21 ജൂൺ 2021

പ്രഭാത വാർത്തകൾ
(VISION NEWS 21 ജൂൺ 2021)🔳ഏഴാമത് അന്താരാഷ്ട്ര യോഗദിനം ഇന്ന് ഓണ്‍ലൈനായി ആചരിക്കും. കേന്ദ്രസര്‍ക്കാര്‍ തലത്തിലുള്ള പരിപാടികള്‍ രാവിലെ ആറരമുതല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യും. ഏഴിന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും.

🔳രാജ്യത്തെ പുതിയ ഐ.ടി ചട്ടങ്ങള്‍ മനുഷ്യാവകാശ ലംഘനമല്ലെന്ന് ഐക്യരാഷ്ട്ര സഭയ്ക്ക് ഇന്ത്യയുടെ മറുപടി. സാമൂഹിക മാധ്യമങ്ങളിലെ സാധാരണ ഉപഭോക്താക്കളെ ശാക്തീകരിക്കാനാണ് ഐ.ടി ചട്ടത്തിന് രൂപം നല്‍കിയതെന്നും വിശാലമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ ഐ.ടി ചട്ടങ്ങള്‍ കൊണ്ടുവന്നതെന്നും യു.എന്നിലെ ഇന്ത്യന്‍ മിഷന്‍ വ്യക്തമാക്കി.

🔳മതിയായ മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ ജനിതക മാറ്റം സംഭവിച്ച പുതിയ K417N വകഭേദം കൂടുതല്‍ അപകടകാരിയാകുമെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. ഡെല്‍റ്റ വകഭേദം അതിവേഗത്തില്‍ വ്യാപിച്ച ബ്രട്ടണിലെ സാഹചര്യത്തില്‍ നിന്ന് ഇന്ത്യ പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ പെട്ടെന്നുള്ള രോഗവ്യാപനം ഇന്ത്യയിലുണ്ടാകുമെന്നും രണ്‍ദീപ് ഗുലേറിയ മുന്നറിയിപ്പ് നല്‍കി.

🔳അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 8 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. യോഗത്തില്‍ ആയുര്‍വേദ രംഗത്തെ കുലപതിയായ പദ്മവിഭൂഷണ്‍ ഡോ. പി.കെ വാര്യരെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാന ആയുഷ് വകുപ്പ് ആദരിക്കും.

🔳കേരളത്തിന്റെ പൊതുഗതാഗത രംഗത്തെ ഇന്ധന ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള കെ.എസ്.ആര്‍.ടി.സി.യുടെ ആദ്യ എല്‍.എന്‍.ജി ബസ് സര്‍വീസ് ഇന്ന് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയും, എറണാകളും മുതല്‍ കോഴിക്കോട് വരെയുമാണ് ആദ്യ എല്‍.എന്‍.ജി ബസ് സര്‍വീസ്. ആദ്യ സര്‍വീസ് തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ ഉച്ചയ്ക്ക് 12 മണിക്ക് ഗതാഗത മന്ത്രി ആന്റണി രാജു ഫ്‌ളാഗ് ഓഫ് ചെയ്യും.

🔳കെഎആര്‍ടിസി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതിനുള്ള ചര്‍ച്ച ഇന്ന് നടക്കും. 2010ല്‍ ആണ് ഇതിനുമുമ്പ് കെ എസ് ആര്‍ ടി സി-യില്‍ ശമ്പള പരിഷ്‌കരണം നടന്നത്. കെ എസ് ആര്‍ ടി സി നവീകരണത്തിന്റെ പാതയിലാണെന്നും, ജീവനക്കാരെ വിശ്വാസത്തിലെടുത്ത്, ആധുനികവല്‍കരണം നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് ശമ്പള പരിഷ്‌കരണ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നതെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

🔳വനം കൊള്ള ഉയര്‍ത്തി സര്‍ക്കാരിന് എതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വനം കൊള്ളയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഉള്ള മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഗിമ്മിക്കുകള്‍ ജനം തിരിച്ചറിഞ്ഞുവെന്ന് ഫേസ്ബുക്ക് പോസ്റ്റ്. കോടികളുടെ കള്ളക്കടത്തില്‍ നിന്ന് ഫോറസ്റ്റ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്ത് തലയൂരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു.

