19 ജൂൺ 2021

പ്രഭാത വാർത്തകൾ
(VISION NEWS 19 ജൂൺ 2021)


🔳ഇന്ത്യയുടെ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിങ് (91) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്നാണ് മരണം. ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് മില്‍ഖാ സിങ്ങിനെ ചണ്ഡീഗഡിലെ പിജിഐഎംഇആര്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. മെയ് 20-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയില്‍ അദ്ദേഹം നെഗറ്റീവ് ആയിരുന്നു. പറക്കും സിഖ് എന്ന പേരിലറിയപ്പെടുന്ന മില്‍ഖ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഏക ഇന്ത്യക്കാരനാണ്.

🔳കോവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയില്‍ ഒക്ടോബറില്‍ എത്തിയേക്കുമെന്ന് വിദഗ്ധര്‍. രാജ്യത്ത് കോവിഡ് മഹാമാരി ഒരു വര്‍ഷംകൂടി പൊതുജനാരോഗ്യ പ്രശ്‌നമായി തുടരുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദഗ്ദരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ രണ്ടാം തരംഗത്തെക്കാള്‍ മികച്ച രീതിയില്‍ മൂന്നാം തരംഗത്തെ നേരിടാന്‍ രാജ്യത്തിന് കഴിയുമെന്നും വിദഗ്ധര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.


🔳കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളും വിമര്‍ശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരിക്കല്‍ തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ സുധാകരന്‍ പദ്ധതിയിട്ടിരുന്നതായി അദ്ദേഹത്തിന്റെ അടുത്ത ആളില്‍ നിന്ന് തനിക്ക് വിവരം ലഭിച്ചിരുന്നതായി മുഖ്യമന്ത്രി വെളിപ്പെടുത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം ഓര്‍ത്തെടുത്തുകൊണ്ടാണ് വാര്‍ത്താസമ്മേളനത്തില്‍ സുധാകരനെതിരെ മുഖ്യമന്ത്രി ആരോപണമുയര്‍ത്തിയത്.

🔳ബ്രണ്ണന്‍ കോളേജിലെ പഠനകാലത്ത് തന്നെ ചവിട്ടി വീഴ്ത്തിയെന്ന സുധാകരന്റെ അവകാശവാദത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. സുധാകരന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ സ്വപ്നാടനത്തിന്റെ ഭാഗം മാത്രമാണെന്നും തീര്‍ത്തും വസ്തുതാ വിരുദ്ധമായ കാര്യമാണ് സുധാകരന്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ഥിയായിരുന്ന കാലത്ത് തന്നെ ചവിട്ടി വീഴ്ത്തണമെന്ന് സുധാകരന് ആഗ്രഹമുണ്ടായിക്കാണുമെന്നും എന്നാല്‍ സംഭവിച്ച കാര്യങ്ങള്‍ അങ്ങനെയല്ലെന്നും അയ്യോ വിജയാ ഒന്നും ചെയ്യല്ലേ എന്നു സുധാകരന്റെ നേതാവ് പറഞ്ഞതുകൊണ്ട് അന്ന് സുധാകരന്‍ രക്ഷപ്പെട്ടുവെന്നും പിണറായി പരിഹസിച്ചു.

🔳മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും തമ്മിലുള്ള വാക്ക് പയറ്റ് മരം കൊള്ള മറയ്ക്കാനുള്ള കൗശലമാണെന്ന് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അപ്രതീക്ഷിത ചോദ്യത്തിന് നാലുപേജ് എഴുതിക്കൊണ്ടുവന്ന മറുപടി പറഞ്ഞത് നാടകമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മലയാളികളെ ഇങ്ങന മണ്ടന്മാരാക്കാന്‍ കാരക്കൂട്ടില്‍ ദാസനും കീലേരി അച്ചുവിനുമല്ലാതെ ആര്‍ക്കു കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

🔳ഏറ്റവും നല്ല സാഹചര്യം വരുമ്പോള്‍ ആദ്യം ആരാധനാലയങ്ങള്‍ തുറക്കാമെന്നാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ നല്ല രീതിയില്‍ രോഗവ്യാപന തോത് കുറഞ്ഞുവരുന്നതായി കാണുന്നുണ്ടെന്നും അടുത്ത ബുധനാഴ്ച വരെയാണ് നിലവിലെ സ്ഥിതി തുടരുകയെന്നും ഈ ഒരാഴ്ച കാലം ഏത് തരത്തിലാണ് കാര്യങ്ങള്‍ എന്നുനോക്കി കുറച്ച് ഇളവുകള്‍ കൂടി പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


