23 ജൂൺ 2021

ഡെല്‍റ്റ പ്ലസ് വകഭേദം; കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ മുന്നറിയിപ്പ്
(VISION NEWS 23 ജൂൺ 2021)

കൊവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ മുന്നറിയിപ്പ്. ഡെല്‍റ്റ പ്ലസ് വകഭേദം ആശങ്കയുളവാക്കുന്നതാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട്. കേരളത്തിന് പുറമെ മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നൽകിയിരിക്കുന്നത്. ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയ പ്രദേശങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കാനും കര്‍ശനമായി ക്വാറന്റൈന്‍ പാലിക്കുന്നത് ഉറപ്പാക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ഡെല്‍റ്റ പ്ലസ് കൊവിഡ് വകഭേദം തീവ്ര വ്യാപന ശേഷിയുള്ളതാണ് എന്നാണ് ആരോഗ്യ മന്ത്രാലയം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. കേരളത്തില്‍ പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് നിലവില്‍ ഡെല്‍ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം രംഗത്ത് എത്തുന്നത്. 

ഡല്‍റ്റ പ്ലസ് സ്ഥിരീകരിച്ച പാലക്കാടും പത്തനംതിട്ടയിലും നിയന്ത്രണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ പറളി, പിരായിരി പഞ്ചായത്തുകള്‍ അടച്ചിടും. ഇന്നുമുതല്‍ ഏഴുദിവസത്തേക്കാണ് അടച്ചിടുക. പറളി, പിരായരി പഞ്ചായത്തുകളിലെ രണ്ട് സ്ത്രീകളിലാണ് ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. 50 വയസ്സില്‍ താഴെയുള്ളവരാണ് രണ്ട് പേരും. നിലവില്‍ ഇരുവര്‍ക്കും രോഗം ഭേദമായി. 

പത്തനംതിട്ടയില്‍ കടപ്ര പഞ്ചായത്തിലെ 14ാം വാര്‍ഡിലെ നാല് വയസുള്ള ആണ്‍കുട്ടിയിലാണ് ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. മെയ് 24 നാണ് കുട്ടി കൊവിഡ് പോസിറ്റീവായത്. നിലവില്‍ കൊവിഡ് നെഗറ്റീവാണ്. കുട്ടി ഉള്‍പ്പെട്ട വാര്‍ഡ് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററില്‍ പെട്ടതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only