🔳കുട്ടനാടന്‍ ജനത നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എംഎല്‍എ. വെള്ളപ്പൊക്ക ദുരിതം നീക്കാന്‍ ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ വേണമെന്നും പുഴകളിലേയും കനാലുകളിലേയും എക്കലും ചെളിയും നീക്കണമെന്നും എ.സി റോഡിന്റെ നവീകരണത്തിന് സമ്പൂര്‍ണ പാരിസ്ഥിതിക പഠനം വേണമെന്നും സതീശന്‍ പറഞ്ഞു. സേവ് കുട്ടനാട് മൂവ്മെന്റിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും ദുരിതമുണ്ടാകുമ്പോള്‍ പുതിയ സംഘടനകള്‍ ഉണ്ടാകുമെന്നും അവരെ മാവോയിസ്റ്റായും ഭരണകൂട വിരുദ്ധരായും കണക്കാക്കുന്നത് ഏകാധിപത്യ ഭരണകൂടത്തിന്റെ സൂചനകളാണെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. വ്യത്യസ്തങ്ങളായ ഏജന്‍സികളൈക്കാണ്ട് പഠനംനടത്തി സമയംകളയുന്നതിന് പകരം എം.എസ് സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നടപ്പാക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

🔳സംസ്ഥാന ബിജെപിയുടെ സമീപകാല പ്രവര്‍ത്തനങ്ങളില്‍ കടുത്ത വിമര്‍ശനവുമായി ആര്‍എസ്എസ്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏകോപനം മൊത്തത്തില്‍ പാളിയെന്നും നേതാക്കള്‍ ഗ്രൂപ്പിസത്തിന്റെ പിടിയിലാണെന്നും ആര്‍എസ്എസ് നേതൃത്വം ആക്ഷേപിച്ചു. കൊച്ചിയില്‍ നടന്ന ബിജെപി - ആര്‍എസ്എസ് നേതൃയോഗത്തിലാണ് വിമര്‍ശനം.

🔳കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സിനിമാനിയമ കരടിനെതിരെ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. 'സേ നോ ടു' സെന്‍സര്‍ഷിപ്പ് എന്ന ഹാഷ്ടാഗോടെ ആയിരുന്നു മുരളി ഗോപിയുടെ പ്രതികരണം. കേന്ദ്രസര്‍ക്കാരിന് സിനിമകളില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ അധികാരം നല്‍കുന്നതാണ് ഇപ്പോള്‍ പുറത്തിറക്കിയ കരട് ബില്‍. സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയാലും സര്‍ക്കാരിന് ആവശ്യമെങ്കില്‍ സിനിമ വീണ്ടും പരിശോധിക്കാന്‍ ബില്ലിലൂടെ അധികാരം ലഭിക്കും. ചട്ട വിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയാലും അത് റദ്ദാക്കാന്‍ സര്‍ക്കാരിന് സാധിക്കും.

🔳കേരളത്തില്‍ ഇന്നലെ 1,07,474 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 112 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,060 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,982 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 554 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 57 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,459 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,05,936 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട് 979, ആലപ്പുഴ 638, കോട്ടയം 600, കണ്ണൂര്‍ 486, കാസര്‍ഗോഡ് 476, ഇടുക്കി 430, പത്തനംതിട്ട 234, വയനാട് 179.

🔳ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. തിരുവനന്തപുരം ജില്ലയിലെ അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂര്‍, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്, എറണാകുളം ജില്ലയിലെ ചിറ്റാറ്റുകര, പാലക്കാട് ജില്ലയിലെ നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറം ജില്ലയിലെ തിരുനാവായ, വയനാട് ജില്ലയിലെ മൂപ്പൈനാട്, കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക, മധൂര്‍ എന്നിവയാണ് ടി.പി.ആര്‍ 30ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍.  

🔳രാജ്യദ്രോഹ കേസില്‍ സംവിധായക ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചു. മൂന്നരമണിക്കൂര്‍ നേരമാണ് കവരത്തിയില്‍ വെച്ച് അന്വേഷണ സംഘം മൊഴിയെടുത്തത്. മൂന്ന് ദിവസം കൂടി ദ്വീപില്‍ തുടരാനും നിര്‍ദേശിച്ചിട്ടുണ്ട്. വൈകിട്ട് നാല് മണിയോടെയാണ് കവരത്തിയിലെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ അഭിഭാഷകനൊപ്പം ഐഷ സുല്‍ത്താന ഹാജരായത്. ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ബയോവെപ്പണാണെന്ന് ചാനല്‍ ചര്‍ച്ചയില്‍ ഐഷ പറഞ്ഞെന്നാണ് കേസ്.

