02 ജൂൺ 2021

ചളിയടിക്കാതെ രസിപ്പിക്കാമെന്ന് തെളിയിച്ച വെട്ടിയാർ
(VISION NEWS 02 ജൂൺ 2021)

​ 
''നിങ്ങളിൽ പലരും സിനിമാ മോഹം കൊണ്ടു നടക്കുന്നവരായിരിക്കും. സമയമില്ല, സാധനമില്ല എന്നൊന്നും പറയരുത്. നിങ്ങളുടെ കൈയിൽ മൊബൈൽ ഫോൺ ഉണ്ടല്ലോ'' ഒരു ചടങ്ങിൽ വച്ച് മിഥുൻ മാനുവൽ പറഞ്ഞ ഈ വാക്കുകളാണ് നമ്മളിന്ന് കാണുന്ന ശ്രീകാന്ത് വെട്ടിയാറിന് പ്രചോ​ദനമായത്. കളിയാക്കലുകൾ കേട്ടും നിരുത്സാഹപ്പെടുത്തലുകൾക്ക് കാത് കൊടുക്കാൻ മടിച്ചും വെട്ടിയാർ ഒരൊന്നൊന്നര വരവിനൊരുങ്ങിയപ്പോൾ വിമർശകർ ഓർത്തില്ല ഈ മനുഷ്യന്റെ ചിരിയും ചിരിപ്പിക്കലും നമ്മുടെ മനസിൽ പതിയുമെന്ന്.

ശ്രീകാന്തിന്റെ വീഡിയോകൾ വളരെ വൈകിയാണെങ്കിലും ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.ബോഡി ഷെയ്മിങും, വിരുദ്ധതകളും നിറച്ച തമാശകൾ പങ്കിടുന്നവർക്കിടയിലേക്ക്, ബോഡി ഷെയ്മിങ് തമാശകൾക്ക് വിധേയനായിട്ടുള്ളത് കൊണ്ട് അതെങ്ങനെയാണ് ഒരാളെ ബാധിക്കുകയെന്നത് കൃത്യമായി അറിയാമെന്നും അതുകൊണ്ട് തന്റെ തമാശകളിൽ ഒരിക്കലും ബോഡി ഷെയ്മിങ്ങോ, സ്ത്രീവിരുദ്ധതയോ കണ്ടെത്താനാവില്ലെന്നും വെട്ടിയാർ പ്രഖ്യാപിക്കുന്നു. പ്രതിരോധത്തിന്റെ മാർഗം എങ്ങനെ ചളിയടിയായി മാറി എന്നത് തന്റെ ജീവിതത്തിലൂടെ അദ്ദേഹം കാണിച്ചു തരുന്നുമുണ്ട്.

വീട്ടുമുറ്റത്തും പറമ്പിലുമൊക്കെയായി നിർമ്മിക്കുന്ന വീഡിയോയിൽ കുറിക്ക് കൊള്ളുന്ന തമാശകളും വ്യക്തമായ രാഷ്ട്രിയ നിലപാടുകളുമാണ് ശ്രീകാന്തിനെ സ്വീകാര്യനാക്കുന്നത്. വൈരുദ്ധ്യത ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് തമാശകളെ പോലും ആറ്റി കുറുക്കി എടുക്കേണ്ടതുണ്ടതെന്ന് വിളിച്ച് പറയാൻ ഇങ്ങനെയും ചിലരുള്ളതൊരു പ്രതീക്ഷയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only