🔳സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്‍ മണ്ടത്തരങ്ങളാണെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. ശനിയാഴ്ചയും ഞായറാഴ്ചയും സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച കടകളിലേക്ക് ആളുകളുടെ തള്ളിക്കയറ്റമാണ്. ഇതിന് പിന്നാലെയാണ് ഒറ്റ- ഇരട്ട നമ്പരുകളിലുള്ള ബസുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഓടിക്കുമെന്ന പുതിയ തീരുമാനം വന്നിരിക്കുന്നത്. ബസുകള്‍ കുറയുമ്പോള്‍ ആളുകള്‍ കുറയുന്നില്ല, ബസുകളില്‍ തിരക്ക് വര്‍ധിക്കുകയാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ആരാണ് സര്‍ക്കാരിന് ഇത്തരം ബുദ്ധി ഉപദേശിക്കുന്നത് എന്നറിയാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

🔳മദ്യശാലകള്‍ തുറക്കുകയും ആരാധനാലയങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തിയെന്തെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ആരാധനാലയങ്ങളും ലൈബ്രറികളും സിനിമ തിയേറ്ററുകളും അടക്കമുള്ള പൊതുസംവിധാനങ്ങള്‍ ടിപിആറിന്റെ അടിസ്ഥാനത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി സര്‍ക്കാര്‍ ഉടന്‍ നല്‍കണമെന്നും സുധാകരന്‍ പറഞ്ഞു.

🔳 ആരോഗ്യ സര്‍വകലാശാലയുടെ പരീക്ഷാ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എല്ലാ പരീക്ഷകളും ജൂണ്‍ 21 മുതലാണ് ആരംഭിക്കുന്നത്. 34 ഓളം പരീക്ഷകളുടെ വിവരങ്ങള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

🔳കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍(73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. കാന്‍സര്‍ ബാധിതനായിരുന്ന രമേശന്‍ നായര്‍ക്ക് കോവിഡും സ്ഥിരീകരിച്ചിരുന്നു. രണ്ടുദിവസം മുന്‍പ് കോവിഡ് നെഗറ്റീവ് ആയിരുന്നു. ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടെ 500 ലധികം ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

🔳കേരളത്തില്‍ ഇന്നലെ 1,11,124 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 90 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,833 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,667 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 567 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,147 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,07,682 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂര്‍ 429, പത്തനംതിട്ട 405, കാസര്‍ഗോഡ് 373, ഇടുക്കി 311, വയനാട് 206.

🔳സംസ്ഥാനത്ത് ടി.പി.ആര്‍. 8ന് താഴെയുള്ളത് 178 ഉം, 8നും 20നും ഇടയ്ക്കുള്ളത് 633 ഉം, 20നും 30നും ഇടയ്ക്കുള്ളത് 208 ഉം, 30ന് മുകളിലുള്ളത് 16 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍. തിരുവനന്തപുരം ജില്ലയിലെ അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂര്‍, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്, എറണാകുളം ജില്ലയിലെ ചിറ്റാറ്റുകര, പാലക്കാട് ജില്ലയിലെ നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറം ജില്ലയിലെ തിരുനാവായ, വയനാട് ജില്ലയിലെ മൂപ്പൈനാട്, കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക, മധൂര്‍ എന്നിവയാണ് ടി.പി.ആര്‍ 30ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍.  

🔳ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവായ മുകുള്‍ റോയിയെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ബംഗാള്‍ ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി.

🔳രാജ്യത്ത് ഇന്നലെ 60,739 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 97,779 പേര്‍ രോഗമുക്തി നേടി. മരണം 1,645. ഇതോടെ ആകെ മരണം 3,85,167 ആയി. ഇതുവരെ 2,98,22,764 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 7.54 ലക്ഷം കോവിഡ് രോഗികള്‍.

