04 ജൂൺ 2021

പ്രഭാത വാർത്തകൾ
(VISION NEWS 04 ജൂൺ 2021)


🔳അമേരിക്ക ഇന്ത്യയ്ക്ക് കോവിഡ് വാക്സിന്‍ കൈമാറും. യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇക്കാര്യം നേരിട്ട് വിളിച്ചറിയിച്ചു. ആഗോളതലത്തില്‍ 25 മില്യണ്‍ ഡോസ് കോവിഡ് വാക്സിന്‍ വിതരണം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായാണ് യുഎസ് ഇന്ത്യയിലേക്കും വാക്സിന്‍ എത്തിക്കുന്നത്. കമല ഹാരിസുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിന് പിന്നാലെ ഇന്ത്യയ്ക്ക് വാക്സിന്‍ കൈമാറാനുള്ള തീരുമാനത്തെ അഭിനന്ദിക്കുന്നതായും അമേരിക്കയുടെ പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രിമോദി ട്വീറ്റ് ചെയ്തു.

🔳പി.എം കെയേഴ്‌സ് ഫണ്ട് വഴി ഗുജറാത്ത് കമ്പനി വിതരണം ചെയ്ത തകരാറുള്ള വെന്റിലേറ്ററുകള്‍ മൂലം കോവിഡ് രോഗികള്‍ മരിക്കാനിടയായാല്‍ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിന് ആയിരിക്കുമെന്ന് ബോംബെ ഹൈക്കോടതി. വെന്റിലേറ്ററുകള്‍ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. അത്തരം വെന്റിലേറ്ററുകള്‍ ഉപയോഗിക്കുന്നതുവഴി ജീവഹാനി സംഭവിക്കാനുള്ള സാധ്യത ഒഴിവാക്കേണ്ടതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

➖➖➖➖➖➖➖➖
🔳ഡല്‍ഹി മെഡിക്കല്‍ അസോസിയേഷന്റെ ഹര്‍ജിയില്‍ യോഗ ഗുരു ബാബ രാംദേവിന് ഡല്‍ഹി ഹൈക്കോടതി സമന്‍സ് അയച്ചു. കോവിഡ് പ്രതിരോധ മരുന്ന് എന്ന പേരില്‍ പതഞ്ജലി തയ്യാറാക്കിയ കൊറോണില്‍ കിറ്റിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് രാംദേവിനെ തടയണമെന്നാണ് ഡി.എം.എ. സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം.

🔳കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ കോടതിയില്‍ ചോദ്യം ചെയ്യുന്നതില്‍ നിന്ന് നിര്‍മാതാക്കള്‍ക്ക് നിയമപരമായ സംരക്ഷണം നല്‍കണമെന്ന ആവശ്യവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വിദേശ വാക്‌സിന്‍ നിര്‍മാതാക്കളായ ഫൈസറിനും മൊഡേണയ്ക്കും പിന്നാലെയാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എല്ലാ വാക്‌സിന്‍ നിര്‍മാതാക്കള്‍ക്കും- വിദേശീയരോ തദ്ദേശീയരോ ആകട്ടെ, സമാനമായ സംരക്ഷണം നല്‍കണമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

🔳നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി കേരളം. ബിഹാറാണ് സൂചികയില്‍ ഏറ്റവും പിന്നില്‍. സാമൂഹികവും, സാമ്പത്തികവും, പരിസ്ഥിതിപരവുമായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും വിലയിരുത്തിയാണ് സുസ്ഥിര വികസന സൂചിക തയ്യാറാക്കുന്നത്.

🔳രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. ഈ സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന്റെ ചെലവും വരവും തമ്മിലുള്ള വ്യത്യാസം 32,000 കോടിയായി ഉയരുമെന്ന് കണക്കുകൂട്ടല്‍. കടമെടുക്കാവുന്നതിന് കേന്ദ്രം അനുവദിച്ച 23,000 കോടി എടുത്താലും ഇത്രയും കുറവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ റവന്യൂക്കമ്മി പരമാവധി കുറച്ച്, കോവിഡ് പ്രതിരോധത്തിനും ക്ഷേമാനുകൂല്യങ്ങള്‍ക്കും പണം ഉറപ്പുവരുത്താനുള്ള ശ്രമമാവും ഇന്ന്് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കുന്ന ആദ്യ ബജറ്റില്‍.

