02 ജൂൺ 2021

പ്രഭാത വാർത്തകൾ
(VISION NEWS 02 ജൂൺ 2021)


🔳രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഡിസംബറാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മെയ് ഏഴ് മുതല്‍ രാജ്യത്ത് കോവിഡ് കേസുകളില്‍ കുറവ് തുടരുന്നുണ്ട്. മെയ് 28 മുതല്‍ പ്രതിദിനം രണ്ടു ലക്ഷത്തിന് താഴെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏറ്റവും ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം മെയ് ഏഴ് മുതല്‍ 69 ശതമാനത്തോളം കേസുകള്‍ കുറഞ്ഞെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. കോവിഡ് കേസുകള്‍ കുറയുമ്പോള്‍ നിയന്ത്രണങ്ങള്‍ വളരെ ജാഗ്രതയോടെ മാത്രമേ നീക്കാന്‍ പാടുള്ളൂ. ഏഴ് ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ ആകുകയും പ്രായമായ ജനസംഖ്യയുടെ 70 ശതമാനം പേര്‍ക്കും വാക്‌സിന്‍ എടുക്കുകയും ചെയ്താല്‍ മാത്രമേ പൂര്‍ണ്ണമായും നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ പാടുള്ളൂവെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ് വ്യക്തമാക്കി.

🔳രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ പ്രക്രിയ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജൂലൈ പകുതി അല്ലെങ്കില്‍ ഓഗസ്റ്റ് ആദ്യം മുതല്‍ പ്രതിദിനം ഒരു കോടി ആളുകള്‍ക്ക് കുത്തിവയ്പ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ദിവസേനയുള്ള കുത്തിവയ്പ്പുകള്‍ എങ്ങനെ വര്‍ധിപ്പാക്കാമെന്നതിനേക്കുറിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

➖➖➖➖➖➖➖➖

🔳വാക്‌സിനുകള്‍ കൂട്ടിക്കലര്‍ത്തി നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങളില്‍ വിശദീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതിന്റെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട് ശാസ്ത്രീയ തെളിവുകള്‍ ലഭ്യമാകാതെ ഇന്ത്യയില്‍ വാക്‌സിനുകള്‍ കൂട്ടിക്കലര്‍ത്തി നല്‍കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ യാതൊരു മാറ്റവുമില്ലെന്നും കോവിഷീല്‍ഡും കോവാക്‌സിനും രണ്ട് ഡോസ് നിര്‍ബന്ധമായും എടുക്കണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

🔳ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയിലുണ്ടായ വന്‍ ഇടിവിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും മൊത്ത ആഭ്യന്തര ഉത്പാദനത്തിലെ തകര്‍ച്ചയും ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.

🔳45 വയസിന് മുകളില്‍ പ്രായമായ കിടപ്പ് രോഗികളുടെ വാക്‌സിനേഷനുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കിടപ്പ് രോഗികള്‍ക്ക് കോവിഡില്‍ നിന്നും സംരക്ഷണം ഉറപ്പുവരുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് വീടുകളില്‍ പോയി അവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത്. ഇവരുടെ വാക്‌സിനേഷന്‍ പ്രക്രിയ ഏകീകൃതമാക്കാനാണ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. 45 വയസിന് താഴെ പ്രായമുള്ള കിടപ്പ് രോഗികളെ വാക്‌സിനേഷന്റെ മുന്‍ഗണനാപട്ടികയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. അവര്‍ക്കും ഇതേ മാര്‍ഗനിര്‍ദേശമനുസരിച്ച് വാക്‌സിന്‍ നല്‍കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

🔳പാര്‍ട്ടിയില്‍ നിന്ന് അവധിയെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങിയതായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനം തന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പാര്‍ട്ടിയോട് അവധി അപേക്ഷിച്ചതായി ഷിബു ബേബി ജോണ്‍ പറഞ്ഞിരുന്നു. യുഡിഎഫ് യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതുകൊണ്ട് മുന്നണി മാറാനോ മറ്റൊരു മുന്നണിയിലേക്ക് പോകാനോ തങ്ങള്‍ ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പറഞ്ഞു.

