09 ജൂൺ 2021

വീട്ടുകാരും നാട്ടുകാരും അറിഞ്ഞില്ല;പാലക്കാട് കാമുകിയെ പത്ത് വര്‍ഷം സ്വന്തം വീട്ടില്‍ ഒളിപ്പിച്ചു; ഒരു അപൂർവ്വ ‘പ്രണയകഥ’;
(VISION NEWS 09 ജൂൺ 2021)




 
സ്വന്തം വീട്ടുകാരോ നാട്ടുകാരോ ആരുമറിയാതെ യുവാവ് കാമുകിയെ വീട്ടിലൊളിപ്പിച്ചത് പത്ത് വര്‍ഷം. പാലക്കാട് അയിലൂരിലാണ് ഈ അപൂർവ്വ പ്രണയകഥ. അയിലൂര്‍ കാരക്കാട്ടുപറമ്പ് മുഹമ്മദ് ഖനിയുടെ മകന്‍ റഹ്മാനാണ് (34) സമീപവാസിയായ സജിതയെ (28) അസൗകര്യങ്ങള്‍ നിറഞ്ഞ വീട്ടില്‍ മറ്റാരുമറിയാതെ വര്‍ഷങ്ങളോളം താമസിപ്പിച്ചത്.

പത്ത് വര്‍ഷം മുന്‍പ് 24കാരനായ റഹ്മാന്‍ 18 കാരിയായ സജിതയുമായി പ്രണയത്തിലായിരുന്നു. ഇതിനിടെ റഹ്മാനൊപ്പം വീടുവിട്ടിറങ്ങിയ സജിത 2010 ഫെബ്രുവരി മുതല്‍ ആരോരുമറിയാതെ റഹ്മാന്റെ മുറിയില്‍ ജീവിച്ച് വരികയായിരുന്നു. റഹ്മാന്റെ അച്ഛനും അമ്മയും സഹോദരങ്ങളും പോലുമറിയാതെ ചെറിയ വീട്ടീല്‍ ശൗചാലയം പോലുമില്ലാത്ത മുറിയിലായിരുന്നു കഴിഞ്ഞുവന്നത്. സജിതയുടെ തിരോധാനത്തിന് പിന്നാലെ നടന്ന പോലീസ് അന്വേഷണത്തിന്റെ ഭാഗമായി റഹ്മാനെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വിവരങ്ങള്‍ ഒന്നും പുറത്ത് വന്നില്ല.

മുറി പ്രത്യേകതരം ലോക്കുപയോഗിച്ച് മുറി പൂട്ടിയായിരുന്നുന്നു ഇലക്ട്രീഷ്യനായ റഹ്മാന്‍ പുറത്തിറങ്ങിയിരുന്നത്. മുറിയിലെ ജനല്‍ പലക നീക്കി പുറത്തുകടക്കാന്‍ കഴിയുന്ന സംവിധാനവും ഒരുക്കിയിരുന്നു. ഇതുവഴിയാണ് ഭക്ഷണം എത്തിച്ചിരുന്നത്. പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ രാത്രി ആരുമറിയാതെ പുറത്തുകടക്കുകയാണ് പതിവെന്നാണ് ഇവര്‍ നെന്മാറ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. പത്ത് വര്‍ഷത്തിന് ശേഷം യുവാവ് വീട്ടുകാരെ അറിയിക്കാതെ തന്നെ യുവതിയുമൊത്ത് വാടകവീട്ടിലേക്ക് മാറി താമസിച്ച് വരുന്നതിനിടെയാണ് വിവരങ്ങള്‍ പുറത്ത് വരുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജോലിക്കായി വീട് വിട്ടിറങ്ങിയ റഹ്മാനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ 10 വര്‍ഷത്തെ അജ്ഞാതവാസം ഉള്‍പ്പെടെ പുറം ലോകമറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിത്തനശ്ശേരിയിലെ വാടക വീട്ടില്‍ കഴിഞ്ഞ് വന്നിരുന്ന രണ്ടുപേരെയും കണ്ടെത്തിയത്. പ്രായപൂര്‍ത്തിയായ ഇവര്‍ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് താമസിക്കുന്നതായാണ് മൊഴി നല്‍കിയതെന്ന് നെന്മാറ പൊലീസ് പറയുന്നു. ഇരുവരെയും ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കിയശേഷം വിട്ടയച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only