➖➖➖➖➖➖➖➖

🔳ഡിജിറ്റല്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ പ്രാഥമിക സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ട്രയല്‍ ക്ലാസുകള്‍ നടക്കുമ്പോള്‍ത്തന്നെ അതിനുള്ള സൗകര്യമൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി. ഡിജിറ്റല്‍ ക്ലാസുകള്‍ കഴിഞ്ഞശേഷം ഘട്ടംഘട്ടമായി ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. എന്നാല്‍ ഡിജിറ്റല്‍ വീഡിയോ ക്ലാസ് കാണുന്നതിന് ബുദ്ധിമുട്ടുള്ള വിദ്യാര്‍ഥികളെ കണ്ടെത്താന്‍ സമഗ്ര ശിക്ഷ കേരള നടത്തിയ സര്‍വേയില്‍ ഏകദേശം 2.6 ലക്ഷം കുട്ടികളെ കണ്ടെത്തി.

🔳നിയമസഭാതിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഓരോ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും എത്തിയ പണത്തിന്റെയും ചെലവിന്റെയും കണക്ക് ബി.ജെ.പി. ശേഖരിക്കുന്നു. കൊടകര കുഴല്‍പ്പണക്കേസില്‍ പ്രതിരോധത്തിലായ പാര്‍ട്ടി ഇത് ജനമധ്യത്തിലെത്തിച്ചാണ് തിരിച്ചടിക്കാനൊരുങ്ങുന്നത്. അതേസമയം, സി.കെ. ജാനു വിവാദവും പാര്‍ട്ടിക്ക് തലവേദനയായിരിക്കുകയാണ്.

🔳അധികാരശക്തി ഉപയോഗിച്ച് നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കി പകതീര്‍ക്കാന്‍ സി.പി.എം നടത്തുന്ന ഹീനശ്രമങ്ങള്‍ വിലപ്പോവില്ലെന്നും താത്കാലിക രാഷ്ട്രീയലാഭത്തിനുവേണ്ടി കെട്ടിച്ചമച്ച കഥകള്‍ക്ക് ഒട്ടും ആയുസ്സുണ്ടാവില്ലെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

🔳സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ അഞ്ചു മുതല്‍ ഒമ്പതു വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ നാലിന് രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തിക്കാം. ജൂണ്‍ അഞ്ചു മുതല്‍ ജൂണ്‍ ഒമ്പതു വരെ ഇവയ്ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാവില്ല. അവശ്യ വസ്തുക്കളുടെ കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവക്കു മാത്രമേ ജൂണ്‍ അഞ്ചു മുതല്‍ ഒന്‍പതു വരെ പ്രവര്‍ത്തനാനുമതി ഉണ്ടാവുകയുള്ളു. 

🔳സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നത് ജില്ലാ തലത്തിലാക്കാന്‍ ആലോചന. നിലവില്‍ കോവിഡ് മരണങ്ങള്‍ സംസ്ഥാനതലത്തിലാണ് സ്ഥിരീകരിക്കുന്നത്. ഇത് ജില്ലാതലത്തിലാക്കുന്നത് ആലോചിക്കും. ഏത് കാറ്റഗറിയിലുള്ള മരണമാണെന്ന് കൃത്യമായ മാനദണ്ഡം ഡോക്ടര്‍മാര്‍ നിശ്ചയിക്കണമെന്ന് കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

🔳സംസ്ഥാനത്ത് കോവിഡ് 19 നവജാത ശിശുക്കളേയും കുട്ടികളേയും ബാധിച്ചാല്‍ മുന്നൊരുക്കങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് സര്‍ജ് പ്ലാനും അവരുടെ ചികിത്സയ്ക്കായി ചികിത്സാ മാര്‍ഗരേഖയും തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കുട്ടികളില്‍ ഉണ്ടാകുന്ന കോവിഡും കോവിഡാനന്തര പ്രശ്‌നങ്ങള്‍ക്കുമുള്ള ചികിത്സാ മാര്‍ഗരേഖയാണ് പുറത്തിറക്കിയത്.