➖➖➖➖➖➖➖➖


🔳കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യും. തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് അനീഷ് കുമാറിനെയാണ് അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യുക. പണവുമായി വന്ന ധര്‍മരാജനും സംഘത്തിനും ഹോട്ടല്‍ മുറി ബുക്ക് ചെയ്ത് നല്‍കിയത് തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഓഫീസ് സെക്രട്ടറിയായ സതീഷിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹമത് പോലീസിനോട് സ്ഥിരീകരിക്കുകയും ചെയ്തതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. ബിജെപിക്ക് വേണ്ടിയല്ല പണം കൊണ്ടുവന്നതെന്ന് നേതൃത്വം പറയുമ്പോഴും നേതാക്കള്‍ ഇടപ്പെട്ട് എന്തിനാണ് പണം കൊണ്ടുവന്നവര്‍ക്ക് സൗകര്യം ചെയ്ത് നല്‍കിയതെന്ന ചോദ്യമാണ് ഉയരുന്നത്.

🔳കേരളത്തില്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലവര്‍ഷം ഇത്തവണ ശരാശരിയിലും കുറവായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പ്രളയവും മറ്റ് പ്രകൃതിക്ഷോഭങ്ങളും സൃഷ്ടിക്കാന്‍ പ്രാപ്തിയുള്ള അതിതീവ്ര മഴ ദിനങ്ങള്‍ ഉണ്ടാകുമോ എന്നുള്ള സൂചനകള്‍ ഇപ്പോള്‍ പ്രവചിക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിടുന്ന വിവരം.

🔳കേരളത്തില്‍ ഇന്നലെ 1,30,594 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 194 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9009 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,393 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1189 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 74 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 24,117 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,02,426 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂര്‍ 1598, ആലപ്പുഴ 1557, കോഴിക്കോട് 1345, കോട്ടയം 891, കണ്ണൂര്‍ 866, പത്തനംതിട്ട 694, ഇടുക്കി 462, കാസര്‍ഗോഡ് 439, വയനാട് 281

🔳സംസ്ഥാനത്ത് ഇന്നലെ 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 885 ഹോട്ട് സ്‌പോട്ടുകള്‍.  

🔳കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വര്‍ഷത്തെ സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പരീക്ഷ നടക്കില്ലെങ്കിലും പന്ത്രണ്ടാം ക്ലാസ് ഫലങ്ങള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ക്കനുസൃതമായി സമയബന്ധിതമായി പ്രസിദ്ധീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തിലാണ് തീരുമാനം.

🔳കോവിഡാനന്തര സങ്കീര്‍ണ്ണതകളെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ 21-നായിരുന്നു രമേശ് പൊഖ്രിയാലിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോവിഡ് മുക്തനായെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

🔳പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അനുമതി വാങ്ങിയതിനു ശേഷമാണ് യാസ് ചുഴലിക്കാറ്റ് അവലോകനയോഗത്തില്‍ പങ്കെടുക്കാതെ പോയതെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാദം തള്ളി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. മോദിയുടെ അനുവാദത്തോടെയാണ് യോഗം ഒഴിവാക്കിയതെന്ന മമതയുടെ അവകാശവാദം തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.

🔳പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് കഴിഞ്ഞ ദിവസം വിരമിച്ച ആലാപന്‍ ബന്ദോപാധ്യായയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസ് നല്‍കി. ദുരന്ത നിവാരണ നിയമത്തിലെ 51-ാം വകുപ്പ് പ്രകാരമാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം പാലിക്കാന്‍ വിസമ്മതിച്ച പശ്ചാത്തലത്തിലാണ് ഇതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു. മതിയായ കാരണമില്ലാതെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള വ്യവസ്ഥകള്‍ പ്രകാരമാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.

🔳രാജ്യത്ത് ഇന്നലെ 1,33,048 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 2,31,277 പേര്‍ രോഗമുക്തി നേടി. മരണം 3,204. ഇതോടെ ആകെ മരണം 3,35,114 ആയി. ഇതുവരെ 2,83,06,883 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 17.89 ലക്ഷം കോവിഡ് രോഗികള്‍.

