20 ജൂൺ 2021

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കു ഏർപ്പെടുത്തിയ വിലക്ക് ഭാഗികമായി നീക്കി യു.എ.ഇ
(VISION NEWS 20 ജൂൺ 2021)

കൊവിഡ് സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് ഭാഗികമായി നീക്കി യു.എ.ഇ. കൊവിഷീൽഡ്, സ്പുട്നിക്, ഫൈസർ, സിനോഫാം വാക്സീനുകളിൽ ഏതെങ്കിലും 2 ഡോസും എടുത്ത, താമസ വിസയുള്ളവർക്ക് 23 മുതൽ ദുബായിൽ എത്താം. എന്നാൽ അബുദാബി ഉൾപ്പെടെയുള്ള മറ്റ് എമിറേറ്റുകളിലേക്കുള്ള യാത്രയുടെ കാര്യം പറഞ്ഞിട്ടില്ല. അതേസമയം കൊവാക്സീൻ കുത്തിവയ്പെടുത്തവർ ആശങ്കയിലാണ്. കൊവിഷീൽഡും കൊവാക്സീനുമാണ് ഇന്ത്യയിൽ കൂടുതൽ പേരും സ്വീകരിച്ചിട്ടുള്ളത്.

മറ്റു നിബന്ധനകൾ: യാത്രയ്ക്ക് 48 മണിക്കൂറിനിടെയെടുത്ത ക്യുആർ കോഡോടു കൂടിയ ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതിനു പുറമേ, പുറപ്പെടുന്ന വിമാനത്താവളത്തിൽ 4 മണിക്കൂറിനിടെ വീണ്ടും റാപ്പിഡ് പിസിആർ നടത്തിയ രേഖയും വേണം. ദുബായ് വിമാനത്താവളത്തിൽ വീണ്ടും പരിശോധന നടത്തും.

ഇതിന്റെ ഫലം വരുന്നതു വരെയുള്ള 24 മണിക്കൂർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ കഴിയണം.റാപ്പിഡ് പിസിആർ, ക്വാറന്റീൻ ചെലവ് എന്നിവയുൾപ്പെടെയുള്ള വിവരങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്. വരും ദിവസങ്ങളിൽ വിശദാംശങ്ങൾ പ്രഖ്യാപിച്ചേക്കും. സന്ദർശക വീസ അനുവദിക്കുന്ന കാര്യവും പരാമർശിച്ചിട്ടില്ല. ഏപ്രിൽ 25 നായിരുന്നു ഇന്ത്യയിൽ നിന്നുള്ളവർക്ക് യു.എ.ഇ വിലക്ക് ഏർപ്പെടുത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only