🔳ലക്ഷദ്വീപിന്റെ അധികാര പരിധി കേരള ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാന്‍ നീക്കം. ഇതുസംബന്ധിച്ച് ലക്ഷദ്വീപ് ഭരണകൂടം കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കിയെന്നാണ് സൂചന.

🔳കോവിഡ് പ്രതിരോധ വാക്‌സിനേഷനില്‍ റെക്കോര്‍ഡ് തീര്‍ത്ത് ആന്ധ്രാപ്രദേശ്. ഒരുദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ സംസ്ഥാനമായി ആന്ധ്ര മാറി. ഞായറാഴ്ച വൈകീട്ട് ഏഴ് വരെയുള്ള കണക്കുപ്രകാരം 13 ലക്ഷത്തിലേറെ പേര്‍ക്ക് സംസ്ഥാനത്ത് വാക്‌സിന്‍ കുത്തിവെപ്പ് നല്‍കി. ഇതോടെ സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. ഞായാറാഴ്ച രാവിലെ ആറ് മണിയോടെ സംസ്ഥാനത്തെ 13 ജില്ലകളിലായി 2000ത്തോളം കേന്ദ്രങ്ങളിലാണ് വാക്സിനേഷന്‍ നടന്നത്.

🔳സംസ്ഥാനത്ത് ജനസംഖ്യ കൂടുന്നുവെന്ന മുന്നറിയിപ്പുമായി ഉത്തര്‍ പ്രദേശ് നിയമ കമ്മീഷന്‍. ജനസംഖ്യ വര്‍ധിക്കുന്നത് ആശുപത്രികള്‍, ഭക്ഷ്യധാന്യം, പാര്‍പ്പിടം എന്നിവയ്ക്ക് സമ്മര്‍ദമുണ്ടാക്കുമെന്നും നിയമകമ്മീഷന്‍ ചെയര്‍മാന്‍ ആദിത്യ നാഥ് മിത്തല്‍ അഭിപ്രായപ്പെട്ടു.

🔳ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. മേഖലയിലെ രാഷ്ട്രീയ നേതാക്കളുമായി പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകളുണ്ടായേക്കുമെന്നാണ് സൂചനകളെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത വ്യാഴാഴ്ചയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

🔳പൊതുമേഖലാ എണ്ണക്കമ്പനികളില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുള്ള നിര്‍ദ്ദേശത്തിന് വിവിധ മന്ത്രാലയങ്ങളുടെ അഭിപ്രായം ആരാഞ്ഞുകൊണ്ടുള്ള കാബിനറ്റ് നോട്ടിന്റെ കരട് കേന്ദ്ര വാണിജ്യ മന്ത്രാലയം തയ്യാറാക്കി. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണശുദ്ധീകരണ കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ സ്വകാര്യ വത്കരണത്തിന് വഴിയൊരുങ്ങുകയാണ്.

🔳രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നുകോടിയിലേക്ക്. ഇന്നലെ 52,956 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 77,967 പേര്‍ രോഗമുക്തി നേടി. മരണം 1,423. ഇതോടെ ആകെ മരണം 3,88,164 ആയി. ഇതുവരെ 2,99,34,361 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 6.97 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 9,361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 7,817 പേര്‍ക്കും കര്‍ണാടകയില്‍ 4,517 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 5,646 പേര്‍ക്കും പശ്ചിമബംഗാളില്‍ 2,184 പേര്‍ക്കും ഒഡീഷയില്‍ 3,577 പേര്‍ക്കും ആസാമില്‍ 1,775 പേര്‍ക്കും തെലുങ്കാനയില്‍ 1,006 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 2,87,900 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 4,081 പേര്‍ക്കും ബ്രസീലില്‍ 44,178 പേര്‍ക്കും അര്‍ജന്റീനയില്‍ 10,395 പേര്‍ക്കും കൊളംബിയയില്‍ 27,818 പേര്‍ക്കും റഷ്യയില്‍ 17,611 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 17.92 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.15 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 5,764 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 86 പേരും ബ്രസീലില്‍ 957 പേരും കൊളംബിയയില്‍ 599 പേരും അര്‍ജന്റീനയില്‍ 301 പേരും റഷ്യയില്‍ 450 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ മൊത്തം 38.81 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳യാത്രക്കാരെ സ്വീകരിക്കാനൊരുങ്ങി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്ന്. 24 മുതല്‍ ദുബായിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകും. 15 മാസത്തോളമായി അടഞ്ഞു കിടക്കുകയായിരുന്ന വിമാനത്താവളമാണ് വിദേശ യാത്രക്കാരെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്.

