ചില പാര്‍ട്ടി പരിപാടികളുമായി ഡല്‍ഹിയില്‍ എത്തിയതാണെന്നും തന്നെ നേതൃത്വം വിളിപ്പിച്ചതല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സി.കെ. ജാനുവിന് പണം നല്‍കിയെന്ന ആരോപണം കണ്ണൂരില്‍ സി.പി.എം നേതാവ് പി. ജയരാജനും പ്രസീതയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഉണ്ടാക്കിയ സി.പി.എം ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

🔳സംസ്ഥാനത്തെ പുതിയ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍മാരായി അശോക് ചെറിയാന്‍, കെ.പി ജയചന്ദ്രന്‍ എന്നിവരെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും അഡീഷണല്‍ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറുമായി ഗ്രേഷ്യസ് കുര്യാക്കോസിനെയും സ്റ്റേറ്റ് അറ്റോര്‍ണിയായി എന്‍. മനോജ്കുമാറിനെയും നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഹൈക്കോടതിയില്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായി സേവനമനുഷ്ഠിക്കുന്ന പി. നാരായണനെ അധിക സാമ്പത്തിക ബാധ്യത കൂടാതെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.

🔳ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ 11 മുതല്‍ 15 വരെ അതിശക്ത മഴ പ്രവചിച്ച് കാലാവസ്ഥാവകുപ്പ്. 13-ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു.

🔳കേരളത്തില്‍ ഇന്നലെ 1,15,022 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,437 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 154 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,048 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 928 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 74 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,237 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,39,064 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട് 1696, തൃശൂര്‍ 1447, ആലപ്പുഴ 1280, കോഴിക്കോട് 1240, കോട്ടയം 645, കണ്ണൂര്‍ 619, പത്തനംതിട്ട 545, കാസര്‍ഗോഡ് 533, ഇടുക്കി 451, വയനാട് 310.

🔳സംസ്ഥാനത്ത് ഇന്നലെ പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 889 ഹോട്ട് സ്‌പോട്ടുകള്‍.

🔳യുവതിയെ ഫ്ളാറ്റില്‍ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലിനെ പോലീസിന് ഇതുവരെയും പിടികൂടാനായില്ല. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്ന് അവകാശപ്പെടുമ്പോഴും മറ്റു വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല. മാര്‍ട്ടിന്‍ ജോസഫിനെ കണ്ടെത്താന്‍ പോലീസിന്റെ തിരച്ചില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

🔳കഞ്ചാവടിച്ച് സ്‌കൂളില്‍ കിടന്നുറങ്ങിയ പിടികിട്ടാപ്പുള്ളികളെ പോലീസ് പിടികൂടി. നെയ്യാറ്റിന്‍കര പെരുമ്പഴുതൂരിലാണ് സംഭവം. പെരുമ്പഴുതൂര്‍ സ്വദേശി ശോഭലാല്‍, സുധി സുരേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ പോലീസ് ചോദ്യം ചെയ്യുന്നതിനിടെ സ്‌കൂളിന്റെ മതില്‍ ചാടി ഓടിരക്ഷപ്പെട്ടു.

🔳ട്രെയിനുകളില്‍ സുരക്ഷ ഉറപ്പാക്കാനും അതിവേഗ ആശയവിനിമയത്തിനുമായി റെയില്‍വേയ്ക്ക് 5 ജി സ്പെക്ട്രം അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി. 700 MHz ഫ്രീക്വന്‍സി ബാന്‍ഡില്‍ 5 MHz സ്പെക്ട്രം റെയില്‍വേക്ക് അനുവദിക്കാനാണ് തീരുമാനമായത്. പദ്ധതിയിലൂടെ രാജ്യത്തുടനീളം ട്രെയിനുകളിലും സ്റ്റേഷനുകളിലും പൊതുജന സുരക്ഷയും സുരക്ഷാ സംവിധാനങ്ങളും വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

🔳ചില സംസ്ഥാനങ്ങളിലേക്ക് തീവണ്ടിയാത്ര നടത്തുന്നവര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലം കയ്യില്‍ കരുതണമെന്ന വ്യവസ്ഥയില്‍നിന്ന് കോവിഡ് വാക്‌സിന്‍ എടുത്തവരെ ഒഴിവാക്കിയേക്കുമെന്ന് സൂചന. കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ യാത്രചെയ്യാന്‍ അനുവദിക്കുന്ന കാര്യം റെയില്‍വെയുടെ സജീവ പരിഗണനയിലാണെന്ന് റിപ്പോര്‍ട്ടുകള്‍.