🔳കോവിഡ് രോഗബാധിതരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക പിന്തുണ അടക്കമുള്ള ഒട്ടേറെ സഹായങ്ങള്‍ രണ്ടാം ഘട്ടത്തിലും നല്‍കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണികൃഷ്ണന്‍. 2021 ജനുവരി മാസം മുതല്‍ കോവിഡിന്റെ രണ്ടാം തരംഗം ബാധിച്ച ഫെഫ്ക അംഗങ്ങളെ ലക്ഷ്യമിട്ടാണ് ഈ ബൃഹത്തായ പദ്ധതി നടപ്പാക്കുന്നത്.

🔳കേരളത്തില്‍ ഇന്നലെ 1,23,885 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 153 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9375 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,521 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1143 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 79 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,569 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,84,292 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂര്‍ 856, കോട്ടയം 707, പത്തനംതിട്ട 585, കാസര്‍ഗോഡ് 560, ഇടുക്കി 498, വയനാട് 234

🔳സംസ്ഥാനത്ത് ഇന്നലെ പുതിയ ഹോട്ട് സ്‌പോട്ടില്ല. 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 871 ഹോട്ട് സ്‌പോട്ടുകള്‍.

🔳തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തിയതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. ശനിയാഴ്ചവരെ ശക്തമായ മഴയ്ക്കും 50 കിലോമീറ്റര്‍വരെ വേഗമുള്ള കാറ്റിനും സാധ്യതയുണ്ട്. അതിനുശേഷം മഴ കുറയും. വീണ്ടും ഒമ്പതുമുതല്‍ മഴ ശക്തമാവും. വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കനത്ത മഴ പ്രതീക്ഷിക്കുന്നത്.

🔳ഒരു സ്ത്രീയുടെ വിവാഹേതര ബന്ധം അവരുടെ കുട്ടിയുടെ സംരക്ഷണാവകാശം നിഷേധിക്കാനുള്ള കാരണമല്ലെന്നും ഒരു നല്ല മാതാവല്ലെന്ന നിഗമനത്തില്‍ എത്താന്‍ കഴിയില്ലെന്നും പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഒരു പുരുഷാധിപത്യ സമൂഹത്തില്‍, സ്ത്രീയുടെ സ്വഭാവത്തെക്കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നത് സാധാരണമാണെന്നും ഈ ആരോപണങ്ങള്‍ പലപ്പോഴും യാതൊരു അടിസ്ഥാനവുമില്ലാതെയാണ് ഉന്നയിക്കപ്പെടുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.

🔳ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ.എസ്. ശര്‍മിള റെഡ്ഡി തെലങ്കാനയിലെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തു. വൈ.എസ്.ആര്‍. തെലങ്കാന പാര്‍ട്ടി എന്നാണ് പേര്. ജൂലൈ എട്ടിന് പാര്‍ട്ടി ഔദ്യോഗികമായി തെലങ്കാനയില്‍ നിലവില്‍ വരുമെന്നും ശര്‍മിള അറിയിച്ചു.

🔳സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ അണ്‍ലോക്ക് നടപടികള്‍ ആരംഭിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, ഓക്സിജന്‍ ബെഡുകളുടെ ലഭ്യത എന്നിവ അടിസ്ഥാനമാക്കി ജില്ലകളെ അഞ്ച് വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനാണ് തീരുമാനം.

🔳സംസ്ഥാനത്ത് ഒരിടത്തും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്ന വിഷയം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞ 18 ജില്ലകളില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്ന ദുരന്തനിവാരണ വകുപ്പ് മന്ത്രി വിജയ് വാഡെറ്റിവാറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്.

