17 ജൂൺ 2021

പള്ളികൾ തുറക്കണം; ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് ഹര്‍ജി നൽകാനൊരുങ്ങി സമസ്ത
(VISION NEWS 17 ജൂൺ 2021)

ലോക്ഡൗണ്‍ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ പള്ളികളില്‍ ആരാധനക്ക് അനുമതി നല്‍കണമെന്ന നിലപാട് കടുപ്പിച്ച് സമസ്ത. ആവശ്യമറിയിച്ച് സുന്നി യുവജനസംഘം അടുത്തദിവസം മുഖ്യമന്ത്രിക്ക് കൂട്ട ഹര്‍ജി നല്‍കും. ആരാധനാലയങ്ങള്‍ക്ക് ഇളവ് നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും വിശ്വാസികളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും എസ്‌വൈഎസ് ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈവി പറഞ്ഞു. ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന പക്ഷം നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ മത സംഘടനകളുമായി ചര്‍ച്ച നടത്താന്‍ നിലവില്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ലോക്ഡൗണില്‍ കാര്യമായ ഇളവുകള്‍ വരുത്തിയിട്ടും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാത്തതിനെതിരെ വിവിധ മുസ്ലിം സംഘടനകള്‍ കഴിഞ്ഞദിവസം പ്രതിഷേധം അറിയിച്ചിരുന്നു. സമസ്തയ്ക്കുപുറമെ ജമാഅത്തെ ഇസ്ലാമി, കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷന്‍, വിസ്ഡം മുസ്ലിം ഓര്‍ഗനൈസേഷന്‍, കേരള നദ്വത്തുല്‍ മുജാഹിദീന്‍, ഓള്‍ കേരള ഇമാം കൗണ്‍സില്‍ എന്നീ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only