🔳പണമില്ലാത്തകാരണത്താല്‍ ഓട്ടോ ഡെബിറ്റ് വഴിയുള്ള ഇപാടുകള്‍ വന്‍തോതില്‍ മുടങ്ങുന്നു. രാജ്യത്തെ വിവിധയിടങ്ങളില്‍ ലോക്ഡൗണ്‍ തുടരുന്നതിനാല്‍ ബാങ്ക് അക്കൗണ്ടുകളില്‍ പണമില്ലാത്തതാണ് കാരണം. മെയ് മാസത്തില്‍ 8.57 കോടി ഇടപാടുകളാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ 3.08 കോടി ഇടപാടുകള്‍ക്ക് തടസ്സംനേരിട്ടതായി നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഏപ്രിലില്‍ മടങ്ങിയ ഇടപാടുകള്‍ 2.98 കോടിയായിരുന്നു.

🔳ലക്ഷദ്വീപിലെ സുരക്ഷയുമായി ബന്ധപ്പെട്ട രണ്ട് വിവാദ ഉത്തരവുകള്‍ പിന്‍വലിച്ചു. മത്സ്യബന്ധന ബോട്ടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന ഉത്തരവാണ് പിന്‍വലിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്. കപ്പലുകളില്‍ സുരക്ഷ വര്‍ധിപ്പിച്ച് ഇറക്കിയ ഉത്തരവും പിന്‍വലിച്ചിട്ടുണ്ട്.

🔳മുംബൈയില്‍ കനത്ത മഴ. അടുത്ത നാല് ദിവസവും കനത്ത മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് മുംബൈ നഗരത്തിലെ മിക്ക ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മഴയും വെള്ളക്കെട്ടും കാരണം ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.

🔳ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ അലഹബാദ് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെയെണ്ണം 17 ആയി. ചൊവ്വാഴ്ച രാത്രി ഡല്‍ഹിയിലേക്കുപോയ ബസും ഫാക്ടറിത്തൊഴിലാളികളുമായി വരികയായിരുന്ന ട്രക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. 10 പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.

🔳കോവിഡ് മൂന്നാം തരംഗം കുട്ടികളെയാവും കൂടുതലായും ബാധിക്കുകയെന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി യുപി സര്‍ക്കാര്‍. കുട്ടികള്‍ക്ക് വേണ്ടി സംസ്ഥാനത്ത് സൗജന്യ മെഡിക്കല്‍ കിറ്റ് വിതരണം ചെയ്യാനൊരുങ്ങുകയാണ് സര്‍ക്കാര്‍. കുട്ടികള്‍ക്കുള്ള സിറപ്പ്, ചവച്ചരച്ചു കഴിക്കാവുന്ന ഗുളിക എന്നിവയടങ്ങുന്നതാണ് മെഡിക്കല്‍ കിറ്റ് ജൂണ്‍ 15 മുതല്‍ കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ് വ്യക്തമാക്കി.

🔳ബിജെപിയില്‍ ചേര്‍ന്ന മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജിതിന്‍ പ്രസാദ കോണ്‍ഗ്രസിനെ വഞ്ചിച്ചുവെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു. അതേസമയം, കോണ്‍ഗ്രസുമായി കുടുംബത്തിന് മൂന്ന് തലമുറ ബന്ധം ഉണ്ടായിരുന്നിട്ടും പാര്‍ട്ടി വിടാനുള്ള തീരുമാനം നന്നായി ചിന്തിച്ച ഒന്നായിരുന്നുവെന്നും ഒരു ദേശീയ പാര്‍ട്ടി ഉണ്ടെങ്കില്‍ അത് ബിജെപിയാണെന്നും ജിതിന്‍ പ്രസാദ പറഞ്ഞു.