🔳പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യോഗം ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയ്ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് അദ്ദേഹം മറുപടി നല്‍കി. യോഗത്തില്‍നിന്ന് സ്വമേധയാ വിട്ടുനിന്നിട്ടില്ലെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉണ്ടായിരുന്ന സമയംവരെ അവിടെ ഉണ്ടായിരുന്നുവെന്നും പിന്നീട് ദിഗാ നഗരത്തില്‍ യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ മമതയുടെ നിര്‍ദേശപ്രകാരമാണ് യോഗത്തില്‍നിന്ന് പോയതെന്നും അദ്ദേഹം വ്യക്തമാക്കി.

🔳വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയത്തിനെതിരേ കേന്ദ്ര സര്‍ക്കാര്‍. വാട്‌സ്ആപ്പ് ഉപഭോക്താക്കളെ സമ്മര്‍ദത്തിലാക്കി പുതിയ നയം അംഗീകരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ കുറ്റപ്പെടുത്തി. സ്വമേധയായുള്ള അനുമതിയില്ലാതെ ഡാറ്റ പങ്കുവെയ്ക്കുന്ന വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യമാണെന്നും ഡല്‍ഹി ഹൈക്കോടതിയെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പുതിയ സ്വകാര്യതാനയം അംഗീകരിക്കാന്‍ ഉപയോക്താക്കളുടെ മേല്‍ വാട്‌സ്ആപ്പ് സമ്മര്‍ദം ചെലുത്തുന്നത് തടയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കേടതിയെ അറിയിച്ചു.

🔳രാജ്യത്ത് ഇന്നലെ 1,31,280 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 2,05,771 പേര്‍ രോഗമുക്തി നേടി. മരണം 2705. ഇതോടെ ആകെ മരണം 3,40,719 ആയി. ഇതുവരെ 2,85,72,359 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 16.31 ലക്ഷം കോവിഡ് രോഗികള്‍.

🔳തമിഴ്നാട്ടില്‍ ഇന്നലെ 24,405 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 15,229 പേര്‍ക്കും കര്‍ണാടകയില്‍ 18,324 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 11,421 പേര്‍ക്കും പശ്ചിമബംഗാളില്‍ 8,811 പേര്‍ക്കും ഒഡീഷയില്‍ 8,839 പേര്‍ക്കും ആസാമില്‍ 4,309 പേര്‍ക്കും തെലുങ്കാനയില്‍ 2,261 പേര്‍ക്കും പഞ്ചാബില്‍ 2,144 പേര്‍ക്കും ഡല്‍ഹിയില്‍ 487 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തില്‍ താഴെ മാത്രമാണ്.

🔳ആഗോളതലത്തില്‍ ഇന്നലെ 4,54,119 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 14,877 പേര്‍ക്കും ബ്രസീലില്‍ 83,391 പേര്‍ക്കും അര്‍ജന്റീനയില്‍ 32,291 പേര്‍ക്കും കൊളംബിയയില്‍ 28,624 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 17.28 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.33 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 9,568 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 525 പേരും ബ്രസീലില്‍ 1,682 പേരും കൊളംബിയയില്‍ 545 പേരും അര്‍ജന്റീനയില്‍ 553 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 37.15 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳വിയറ്റ്നാമില്‍ അടുത്തിടെ കണ്ടെത്തിയത് കോവിഡിന്റെ പുതിയ വകഭേദമല്ലെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ ഡെല്‍റ്റ വകഭേദത്തിന്റെ (B.1.617) ഭാഗമാണിതെന്നും വിയറ്റ്നാമിലെ WHO പ്രതിനിധി കിഡോങ് പാര്‍ക്ക് വ്യക്തമാക്കി.

🔳ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഖത്തറിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോറ്റത്. ആദ്യ റൗണ്ടില്‍ ഏറ്റുമുട്ടിയപ്പോള്‍ കരുത്തുറ്റ ഖത്തര്‍ നിരയിക്കെതിരേ സമനില പിടിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.

