08 ജൂൺ 2021

സ്വകാര്യ ആശുപത്രിയിലേക്കുള്ള വാക്‌സിന്‍ വില കമ്പനിയ്ക്കു തീരുമാനിക്കാം; പുതിയ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍
(VISION NEWS 08 ജൂൺ 2021)

കേന്ദ്രസര്‍ക്കാര്‍ പുതുക്കിയ വാക്‌സിന്‍ നയത്തില്‍ മാര്‍ഗരേഖ പുറത്തിറക്കി. സൗജന്യവാക്സിന് വരുമാനം മാനദണ്ഡമല്ല, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കരുത്. വാക്‌സിനേഷനുള്ള മുന്‍ഗണനാക്രമം സംസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാം.രോഗികളുടെ എണ്ണവും ജനസംഖ്യയും കണക്കാക്കിയാണു കേന്ദ്രം, സംസ്ഥാനങ്ങള്‍ക്കു വാക്‌സിന്‍ വിതരണം ചെയ്യുക. സ്വകാര്യ ആശുപത്രിയിലേക്കുള്ള വാക്‌സിന്‍ വില കമ്പനിയ്ക്കു തീരുമാനിക്കാമെന്നും മാർ​ഗനിർദ്ദേശങ്ങളിൽ പറയുന്നു. 

പുതുക്കിയ വാക്‌സിന്‍ വിതരണ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍

1.വാക്‌സിന്‍ നിര്‍മാതാക്കളില്‍ നിന്ന് പ്രതിമാസം ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ 75 ശതമാനം കേന്ദസര്‍ക്കാര്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കൈമാറും. ഇത് സര്‍ക്കാര്‍ അംഗീകൃത വാക്‌സിന്‍ വിതരണകേന്ദ്രങ്ങള്‍ വഴി 18 വയസ് കഴിഞ്ഞ യോഗ്യരായ പൗരര്‍ക്ക് സൗജന്യമായി നല്‍കണം. മുന്‍ഗണനാ ക്രമത്തിലായിരിക്കണം വിതരണം നടത്തേണ്ടത്. ജൂണ്‍ 21 മുതലാണ് സൗജന്യവാക്‌സിന്‍ വിതരണം ആരംഭിക്കുന്നത്. 

2.ആരോഗ്യപ്രവര്‍ത്തകര്‍, മുന്നണി പോരാളികള്‍, 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍, രണ്ടാമത്തെ ഡോസ് ലഭിക്കേണ്ടവര്‍, 18 വയസ് പൂര്‍ത്തിയായവര്‍/അതിന് മുകളില്‍ പ്രയമുള്ളവര്‍ എന്ന വിധത്തിലായിരിക്കണം വിതരണത്തില്‍ പാലിക്കേണ്ട മുന്‍ഗണനാക്രമം. 

3.18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ മുന്‍ഗണനാക്രമം അതാത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിശ്ചയിക്കാം. 

4.ജനസംഖ്യ, രോഗവ്യാപനം, വാക്‌സിനേഷന്റെ പരിപാടിയുടെ പുരോഗതി, നേരത്തെ നല്‍കിയ വാക്‌സിന്റെ പാഴാക്കല്‍ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമുള്ള വാക്‌സിന്‍ വിതരണം കേന്ദ്രം നടപ്പിലാക്കുന്നത്. 

5.സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ലഭ്യമാക്കുന്ന വാക്‌സിന്റെ അളവ് കേന്ദ്രം അറിയിക്കും. ഇതനുസരിച്ച് വാക്‌സിന്‍ വിതരണത്തിനുള്ള നടപടിപടികള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും മുന്‍കൂട്ടി തയ്യാറാക്കാവുന്നതാണ്. ജനങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം സംബന്ധിച്ചുള്ള വിവരം ലഭ്യമാക്കേണ്ട പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന/കേന്ദ്രഭരണസര്‍ക്കാരുകളില്‍ നിക്ഷിപ്തമായിരിക്കും. 

6. പ്രതിമാസ ഉത്പാദനത്തിന്റെ 25 ശതമാനം വാക്സിൻ നിർമാതാക്കൾക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് വിതരണം ചെയ്യാന്‍ അനുമതിയുണ്ട്. വലുതും ചെറുതുമായ സ്വകാര്യ ആശുപത്രികളിലും പ്രാദേശികാടിസ്ഥാനത്തിലും വിതരണത്തില്‍ സമതുലിതാവസ്ഥ പാലിക്കുന്നതായി ഉറപ്പുവരുത്തേണ്ട ചുമതല സംസ്ഥാന/ കേന്ദ്രഭരണ സര്‍ക്കാരുകള്‍ക്കായിരിക്കും. ആവശ്യമനുസരിച്ച് സ്വകാര്യ ആശുപത്രികള്‍ക്കുള്ള വാക്‌സിന്‍ വിതരണവും നിര്‍മാണകമ്പനികള്‍ക്കുള്ള വില നല്‍കലും നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ ഇലക്ട്രോണിക് പ്ലാറ്റ് ഫോമിലൂടെ നടപ്പാക്കാന്‍ കേന്ദ്രം സൗകര്യമൊരുക്കും. 

7.സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്ന വാക്‌സിന്റെ വില നിര്‍മാണക്കമ്പനി നിശ്ചയിക്കും. വിലയില്‍ വരുത്തുന്ന മാറ്റം കമ്പനി മുന്‍കൂറായി അറിയിച്ചിരിക്കണം. വാക്‌സിന്‍ നല്‍കുന്നതിന്റെ സര്‍വീസ് ചാര്‍ജായി 150 രൂപ വരെ സ്വകാര്യ ആശുപത്രികള്‍ക്ക് ഗുണഭോക്താക്കളില്‍ നിന്ന് ഈടാക്കാവുന്നതാണ്. 

8.വരുമാനത്തിനുപരിയായി രാജ്യത്തെ എല്ലാ പൗരര്‍ക്കും സൗജന്യവാക്‌സിന് അര്‍ഹതയുണ്ടായിരിക്കും. വില നല്‍കി വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിവുള്ളവരെ സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്‌സിന്‍ സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിക്കും. 

9.'ലോക് കല്യാണ്‍' പ്രചരിപ്പിക്കുന്നതിനായി സ്വകാര്യആശുപത്രികളില്‍ ഇലക്ട്രോണിക് വൗച്ചറുകള്‍ നല്‍കുന്ന പദ്ധതി നടപ്പാക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്‌സിന്‍ ലഭിക്കാനുള്ള അവസരം ഇതിലൂടെ നല്‍കാന്‍ സാധിക്കും. 

10.കോവിന്‍ പ്ലാറ്റ് ഫോം കൂടാതെ എല്ലാ സര്‍ക്കാര്‍/സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും മുന്‍കൂര്‍ രജിസ്‌ട്രേഷനുള്ള സൗകര്യം ലഭ്യമാക്കും. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. പൗരരുടെ അസൗകര്യം പരമാവധി കുറയ്ക്കുന്ന വിധത്തില്‍ സംസ്ഥാന/കേന്ദ്രഭരണസര്‍ക്കാരുകള്‍ അന്തിമമായി തീരുമാനമെടുത്ത് അറിയിക്കേണ്ടതാണ്. 

11.സംസ്ഥാനത്തെ ജനങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന് വേണ്ടി പൊതു സേവനകേന്ദ്രങ്ങളും കോള്‍ സെന്ററുകളും സംസ്ഥാസര്‍ക്കാരുകള്‍ക്ക് പരമാവധി ഉപയോഗപ്പെടുത്താവുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only