🔳ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് വിളിച്ചുചേര്‍ത്ത പാര്‍ട്ടി യോഗത്തില്‍നിന്ന് വിട്ടുനിന്ന് വൈസ് പ്രസിഡന്റ് മുകുള്‍ റോയ്. അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുമെന്നാണ് അഭ്യൂഹം. തിരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട പരാജയത്തിന് പിന്നാലെ 35 ബിജെപി എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ തയ്യാറായി നില്‍ക്കുന്നുവെന്നാണ് തൃണമൂല്‍ നേതാക്കള്‍ അവകാശപ്പെടുന്നത്.

🔳രാജ്യത്ത് ഇന്നലെ 93,828 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1,48,951 പേര്‍ രോഗമുക്തി നേടി. ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത് റെക്കോഡ് മരണമാണ്. 6138 മരണമാണ് ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ആകെ മരണം 3,59,695 ആയി. ഇതുവരെ 2,91,82,072 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 11.65 ലക്ഷം കോവിഡ് രോഗികള്‍.

🔳ബീഹാറില്‍ നിന്ന് രേഖപ്പെടുത്തിയ 3951 മരണങ്ങളാണ് ഇന്നലെ രാജ്യത്തെ മരണസംഖ്യ കുത്തനെ ഉയരാന്‍ കാരണമായത്. മരണനിരക്കിലെ ക്രമക്കേടുകള്‍ പാറ്റ്്‌ന ഹൈക്കോടതി മെയ് 17 ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാതലത്തില്‍ കഴിഞ്ഞ 20 ദിവസത്തെ വിട്ടുപോയ കോവിഡ് മരണങ്ങള്‍ ഒരുമിച്ച് രേഖപ്പെടുത്തിയതാണ് ബീഹാറിലെ മരണനിരക്ക് ഇത്രയും ഉയരാന്‍ കാരണമായത്.

🔳തമിഴ്നാട്ടില്‍ ഇന്നലെ 17,321 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 10,989 പേര്‍ക്കും കര്‍ണാടകയില്‍ 10,959 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 8,766 പേര്‍ക്കും പശ്ചിമബംഗാളില്‍ 5,384 പേര്‍ക്കും ഒഡീഷയില്‍ 6,019 പേര്‍ക്കും ആസാമില്‍ 3,751 പേര്‍ക്കും തെലുങ്കാനയില്‍ 1,813 പേര്‍ക്കും പഞ്ചാബില്‍ 1,393 പേര്‍ക്കും ജമ്മുകാശ്മീരില്‍ 1,098 പേര്‍ക്കും ഡല്‍ഹിയില്‍ 337 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെ മാത്രമാണ്.

🔳ആഗോളതലത്തില്‍ ഇന്നലെ 3,98,772 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 11,194 പേര്‍ക്കും ബ്രസീലില്‍ 84,617 പേര്‍ക്കും അര്‍ജന്റീനയില്‍ 29,757 പേര്‍ക്കും കൊളംബിയയില്‍ 24,233 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 17.51 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.24 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 13,080 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 403 പേരും ബ്രസീലില്‍ 2,208 പേരും കൊളംബിയയില്‍ 550 പേരും അര്‍ജന്റീനയില്‍ 605 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ മൊത്തം 37.75 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳ജയിലില്‍ പ്രോട്ടീന്‍ സപ്ലിമെന്റ്‌സും വ്യായാമത്തിനായുള്ള ബാന്‍ഡും പ്രത്യേക ഭക്ഷണവും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍. മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി താരം സാഗര്‍ റാണ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായി ഇപ്പോള്‍ ജയിലിലാണ് താരം. ടോക്യോ ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പിലാണ് താനെന്നും അതിനാല്‍ പ്രത്യേക സൗകര്യങ്ങള്‍ അനുവദിക്കണമെന്നും സുശീല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

🔳പേസര്‍ ഒല്ലി റോബിന്‍സണു പിന്നാലെ പഴയ ട്വീറ്റുകളുടെ പേരില്‍ ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും വൈസ് ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ക്കുമെതിരെയും അന്വേഷണം. വംശീയവും ലൈംഗികച്ചുവയുള്ളതുമായ പഴയ ട്വീറ്റുകള്‍ പുറത്തുവന്നതിനു പിന്നാലെ പേസര്‍ ഒല്ലി റോബിന്‍സണെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സസ്പെന്‍ഡ് ചെയ്തിരുന്നു.