🔳100 കോടിയിലധികം ഡോസ് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പുകള്‍ നടത്തി വാക്‌സിനേഷന്‍ ദൗത്യത്തില്‍ സുപ്രധാന വഴിത്തിരിവ് പിന്നിട്ട് ചൈന. ശനിയാഴ്ച വരെ ചൈനയില്‍ കോവിഡ് വാക്‌സിന്റെ 1,01,04,89,000 ഡോസുകളാണ് കുത്തിവച്ചതെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

🔳28 മണിക്കൂറിനുളളില്‍ 10 നില കെട്ടിടം പണിത് ചൈനയിലെ റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍. ഭൂമികുലുക്കത്തെ ചെറുക്കാന്‍ കെല്‍പുളളതാണ് ഈ കെട്ടിടം. ചൈനയിലെ ചാങ്ഷാ നഗരത്തിലാണ് കെട്ടിടം നിര്‍മിച്ചത്. കെട്ടിടം നിര്‍മിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. പ്രിഫ്രാബ്രിക്കേറ്റഡ് സംവിധാനം ഉപയോഗിച്ചാണ് നിര്‍മാണം നടത്തിയത്.

🔳ന്യൂസീലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 217 റണ്‍സിന് പുറത്ത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെടുത്തു നില്‍ക്കുകയാണ്. 30 റണ്‍സെടുത്ത ഓപ്പണര്‍ ലഥാമും 54 റണ്‍സെടുത്ത കോണ്‍വെയുമാണ് പുറത്തായത്. നേരത്തെ 22 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ കൈല്‍ ജാമിസനാണ് കിവീസിനായി തിളങ്ങിയത്.

🔳ഓസ്ട്രേലിയയുടെ വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ് പര്യടനങ്ങളില്‍ നിന്ന് പിന്മാറിയ കളിക്കാര്‍ക്കെതിരേ വിമര്‍ശനവുമായി ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. ഏഴ് കളിക്കാരാണ് ഐപിഎല്ലില്‍ കളിക്കാനായി രണ്ട് പരമ്പരകളില്‍ നിന്നും പിന്മാറിയത്. ദേശീയ ടീമിന്റെ താത്പര്യത്തേക്കാള്‍ ഐപിഎല്ലിന് പ്രാധാന്യം നല്‍കി ടൂര്‍ണമെന്റ് കളിക്കാനായി പോകുമ്പോള്‍ അത് ന്യായീകരിക്കാന്‍ കളിക്കാര്‍ വല്ലാതെ കഷ്ടപ്പെടുമെന്നും ബംഗ്ലാദേശ് വെസ്റ്റിന്‍ഡീസ് പരമ്പരകളില്‍ ടീമിനായി മികവ് കാണിക്കുന്നവരെയാണ് ട്വന്റി-20 ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കുകയെന്നും ഫിഞ്ച് മുന്നറിയിപ്പ് നല്‍കി.

🔳യൂറോ കപ്പ് ഗ്രൂപ്പ് എ-യില്‍ മൂന്ന് മത്സരങ്ങളും ജയിച്ച് ഇറ്റലി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ വെയ്ല്‍സിനെയാണ് ഇറ്റലി മറികടന്നത്. മാതിയോ പെസീനയാണ് ഇറ്റലിയുടെ ഗോള്‍ നേടിയത്. തോറ്റെങ്കിലും വെയ്ല്‍സും അവസാന പതിനാറിലെത്തി. രണ്ടാം സ്ഥാനക്കാരായാണ് വെയ്ല്‍സ് എത്തുന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്വിറ്റസര്‍ലന്‍ഡ് ഒന്നിനെതിരെ മൂന്ന് ഗോളിന് തുര്‍ക്കിയെ തകര്‍ത്തു. മൂന്നാം സ്ഥാനത്താണ് സ്വിസ് പട.

🔳കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് എ-യില്‍ നടന്ന മത്സരത്തില്‍ ഇന്‍ജുറി ടൈമില്‍ നേടിയ ഗോളിലൂടെ ഇക്വഡോറിനെ സമനിലയില്‍ പിടിച്ച് വെനസ്വേല. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടിയ മത്സരത്തില്‍ രണ്ടു തവണ പിന്നില്‍ പോയ ശേഷമായിരുന്നു വെനസ്വേലയുടെ തിരിച്ചുവരവ്.

