17 ജൂൺ 2021

ഭോപ്പാലില്‍ പുതിയ വൈറസ് വകഭേദം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്; വ്യാപനം കുറയ്ക്കാന്‍ നടപടി തുടങ്ങി
(VISION NEWS 17 ജൂൺ 2021)

ഭോപ്പാല്‍: മധ്യപ്രദേശില്‍ പരിശോധിച്ച സാമ്പിളുകളില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഭോപ്പാലില്‍ രോഗം സ്ഥിരീകരിച്ച ഒരാളില്‍ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി.) റിപ്പോര്‍ട്ടില്‍ പറയുന്നുവെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. അന്വേഷണം ആരംഭിച്ചതായും അണുബാധ വ്യാപനം കുറയ്ക്കുന്നതിനായി കോണ്‍ടാക്റ്റ് ട്രേസിങ് നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ വകഭേദത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

ഇന്ത്യയില്‍ രണ്ടാം തരംഗത്തിന് കാരണമായ ഡല്‍റ്റ വകഭേദത്തെ, വ്യാപന ശേഷിയുടെ അടിസ്ഥാനത്തില്‍ 'ആശങ്ക ഉണര്‍ത്തുന്ന വകഭേദം' എന്ന നിലയില്‍ യു.എസ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സി.ഡി.സി) പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. യു.എസ്. ഉള്‍പ്പെടെ 66 രാജ്യങ്ങളിലെങ്കിലും ഈ വകഭേദം പടര്‍ന്നിട്ടുണ്ടെന്നും സി.ഡി.സി പറഞ്ഞിരുന്നു. 

അതേസമയം, ലാംബ എന്ന് പേരിട്ട കോവിഡിന്റെ പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞതായി ലോകാരോഗ്യ സംഘടന ബുധനാഴ്ച പറഞ്ഞിരുന്നു. പെറുവില്‍ ആദ്യമായി തിരിച്ചറിഞ്ഞ ഈ വകഭേദം 29 രാജ്യങ്ങളില്‍ കണ്ടെത്തിയിരുന്നു. തെക്കേ അമേരിക്കയിലെ ഉയര്‍ന്ന വ്യാപനം കണക്കിലെടുത്ത് ഇതിനെ ആഗോള വകഭേദമായി പരിഗണിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only