🔳തമിഴ്നാട്ടില്‍ ഇന്നലെ 26,513 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 14,123 പേര്‍ക്കും കര്‍ണാടകയില്‍ 14,304 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 11,303 പേര്‍ക്കും പശ്ചിമബംഗാളില്‍ 9,424 പേര്‍ക്കും ഒഡീഷയില്‍ 8,735 പേര്‍ക്കും ആസാമില്‍ 4.682 പേര്‍ക്കും തെലുങ്കാനയില്‍ 2,493 പേര്‍ക്കും പഞ്ചാബില്‍ 2149 പേര്‍ക്കും ഡല്‍ഹിയില്‍ 623 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തില്‍ താഴെ മാത്രമാണ്.

🔳ആഗോളതലത്തില്‍ ഇന്നലെ 4,26,996 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 9,569 പേര്‍ക്കും ബ്രസീലില്‍ 76,806 പേര്‍ക്കും അര്‍ജന്റീനയില്‍ 35,355 പേര്‍ക്കും കൊളംബിയയില്‍ 25,966 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 17.18 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.37 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 9,878 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 231 പേരും ബ്രസീലില്‍ 2,233 പേരും കൊളംബിയയില്‍ 523 പേരും അര്‍ജന്റീനയില്‍ 640 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 33.51 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ചൈനീസ് കമ്പനിയായ സിനോവാക് ബയോടെകിന്റെ കോവിഡ് വാക്‌സിന് ലോകാരോഗ്യ സംഘടന ആഗോള ഉപയോഗത്തിന് അംഗീകാരം നല്‍കി. ലോകാരോഗ്യ സംഘനടയുടെ അംഗീകാരം ലഭിക്കുന്ന ചൈനയുടെ രണ്ടാമത്തെ കോവിഡ് വാക്‌സിനാണ് സിനോവാക്. നേരത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിനോഫാം വാക്‌സിന് അംഗീകാരം കിട്ടിയിരുന്നു. അതേസമയം ഭാരത് ബയോടെക് നിര്‍മിച്ച ഇന്ത്യയുടെ കോവാക്‌സിന് ഡബ്ല്യു.എച്ച്.ഒ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല.

🔳ഇന്ത്യയില്‍നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി നെതര്‍ലന്‍ഡ്‌സ്. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ഏപ്രില്‍ 26 നാണ് നെതര്‍ലന്‍ഡ്‌സ് ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ജൂണ്‍ ഒന്നു മുതല്‍ വിലക്ക് നീക്കുകയാണെന്ന് ആംസ്റ്റര്‍ഡാമിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

🔳ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ H10N3 വകഭേദം ചൈനയില്‍ മനുഷ്യനില്‍ സ്ഥിരീകരിച്ചു. കിഴക്കന്‍ പ്രവിശ്യയായ ജിയാങ്‌സു സ്വദേശിയായ 41-കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ അറിയിച്ചു. പനിയെയും മറ്റ് ലക്ഷണങ്ങളെയും തുടര്‍ന്ന് ഏപ്രില്‍ 28-നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മേയ് 28-നാണ് H10N3 വൈറസ് ബാധയാണെന്ന് സ്ഥിരീകരിക്കുന്നത്.

🔳ട്വന്റി 20 ലോകപ്പിന്റെ ഇന്ത്യയിലെ ആതിഥേയത്വം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ബി.സി.സി.ഐക്ക് കൂടുതല്‍ സമയമനുവദിച്ച് ഐ.സി.സി. ടൂര്‍ണമെന്റ് നടത്തിപ്പിന്റെ കാര്യത്തില്‍ ജൂണ്‍ 28-നകം അന്തിമ തീരുമാനമെടുക്കണമെന്ന് ഐ.സി.സി, ബി.സി.സി.ഐയോട് നിര്‍ദേശിച്ചു. അതേസമയം ഇന്ത്യയ്ക്ക് ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ടൂര്‍ണമെന്റ് യു.എ.ഇയിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്.

🔳ഇംഗ്ലണ്ട് പര്യടനത്തിനായി പുറപ്പെടുന്ന ഇന്ത്യന്‍ പുരുഷ - വനിതാ ടീമുകള്‍ക്ക് കുടുംബത്തെയും ഒപ്പം കൊണ്ടുപോകാന്‍ യു.കെ സര്‍ക്കാരിന്റെ അനുമതി.  
ജൂണ്‍ മൂന്നിന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഇന്ത്യയുടെ മുഴുവന്‍ സംഘവും ഇംഗ്ലണ്ടിലെത്തും. ജൂണ്‍ 18-ന് നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീം ന്യൂസീലന്‍ഡിനെ നേരിടും. തുടര്‍ന്നാണ് ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര.