🔳കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 352 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം നേടി. ഇത് ഫാക്ടിന്റെ സര്‍വകാല റെക്കോര്‍ഡാണ്. ഈ കാലയളവില്‍ 3259 കോടി രൂപ വിറ്റുവരവ് നേടി. മുന്‍ വര്‍ഷം ഇത് 2770 കോടി രൂപയായിരുന്നു. ഫാക്റ്റംഫോസിന്റെ (20:20:0:13) ഉത്പാദനം 8.61 ലക്ഷം ടണ്‍ എന്ന സര്‍വകാല റെക്കോര്‍ഡിലെത്തി. 2019-20 കാലയളവിലെ 8.45 ലക്ഷം ടണ്‍ ആയിരുന്നു. അമോണിയം സള്‍ഫേറ്റിന്റെ ഉല്‍പ്പാദനം 2.46 ലക്ഷം ടണ്‍ എന്നത് സര്‍വകാല റെക്കോര്‍ഡാണ്. 2000-01 ലെ 2.38 ലക്ഷം ടണ്‍ എന്നതാണ് മുന്‍ റെക്കോര്‍ഡ്.

🔳കോവിഡിനിടയിലും ടെക്‌നോളജി മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നു. ടെക് മേഖലയില്‍ സോഫ്‌റ്റ്-വെയര്‍ ഡെവലപ്പര്‍, ക്ലൗഡ് ആന്‍ഡ് ഡേറ്റാ എന്‍ജിനിയര്‍ എന്നീ തസ്തികകളില്‍ 12-16 ശതമാനം ആളുകളാണ് പുതിയതായി നിയമിക്കപ്പെട്ടത്. മെയില്‍ രാജ്യത്താകമാനം മറ്റു മേഖലകളില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞപ്പോഴാണ് ടെക് മേഖലയുടെ കുതിപ്പ്. പ്രാദേശിക ലോക്ക്ഡൗണുകളില്‍ ഇളവുകള്‍ വന്നതോടെ ഐടി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലായതാണ് തൊഴിലവസരങ്ങള്‍ വര്‍ധിക്കാന്‍ കാരണം.

🔳സണ്ണി വെയ്‌നെയും ഷൈന്‍ ടോം ചാക്കോയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകന്‍ ജിജോ ആന്റണി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. 'അടിത്തട്ട്' എന്ന പേരിട്ട ചിത്രത്തിന്റെ പോസ്റ്റര്‍ ആണ് ദുല്‍ഖര്‍ സല്‍മാന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്. ഖായിസ് മില്ലന്‍ തിരക്കഥ ഒരുക്കുന്നു. ജയപാലന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, സുധി കോപ്പ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.

🔳ഹാരിസ് മണ്ണഞ്ചേരിയും നീനാ കുറുപ്പും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കനകം മൂലം' എന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോം ആയ റൂട്ട്സ് വീഡിയോയിലൂടെ റിലീസ് ചെയ്തു. മോഷ്ടിച്ച മാല സ്വര്‍ണ്ണമാണെന്നു കരുതി പണയം വയ്ക്കാന്‍ ശ്രമിക്കുന്ന ആളിനെ പൊലീസ് കോടതിയിലെത്തിക്കുന്നതും തുടര്‍ന്ന് പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വലിയൊരു തട്ടിപ്പിന്റെ കഥ പുറത്തു കൊണ്ടുവരുന്നതുമാണ് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറിന്റെ പ്രമേയം. അഡ്വ. സനീഷ് കുഞ്ഞുകുഞ്ഞും അഭിലാഷ് രാമചന്ദ്രനും ചേര്‍ന്ന് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു.

🔳2021 മോഡല്‍ പാനിഗാലെ വി4 സ്‌പോര്‍ട്‌സ് ബൈക്കുകളെ ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ഡ്യുക്കാറ്റി അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഡ്യുക്കാട്ടി പാനിഗാലെ വി4 പെര്‍ഫോമന്‍സ് ആക്‌സസറികള്‍ സെന്റര്‍ സ്റ്റൈല്‍ രൂപകല്‍പ്പനയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്ന പരിഷ്‌കരണം. ബൈക്കിന്റെ സാധാരണ റേസിംഗ് വേഗത വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. പാനിഗാലെ വി4ന് 23.50 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഉയര്‍ന്ന-സ്പെക്ക് 'എസ്' ട്രിമിന് 28.40 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.
🔳🔳🔳🔳🔳🔳🔳🔳🔳🔳🔳

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only