🔳ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ നിരയില്‍ പേസര്‍ മുഹമ്മദ് സിറാജ് ഉണ്ടാകുമോ? ടീമുമായി അടുത്ത വൃത്തങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും വ്യക്തമായ ഉത്തരം നല്‍കാന്‍ സാധിക്കാത്ത ഈ ചോദ്യത്തിന്റെ ഉത്തരം സിറാജ് ഇന്ത്യന്‍ നിരയില്‍ ഉണ്ടാകും എന്നതാണ്.ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പരിശീലകന്‍ രവി ശാസ്ത്രിയും തമ്മിലുള്ള സംഭാഷണം ചോര്‍ന്നതോടെയാണ് ഇക്കാര്യം വെളിപ്പെട്ടത്. മുഹമ്മദ് ഷമിയേയും സിറാജിനെയും റൗണ്ട് ദ് വിക്കറ്റ് ബൗള്‍ ചെയ്യിക്കാമെന്ന് കോലി ശാസ്ത്രിയോട് പറയുന്നു സംഭാഷണമാണ് പുറത്തായത്.

🔳ഫ്രഞ്ച് ഓപ്പണില്‍ രണ്ടാം റൗണ്ട് മത്സരത്തിനിടെ ഓസ്‌ട്രേലിയയുടെ ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി പരിക്കേറ്റ് പിന്മാറി. പോളണ്ടിന്റെ മഗ്ദ ലിനെറ്റിനെതിരായ മത്സരത്തിനിടെയാണ് താരത്തിന്റെ ഇടുപ്പിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ആദ്യ സെറ്റ് 1-6ന് നഷ്ടമായ ബാര്‍ട്ടി രണ്ടാം സെറ്റില്‍ മത്സരിക്കുന്നതിനിടെയാണ് പരിക്കേറ്റ് പിന്മാറുന്നതായി അറിയിച്ചത്.

🔳വാള്‍മാര്‍ട്ടിന്റെ കീഴിലുള്ള ഫോണ്‍പേയുടെ രജിസ്റ്റേര്‍ഡ് ഉപഭോക്താക്കളുടെ എണ്ണം 300 ദശലക്ഷം കടന്നു. ആക്ടീവ് ഉപഭോക്താക്കളുടെ എണ്ണം പ്രതിമാസം 125 ദശലക്ഷമായി ഉയര്‍ന്നുവെന്നും കമ്പനി പറയുന്നു. മെയ് മാസത്തില്‍ ആകെ 390 ബില്യണ്‍ ഡോളറിന്റെ ഇടപാട് ആകെ നടന്നതായും കമ്പനി വ്യക്തമാക്കി. ഇന്ത്യയിലാകെ 20 ദശലക്ഷം ഓഫ്‌ലൈന്‍ കച്ചവടക്കാരാണ് ഇപ്പോള്‍ ഫോണ്‍പേ ഉപയോഗിക്കുന്നത്. രാജ്യത്തെ 11000 നഗരങ്ങളിലായാണ് ഇത്രയും കച്ചവടക്കാര്‍ തങ്ങളുടെ ഭാഗമായതെന്നും കമ്പനി പറയുന്നുണ്ട്. ഗൂഗിള്‍ പേ, ആമസോണ്‍ പേ, പേടിഎം തുടങ്ങി നിരവധി കമ്പനികളുള്ള മത്സരരംഗത്താണ് ഫോണ്‍പേയുടെ കുതിപ്പ്. 2020 നവംബറില്‍ തന്നെ ഫോണ്‍പേയിലെ രജിസ്റ്റേര്‍ഡ് ഉപഭോക്താക്കളുടെ എണ്ണം 250 ദശലക്ഷം കടന്നിരുന്നു. ആറ് മാസത്തിനുള്ളിലാണ് 50 ദശലക്ഷം രജിസ്റ്റേര്‍ഡ് ഉപഭോക്താക്കള്‍ കൂടി കമ്പനിയുടെ ഭാഗമായത്.