🔳ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് സെമിഫൈനലില്‍ പുതിയ താരോദയങ്ങള്‍. ആദ്യ പത്തു സീഡിനുള്ളിലുള്ള ഒരൊറ്റ താരം പോലും സെമിയില്‍ ഇടം നേടിയില്ല. 31-ാം സീഡ് പവ്ലുചെങ്കോവ, സീഡില്ലാ താരം തമാര സിദാന്‍സെക്, 17-ാം സീഡ് മരിയ സക്കാരി, സീഡില്ലാ താരം ബാര്‍ബറ ക്രെജിക്കോവ എന്നിവരാണ് അവസാന നാലിലെത്തിയ പുതിയ താരങ്ങള്‍.

🔳ടാറ്റാ സണ്‍സിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ ഡിജിറ്റല്‍ 75 മില്യണ്‍ ഡോളര്‍ വരെ ഫിറ്റ്‌നസ് സ്റ്റാര്‍ട്ടപ്പ് ക്യൂര്‍ഫിറ്റില്‍ നിക്ഷേപിക്കും. ഇടപാടിന്റെ ഫലമായി ക്യൂര്‍ഫിറ്റ് സ്ഥാപകനും സിഇഒയുമായ മുകേഷ് ബന്‍സാല്‍ ടാറ്റ ഡിജിറ്റലിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തും. കൂടാതെ ക്യൂര്‍ഫിറ്റിന്റെ നേതൃസ്ഥാനത്ത് അദ്ദേഹം തുടരുമെന്നും ടാറ്റാ ഡിജിറ്റല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഉപഭോക്തൃ കേന്ദ്രീകൃത ഡിജിറ്റല്‍ ബിസിനസുകള്‍ പടുത്തുയര്‍ത്തുന്നതിനായി ടാറ്റ ഡിജിറ്റല്‍ 2019 ഓഗസ്റ്റിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഫിറ്റ്‌നെസ് ആന്റ് വെല്‍നസ് മാര്‍ക്കറ്റിലെ മുന്‍നിര കമ്പനിയാണ് ക്യൂര്‍ഫിറ്റ്.

🔳ഫഹദ് ഫാസില്‍ ചിത്രം 'മാലിക്', പൃഥ്വിരാജ് ചിത്രം 'കോള്‍ഡ് കേസ്' ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസിന് ഒരുങ്ങുന്നു. ഫിലിം ചേംബറിന്റെ അനുമതി ലഭിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് റിപ്പോര്‍ട്ടര്‍ ടിവിയോട് സിയാദ് കോക്കര്‍ പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ഈ ചിത്രങ്ങള്‍ ഒടിടി റിലീസിന് ശ്രമിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്കിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ 2019ല്‍ ആരംഭിച്ചിരുന്നു. ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. അതിഥി ബാലനാണ് നായിക.

🔳ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ കീഴില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ആസിഫ് അലി, അന്ന ബെന്‍ എന്നിവരാകും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകനും ഛായാഗ്രഹകനുമായ വേണു ഒരുക്കുന്ന ത്രില്ലര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജി.ആര്‍ ഇന്ദുഗോപന്‍ ആണ്. തിരുവനന്തപുരത്ത് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട ഒരു ഇമോഷണല്‍ ത്രില്ലറായിരിക്കും ചിത്രം എന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

🔳ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബെനലി ലിയോണ്‍സിനോ 500 സ്പോര്‍ട്ട് പതിപ്പിനെ അവതരിപ്പിച്ചു. ചൈനീസ് വിപണിയില്‍ ആണ് വാഹനത്തിന്റെ അവതരണം. ലിയോണ്‍സിനോ 500 കഫെ റേസര്‍ പതിപ്പിന്റെ പുതിയ അവതാരമാണ് ഇപ്പോള്‍ പുറത്തിയിരിക്കുന്ന സ്പോര്‍ട്ട് മോഡല്‍. നാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബൈക്ക് യാഥാര്‍ഥ്യമാകുന്നത്. ലിയോണ്‍സിനോ 500ന്റെ റഗുലര്‍ പതിപ്പിനെ 2021 ഫെബ്രുവരിയിലാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 4.59 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