🔳തമിഴ്നാട്ടില്‍ ഇന്നലെ 8,633 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 9,798 പേര്‍ക്കും കര്‍ണാടകയില്‍ 5,783 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 6,341 പേര്‍ക്കും പശ്ചിമബംഗാളില്‍ 2,788 പേര്‍ക്കും ഒഡീഷയില്‍ 3,806 പേര്‍ക്കും ആസാമില്‍ 3,706 പേര്‍ക്കും തെലുങ്കാനയില്‍ 1,417 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 3,81,741 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 11,172 പേര്‍ക്കും ബ്രസീലില്‍ 97,421 പേര്‍ക്കും അര്‍ജന്റീനയില്‍ 20,363 പേര്‍ക്കും കൊളംബിയയില്‍ 28,790 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 17.85 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.16 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,810 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 336 പേരും ബ്രസീലില്‍ 2,327 പേരും കൊളംബിയയില്‍ 590 പേരും അര്‍ജന്റീനയില്‍ 458 പേരും റഷ്യയില്‍ 453 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ മൊത്തം 38.65 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳പലസ്തീന് 10 ലക്ഷം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ ഉടന്‍ കൈമാറുമെന്ന് ഇസ്രായേലിന്റെ പ്രഖ്യാപനം. യു.എന്‍ പദ്ധതിപ്രകാരം പലസ്തീന് വാക്സിന്‍ ലഭിക്കുമ്പോള്‍ തിരികെ നല്‍കണമെന്ന വ്യവസ്ഥയിലാണ് വാക്സിന്‍ കൈമാറ്റം. ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നെഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള ഇസ്രായേലിലെ പുതിയ സര്‍ക്കാരാണ് പലസ്തീന് വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

🔳ചൈനയില്‍ വിതരണം ചെയ്ത കോവിഡ് വാക്‌സിന്‍ ഡോസുകളുടെ എണ്ണം 100 കോടിയിലേക്ക്. ലോകത്ത് മറ്റൊരു രാജ്യത്തിനും സാധിക്കാത്ത സമാനതകളില്ലാത്ത വേഗത്തിലാണ് ചൈനയിലെ കോവിഡ് വാക്‌സിനേഷന്‍ നടക്കുന്നതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച വരെ ചൈന 945 ദശലക്ഷത്തിലധികം ഡോസുകള്‍ വിതരണം ചെയ്തു. ഇത് അമേരിക്കയില്‍ വിതരണം ചെയ്തതിന്റെ മൂന്നിരട്ടിയാണ്. ആഗോള തലത്തില്‍ 250 കോടിയോളം ഡോസുകളാണ് ഇതുവരെ കുത്തിവെച്ചത്. ഇതില്‍ 40 ശതമാനവും ചൈനയിലാണ്.

🔳ഇന്ത്യയും ന്യൂസീലന്റും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മഴയില്‍ കുതിര്‍ന്ന തുടക്കം. മഴ മൂലം ആദ്യ ദിവസത്തെ കളി ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. മത്സരത്തില്‍ ഐസിസി റിസര്‍വ് ഡേ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ നഷ്ടപ്പെട്ട ദിവസത്തെ കളി അന്ന് നടക്കും.

🔳സൂപ്പര്‍ താരങ്ങളായ റാഫേല്‍ നദാലും നവോമി ഒസാക്കയും വിംബിള്‍ഡണ്‍ ടെന്നിസ് കളിക്കില്ല. കൂട്ടുകാരോടും കുടുംബാഗങ്ങളോടും ഒപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും ടോക്യോ ഒളിമ്പിക്‌സിനായി തയ്യാറെടുപ്പുകള്‍ നടത്താനുമാണ് പിന്മാറുന്നതെന്ന് ഒസാക്കയുടെ ഏജന്റ് വ്യക്തമാക്കി. അതേസമയം നദാല്‍ വിംബിള്‍ഡണനോടപ്പം ടോക്യോ ഒളിമ്പിക്‌സില്‍ നിന്നും പിന്മാറി. ശാരീരികാവസ്ഥ മാനിച്ചും തന്റെ ടീമുമായി ചര്‍ച്ച ചെയ്തുമാണ് തീരുമാനം എടുത്തതെന്ന് നദാല്‍ വ്യക്തമാക്കി.

🔳യൂറോ കപ്പില്‍ ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ സ്ലൊവാക്യയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി സ്വീഡന്‍. ജയത്തോടെ പ്രീ-ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ അവര്‍ക്കായി.

