24 ജൂൺ 2021

വിസ്മയ, അര്‍ച്ചന എന്നിവരുടെ മരണം: സ്ത്രീധനക്കുറ്റം ചുമത്താന്‍ കേരള വനിതാ കമ്മിഷന്‍ നിര്‍ദേശം
(VISION NEWS 24 ജൂൺ 2021)

കൊല്ലം ശൂരനാട്, തിരുവനന്തപുരം വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍പ്പെട്ട യഥാക്രമം വിസ്മയ, അര്‍ച്ചന എന്നിവരുടെ മരണത്തില്‍ പൊലീസ് ചാര്‍ജ് ചെയ്ത കേസുകളില്‍ ശക്തമായ വകുപ്പുകള്‍ ചേര്‍ക്കാന്‍ കേരള വനിതാ കമ്മിഷന്‍ പൊലീസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കാനാണ് നിര്‍ദേശം നല്‍കിയത്. 

വിവാഹം പക്വമായി എന്ന് നിയമപരമായി വിലയിരുത്തപ്പെടുന്ന ഏഴ് വര്‍ഷ കാലാവധി പൂര്‍ത്തിയാകാത്തതിനാലും നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടായതായി കുടുംബാംഗങ്ങള്‍ ആരോപിക്കുന്ന പശ്ചാത്തലത്തിലും കേസ്സുകള്‍ ഗൗരവതരമായി കാണണം. സ്ത്രീധന നിരോധന നിയമം (ഭേദഗതി), സെക്ഷന്‍ മൂന്നും ആറും വകുപ്പുകള്‍, ഐപിസി 406 എന്നിവ  ചേര്‍ത്ത് അന്വേഷണം നടത്താനാണ് നിര്‍ദേശിച്ചിട്ടുള്ളത്. വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍, അംഗങ്ങളായ അഡ്വ.എം.എസ്.താര, അഡ്വ. ഷിജി ശിവജി എന്നിവര്‍ മരണപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച് തെളിവെടുത്തതിന്റെയും പൊലീസ് റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് നിര്‍ദേശം നല്‍കിയത്.

ശൂരനാട് സംഭവത്തില്‍ പ്രതിയായ കിരണിന്റെ അക്കൗണ്ട് മരവിപ്പിക്കാന്‍ വനിതാ കമ്മിഷന്‍ കഴിഞ്ഞ ദിവസം ശാസ്താംകോട്ട ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആലപ്പുഴ വള്ളിക്കുന്നത്ത് മരണപ്പെട്ട സുചിത്രയുടെ വീട്ടിലും വനിതാ കമ്മിഷന്‍ തെളിവെടുത്തു. മരണം സംഭവിച്ച് ചില സംശയങ്ങളുണ്ടെന്ന് സുചിത്രയുടെ വീട്ടുകാര്‍ കമ്മിഷനെ അറിയിച്ചിട്ടുണ്ട്.   സ്ത്രീധന പീഡന വിഷയത്തില്‍ സ്ത്രീകള്‍ക്കൊപ്പം നിന്ന് ശക്തമായ നിയമ പാലനവും, നിയമത്തില്‍ പോരായ്മയുണ്ടെങ്കില്‍ അത് ഭേദഗതി ചെയ്യാനുള്ള നിര്‍ദേശങ്ങളും സമര്‍പ്പിക്കുന്നതില്‍ വനിതാ കമ്മിഷന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only