08 ജൂൺ 2021

കിടപ്പ് രോഗികള്‍ക്ക് വീട്ടിലെത്തി വാക്സിന്‍: പിപിഇ കിറ്റ് നിര്‍ബന്ധമല്ല, ഉത്തരവ് ഇറങ്ങി
(VISION NEWS 08 ജൂൺ 2021)

 
കിടപ്പുരോഗികളായ മുതിര്‍ന്ന പൗരന്മാര്‍ക്ക് വീടുകളിലെത്തി വാക്സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത്തരത്തില്‍ വാക്സിന്‍ നല്‍കുമ്പോള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. പിപിഇ കിറ്റ് വേണമെങ്കില്‍ ഉപയോഗിച്ചാല്‍ മതി. എന്നാല്‍ ഗ്ലൗസ്, മാസ്‌ക്, ഫെയ്സ് ഷീല്‍ഡ് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം. ഇതിനൊപ്പം ഓരോ വീട്ടിലും എത്തുന്ന വാക്സിനേഷന്‍ സംഘത്തില്‍ ഒരു മെഡിക്കല്‍ ഓഫീസര്‍, വാക്സിന്‍ നല്‍കുന്നയാൾ, സഹായിയായി ആശ വര്‍ക്കര്‍ അല്ലെങ്കില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുണ്ടാകണം.

വാക്സിന്‍ നല്‍കുന്നതിന് മുമ്പ് കിടപ്പുരോഗികളുടെ ആരോഗ്യം അതാത് വീട്ടിലെത്തുന്ന മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. വാക്സിന്‍ നല്‍കിയതിന് ശേഷം വാക്സിന്‍ സ്വീകരിച്ചയാളെ 30 മിനിറ്റ് നേരത്തേക്ക് നിരീക്ഷിക്കാന്‍ ഒരാളെ നിര്‍ത്തണം. ആശ പ്രവര്‍ത്തകയോ സന്നദ്ധ പ്രവര്‍ത്തകരോ ആയ ആളെ ഇങ്ങനെ നിയോഗിക്കാം. വാക്സിന്‍ സ്വീകരിച്ച ആളിന് ശാരീരിക അസ്വസ്ഥതകള്‍ പ്രകടമായാല്‍ വിവിരം മെഡിക്കല്‍ ഓഫീസറിനെ അറിയിച്ച് എത്രയും പെട്ടന്ന് ആംബുലന്‍സ് മുഖേനെ വൈദ്യസഹായം ലഭ്യമാക്കണമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only