22 ജൂൺ 2021

രാമനാട്ടുകര വാഹനാപകടം; അറസ്റ്റിലായ എട്ടുപേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും
(VISION NEWS 22 ജൂൺ 2021)

കോഴിക്കോട് രാമനാട്ടുകരയില്‍ അഞ്ചുപേരുടെ മരണത്തിന് കാരണമായ വാഹനാപകടവുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് സംഘത്തെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. സ്വര്‍ണക്കവര്‍ച്ച സംഘത്തിലെ രണ്ട് പേര്‍ക്കായി ഇപ്പോളും അന്വേഷണം തുടരുകയാണ്. കള്ളക്കടത്ത് സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ സംഘത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം നിലവിൽ അറസ്റ്റിലായ എട്ടുപേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പതിനഞ്ചു പേർ അടങ്ങുന്ന സ്വര്‍ണക്കടത്ത് സംഘത്തിലെ രണ്ട് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൊയ്തീന്‍ എന്നായാളാണ് ദുബായില്‍ നിന്നും കൊടുവള്ളിയിലെ സംഘത്തിന് വേണ്ടി സ്വര്‍ണം എത്തുന്ന വിവരം കവര്‍ച്ചാ സംഘത്തിന് നല്‍കുന്നത്. ഇയാളെ കണ്ടെത്താനുള്ള ശ്രമവും ഊർജിതമായി നടക്കുകയാണ്.

സ്വര്‍ണവുമായി വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായ മലപ്പുറം മൂര്‍ഖനാട് സ്വദേശി ഷഫീഖ്, കണ്ണൂര്‍ സ്വദേശിയായ അര്‍ജുന്‍ എന്നയാളെ ഫോണ്‍ ചെയ്തതായും തെളിഞ്ഞിട്ടുണ്ട്. ഇയാളെയും പൊലീസ് തിരയുന്നുണ്ട്. കൊടുവള്ളിയില്‍ നിന്നുള്ള സംഘത്തിനൊപ്പം ഇയാളുമുണ്ടായിരുന്നതായാണ് സൂചന. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only