10 ജൂൺ 2021

ആരുമറിയാതെ പത്ത് വർഷം ഒരു മുറിയിൽ താമസിച്ച പ്രണയിനികൾ പറയുന്നു; ഉപേക്ഷിക്കാൻ മനസ്സുവന്നില്ല
(VISION NEWS 10 ജൂൺ 2021)

സമാധാനമായി ജീവിക്കണം എന്ന് മാത്രമാണ് ആ​ഗ്രഹമെന്ന് പാലക്കാട് അയിലൂരിലെ റഹ്മാനും സജിതയും. ആരുമറിയാതെ പത്ത് വർഷം ഒരു മുറിയിൽ താമസിച്ച പ്രണയിനികളുടെ കഥ കഴിഞ്ഞദിവസമാണ് പുറംലോകം അറിഞ്ഞത്. സാഹചര്യം കൊണ്ടാണ് ഇതുവരെ ഇങ്ങനെ കഴിയേണ്ടിവന്നതെന്ന് റഹ്മാനും സജിതയും പറയുന്നു. പത്തു വർഷമാണ് റഹ്മാൻ പ്രണയിനിയായ സജിതയെ സ്വന്തം വീട്ടിൽ ആരുമറിയാതെ ഒളിപ്പിച്ചത്. തങ്ങളുടെ പ്രണയം മറ്റുള്ളവർ അറിഞ്ഞാൽ എന്തു സംഭവിക്കുമെന്ന ഭയമായിരുന്നു ഈ ഒളിപ്പിക്കലിന് പ്രേരണയായത്.

'ഇവളെ ഉപേക്ഷിക്കാൻ എനിക്കു മനസ്സു വന്നില്ല, എന്നെ വിട്ടുപോകാൻ ഇവളും തയ്യാറായില്ല.' ഇതായിരുന്നു കഴിഞ്ഞ പത്തു വർഷം എന്തിനാണ് ഇങ്ങനെ താമസിച്ചതെന്ന ചോദ്യത്തിന് റഹ്മാൻ നൽകിയ മറുപടി. 'ഈയടുത്ത് വീട്ടിൽനിന്ന് മര്യാദയ്ക്ക് ഭക്ഷണംപോലും കിട്ടാതായതോടെയാണ് വീട് വിട്ട് വാടകവീട്ടിലേക്ക് മാറിയത്. വാതിലിൽ ചെറിയ മോട്ടോർ വെച്ചതൊക്കെ ഏത് കുട്ടികളും ചെയ്യുന്ന കാര്യമാണ്. അതൊരു തെറ്റാണോ? ആരെയും ഷോക്കടിപ്പിക്കാനൊന്നും ഉദ്ദേശിച്ചിട്ടില്ല. ചുമരിലെ വിടവ് ഉണ്ടാക്കിയത് കാറ്റും വെളിച്ചവും കിട്ടാൻ വേണ്ടിയാണ്. ദൈവം സഹായിച്ച് ഇതുവരെ വലിയ അസുഖങ്ങളൊന്നും ഉണ്ടായിട്ടില്ല. തലവേദനയും മറ്റുമൊക്കെ ഉണ്ടായിരുന്നു. അതിനുള്ള ചെറിയ മരുന്നുകളെല്ലാം വാങ്ങിവെച്ചിരുന്നു. ഇനി സമാധാനമായി ജീവിക്കണമെന്നാണ് ആഗ്രഹം. പൊലീസുകാരുടെ ഭാഗത്തുനിന്ന് നല്ല പിന്തുണയുണ്ട്. ഇനി ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് പൊലീസ് ഉറപ്പു നൽകിയിട്ടുണ്ട്. എന്നാലും എന്റെ വീട്ടുകാരെ എനിക്ക് പേടിയുണ്ട്. അവർ എന്നെ പുറത്താക്കിയിരിക്കുകയാണ്.'- റഹ്മാൻ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only