20 ജൂൺ 2021

ഇന്ന് ഫാദേഴ്‌സ് ഡേ
(VISION NEWS 20 ജൂൺ 2021)


മക്കൾക്ക് വേണ്ടി അമ്മ ചെയ്യുന്ന ത്യാഗത്തെയും കരുതലിനേയും കുറിച്ചൊക്കെ വാചാലരാകുന്നവർ ചിലപ്പോഴൊക്കെ അച്ഛൻ എന്ന തണലിനെ മറക്കാറുണ്ട്. ആ സ്നേഹത്തെ ഒറ്റ വാക്കിലോ ദിവസത്തിലോ ഒതുക്കാൻ കഴിയില്ല എന്നത് തന്നെയാണ് വാസ്തവം. എന്നാലും അച്ഛന്റെ കരുതലും സംരക്ഷണത്തെയും കുറിച്ച് ഓര്‍ക്കാനും ഒരു ദിനമുണ്ട്. ഫാദേഴ്‌സ് ഡേ, പല രാജ്യങ്ങളിലും വ്യത്യസ്ത തീയതികളിലാണ് ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്നതെങ്കിലും ഇന്ത്യയില്‍ എല്ലാ വര്‍ഷവും ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഈ ദിനം ആഘോഷിക്കാറുള്ളത്.

ഫാദേഴ്‌സ് ഡേ പാശ്ചാത്യ ആശയമാണെങ്കിലും ഇന്ന് ഇന്ത്യയിലും ഫാദേഴ്‌സ് ഡേ വലിയ രീതിയില്‍ ആഘോഷിക്കപ്പടുന്നുണ്ട്. മാര്‍ച്ച് 10 ഫാദേഴ്‌സ് ഡേ ആയി ആഘോഷിക്കുന്ന രാജ്യങ്ങളും ലോകത്തുണ്ട്. ഇന്ത്യ ജൂണ്‍ 20ന് ഫാദേഴ്‌സ് ദിനം ആഘോഷിക്കുമ്പോള്‍ മറ്റ് ചില രാജ്യങ്ങളിലും അന്ന് തന്നെ ആഘോഷം നടക്കും.
അമേരിക്കയിലാണ് ഫാദേഴ്‌സ് ഡേ എന്ന ആശയം ആദ്യം ഉയര്‍ന്നത്. ഫാദേഴ്‌സ് ഡേയുടെ പ്രതീകമായ ചുവന്ന റോസാപ്പൂക്കള്‍ അച്ഛന് സമ്മാനിച്ചാണ് വിദേശത്ത് ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്നത്. കേക്ക് മുറിച്ചും അച്ഛനൊപ്പം സമയം പങ്കു വച്ചും നമ്മുടെ രാജ്യത്തും ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്നു.

സോനോറ ഡോസ്സ് എന്ന അമേരിക്കന്‍ വനിതയാണ് ഫാദേഴ്‌സ് ഡേ എന്ന ആശയത്തിന് പിന്നില്‍. അമ്മയുടെ മരണത്തിന് ശേഷം തന്റെ അഞ്ച് സഹോദരങ്ങളെ എല്ലാ സുഖ സൗകര്യങ്ങളോട് കൂടിയും വളര്‍ത്തി വലുതാക്കിയ അച്ഛനായ വില്യം സ്മാര്‍ട്ടിന്റെ സ്വാധീനമാണ് സൊനോറയെ ഈ ആശയത്തിലേക്ക് എത്തിച്ചതെന്നാണ് ചരിത്രം പറയുന്നത്. ഈ ദിനത്തില്‍ കാലങ്ങളായി അച്ഛന് വെള്ള അല്ലെങ്കില്‍ ചുവപ്പ് റോസാപ്പൂക്കള്‍ നല്‍കി വരുന്നുണ്ട്. ഫാദേഴ്‌സ് ഡേയുടെ ഔദ്യോഗിക പുഷ്പമാണ് റോസ്. ചുവന്ന റോസ് നല്‍കുന്നത് പിതാവിന്റെ ആയുസ്സിനെ പ്രതിനിധാനം ചെയ്യുന്നു എന്നാണ് പറയുന്നത്. എന്നാല്‍ വെള്ള റോസ് ആണെങ്കില്‍ അത് മരിച്ച പിതാവിന്റെ ശാന്തിയെ പ്രതിനിധാനം ചെയ്യുന്നു എന്നാണ് പറയുന്നത്.

അച്ഛനെ ഓര്‍ക്കാന്‍ പ്രത്യേകം ഒരു ദിവസം വേണോ എന്ന് പരിഹസിക്കുന്നവരുണ്ടാകാം. എന്നാല്‍ ഒരു ദിവസമെങ്കിലും അമ്മയ്‌ക്കൊപ്പം അച്ഛന്‍ ചെയ്ത ത്യാഗവും കരുതി വച്ച സംരക്ഷണവും ഓര്‍ക്കാന്‍ ഈ ദിനത്തെ ഉപയോഗിക്കാം. നമ്മുടെയെല്ലാം ജീവിതത്തില്‍ കരുത്തും തണലുമായി നില്‍ക്കുന്ന വന്മരം തന്നെയാണ് നമ്മുടെയെല്ലാം അച്ഛന്‍. ശാസിച്ചും ശിക്ഷിച്ചും ഉപദേശിച്ചും എല്ലാം നമ്മളെ നേര്‍വഴിക്ക് നടത്തുന്നതിനാണ് അച്ഛന്‍ ശ്രമിക്കുന്നത്. വര്‍ഷത്തില്‍ ഒരു ദിവസം മാത്രമല്ല അച്ഛനെ സ്‌നേഹിക്കേണ്ടത് എല്ലാ ദിവസവും നമ്മുടെ അച്ഛനമ്മമാരെ നാം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും വേണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only