🔳വായ്പകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് 2021 സാമ്പത്തിക വര്‍ഷത്തില്‍ 3,722 കോടി രൂപ അറ്റാദായം കൈവരിച്ചു. മുന്‍വര്‍ഷത്തെ 3,018 കോടി രൂപയെ അപേക്ഷിച്ച് 23 ശതമാനം വര്‍ധനവാണിത്. കമ്പനിയുടെ വായ്പാ ആസ്തികള്‍ 2021 മാര്‍ച്ച് 31-ലെ കണക്കു പ്രകാരം 26 ശതമാനം വര്‍ധനവോയെ 52,622 കോടി രൂപയിലും എത്തിയിട്ടുണ്ട്. പത്തു രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 200 ശതമാനം ലാഭവിഹിതം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

🔳ജനകീയ കൂട്ടായ്മയില്‍ നിര്‍മ്മിച്ച് നാടകപ്രവര്‍ത്തകനായ പി.കെ ബിജു രചനയും സംവിധാനവും നിര്‍വ്വഹിച്ച മലയാള ചലച്ചിത്രം 'ഓത്ത്' മികച്ച പ്രതികരണം നേടി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനം തുടരുന്നു. ഫസ്റ്റ് ഷോസ് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലാണ് ചിത്രം റിലീസ് ചെയ്തത്. ഓട്ടിസം ബാധിച്ച മകനെ പരിചരിക്കുന്ന പിതാവിന്റെയും ആ മകന്റെയും സംഘര്‍ഷഭരിതമായ ചിത്രത്തിന്റെ പ്രമേയം. ഭിന്നശേഷിക്കാരനായ മകനുമായി കഴിയേണ്ടി വരുന്ന പിതാവിന്റെ ദാരുണമായ ജീവിതവും സമൂഹത്തിന്റെ സമീപനങ്ങളും ചിത്രം ഒപ്പിയെടുത്തിട്ടുണ്ട്. ഏറെ സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രമാണ് ഓത്ത്. നാടക നടനായ ഷാജഹാനാണ് കേന്ദ്രകഥാപാത്രം. പ്രശസ്ത ശില്പി ഡാവിഞ്ചി സുരേഷും ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. നാടക നടിയായ പ്രീത പിണറായിയാണ് ചിത്രത്തിലെ നായിക.

🔳ബാലതാരം മീനാക്ഷി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അമീറ'യിലെ ടൈറ്റില്‍ സോംഗ് പുറത്ത്. 'മലയോരം വെയില്‍ കായുന്നേ' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗായത്രി ഓമനക്കുട്ടനാണ്. ഹരിത ഹരി ബാബുവിന്റെ വരികള്‍ക്ക് അനൂപ് ജേക്കബാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. നിരവധി ഷോര്‍ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ റിയാസ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൗരത്വ ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചകളിലൂന്നി സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം പറയുന്നത്. മീനാക്ഷിയുടെ അച്ഛന്‍ അനൂപിന്റേതാണ് ചിത്രത്തിന്റെ കഥ. മീനാക്ഷിയും സഹോദരന്‍ ഹാരിഷും ചിത്രത്തിലും സഹോദരങ്ങളായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. അമീറയായി മീനക്ഷിയും അമീനായി ഹാരിഷും വേഷമിടുന്നു.

🔳2020 ഒക്ടോബര്‍ രണ്ടിനാണ് മഹീന്ദ്രയുടെ പുതുതലമുറ ഥാര്‍ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രതികരണമാണ് വാഹനത്തിന്. ഇപ്പോഴിതാ പുതിയൊരു ഥാര്‍ കൂടി എത്താനൊരുങ്ങുകയാണ്. വാഹനത്തിന്റെ അഞ്ച് ഡോര്‍ പതിപ്പാണ് വരുന്നത്. 2026 ഓടെ ഒമ്പത് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നും അതിലൊന്ന് 5 ഡോര്‍ ഥാര്‍ ആയിരിക്കുമെന്നും മഹീന്ദ്ര പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഥാര്‍ അഞ്ച് ഡോര്‍ പതിപ്പ് കൂടാതെ പുതുതലമുറ മഹീന്ദ്ര ബൊലേറോ, ബോണ്‍ ഇവി പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി രണ്ട് ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍, പുതു തലമുറ എക്‌സ്യുവി 300, ഡബ്ല്യു620, വി201 എന്നീ കോഡ്‌നാമങ്ങള്‍ നല്‍കിയ രണ്ട് മോഡലുകള്‍ എന്നിവയും മഹീന്ദ്ര പുതുതായി വിപണിയിലെത്തിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