🔳ഫ്രഞ്ച് ഓപ്പണ്‍ ചരിത്രത്തിലെ ആദ്യത്തെ രാത്രി മത്സരത്തില്‍ അമേരിക്കയുടെ സെറീന വില്യംസിന് ജയം. റൊമാനിയന്‍ താരം ഇറിന കമേലിയ ബെഗുവിനെയാണ് ആദ്യ റൗണ്ടില്‍ സെറീന പരാജയപ്പെടുത്തിയത്. ചരിത്രത്തില്‍ ആദ്യമായി ഈ വര്‍ഷമാണ് സംഘാടകര്‍ ഫ്രഞ്ച് ഓപ്പണില്‍ രാത്രി മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയത്. വ്യത്യസ്തത കൊണ്ടുവന്ന് ആരാധകരെ ആകര്‍ഷിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒഴിഞ്ഞ സ്റ്റേഡിയത്തിലാണ് ആദ്യത്തെ രാത്രി മത്സരം അരങ്ങേറിയത്.

🔳നിലവിലെ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് സ്‌പെയ്‌നിന്റെ കരോലിന മാരിന്‍ ടോക്യോ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറി. ഇടത് കാല്‍മുട്ടിനേറ്റ പരിക്കിന് ശസ്ത്രക്രിയ ആവശ്യമായതിനാല്‍ ജൂലായ് 23-ന് ആരംഭിക്കുന്ന ഒളിമ്പിക്‌സില്‍ തനിക്ക് പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് മാരിന്‍ അറിയിച്ചു.

🔳ലയണല്‍ മെസ്സിയുടെയും സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെയും ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയുമായി ക്ലബ്ബ് പ്രസിഡന്റ് ജൊവാന്‍ ലപോര്‍ട്ട. ലയണല്‍ മെസ്സി ബാഴ്‌സയില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹത്തിന്റെ കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ശരിയായ ദിശയിലാണെന്നും ലപോര്‍ട്ട വ്യക്തമാക്കി.

🔳ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ 7.3% ഇടിവ്. ഈ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ കണക്കാണിത്. 1979-80നുശേഷം കഴിഞ്ഞ 4 ദശകത്തിനുള്ളില്‍ ആദ്യമായാണ് വര്‍ഷം മുഴുവന്‍ ദീര്‍ഘിച്ച ഇടിവുണ്ടാകുന്നത്. അന്ന് ജിഡിപിയില്‍ 5.2% ഇടിവാണുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ 2 പാദങ്ങളില്‍ കോവിഡ് മഹാമാരിയുടെ പിടിയിലായിരുന്നു സമ്പദ് വ്യവസ്ഥ. 2020-21ല്‍ 135 ലക്ഷം കോടി രൂപയായിരുന്ന ജിഡിപി, മുന്‍വര്‍ഷം 145 ലക്ഷം കോടിയായിരുന്നു. മുന്‍വര്‍ഷത്തെ സ്ഥിതിയിലേക്കു വരണമെങ്കില്‍ 2021-22ല്‍ 10 ശതമാനത്തിലേറെ വളര്‍ച്ച നേടേണ്ടതുണ്ട്.

🔳എച്ച്ഡിഎഫ്സി ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു. പുതിയ നിരക്കുകള്‍ പ്രകാരം 7 ദിവസം മുതല്‍ 29 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 2.50 ശതമാനം പലിശ നിരക്കാണ് എച്ച്ഡിഎഫ്സി ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 30 മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3 ശതമാനം പലിശ നിരക്ക് ലഭിക്കും. 91 ദിവസം മുതല്‍ 6 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.5 ശതമാനവും 6 മാസവും 1 ദിവസവും മുതല്‍ 1 വര്‍ഷത്തിന് 1 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.4 ശതമാനവും പലിശ നിരക്ക് ലഭിക്കും. 1 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് എച്ച്ഡിഎഫ്സി ബാങ്ക് നല്‍കുന്നത് 4.9 ശതമാനം പലിശ നിരക്കാണ്. 2021 മെയ് 21 മുതല്‍ ഈ നിരക്ക് പ്രാബല്യത്തില്‍ വരും.