🔳ആര്യാധിനിവേശം എന്ന എക്കാലത്തെയും വലിയ ചരിത്ര ഉപജാപത്തെ, ശാസ്ത്രത്തിന്റെയും വസ്തുതകളുടെയും പിന്‍ബലത്തോടെ ആധികാരികമായി തകര്‍ക്കുന്ന അന്വേഷണാത്മക പഠനം. ചരിത്രത്തെ അപഹരിക്കുന്ന കപടതകളുടെ കാലം അവസാനിച്ചു എന്ന് പ്രഖ്യാപിക്കുന്ന ഗവേഷണ സപര്യ. മുംബൈ ഐ ഐ ടിയില്‍ നിന്നും ജിയോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ചെറുപ്പക്കാരന്റെ ശാസ്ത്രീയ അന്വേഷണം. 'സൈന്ധവ ഭാഷായനം'. രാജേഷ് സി. വേദ ബുക്സ്. വില 130 രൂപ.

🔳രണ്ടാം തരംഗത്തിനിടെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നപ്പോള്‍ പരിശോധനാ സംവിധാനങ്ങള്‍ കടുത്ത സമ്മര്‍ദം നേരിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് വീട്ടിലിരുന്നുതന്നെ കോവിഡ് പരിശോധിക്കാവുന്ന രണ്ട് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അനുമതി നല്‍കിയത്. പുണെയിലെ മൈലാബ് ഡിസ്‌കവറി സൊല്യൂഷന്‍സ് നിര്‍മിച്ച കോവിസെല്‍ഫ്, ഷിക്കാഗോയിലെ ആബട്ട് റാപ്പിഡ് ഡയഗണോസ്റ്റിക്സ് വികസിപ്പിച്ച പാന്‍ബയോ എന്നിവയാണ് ഇത്തരത്തില്‍ അംഗീകാരം ലഭിച്ച റാപ്പിഡ് ആന്റിജന്‍ പരിശോധന കിറ്റുകള്‍. രോഗലക്ഷണങ്ങളുള്ളവരും പോസിറ്റീവ് ആയവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരും മാത്രമേ ഇത്തരം കോവിഡ് പരിശോധന കിറ്റുകള്‍ ഉപയോഗിക്കാവൂ എന്ന് ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്നു. നേരത്തേയുള്ള രോഗ നിര്‍ണയത്തിനും ഐസൊലേഷനും വീട്ടിലുള്ള പരിചരണത്തിനും ഈ കിറ്റുകള്‍ സഹായിക്കും. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയില്‍ നെഗറ്റീവ് കാണിച്ചാല്‍, തുടര്‍ന്ന് ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നും ഐസിഎംആര്‍ പറയുന്നു. ആവശ്യം കഴിഞ്ഞ് ഈ കിറ്റുകളും സ്വാബും മറ്റു വസ്തുക്കളും ഉപേക്ഷിക്കുമ്പോള്‍ നിര്‍മാതാക്കള്‍ കവറില്‍ നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഇന്ത്യയിലെ മരുന്നുകടകളിലും ഫ്ലിപ്കാര്‍ട്ട് അടക്കമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും കോവിസെല്‍ഫ് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. 15 മിനിറ്റിനുള്ളില്‍ ഫലം അറിയുന്ന ഈ കിറ്റിന് 250 രൂപയാണ് വില. ജൂലൈ 5 വരെയുള്ള താത്ക്കാലിക അനുമതിയാണ് പാന്‍ബയോ കിറ്റിന് നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ ഇതിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. 15 മിനിറ്റില്‍ ഫലം തരുന്ന നേസല്‍ സ്വാബ് പരിശോധന തന്നെയാണ് ഇതും.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only