🔳യൂറോ കപ്പില്‍ ഗ്രൂപ്പ് ഡിയില്‍ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ജയംകാണാനാകാതെ ഇംഗ്ലണ്ട്. ഫിഫ റാങ്കിങ്ങില്‍ 44-ാം സ്ഥാനത്തുള്ള സ്‌കോട്ട്ലന്‍ഡ് ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ കുടുക്കി.

🔳യൂറോ കപ്പില്‍ ഗ്രൂപ്പ് ഡിയില്‍ നടന്ന ക്രൊയേഷ്യ - ചെക്ക് റിപ്പബ്ലിക്ക് മത്സരം സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.

🔳കോപ്പ അമേരിക്ക 2021 ഫുട്‌ബോളില്‍ ആദ്യ വിജയം കുറിച്ച് ചിലി. ഗ്രൂപ്പ് ബിയില്‍ ബൊളീവിയയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് വിദാലും സംഘവും വിജയമാഘോഷിച്ചത്. മത്സരത്തില്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് ചിലി ബൊളീവിയയെ കീഴടക്കിയത്. മുന്നേറ്റതാരം ബെന്‍ ബ്രെറെട്ടണാണ് ടീമിനായി ഗോള്‍ നേടിയത്.

🔳സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം 13 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തുകയായ 20,700 കോടി രൂപയായി. സ്വിസ്റ്റ്സര്‍ലന്‍ഡ് കേന്ദ്ര ബാങ്കാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. 2019ല്‍ 6625 കോടി രൂപയായിരുന്നു നിക്ഷേപം. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് 2020ല്‍ നിക്ഷേപത്തില്‍ വന്‍ വര്‍ധനവുണ്ടായത്. വ്യക്തിഗത നിക്ഷേപത്തിലൂടെ 4000 കോടി രൂപയും ട്രസ്റ്റുകള്‍ മുഖേനയുള്ള നിക്ഷേപത്തിലൂടെ 13,500 കോടിയും മറ്റ് ബാങ്ക് ശാഖകളിലൂടെ 3,100 കോടിയും സ്വിസ് ബാങ്കുകളിലെത്തി.

🔳ഇന്ത്യയിലെ ഓണ്‍ലൈന്‍ ഗെയ്മിംഗ് വ്യവസായത്തിന്റെ മൂല്യം 2024-25 സാമ്പത്തിക വര്‍ഷത്തോടെ 290 ബില്യണ്‍ രൂപയ്ക്ക് മുകളില്‍ എത്തുമെന്ന് വ്യാവസായിക സ്ഥാപനമായ കെപിഎംജി-യുടെ പഠന റിപ്പോര്‍ട്ട്. കാഷ്വല്‍ ഗെയിമിംഗ് വിഭാഗം 29 ശതമാനം കോമ്പൗണ്ട് വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ 169 ബില്യണ്‍ രൂപയിലെത്തും. മൊത്തം ഓണ്‍ലൈന്‍ ഗെയിമിംഗ് വരുമാനത്തിന്റെ 44 ശതമാനമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കണക്ക് പ്രകാരം കാഷ്വല്‍ ഗെയ്മിംഗ്. അതായത് 60 ബില്യണ്‍ രൂപയുടെ മൂല്യമാണ് ഈ വിഭാഗത്തിന് ഇപ്പോള്‍ കണക്കാക്കുന്നത്.

🔳മിഷന്‍ സി' ചിത്രത്തിന് ശേഷം മറ്റൊരു ക്രൈം ത്രില്ലറുമായി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. 'പ്രതി പ്രണയത്തിലാണ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി. വാഗമണ്ണിന്റെ പശ്ചാത്തലത്തില്‍ ഒരു പോലീസ് സ്റ്റേഷനില്‍ നാല് ദിവസങ്ങളിലായി നടക്കുന്ന സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ. ആക്ഷനും സസ്‌പെന്‍സും ത്രില്ലും നിറഞ്ഞ പുതുമയുള്ള ശൈലിയാണ് ഈ സിനിമയുടേത്. വിനോദ് ഗുരുവായൂരിനൊപ്പം മുരളി ഗിന്നസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