🔳ഈ വര്‍ഷം ഇന്ത്യന്‍ സിനിമ കാത്തിരിക്കുന്ന പ്രധാന റിലീസുകളില്‍ ഒന്നാണ് കാര്‍ത്തിക് സുബ്ബരാജ് ധനുഷ് ഒന്നിക്കുന്ന ജഗമേ തന്തിരം. ധനുഷിന്റെ നാല്പതാമത് ചിത്രം കൂടിയാണ്. ഗ്യാങ്സ്റ്റര്‍ കഥ പറയുന്ന ജഗമേ തന്തിരത്തില്‍ മലയാളി താരങ്ങളായ ജോജു ജോര്‍ജ്ജ് ഐശ്വര്യ ലക്ഷ്മി തുടങ്ങിയ മലയാളി താരങ്ങള്‍ക്കു പുറമെ അനൂപ് ശശിധരനുമുണ്ട്. തൃപ്പൂണിത്തുറ സ്വദേശിയായ അനൂപ് സംഗീത സംവിധായകനായാണ് സിനിമാ രംഗത്തേയ്ക്ക് എത്തിയത്. അനൂപിന്റെ ആദ്യ ഷോട്ട് തന്നെ ധനുഷിനൊപ്പമായിരുന്നു ഇതിനോടകം തന്നെ ധനുഷിനൊപ്പം അനൂപ് അഭിനയിച്ച ജഗമേ തന്തിരത്തിലെ പുറത്തിറങ്ങിയ 'ബുജി ബുജി' ഗാനരംഗത്തിലെ പ്രകടനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

🔳അനുപമ നായികയാവുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രം '18 പേജസി'ന്റെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്തെത്തി. ചിത്രത്തിലെ നായകനായ നിഖില്‍ സിദ്ധാര്‍ഥയുടെ പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റര്‍ പുറത്തെത്തിയത്. പല്‍നാട്ടി സൂര്യ പ്രതാപ് ആണ് ചിത്രത്തിന്റെ സംവിധാനം. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ സുകുമാര്‍ ആണ്. സംഗീത സംവിധാനം ഗോപി സുന്ദര്‍ ആണ്. നായികാനായകന്മാര്‍ പ്രത്യക്ഷപ്പെടുന്ന ഫസ്റ്റ് ലുക്ക് ആണ് പുറത്തെത്തിയിരിക്കുന്നത്. നന്ദിനി എന്നാണ് അനുപമയുടെ കഥാപാത്രത്തിന്റെ പേര്.

🔳ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ഇന്ത്യന്‍ വിപണിയില്‍ അള്‍ട്രാ എക്സ്‌ക്ലൂസീവ് എക്സ്7 ഡാര്‍ക്ക് ഷാഡോ പതിപ്പ് എസ്യുവി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. റേഞ്ച്-ടോപ്പിംഗ് ങ50ശ വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ഇത് വരുന്നത്, ഇത് ബ്ലാക്ക് കളര്‍ തീം എക്സ്റ്റീരിയര്‍ അവതരിപ്പിക്കുന്നു. ഇന്ത്യയില്‍ അവതരിപ്പിക്കുമ്പോള്‍, ഈ പ്രത്യേക പതിപ്പ് എസ്യുവിക്ക് ഒരു കോടിയിലധികം രൂപ എക്‌സ്‌ഷോറൂം ചെലവ് പ്രതീക്ഷിക്കുന്നു.