🔳ജീവിതസത്യങ്ങളുടെ നേര്‍സാക്ഷ്യങ്ങളടങ്ങിയ കഥകള്‍. ഗ്രാമവും നഗരവും ജനജീവിതവും ഇഴചേര്‍ന്നുകിടക്കുന്ന സാമൂഹികക്രമത്തില്‍ മനുഷ്യജീവിതത്തിന്റെ ആന്തരികസംഘര്‍ഷങ്ങളെ കൃത്യതയോടെ അവതരിപ്പിക്കുകയാണ് കഥാകാരന്‍. വ്യത്യസ്തമായ പശ്ചാത്തലങ്ങള്‍. സ്വത്വം തിരിച്ചറിയുന്ന, വിധിയെ തടുക്കാനാവില്ലെന്ന് വെളിപ്പെടുത്തുന്ന രചന. പുഷ്പാഞ്ജലി, മണിയോര്‍ഡര്‍, കൊറോണാസുരന്‍, പുളിങ്കറി, വൃഷകേതു തുടങ്ങിയ കഥകളുടെ സമാഹാരം. 'സ്മൃതിപഥങ്ങള്‍'. വി.ടി. രാകേഷ്. ഗ്രീന്‍ ബുക്സ്. വില 95 രൂപ.

🔳കൊറോണക്കാലത്ത് പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പോഷകങ്ങളെ കുറിച്ച് പല പഠനങ്ങളും പുറത്തുവന്നിരുന്നു. അവയില്‍ പലതും ശുപാര്‍ശ ചെയ്ത ഒന്നാണ് കോവിഡിനെ തടുക്കാന്‍ വൈറ്റമിന്‍ ഡി യുടെ ഉപയോഗം. എന്നാല്‍ വൈറ്റമിന്‍ ഡി അത്തരത്തില്‍ പ്രത്യേകിച്ചൊരു സംരക്ഷണം കോവിഡിനെതിരെ ഒരുക്കുന്നില്ലെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കാനഡയിലെ ക്യുബെക്കിലുള്ള മക് ഗില്‍ സര്‍വകലാശാല നടത്തിയ ജനിതക പഠനം ആണ് ഇത് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. ഉയര്‍ന്ന വൈറ്റമിന്‍ ഡി തോതിന് ജനിതകപരമായിതന്നെ സാധ്യതയുള്ളവര്‍ക്ക് കോവിഡ് തീവ്രത കുറവായിരിക്കുമോ എന്നാണ് ഗവേഷകര്‍ പരിശോധിച്ചത്. ജനിതകപരമായി തന്നെ ഉയര്‍ന്ന വൈറ്റമിന്‍ ഡി ശരീരത്തില്‍ ഉള്ളവര്‍ക്ക് കോവിഡുമായി ബന്ധപ്പെട്ട് രോഗതീവ്രത കുറവൊന്നും കണ്ടെത്താനായില്ലെന്നും ഇവര്‍ക്ക് പ്രത്യേകിച്ചൊരു സംരക്ഷണം കോവിഡിനെതിരെ ഇല്ലെന്നും ഗവേഷകര്‍ പറയുന്നു. വൈറ്റമിന്‍ ഡി കൂടുതല്‍ കഴിക്കുന്നത് പൊതുജനങ്ങളുടെ കോവിഡ് പ്രതിരോധം മെച്ചപ്പെടുത്തുമെന്ന മുന്‍ധാരണകളെ തിരുത്തുന്നതാണ് പഠനം. പിഎല്‍ഒഎസ് മെഡിസിന്‍ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. സാവോപോളോ സര്‍വകലാശാല നടത്തിയ മറ്റൊരു പഠനവും സമാനമായ ഫലം പുറത്തു വിട്ടിരുന്നു.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only