🔳നൈജീരിയക്കാരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകന്‍ ഗഫൂര്‍ വൈ ഇല്ല്യാസ് പുതിയ സിനിമ ഒരുക്കുന്നു. 'ചലച്ചിത്രം' എന്ന് പേരിട്ട സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. ദുബായില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ നിരവധി പ്രവാസികളും അഭിനയിക്കുന്നുണ്ട്. നൈജീരിയക്കാരായ മോസസ് ഒയേലേരേയും, ടോസിന്‍ അന്ന ഫോലയനും, സുദര്‍ശനന്‍ ആലപ്പിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

🔳ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു പുതിയ 5 സീരീസ് ഫെയ്സ്ലിഫ്റ്റിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 24-നാണ് വാഹനത്തിന്റെ ഇന്ത്യന്‍ അവതരണം. പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ബമ്പറും 5 സീരീസ് ഫെയ്സ്ലിഫ്റ്റില്‍ ഉണ്ടാകും. നിലവിലെ മോഡലിന്റെ എഞ്ചിന്‍ ഓപ്ഷനുകള്‍ തുടരാനാണ് സാധ്യത. 5 സീരീസ് 530ഡി വേരിയന്റില്‍ 2.0 ലിറ്റര്‍ പെട്രോളായിരിക്കും എത്തുക.

🔳ദാര്‍ശനികമായ ഉള്ളടക്കം കൊണ്ടും ജീവിതവ്യാഖ്യാനംകൊണ്ടും മലയാള കഥയിലെ ആധുനികഭാവുകത്വത്തോടു ചാഞ്ഞുനില്‍ക്കുന്ന പ്രതീതി സൃഷ്ടിക്കുന്നു ഈ കഥകള്‍. പുകവലിക്കുമ്പോള്‍ ചിന്തിക്കുന്നത്, പാവ, ഫോര്‍മിസൈഡി, സ്വപ്നങ്ങള്‍ അടയാളങ്ങള്‍, ഭൂതപലായനം, ലയണല്‍ മെസ്സിയുടെ ചില ജനിതകപ്രശ്നങ്ങള്‍... തുടങ്ങി പതിനൊന്നു കഥകള്‍. ശ്രീജിത്ത് കൊന്നോളിയുടെ ആദ്യ കഥാസമാഹാരം. 'ലയണല്‍ മെസ്സിയുടെ ചില ജനിതകപ്രശ്നങ്ങള്‍'. മാതൃഭൂമി. വില 136 രൂപ.

🔳ഇളം ചൂടുവെള്ളത്തില്‍ നാരങ്ങവെള്ളം തയ്യാറാക്കി കഴിക്കുന്നത് രാവിലെ ഉണര്‍ന്നയുടന്‍ ചെയ്യാവുന്നൊരു മികച്ച ദിനചര്യയാണെന്നാണ് പ്രമുഖ ലൈഫ്‌സ്റ്റൈല്‍ കോച്ച് ആയ ലൂക്ക് കുടീഞ്ഞ്യോ പറയുന്നത്. ഡയറ്റുമായി ബന്ധപ്പെട്ട ഇത്തരം 'ടിപ്‌സ്' ലൂക്ക് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ എപ്പോഴും പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ തന്നെ പങ്കുവച്ചതാണ് ഈ ടിപ്പും. രാവിലെ വെറുംവയറ്റില്‍ ഇളം ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് അങ്ങനെ തന്നെ കുടിക്കാം. ആവശ്യമെങ്കില്‍ ഇതിലേക്ക് ഒരു നുള്ള് പിങ്ക് സാള്‍ട്ടും അര ടീസ്പൂണ്‍ തേനും ചേര്‍ക്കാം. രാവിലെ തന്നെ കഴിക്കുന്നതായതിനാല്‍ ഇത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന തരം പാനീയമാണെന്ന് തെറ്റിദ്ധരിക്കേണ്ട. അങ്ങനെ വണ്ണം കുറയ്ക്കുന്നതിന് മാത്രം സഹായകമായി ഒരു പാനീയവും ഇല്ലെന്നും ലൂക്ക് പറയുന്നു. വൈറ്റമിന്‍-സി, ധാതുക്കള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു എന്നതിനാല്‍ രാവിലെ തന്നെ ചെറുനാരങ്ങാ വെള്ളം കുടിക്കുമ്പോള്‍ അത് ദഹനപ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള ഉപാപചയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only