11 ജൂൺ 2021

കാലവര്‍ഷം ശക്തിപ്രാപിക്കുന്നു, നാളെമുതല്‍ സംസ്ഥാനത്ത് പരക്കെ മഴ; മൂന്ന് ജില്ലകളില്‍ ശക്തമാകും, ഓറഞ്ച് അലേര്‍ട്ട്
(VISION NEWS 11 ജൂൺ 2021)

 
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചൊവ്വാഴ്ച ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. മുന്നറിയിപ്പിന്റെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. 

ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യത കൂടുതലാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴയാണ് പ്രവചിക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രൂപം കൊള്ളുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പരക്കെ മഴയാണ് പ്രവചിക്കുന്നത്. ഇന്ന് കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലും നാളെ മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലും ഞായറാഴ്ച പാലക്കാട്, വയനാട് ജില്ലകള്‍ ഒഴികെയുള്ള പ്രദേശങ്ങളിലും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒന്‍പത് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115 mm വരെയുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. ഉച്ചയോട് കൂടി ആരംഭിക്കുന്ന ശക്തമായ ഇടിമിന്നലോട് കൂടിയ വേനല്‍ മഴ സംസ്ഥാനത്ത് തുടരുകയാണ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only