🔳ഇരുപത്തിയഞ്ച് നൂറ്റാണ്ടുകള്‍ക്കു മുന്‍പ്, ഇന്നത്തെ ഈ ദിവസം പോലെ- ഏതോ സുപ്രഭാതത്തില്‍ ഈ സൂത്രം പിറന്നു. അത് സംഭവിച്ചത് ശ്രാവസ്തി നഗരത്തിലായിരുന്നു. ഈ സൂത്രത്തിന്റെ സംസ്‌കൃത നാമം വജ്രച്ഛേദിക പ്രജ്ഞാപരമിത സൂത്രം എന്നാണ്. അതിനര്‍ത്ഥം ഇടിമിന്നല്‍ പോലെ മുറിക്കുന്ന ജ്ഞാനത്തിന്റെ പൂര്‍ണത എന്നാണ്. നിങ്ങള്‍ അനുവദിക്കുകയാണെങ്കില്‍ ബുദ്ധന് നിങ്ങളെ ഒരു ഇടിമിന്നല്‍ പോലെ മുറിക്കാന്‍ കഴിയും, നിങ്ങളെ കൊന്നുകൊണ്ട് പുനര്‍ജനനത്തിന് സഹായിക്കാന്‍ കഴിയും. 'വജ്രസൂത്രം'. ഓഷോ. സൈലന്‍സ് ബുക്സ്. വില 304 രൂപ.

🔳കോവിഡ് പോസിറ്റീവായി വീടുകളില്‍ കഴിയുന്നവര്‍ക്കു ചെറിയ പനി, തലവേദന, മൂക്കടപ്പ് തുടങ്ങിയ ചെറിയ ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടാകൂ. സാധാരണഗതിയില്‍ ഈ ലക്ഷണങ്ങള്‍ 5-6 ദിവസം നീണ്ടു നില്‍ക്കും. 5 ദിവസത്തിനു ശേഷം പനി, ശരീര വേദന, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കുന്നു എങ്കില്‍ ശ്രദ്ധിക്കണം. ശരീരോഷ്മാവ്, രക്തത്തിലെ ഓക്സിജന്റെ അളവ് എന്നിവ പരിശോധിക്കണം. ദീര്‍ഘശ്വാസമെടുത്തു പിടിച്ച് എത്ര സെക്കന്‍ഡ് വരെ എണ്ണം കഴിയുന്നുണ്ടെന്നു പരിശോധിക്കണം. 8-10 സെക്കന്‍ഡ് വരെ എണ്ണാന്‍ കഴിയുന്നുണ്ടെങ്കില്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും രക്തത്തിലേക്ക് ആവശ്യമായ അളവില്‍ ഓക്സിജന്‍ എത്തുന്നുണ്ടെന്നും കരുതാം. അഞ്ചോ ആറോ മിനിറ്റ് നടന്നതിനു ശേഷം രക്തത്തിലെ ഓക്സിജന്റെ അളവ് പരിശോധിക്കാം. അപ്പോള്‍ ഓക്സിജന്റെ അളവ് 94നു മുകളിലാണെങ്കില്‍ കുഴപ്പമില്ലെന്ന് ഉറപ്പാക്കാം. ക്ഷീണം, ചുമ, കിതപ്പ്, മാനസികാരോഗ്യ പ്രശ്നങ്ങള്‍ എന്നിവയാണു പൊതുവേ കാണാറുള്ള കോവിഡ് അനന്തര ആരോഗ്യ പ്രശ്നങ്ങള്‍. ഭൂരിഭാഗം ആളുകളും 3 മാസത്തിനുള്ളില്‍ സാധാരണ ജീവിതത്തിലേക്കു മടങ്ങും. കോവിഡ് മുക്തരായാലും 7-10 ദിവസം വരെ വിശ്രമം വേണം. പിന്നീട് കുറച്ചു നേരം നടത്തം ശീലമാക്കുക. ചെറിയ വ്യായാമങ്ങള്‍ ചെയ്യുക. കോവിഡിനു ശേഷം രോഗ പ്രതിരോധ ശേഷി തിരിച്ചു കിട്ടാന്‍ പിന്നെയും സമയമെടുക്കും. അതുകൊണ്ടു തന്നെ ഈ സമയത്ത് മറ്റ് അണുബാധകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. കോവിഡ് പോസിറ്റീവായ സമയത്ത് ഒറ്റപ്പെട്ടു കഴിയേണ്ടി വന്നവര്‍ക്ക് അതു മൂലമുള്ള മാനസിക പ്രശ്നങ്ങളുണ്ടാകാം. ഇത്തരക്കാര്‍ക്കു കൗണ്‍സലിങ് തേടാം. കോവിഡ് മുക്തരായ ശേഷവും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ തുടരുന്നുവെങ്കില്‍ ചികിത്സ തേടാന്‍ മടിക്കരുത്.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only